OVS - ArticlesOVS-Kerala News

സഹോദരാ നീ എന്തു നേടി

ഉല്പത്തി പുസ്തകത്തിൽ മിസ്രയീമിൽ വച്ച് മരിച്ച യാക്കോബിന്‍റെ ശരീരം അഴുകാതെ വൈദ്യൻമാർ സുഗന്ധവർഗം ഇട്ടതായും ആ ശരീരം യോസേഫ് തങ്ങളുടെ പിതാമഹനായ അബ്രഹാം വില കൊടുത്തു വാങ്ങിയ തലമുറകൾ ഉറങ്ങുന്ന മക്പേല ഗുഹയിൽ അടക്കുന്നതായും നാം വായിക്കുന്നുണ്ട്. അതുപോലെ തന്നെ പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. മോശ മിസ്രയേമിൽ നിന്നു പോന്നപ്പോൾ യോസേഫ് നേരത്തെ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്‍റെ അസ്ഥികളും എടുത്തു കൊണ്ട് പോകുന്നതായിട്ട്. എന്താണ് യിസ്രായേലിനെയും യോസേഫിനെയും ഇത്തരം ഒരു ആഗ്രഹത്തിനു പ്രേരിപ്പിച്ച ഘടകം. അത് തങ്ങളുടെ പിതാക്കൻമാരുടെ മണ്ണിൽ, അവരോട് ചേർന്നുറങ്ങുവാനുള്ള അതിയായ ആഗ്രഹമാണ്. തങ്ങളുടെ അസ്ഥികളെങ്കിലും വാഗ്ദത്ത ദേശത്തു വിശ്രമിക്കണം എന്ന ഉൽഘടമായ അഭിവാഞ്ചയാണ്.

ഈ പഴയനിയമ ചിന്തയുടെ ഏറ്റവും പുതിയതും മനോഹരവുമായ ഒരു പരിശ്ചേദമാണ് കഴിഞ്ഞ നാലഞ്ചു ദിവസമായി നാം വെട്ടിത്തറയിൽ കണ്ടത്. മലങ്കര സഭയ്ക്കു പൂർണമായും അവകാശപ്പെട്ടതും എന്നാൽ കയ്യൂക്കു കൊണ്ട് വിഘടിത വിഭാഗം കയ്യടക്കി വച്ചതുമായ വെട്ടിത്തറ സെന്‍റ്. മേരീസ് പള്ളി ഇടവകാംഗമായ സി. ജെ. പൈലി എന്ന വ്യക്തി തൻ്റെ അതിവൃദ്ധതയിൽ തൻ്റെ പിതാക്കൻമാരോട് ചേർന്നു. നസ്രാണിയുടെ സ്വത്വബോധവും ആത്മാഭിമാനവും ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ പുത്രൻ നസ്രാണി പാരമ്പര്യപ്രകാരം മലങ്കര സഭയുടെ വൈദികരാൽ തൻ്റെ പിതാവിന്‍റെ ഭൗതിക ശരീരം സംസ്കരിക്കപ്പെടണം എന്നു ഉറച്ച നിലപാടെടുത്തു. അപ്രകാരം കോടതിയിൽ നിന്നു ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷം സംസ്കാരത്തിനായി പള്ളിയിൽ എത്തി.

നേരത്തെ ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾക്കു മലങ്കര സഭയുടെ സീനിയർ മെത്രാൻമാരിൽ ഒരാളും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപനുമായ ഡോ.തോമസ് മാർ അത്താനാസിയോസ് നേതൃത്വം നൽകി. പള്ളിയിൽ എത്തിയപ്പോൾ വിഘടിത സഹോദരങ്ങൾ അവരുടെ പൈതൃകമായ നിലപാട് പുറത്തെടുത്തു. നിയമാനുസൃത വികാരിയെ ദേവാലയത്തിൽ പ്രവേശിപ്പിക്കുകയില്ല എന്നു നിലപാടെടുത്തു. 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ ഈ രാജ്യത്ത് നിയമവിരുദ്ധമായിത്തീർന്ന ഒരു സംഘടനയാണ് ഇത് പറയുന്നതെന്നു ഓർക്കണം. ആ സംഘടനയുടെ യാതൊരുവിധ അംഗീകാരമോ നിയമസാധുതയോ ഇല്ലാത്ത കുപ്പായധാരികളായ പുരോഹിതരെകൊണ്ട് അടക്കം നടത്തണമെന്നു ആവശ്യപ്പെടുന്നു. ഇന്ത്യയെപ്പോലെ നിയമവാഴ്ചയുള്ള ഈ രാജ്യത്ത്, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് അരാജകത്വം സൃഷ്ടിക്കുവാനുള്ള ഒരു ചെറു വിഭാഗത്തിന്‍റെ ഈ ശ്രമമെന്നത് കേരളത്തിലെ പ്രബുദ്ധജനം മനസിലാക്കാതെ പോകരുത്. എന്നാൽ അത്തരം ജൽപനങ്ങൾക്കു ചെവികൊടുക്കാതെ മലങ്കര സഭയുടെ പുരോഹിതർ കാർമ്മികത്വം വഹിച്ചു തന്‍റെ പിതാവിന്‍റെ സംസ്കാരശുശ്രൂഷ നടത്തുന്ന സമയത്ത് തൻ്റെ പിതാവിന്‍റെ അന്ത്യശുശ്രൂഷകൾ നടത്തിയാൽ മതിയെന്നു അദ്ദേഹത്തിന്‍റെ പുത്രനും കുടുംബാംഗങ്ങളും നിലപാടെടുക്കുകയും ഭൗതികശരീരം വീണ്ടും മോർച്ചറിയിലേക്കു മാറ്റുകയുമാണുണ്ടായത്.

