OVS - Latest NewsOVS-Kerala News

വെട്ടിത്തറ: പോലീസ് നിസംഗത തുടരുന്നു. സഭ പ്രതിഷേധിക്കുന്നു

വെട്ടിത്തറ: സെന്‍റ്  മേരീസ് ചെറിയ പള്ളിയില്‍ ഇന്നലെയും തുടര്‍ന്ന അനിശ്ചിതാവസ്ഥയില്‍ മലങ്കരസഭാനേതൃത്വം ശക്തിയായി പ്രതിഷേധിച്ചു. പത്രക്കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ:

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് മെത്രാസനത്തില്‍ പെട്ട വെട്ടിത്തറ സെന്‍റ്  മേരീസ് ഓര്‍ത്തഡോക്സ് ഇടവകാംഗം ശ്രീ. സി.ജെ പൈലിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച വിഘടിത വിഭാഗത്തിന് എല്ലാ സൗകര്യങ്ങളും, ഒത്താശയും ചെയ്യുന്ന പോലീസിന്‍റെ നിയമവിരുദ്ധവും പക്ഷപാതപരവുമായ നടപടിയില്‍  മലങ്കര ഓര്‍ത്തഡോക്സ് സഭ ശക്തമായി പ്രതിഷേധിക്കുന്നു.

വെട്ടിത്തറ പള്ളിയുടെ ഭരണം സംബന്ധിച്ച് ബഹു.മൂവാറ്റുപുഴ മുന്‍സിഫ്‌ കോടതിയുടെ വ്യക്തമായ ഉത്തരവ് നിലനില്‍ക്കെ തങ്ങള്‍ക്ക് നേരിട്ട് കോടതി ഉത്തരവ് ലഭിച്ചെങ്കില്‍ മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന പോലീസ് പിടിവാശിയുടെ  അടിസ്ഥാനത്തില്‍ വീണ്ടും കോടതിയെ സമീപിച്ച് DYSP-യ്ക്ക് വ്യക്തമായ കോടതി ഉത്തരവ് നല്‍കിയിട്ടും ശവസംസ്‌കാരം നടത്തുവാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാതെ പോലീസ് ഒളിച്ചുകളിക്കുകയായിരുന്നു. പോലീസിന്‍റെ നിരുത്തരവാദപരമായ നടപടികളും അക്രമികളുടെ അഴിഞ്ഞാട്ടവും മൂലം ശവസംസ്‌കാരം നടത്തുവാന്‍ സാധിക്കാതെ വീണ്ടും മാറ്റിവയ്ക്കേണ്ട ദുസ്ഥിതിയാണ്‌ ഉണ്ടായത്. ഇതുകാരണം മൃതദേഹം വീണ്ടും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോടതിവിധികളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലായെന്ന് കോതമംഗലം ചെറിയ പള്ളി കേസില്‍ ഉള്‍പ്പെടെ പലകേസുകളിലും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കെ വീണ്ടും ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി മാത്രമേ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ.

2017 ജൂലൈ 3-ന് ഉണ്ടായ  ബഹു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും നിയമസാധുത നഷ്ടപ്പെട്ട ഒരു വിഭാഗത്തെ നിയമവിരുദ്ധമായി സംരക്ഷിക്കാനുള്ള അധികാരികളുടെ വ്യഗ്രത അത്യന്തം ആശങ്ക ഉളവാക്കുന്നു.

ബഹു.കോടതി ഉത്തരവുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുവാന്‍ തയാറാകാത്തതാണോ, അതോ മറ്റാരുയോ ഇംഗിതത്തിനു പോലീസ് നേതൃത്വം തുള്ളുകയാണോ എന്നേ അറിയേണ്ടതുള്ളൂ. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി യഥാസമയം പ്രതികരിക്കാനുള്ള വിവേകം സഭാമക്കള്‍ക്കുണ്ട്.

അഡ്വ: ബിജു ഉമ്മന്‍ : അസോസിയേഷന്‍ സെക്രട്ടറി

പോലീസ് നടപടിയിൽ പ്രതിഷേധം : കോട്ടയം ഭദ്രാസന സെക്രട്ടറി
മലങ്കര ഓർത്തഡോക്സ് സഭയിലെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ സെന്‍റ് മേരീസ് ഓർത്തോഡോസ് പള്ളിയിൽ ഇടവകാംഗം സി. ജെ പൈലിയുടെ മൃതദേഹം സംസ്കരിക്കുവാൻ തടസ്സം സൃഷ്ട്ടിച്ച പോലീസ് അധികാരികളുടെ നടപടിയിലും, മനുഷ്യത്വരഹിതവുമായ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന വിഘടിത വിഭാഗത്തിന്‍റെ ക്രിസ്‌തീയവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയും കോട്ടയം ഭദ്രാസനം ശക്തമായി പ്രതിഷേധിക്കുന്നു .

ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരാകുന്നേൽ : കോട്ടയം ഭദ്രാസന സെക്രട്ടറി

അങ്കമാലി ഭദ്രാസന സംരക്ഷണ സമിതിയുടെ പ്രതിഷേക്കുറിപ്പ്‌

മലങ്കര ഓർത്തഡോക്സ് സഭയിലെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗം സി. ജെ പൈലിയുടെ മൃതദേഹം മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസമനുസരിച്ച് സെമിത്തേരിയിൽ സംസ്കരിക്കുവാൻ തടസ്സം സൃഷ്ടിച്ച് സെസൈറ്റി തലവന്‍റെ കൈയ്യിൽ നിന്ന് അച്ചാരം മേടിക്കുന്ന പോലീസ് അധികാരികളുടെ നടപടിയിലും, മൃതദേഹത്തോടു പോലും അനാദരവുക്കാണിക്കുന്ന പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന വിഘടിത വിഭാഗത്തിന്റെ ക്രിസ്‌തീയവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയും ശക്തമായി പ്രതിഷേധിക്കുന്നു .

അങ്കമാലി ഭദ്രാസന സംരക്ഷണ സമിതി

പോലീസ് നടപടിയിൽ പ്രതിഷേധം : കൊല്ലം മെത്രാസന സെക്രട്ടറി
മലങ്കര ഓർത്തഡോക്സ് സഭയിലെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ സെന്റ് മേരീസ് ഓർത്തോഡോസ് പള്ളിയിൽ ഇടവകാംഗം സി. ജെ പൈലിയുടെ മൃതദേഹം സംസ്കരിക്കുവാൻ അനാവശൃ തടസ്സങ്ങൾ ഉണ്ടാക്കിയ പോലീസ് അധികാരികളുടെ നടപടിയിലും, മനുഷ്യത്വരഹിതവുമായ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന വിഘടിത വിഭാഗത്തിന്റെ ക്രിസ്‌തീയവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരേ കൊല്ലം ഭദ്രാസനം ശക്തമായി പ്രതിഷേധിക്കുന്നു .

ഫാ. സോളു കോശി രാജു : കൊല്ലം മെത്രാസന സെക്രട്ടറി

വെട്ടിത്തറ ചെറിയപള്ളിയില്‍ വിഘടിത നാടകത്തിനു പോലീസ് സഹായം