OVS - ArticlesOVS - Latest News

ശാസ്ത്രം – ദൈവ വിശ്വാസം : Part – 4

ജീവ ജാലങ്ങളുടെ പെട്ടന്നുള്ള ആവിര്‍ഭാവവും – മഹാ പ്രളയവും – ഭൂഗര്‍ഭ പാളികളിലെ തെളിവുകളും:

കാംബ്രിയന്‍ വിസ്ഫോടനം
570 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ടെല്ലില്ലാത്ത മൃഗങ്ങള്‍. അതിനു ശേഷം 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ചു 5 തരത്തില്‍ പെട്ട നട്ടെല്ലുള്ള മത്സ്യങ്ങള്‍. പിന്നെ മറ്റൊരു 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം 5 തരത്തില്‍ പെട്ട ഉഭയജീവികള്‍. മറ്റൊരു 70 ലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം 4 തരത്തില്‍ പെട്ട ഉരഗങ്ങള്‍. പിന്നീട് 200 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം സസ്തനികള്‍. വീണ്ടും ഒരു 40 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ ആൾക്കുരങ്ങ്‌. അവസാനമായ് 10 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യനും പ്രത്യക്ഷപ്പെടുന്നു. ഇത്തരം കണക്കുകള്‍ വളരെ രസകരമായി അവതരിപ്പിക്കുമ്പോഴും പരിണാമവാദികള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം എന്തെന്നാല്‍ ഈ പ്രത്യക്ഷപ്പെടലുകൾക്കിടയില്‍ ഫോസില്‍ മധ്യവർത്തികൾ കാണപ്പെടുന്നില്ല എന്നുള്ളതാണ്. ലോകം മുഴുവനും പാലിയന്റൊലജിസ്റ്റുമാര്‍ നാളിതുവരെ നടത്തിയ പഠനങ്ങളിൽ “മധ്യവർത്തി ഫോസിലുകൾ” കണ്ടെത്താൻ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് ജീവി വര്‍ഗ്ഗങ്ങള്‍ ലോകത്ത്‌ ഉള്ളളപ്പോൾ പരിണാമസിദ്ധാന്തം സത്യമായിരുന്നു എങ്കിൽ ഒരു ജീവി വര്‍ഗ്ഗത്തിൻ്റെ “മധ്യവർത്തി ഫോസിലുകൾ” എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞേനേ. 350 ദശലക്ഷത്തിൽ പരം ഫോസ്സിലുകൾ ഇത് വരെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ ഇതിലൊരെണ്ണം പോലും മധ്യവർത്തി ഫോസ്സിലുകളല്ല. ഇടക്കണ്ണികളായി പരിണാമ വാദികളാൽ വാർത്തകളിൽ കൊട്ടിഘോഷിക്കപ്പെട്ടവയെല്ലാം വ്യാജ തെളിവുകള്‍ ആയിരുന്നു എന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഈ 350 ദശലക്ഷം ഫോസ്സിലുകളുടെ ഒരു വലിയ ശതമാനം ദശലക്ഷക്കണക്കിനു വർഷങ്ങൾക്ക്‌ മുൻപ്‌ ജീവിച്ചിരുന്ന ജീവികളുടേതാണ്‌ എന്നാണ്‌ ഇവർ അവകാശപ്പെടുന്നത്. എന്നാൽ ഈ ജീവവർഗ്ഗങ്ങൾ ഇന്നും നമ്മുടെ കൂടെ നില നിൽക്കുന്നവയാണ്‌ താനും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇവ ജീവിക്കുന്ന ഫോസ്സിലുകളാണ്‌. ഇവ യഥാർത്ഥത്തിൽ വിരൽ ചൂണ്ടുന്നത്‌ ദശ ലക്ഷക്കണക്കിനു വർഷങ്ങളായി ഈ ജീവ വർഗ്ഗങ്ങൽക്ക്‌ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ്‌. ഇവയോഴിച്ചുള്ള ഫോസ്സിലുകള്‍ അന്നു നില നിന്നിരുന്ന നാമാവശേഷമായിത്തീര്‍ന്ന ജീവ വര്‍ഗങ്ങളുടേതാണ്. അങ്ങനെ ഉള്ള ഫോസ്സിലുകള്‍ തെളിയിക്കുന്നത് ഈ ജീവ വര്‍ഗങ്ങള്‍ക്കെല്ലാം തന്നെ അന്നു മുതലേ അതിസങ്കീര്‍ണ്ണമായ ഇന്നുള്ള ജീവ വര്‍ഗ്ഗങ്ങളെ പോലെ തന്നെ എന്ന് ആണ്‌.

ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയുന്നതിനെയാണ് പരിണാമം (Evolution) എന്നു വിളിക്കുന്നത്. എന്നാല്‍ ‘വിസ്ഫോടനാത്മക’ (Explosion) -മായി ജീവികള്‍ ഉത്ഭവിക്കുന്നതിനെ പരിണാമം എന്നു വിളിക്കാനാവില്ല. ‘സൃഷ്ടി’ എന്നു വിശേഷിപ്പിക്കുന്നത് തന്നെ ആണ്‌ യുക്തം.  കാംബ്രിയന്‍ കാലഘട്ടത്തില്‍ ജീവജാതികള്‍ ‘വിസ്ഫോടനാത്മക’മായി ഉരുത്തിരിഞ്ഞു എന്നത്‌ പല പരിണാമ വിദഗ്ധരും ഒരു ‘പ്രശ്ന’മായി അംഗീകരിച്ചിട്ടുണ്ട്. “ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം (52 കോടി – പരിണാമസിദ്ധാന്തകരുടെ കാല കണക്ക് പ്രകാരം) വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയായിരുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിൻ്റെ ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയന്‍ വിസ്ഫോടനം എന്നു വിളിക്കുന്നത്. കാംബ്രിയനില്‍ ധാരാളം ജീവികളെ കാണുന്നത് പരിണാമശാസ്ത്രത്തിന്‌ വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുളള പ്രഹേളികയായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാര്‍ ആ കാര്യം തുറന്നുപറയുകയും ചെയ്തു. പരിണാമപ്രചാരകരില്‍ ഏറെ പ്രശസ്തനായ കടുത്ത നിരീശ്വരവാദിയും പരിണാമ വാദിയുമായ റിച്ചാഡ് ഡോക്കിന്‍സ് തന്നെ “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്ന് പ്രസ്താവിച്ചിട്ടുണ്ട്.

