വിധി നടത്തിപ്പിൽ വെപ്രാളം എന്തിന്?

ഒരു കോടതി വിധി വന്നു കഴിഞ്ഞാൽ വിധി നടത്തിപ്പെന്നത് അതിന്റെ സ്വാഭാവിക പരിണാമമാണ്. ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഒരു തീരുമാനമെടുത്താൽ അത് അന്തിമമാണ്. അല്ലെങ്കിൽ സർക്കാർ ആ വിധിയെ നിയമം മൂലം ഇല്ലാതെയാക്കണം. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സിവിൽ തർക്കങ്ങളിൽ നിയമം സർക്കാർ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അത്യാഗ്രഹമാണല്ലോ. അപ്പോൾ നിയമ വ്യവസ്ഥതയ്ക്ക് മറുതലിപ്പ് കൂടാതെ വിധേയപ്പെടുക എന്നതു മാത്രമാണ് സഭാക്കേസിൽ പാത്രിയർക്കീസ് അനുകൂല വിഭാഗത്തിനു സാധിക്കുന്ന ഏകവും ഫലപ്രദവുമായ കാര്യം. മറിച്ചുള്ള പ്രവർത്തനങ്ങൾ നിയമവ്യസ്ഥയോടുള്ള അവഹേളനമാണെന്നതിൽ രണ്ടു പക്ഷമില്ല. അഞ്ഞൂറ് ആളുകൾ കോട്ടയം കഞ്ഞിക്കുഴി കവലയിൽ വന്ന് ബഹളം വച്ചാൽ കോടതി വിധി മാറ്റപ്പെടുമെന്നോ മലങ്കര സഭ വിധി നടത്തിപ്പിൽ നിന്ന് പിന്നോക്കം പോകുമെന്നോ തീവ്ര പാത്രിയർക്കീസ് ഭക്തർ പോലും ചിന്തിക്കുന്നുണ്ടാകില്ല. ഇനി അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കിൽ അവരുടെ മാനസിക നിലയ്ക്കു സാരമായ എന്തോ തകരാറുണ്ടെന്നു ഓർമ്മിപ്പിക്കേണ്ടി വരുന്നതിൽ സഹതാപമുണ്ട്.

2017 ജൂലൈ 3 – നാണ് സുപ്രീം കോടതി സഭാക്കേസിൽ അന്തിമ തീർപ്പ് കൽപ്പിച്ചത്. മലങ്കര സഭയിലെ ഇടവക പള്ളികൾ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടെണമെന്നതാണ് വിധിയുടെ രത്നചുരുക്കം. കയ്യൂക്ക് കൊണ്ട് ഏതാണ്ട് ഒന്നരക്കൊല്ലം പള്ളികൾ പിടിച്ചു വച്ചവർ നിയമത്തിന്റെ സ്വഭാവിക പരിണാമത്തിൽ കൈകാലിട്ടടിച്ചിട്ട് എന്താണ് പ്രയോജനം? ജനാധിപത്യ രാജ്യത്ത് ആൾക്കൂട്ടാരവങ്ങൾക്ക് അനുസരിച്ച് കോടതി വിധികൾ മാറിമറിയുമെന്ന് ഒരു വിഭാഗം ചിന്തിച്ചുവശായി പോയെങ്കിൽ അതിനാരെ കുറ്റപ്പെടുത്താനാണ്? പിറവം പള്ളിയുടേതോ മറ്റേതെങ്കിലും പള്ളിയുടേതോ കേസുകൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. പതിറ്റാണ്ടുകളായ കേസുകളുടെ വിധിയാണ് വന്നിരിക്കുന്നത്. ഈ പതിറ്റാണ്ടുകൾ തങ്ങളുടെ പൂർവ്വികരുടെ വിശ്രമസ്ഥലത്തോ ആരാധനാസ്ഥലത്തോ പ്രവേശിക്കുവാൻ സാധിക്കാതെ പ്രയാസപ്പെട്ടിരുന്നവരുടെ വിഷമതകൾ കാണുവാൻ ആരുമുണ്ടായിരുന്നില്ല. സർവ്വശക്തനിലും നീതിന്യായവ്യവസ്ഥയിലും ഉണ്ടായിരുന്ന വിശ്വാസമാണ് ആ നസ്രാണികളെ പ്രതിസന്ധി ഘട്ടത്തിൽ നിലനിർത്തിയത്. തലമുറകൾ കാണാൻ ആഗ്രഹിച്ച സന്തോഷമാണ് ഉടയതമ്പുരാൻ ഇന്ന് അവരുടെ വിശ്വാസത്തിനു പ്രതിഫലമായി നൽകിയിരിക്കുന്നത്. കയ്യേറ്റക്കാർ ഇന്നല്ലെങ്കിൽ നാളെ ഒഴിപ്പിക്കപ്പെടുക തന്നെ ചെയ്യും എന്നതിൽ ആർക്കും സംശയമുണ്ടാകരുതെന്നാണ് പിറവത്തെ സംഭവങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.

