ഈശോ ക്ഷതര്‍ : പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാന്‍

(ഇന്നലെ (May 29, 2018) വാങ്ങിപ്പോയ മുളന്തുരുത്തി മാര്‍ ഗ്രീഗോറിയോസ് ആശ്രമത്തിലെ മദര്‍ സുസനെപ്പറ്റി 1949 മാര്‍ച്ച് ലക്കം മലങ്കരസഭാ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഇംഗ്ലിഷ് ഭാഷാ നിഘണ്ടുവില്‍ സ്റ്റിഗ്മാറ്റാ (Sitig mata) എന്നും സ്റ്റിഗ്മാറ്റിസ്റ്റ് (Stigmatist) എന്നും രണ്ടു പദങ്ങള്‍ ഉണ്ട്. സ്റ്റിഗ്മാറ്റാ എന്ന പദത്തിന്‍റെ അര്‍ത്ഥം യേശുക്രിസ്തുവിന്‍റെ മുറിവുകള്‍ എന്നും സ്റ്റിഗ്മാറ്റിസ്റ്റ് എന്ന പദത്തിന്‍റെ അത്ഥം യേശുക്രിസ്തുവിന്‍റെ മുറിവുകള്‍ പ്രകൃത്യാതീതമായി ശരീരത്തില്‍ വഹിക്കുന്ന ആള്‍ എന്നും ആകുന്നു. നിഘണ്ടുവില്‍ ഈ പദങ്ങള്‍ ഉള്ളവതന്നെ. അങ്ങനെയുള്ളവര്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ട് എന്നതിനു തെളിവാകുന്നു സ്റ്റിഗ്മാറ്റിസ്റ്റ് എന്ന ഇംഗ്ലിഷ് പദത്തിനു ഈശോക്ഷതങ്ങള്‍ എന്നും, സ്ലീഗ്മാറ്റിസ് എന്നതിന് ഈശോക്ഷത എന്നോ ഈശോക്ഷതന്‍ എന്നോ സ്ത്രീപുരുഷ ഭേദമനുസരിച്ചു പറയുന്നതത്രെ.

പതിമുന്നാം നൂറ്റാണ്ടുവരെ ഈശോക്ഷതങ്ങള്‍ ആര്‍ക്കും സഭവിച്ചതായി അറിവില്ല. എന്നാല്‍ അതിനുശേഷം ഇന്നുവരെ 42 പുരുഷന്മാര്‍ക്കും 281 സ്ത്രീകള്‍ക്കും ആങ്ങനെ ആകെ 323 പേര്‍ക്ക് തിരുമുറിവുകള്‍ ഉണ്ടായിട്ടുള്ളതായി കാതൊലിക്ക് എന്‍സൈക്ലോപീഡീയ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. യേശുമിശിഹായുടെ തിരുമുറിവുകള്‍ക്ക് അനുരൂപമായി ശിരസ്സിനു ചുറ്റും, കൈപ്പത്തികളിലും, പാദങ്ങളിലും, വിലാവിലും പ്രത്യേകമായി വൃണങ്ങള്‍ ഉണ്ടായിട്ടുള്ളവരത്രെ ഈശോക്ഷതര്‍. എന്നാല്‍ മേല്പറഞ്ഞ 323 പേര്‍ക്കും അപ്രകാരമുള്ള എല്ലാ മുറിവുകളും ഇല്ലായിരുന്നു. പരിപൂര്‍ണ്ണമായ തിരുമുറിവുകള്‍ 27 പേര്‍ക്കു മാത്രമേ ഉണ്ടായിട്ടുള്ളു. അപ്രകാരം ആദ്യമായി സംഭവിച്ചതു അസ്സീസിയിലെ ഫ്രാന്‍സിസ് എന്ന പുണ്യവാനും, ഏറ്റവും അടുത്തകാലത്തു സംഭവിച്ചതു തെരേസാ ന്യൂമാന്‍ എന്നൊരു സിസ്റ്ററിനും ആയിരുന്നു. സിസ്റ്റര്‍ 12 വര്‍ഷത്തോളം തിരുമുറിവുകള്‍ വഹിച്ചിരുന്നു വിശുദ്ധ കുര്‍ബ്ബനയല്ലാതെ യാതൊന്നും അവര്‍ കഴിച്ചിരുന്നുമില്ല.

പത്തൊമ്പതാം ശതാബ്ദത്തില്‍ത്തന്നെ 27 ഈശോഷതര്‍ ജീവിച്ചിരുന്നിട്ടുണ്ട്. അവരില്‍ ടൈവള്‍ എന്നൊരു ദേശക്കരിയായിരുന്ന മേരിഡിമിള്‍ എന്ന തിരുമുറിവാളി പ്രത്യേകം പ്രസ്തവന അര്‍ഹിക്കുന്നു. ഇരുപതാമത്തെ വയസ്സില്‍ അവര്‍ക്കു തിരുമുറിവുകള്‍ ഉണ്ടായി. അവര്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുകയും, ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്തുവന്നു. മറ്റു യാതൊരു ഭക്ഷണവും അവര്‍ കഴിച്ചിരുന്നുമില്ല. അവര്‍ക്കു ഉറക്കം ഇല്ലായിരുന്നു. രാത്രിസമയങ്ങളില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുകിയിരുന്നു. 1868-ാംമാണ്ട 56-ാംമത്തെ വയസ്സിലത്രെ അവര്‍ മരിച്ചത്. മുപ്പത്താറു വര്‍ഷം അവര്‍ ഒരു ഈശോക്ഷത ആയിരുന്നു.

