OVS - Latest NewsOVS-Kerala News

വൈദീകര്‍ ആത്മപരിശോധന നടത്തണം :- പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ 109-)മത് ശ്രാദ്ധപെരുന്നാളില്‍ കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. മനുഷ്യശരീരത്തില്‍ രക്തശുദ്ധീകരണം നടത്തുന്ന ഹൃദയം പോലെയാണ് സഭാ ഗാത്രത്തില്‍ വൈദീക സെമിനാരി. വൈദീക ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അക്കാദമിക് മികവിനോടൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണ്. ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ മാതൃകാപരമായ ഉത്തമജീവിതം നയിക്കുകയാണ് അവയെ അതിജീവിക്കാനുളള മാര്‍ഗ്ഗം. വൈദീക വിദ്യാര്‍ത്ഥികളും വൈദീകരും ആത്മീയ ജീവിതത്തെ ഗൗരവമായി കാണണം. വൈദികവൃത്തി ശുശ്രൂഷയാണ് എന്ന് തിരിച്ചറിയണം. കഷ്ടപ്പെടാനുളള അവസരമാണത്. ദൈവസമക്ഷവും സമൂഹത്തിന് മുമ്പിലും കൈസ്ത്രവ സാക്ഷ്യം ബോധ്യമാക്കണം. സഭയുടെ ശോഭ നിലനിര്‍ത്തേണ്ടതും പൊതുസമൂഹത്തെ നയിക്കേണ്ടതും വൈദീകരാണ്. പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തിലും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരുടെ സഹകാര്‍മ്മിക ത്വത്തിലും വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും വാഴ്വും നടന്നു. ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ്, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഓ. തോമസ്, സെമിനാരി മാനേജര്‍ സഖറിയാ റമ്പാന്‍ എന്നിവരും പ്രസംഗിച്ചു. പുതിയ സെമിനാരി മാനേജരായി തോമസ് ഏബ്രഹാം കോറെപ്പിസ്ക്കോപ്പ ജൂലൈ 15-)o തീയതി ചുമതലയേല്‍ക്കും.