മലങ്കര സഭയിലെ പള്ളികൾ വ്യവസ്ഥാപിത മാർഗത്തിൽ ഭരിക്കപ്പെടണെമന്ന ആവശ്യം മാത്രമാണ് മലങ്കര സഭ കാലാകാലങ്ങളായി പറയുന്നത്. ഇടവക പള്ളികൾ എന്നും ഇടവകക്കാരുടേതു തന്നെയായിരിക്കും. ആർക്കും പള്ളി എപ്പോൾ വേണമെങ്കിലും വിട്ടു പോകാം. എന്നാൽ പള്ളിയും അതിന്റെ സ്വത്തുക്കളും വസ്തുക്കളും എക്കാലവും പള്ളി ഇടവകക്കാരുടേത് തന്നെയായിരിക്കും. നിയമാനുസൃത അംഗമായി ഒരാളെങ്കിലും തുടർന്നാൽ അദ്ദേഹമായിരിക്കും യഥാർഥ ഇടവകക്കാരൻ. മലങ്കരസഭ ഒരു ട്രസ്റ്റാണ്. ഇടവകപള്ളികൾ ആ ട്രസ്റ്റിന്റെ ഭാഗമാണ്. ആർക്കും ട്രസ്റ്റ് വിട്ടു പോകാം; ആര് വിട്ടു പോയാലും ട്രസ്റ്റ് നിലനിൽക്കും; ട്രസ്റ്റിന്റെ ഭാഗമായി ഇടവക പള്ളികളും നിലനിൽക്കും.

നമ്മൾ ഒന്നാണ്; ഒരേ അപ്പന്റെ മക്കൾ, ഒരേ വിശ്വാസം, ഒരേ പൈതൃകം, ഒരേ ആരാധന. – എന്താണ് നമ്മൾ ഒരുമിച്ചാരാധിക്കുന്നതിനു തടസ്സം? ഓർത്തഡോക്സുകാർ മുടക്കപ്പെട്ടവരാണെന്ന വാദത്തിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ? കഴിഞ്ഞ കൊല്ലം പാത്രിയർക്കീസ് ഭാഗത്തിലെ എത്ര കുട്ടികളെയാണ് പരുമല പള്ളിയിൽ മാമ്മോദീസാ മുക്കിയത്? അവരെയെല്ലാം പൂശിയ വി.മൂറോൻ ദേവലോകത്ത് പൗരസ്ത്യ കാതോലിക്കാമാർ കൂദാശ ചെയ്തതാണ്. അവരിൽ ഏതെങ്കിലും ഒരു കുഞ്ഞിനെങ്കിലും വീണ്ടും മാമ്മോദീസായോ മൂറോനഭിഷേകമോ നടത്തിയോ? യാക്കോബായ വിഭാഗത്തിലേക്ക് വിവാഹം കഴിപ്പിച്ച ഏതെങ്കിലും ഓർത്തഡോക്സ് പെൺകുട്ടികൾക്ക് വീണ്ടും മാമ്മോദീസാ നൽകിയ പാത്രിയർക്കീസ് അച്ചൻമാരുണ്ടോ? കോതമംഗലത്തും മണർകാടും എത്രയെത്ര ഓർത്തഡോക്സ് വിശ്വാസികൾ വി.കുർബാന സ്വീകരിച്ചു? പരുമലയിലും പുതുപ്പള്ളിയിലും തിരിച്ചും! കെയ്റോയിലും അർമ്മേനിയയിലും പ. പാത്രിയർക്കീസ് ബാവായും പ. കാതോലിക്കാ ബാവായും തമ്മിൽ ഒരുമിച്ച് വി.കുർബാനയിൽ സംബന്ധിച്ചു. തുറിച്ച് നോക്കുന്ന ഈ സത്യങ്ങളുടെ നേരെ കണ്ണിറുക്കിയടച്ചു വച്ചാൽ ഇരുട്ടിലാകുന്നത് കണ്ണടയ്ക്കുന്നയാൾ മാത്രമായിരിക്കും. ലോകം നല്ല വെളിച്ചത്തിൽ തന്നെയായിരിക്കും.

