OVS - Latest NewsOVS-Kerala News

പുതുപ്പള്ളി പെരുന്നാള്‍ 28ന് കൊടിയേറും ; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഓർമപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് 1001 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഏപ്രിൽ 28 മുതൽ മേയ് 7 വരെയാണ് പ്രധാന പെരുനാൾ. കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചൂട്ട്, പ്രദക്ഷിണം, കോഴിനേർച്ച എന്നിവയാണ് പ്രധാന പരിപാടികൾ.

28 ന് വൈകിട്ട് 5 ന് കൊച്ചി  ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. 29 ന് വിശുദ്ധകുർബാനയ്ക്ക് ചേരുന്ന പൊതുസമ്മേളനത്തിൽ ഈ വർഷത്തെ ജോർജിയൻ അവാർഡ് വിതരണം ചെയ്യും. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 ന് വൈകിട്ട് 6 ന് ചേരുന്ന കുടുംബസംഗമം ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് 1, 2, 3, 4 തീയതികളിൽ വൈകിട്ട് 6 ന് ചേരുന്ന പുതുപ്പള്ളി കൺവൻഷന് ഫാ.ഗീവർഗീസ് വള്ളിക്കാട് നേതൃത്വം നൽകും. മേയ് 5 ന് തീർത്ഥാടന സംഗമവും വിവിധ കുരിശടികളിൽനിന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. മേയ് 6 ന് ഉച്ചകഴിഞ്ഞ് 2 ന് വിറകിടീൽ ചടങ്ങ്. 4 ന് പന്തിരുനാഴി പുറത്തെടുക്കും.സന്ധ്യാപ്രാർഥനയ്ക്ക് ശേഷം പ്രദക്ഷിണം. അകമ്പടിയായി പൊന്നിൻകുരിശും 100 വെള്ളിക്കുരിശും മുത്തുക്കുടകളും ഉണ്ടാകും. തുടർന്ന് കരിമരുന്ന് കലാപ്രകടനം.

രണ്ടുലക്ഷത്തോളം പേര്‍ക്ക് വെച്ചൂട്ട്  

മേയ് 7 ന് പുലർച്ചെ 1 ന് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ. ഈ വർഷം രണ്ടുലക്ഷത്തോളം വിശ്വാസികളെയാണ് സദ്യക്ക് പ്രതീക്ഷിക്കുന്നത്. രാവിലെ 8 ന് വിശുദ്ധ ഒമ്പതിന്മേൽ കുർബാന.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. 2 ന് പ്രദക്ഷിണം. വൈകിട്ട് 4 ന് അപ്പവും കോഴിയിറച്ചിയും നേർച്ചയായി നൽകും.

പുതുപ്പള്ളി ഫെസ്റ്റ് ഏപ്രിൽ 28 മുതൽ

പുതുപ്പള്ളി: സെന്റ് ജോർജ് ഓർത്തഡ‌ോക്‌സ് പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള പുതുപ്പള്ളി ഫെസ്റ്റ് ഏപ്രിൽ 28 മുതൽ മേയ് 10 വരെ നടക്കും. വാണിജ്യ വ്യവസായ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കു ഫെസ്റ്റിൽ പങ്കെടുക്കാം.ഫോൺ : 9447142501.