കോടതി വിധിയുണ്ടായിട്ടും അത് മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി നിയമ ലംഘനത്തിനു ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ നടപടി പരിശോധിക്കേണ്ടതാണ്. സഭ ഔദ്യോഗികമായി തന്നെ അതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു. തുടർന്ന് 9-4-2018 തിങ്കളാഴ്ച ബഹു. ഹൈക്കോടതിയിൽ നിന്നു വളരെ വ്യക്തതയാർന്ന വിധി സമ്പാദിക്കുകയും (അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതടക്കമുള്ള ) ആയതിൻ പ്രകാരം വേദാധിഷ്ഠിതമായ മലങ്കര സഭയുടെ പൂർണ്ണ ശുശ്രൂഷകൾ പൂർത്തിയാക്കി, നിയമാനുസൃത വികാരിയുടെ കാർമികത്വത്തിൽ 10-4-2018 ചൊവ്വാഴ്ച സംസ്കാര ശുശ്രൂഷ നടത്തപ്പെടുകയുമാണുണ്ടായത്.

പ്രിയപ്പെട്ട വിഘടിത സഹോദരാ, ഈ പിതാവിന്‍റെ അടക്കം ആദ്യം തടസ്സപ്പെടുത്തിയതുകൊണ്ട് നിങ്ങൾ എന്തു നേടി? ഇത്രയേറ തിരിച്ചടികൾ നേരിട്ടിട്ടും (മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ) നിങ്ങൾ ഇനിയും പഠിക്കാത്തതെന്താണ്? കലൂരിൽ വച്ച് ഇനി നിങ്ങൾ കൈവശം (നിയമവിരുദ്ധമായി) വച്ചിരിക്കുന്ന ഏതൊരു പള്ളിയിലും ഓർത്തഡോക്സ് വൈദികർ കയറുന്നത് തൻ്റെ നെഞ്ചിൽ ചവുട്ടിയായിരിക്കും എന്ന് ഘോരഘോരം പ്രസംഗിച്ച നിങ്ങളുടെ സെക്രട്ടറിയെ വെട്ടിത്തറ പള്ളിയുടെ ഏഴയലത്ത് ആരും കണ്ടില്ല. നിങ്ങളുടെ നേതൃത്വത്തിനാൽ നിങ്ങൾ പറ്റിക്കപ്പെടുകയാണ്; വഞ്ചിക്കപ്പെടുകയാണ്. പത്ത് – പന്ത്രണ്ട് പളളികളോളം യഥാർഥ വിശ്വാസികളിലേക്കും അവകാശികളിലേക്കും എത്തിയിട്ടും നിങ്ങൾ എന്താണ് പിന്തിരിഞ്ഞ് ചിന്തിക്കാത്തത്? ഈ പിതാവിന്‍റെ കബറടക്കത്തിനു കൃത്യം തലേ ദിവസം നിങ്ങളുടെ നേതൃത്വത്തിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നുള്ള പരാമർശങ്ങൾ ബഹു. ഹൈക്കോടതിയിൽ നിന്നുണ്ടായത് മറ്റൊരു കാവ്യനീതി.

പ്രിയ സഹോദരാ! ഫറവോനെപ്പോലെ നിങ്ങൾ ഹൃദയം കഠിനമാക്കി ദൈവശബ്ദത്തെ ത്യജിക്കാതിരിക്കുക. ആ ഹൃദയകാഠിന്യത്തിന്‍റെ അവസാനം സംഹാരകനായിരുന്നു എന്നത് ഓർത്തിരിക്കുക.

ആള്‍ക്കൂട്ട മതിഭ്രമം കോടതിയലക്ഷ്യമാകുമ്പോള്‍ :- ഡോ. എം. കുര്യന്‍ തോമസ്