2008-ൽ നിയമാനുസൃത വികാരിയായിരുന്ന ഫാ.സ്കറിയ വട്ടക്കാട്ടിൽ അച്ചനെ നിഷ്കരുണം പള്ളിയിൽ നിന്ന് ആട്ടി പായിച്ചപ്പോൾ എവിടെയായിരുന്നു പിറവത്തെ പാത്രിയർക്കീസ് അനുകൂലികളുടെ നീതിബോധം? ഒരു മാധ്യമ വിലാപങ്ങളും എങ്ങും കേട്ടില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും തങ്ങളുടെ ഭാഗത്തെ ന്യായത്തിലുമുള്ള വിശ്വാസമാണ് പത്തിലധികം വർഷം പിറവത്ത് കാത്തിരിക്കുവാൻ മലങ്കര സഭ തയ്യാറായത്. സഭയുടെ കാത്തിരിപ്പ് വെറുതെയായില്ല എന്നും ആ കണ്ണുനീരിനെ ദൈവം മാനിക്കാതെ ഇരുന്നുമില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ ഞായറാഴ്ചയിൽ പിറവത്ത് കണ്ടത്. സഹോദരങ്ങളെ, നിങ്ങൾ പറ്റിക്കപ്പെടുകയാണ്. മറ്റാരിലൂടെയുമല്ല നിങ്ങളുടെ സ്വന്തം നേതൃത്വത്തിലൂടെ തന്നെയാണത്. മലങ്കരയിൽ ഇനി വിഘടിത പ്രവർത്തനം സാധിക്കുകയില്ല. നിയമപരമായി മലങ്കര സഭയുടെ പള്ളികളിൽ നിങ്ങൾക്കു യാതൊരവകാശവും ഇല്ല. ഈ വസ്തുത ആദ്യം തിരിച്ചറിയുക. ആളു കൂടിയാൽ വിധി നടത്തിപ്പ് ഉണ്ടാകില്ല എന്ന വിചാരവും പിറവം സംഭവത്തോടെ അവസാനിച്ചു കാണുമല്ലോ. നമുക്ക് ഒന്നായി ആരാധിക്കാം. നമ്മുടെ പൂർവ്വികരുടെ കബറിൽ ഒരുമിച്ച് തിരി കത്തിക്കാം. അതിൽ നിന്നു നമ്മെ വിലക്കുന്നതെന്താണ്? സ്വന്തം സ്ഥാനങ്ങൾ സംരക്ഷിക്കുന്നതിനു ചിലർ നിർമ്മിച്ച മിഥ്യാവബോധങ്ങൾ ആണെങ്കിൽ അത് തട്ടി ദൂരെ കളയുക. ഇല്ലെങ്കിൽ തലമുറകൾ നിങ്ങളോട് ക്ഷമിക്കാതെ വന്നേക്കും.

D R

Editorial Desk: Orthodox Vishvaasa Samrakshakan

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in