ഈശോക്ഷതര്‍ക്കു തദനുസരണമായ രൂക്ഷവേദന ഉണ്ട്. നൊമ്പരവും കഷ്ടതയും തിരുമുറിവുകളുടെ ഒരു ഭാഗംതന്നെ ആകുന്നു. വേദന ഇല്ലെങ്കില്‍ ആ വൃണങ്ങള്‍ ആത്മനിഗളം ഉദ്ദീപിപ്പിക്കുന്ന കേവലം പ്രകടനങ്ങള്‍ മാത്രമേ ആയിരിക്കുകയുള്ളു. എന്നാല്‍ വേദനയും കഷ്ടപ്പാടുകളും ഈശോക്ഷതരെ അടിമപ്പെടുത്തി വിനയാത്മാവിനെ അവരില്‍ സംരക്ഷിക്കുന്നു. ഈശോക്ഷതരുടെ ജീവിതം വേദന നിറഞ്ഞതും ദുഖസമ്പൂര്‍ണ്ണവുമത്രെ. മരണംവരെ അവ തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും. അവര്‍ പലപ്പോഴും ദിവ്യദര്‍ശനങ്ങള്‍ ദര്‍ശിക്കുന്നു. അവരുടെ ഒരാശ്വാസവും അതുതന്നെ ആകുന്നു.

ഈശോക്ഷതങ്ങള്‍ അഥവാ തിരുമുറിവുകള്‍ ഒരു പ്രത്യേകം ദൈവകൃപയാകുന്നു. എന്നത്രെ റോമ്മാ സഭയുടെ അഭിപ്രായം. (മേല്‍പറഞ്ഞ ഈശോക്ഷകരൊക്കെയും ആ സഭയുടെ അംഗങ്ങള്‍ ആയിരുന്നു.) ക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങളിലും വേദനകളിലും ഭാഗമാകുന്നതിന് ആ കൃപമൂലം അവര്‍ക്കു കഴിയുന്നു. നാം രക്ഷപ്രാപിക്കേണ്ടതിനു നമുക്കുവേണ്ടി ജീവനെവെച്ച സ്‌നേഹസമ്പൂര്‍ണ്ണനായ യേശുവിനോടുള്ള ആഴമായ സ്‌നേഹവും, യേശുവിന്‍റെ പീഡാനുഭവങ്ങളില്‍ അവനോടുള്ള ഉള്ളഴിഞ്ഞ സഹതാപവുമത്രെ ഈ ദിവ്യകൃപയ്ക്കു നിദാനമായി സാധാരണ നില്ക്കുന്നത്. പ്രസ്തുത കൃപാപ്രവര്‍ത്തനത്തിന്‍റെ ഫലമായി ക്രിസ്ത്യാനികളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനും, ക്രിസ്‌ത്യേതരര്‍ക്കു ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിനും സാധിക്കുന്നു. ആ കൃപാപ്രദാനത്തിന്‍റെ പ്രധാന ഉദ്ദേശവും അതുതന്നെ ആയിരിക്കാം.

ഓരോ കാരണത്താല്‍ മനുഷ്യശരിരത്തില്‍ ഉണ്ടാകുന്ന വ്രണങ്ങളെ അപേക്ഷിച്ച് തിരുമുറിവുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. വ്രണങ്ങള്‍ക്കുള്ള അസുഖവാട അവയ്കില്ല. അവ സൗഖ്യമാക്കുവാന്‍ യാതൊരു ഡോക്ടക്കും സാധിച്ചിട്ടില്ല. സാധാരണയായി വെള്ളിയാഴ്ചതോറും ഗത്സിമോന്‍ വ്യഥയ്ക്കു തുല്യമായ അതിരൂക്ഷമായ വേദനയോടെ അവ സ്വയം തുറക്കുകയും, അവയില്‍നിന്നു രക്തം പൊടിക്കുകയും ചെയ്യുന്നു. തന്മൂലം ആ മുറിവുകള്‍ എന്നും പുതുതായി സ്ഥിതിചെയ്യുന്നു. ചുരുക്കം ചില ഈശോക്ഷതരുടെ രക്തത്തിനു പരിമിളവാസന ഉണ്ടുതാനും.

റോമാസഭയ്ക്കു വെളിയില്‍ ഇദംപ്രദമമായി ഉണ്ടായിട്ടുള്ള ഈശോക്ഷതയത്രെ നിരണം വളഞ്ഞവട്ടത്തു തൈക്കടവില്‍ സിസ്റ്റര്‍ സൂസാന്‍ കുരുവിള. കാതൊലിക്ക് എന്‍സൈക്ലോപീഡീയ എന്ന മേല്‍ ഗ്രന്ഥത്തില്‍നിന്നും സംക്ഷേപിച്ചിട്ടുള്ള മേല്‍ പ്രസ്താവിച്ച വസ്തുതകളുടെ വെളിച്ചത്തില്‍ വീക്ഷിക്കുമ്പോള്‍ ആ സഹോദരിയിലെ വ്യാപാരങ്ങള്‍ അഭൂതപൂര്‍വമോ അസംഭവ്യങ്ങളോ അല്ലന്നു കാണാവുന്നതത്രെ. എന്തെന്നാല്‍ അപ്രകാരമുള്ള 323 ആളുകള്‍ ക്രൈസ്തവ സഭയില്‍ കഴിഞ്ഞ എഴുന്നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. സൂസാന്‍ 324-ാമത്തേതു മാത്രമാണ്. കൈപ്പത്തിയിലും പാദങ്ങളിലും വിലാവിലും ശിരസിലും പ്രകൃത്യാതീത മുറിവുകള്‍ വഹിക്കുന്നതിനാല്‍ സൂസാന്‍ ഒരു സമ്പൂര്‍ണ്ണ ഈശോക്ഷത ആകുന്നു. റോമ്മാസഭയില്‍ ഉണ്ടായിട്ടുള്ള യാതൊരു ഈശോക്ഷതരേയും ആ സഭ ദുഷിക്കുകയോ ഹസിക്കുകയോ ചെയ്തിട്ടില്ല. പ്രത്യുത സ്തുതിക്കുകയും ആദരിക്കുകയും അത്രെ ചെയ്തിട്ടുള്ളത്. ആ വ്യാപാരങ്ങളെ അവര്‍ ദിവ്യമായി കരുതുകയും അവ ക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങളില്‍ കഷ്ടപ്പെടുന്നതിനുള്ള ഒരു പ്രത്യേക ദൈവകൃപയാണന്നു അവര്‍ തലകുനിച്ചു സമ്മതിക്കുകയും ചെയ്യുന്നു. മലങ്കരസഭയില്‍ ഈ പ്രത്യേക കൃപ പ്രദാനം ചെയ്യപ്പെട്ടിട്ടുള്ള സൂസാനും എവംവിധമുള്ള അംഗീകരണം അര്‍ഹിക്കുന്നില്ലയോ?

സുസമ്മതനായ ഡോക്ടര്‍ സോമര്‍വെല്‍ ഒരിക്കല്‍ തൈക്കടവില്‍ ചെന്ന് ആ സഹോദരിയെ പരിശോധിച്ചശേഷം അഭിപ്രായപ്പെട്ടത് ‘ഈ വ്യാപാരങ്ങള്‍ എന്തെന്നു ദൈവത്തിനു മാത്രമേ അറിയാവു: ഇവ ഡോക്ടര്‍മാരായ ഞങ്ങളുടെ വൈദ്യശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നില്ല‘ എന്നായിരുന്നു.

പന്ത്രണ്ടാമത്തെ വയസ്സില്‍ 1939-മാണ്ട് ദൈവവിളിപ്രകാരം നിത്യകന്യ കാവൃതത്തിനു സ്വയം പ്രതിഷ്ഠിച്ചും, 1941 മുതല്‍ 1945 വരെ ദുഃഖവെള്ളിയാഴ്ച തോറും അതിനെത്തുടര്‍ന്നു സ്ഥിരമായും, ലോകരക്ഷിതാവായ യേശുക്രിസ്തുവിന്‍റെ പരിമിള മുറിവുകള്‍ ശരീരത്തില്‍ വഹിച്ചും, 1945 മുതല്‍ ഞായറാഴ്ച തോറും വിശുദ്ധ കുര്‍ബാനയല്ലാതെ യാതൊരു ഭക്ഷണവും കഴിക്കതെയും ദിവ്യദര്‍ശന സംഭാഷണ സൗഭാഗ്യം ക്രമമായി ആസ്വദിച്ചും ദൈവകൃപയിന്‍കീഴ് വിസ്മയകരമായി ജീവിച്ചു വരുന്ന സൂസാന്‍ – റോമ്മാ സഭയ്ക്കു അതിന്‍റെ ഈശോക്ഷതര്‍ എന്നപ്രകാരം – നമ്മുടെ സഭയ്ക്കു ഒരു ഭൂഷണമായി നില്‍ക്കാന്‍ സംഗതിയാകട്ടെ.

(ഡോ. എം. കുര്യന്‍ തോമസ്, പാത്താമുട്ടം മാളികയില്‍ എം. സി. കുറിയാക്കോസ് റമ്പാന്‍ – സ്മരണകള്‍ രചനകള്‍, കോട്ടയം. എം. ഒ. സി. പബ്ലിക്കേഷന്‍സ്, 2015)

The Stigmata Orthodox Nun Susan Kuruvilla of India Enters Eternal Rest

error: Thank you for visiting : www.ovsonline.in