പരിണമിച്ചതായി കാണപ്പെടേണ്ട ജീവികളെ അങ്ങനെ കാണാതെ “കൊണ്ടുവെച്ചപോലെ” കാണപ്പെടുന്നതുതന്നെ ജീവി വര്‍ഗ്ഗങ്ങള്‍ പരിണാമിച്ചുണ്ടായതല്ല എന്നതിന് തെളിവാണ്. പരിണാമക്കാര്‍ വാദിക്കുന്ന പോലെ ആയിരുന്നു എങ്കില്‍ കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികള്‍ ഉണ്ടാകണം. എന്നാല്‍ “ഇവയാണ് പൂര്‍വ്വരൂപങ്ങള്‍” എന്ന് പരിണാമവിശ്വാസത്താല്‍ ഉരുവിട്ട് കൊണ്ട്‌ ഇരിക്കുന്നു എന്നല്ലാതെ ഇവയില്‍ ഏതൊക്കെ കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികളാണ് എന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

കാലഗണന രീതികള്‍
ഫോസിലുകൾക്ക് കോടാനുകോടി വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്ന് നമ്മൾ പരിണാമസിദ്ധാന്തക്കാരുടെ പുസ്തകങ്ങളിലും ലേഖനങ്ങളിലും എന്തിനേറെ പറയുന്നു നമ്മുടെ സ്കൂൾ കോളേജ് തലങ്ങളിലെ പാഠപുസ്തകങ്ങളിൽ പോലും വായിക്കുകയും പഠിക്കുകയും ചെയ്യുന്നു.

ഓരോ ശിലാ പാളികളിലുമുളള ജീവികള്‍ ഏത് കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്ന് കണ്ടുപിടിക്കണമെങ്കിൽ ആ ശിലകൾ ഏത് കാലഘട്ടത്തില്‍ രൂപപ്പെട്ടതാണെന്ന് അറിയേണ്ടേ…? അത് എങ്ങിനെ കഴിയും…? ശിലകളിലൊന്നും അത് ഉണ്ടായ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ലല്ലോ. അതിന്‌ പരിണാമവാദികള്‍ നിര്‍ദേശിച്ച പരിഹാരം ആണ് “ഭൂഗര്‍ഭ പാളികളുടെ സമയവിവരപട്ടിക” (Geological Time Table). ഓരോ ഭൂപാളികളിലും കാണുന്ന ചില പ്രത്യേക ഫോസിലുകളുടെ അഥവാ സൂചിക ഫോസിലുകളുടെ അടിസ്ഥാനത്തില്‍ (Index Fossils) അതാത് പാളിയുടെ പ്രായം നിര്‍ണ്ണയിക്കാം. അങ്ങനെയുള്ള പാളികൾ കാലപ്പഴക്കം അനുസരിച്ച് ഒന്നിന് താഴെ മറ്റൊന്നായി കാണപ്പെടുന്നു. ഇൻഡക്സ് ഫോസിൽ (Index Fossils) ആയി ഉപയോഗിക്കുന്ന ട്രൈലോബൈറ്റ് ജീവികള്‍, ഡൈനോസറുകൾ മുതലായ അനേകം ഫോസിലുകളുടെ പഴക്കം കണക്കാക്കി ആണ് അത്തരം ഫോസിലുകൾ ഉള്ള ശിലാപാളികളുടെ പഴക്കം നിര്‍ണ്ണായക്കുന്നത്. ഉദാഹരണത്തിന്, ട്രൈലോബൈറ്റുളള ഒരു പാളി കിട്ടിയാൽ അതിനെ ജിയോളജിക്കൽ ടൈം സ്കെയിലിൽ ഒരിടത്ത്‌ പ്രതിഷ്ഠിക്കുന്നു… ഡൈനോസറുകൾ ഉള്ള മറ്റൊരു പാളി കിട്ടിയാൽ അതിനെ ആദ്യം കിട്ടിയ പാളിയുടെ മുകളിലായി പ്രതിഷ്ഠിക്കുന്നു…… അങ്ങനെ വിവിധ പാളികളിൽ കാണുന്ന ഇൻഡെക്സ് ഫോസിലുകളുടെ അടിസ്ഥാനത്തില്‍ ശിലാപാളികളികളെ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിവെച്ചാണ് ജിയോളജിക്കൽ ടൈം സ്കെയിൽ നിര്‍മ്മിച്ചിരിക്കുന്നത്. അപ്പോള്‍ ന്യായമായും ഒരു സംശയം ഉദിക്കുന്നു – മേല്‍പ്പറഞ്ഞ ഇൻഡക്സ് ഫോസിലുകളുടെ (Index Fossils) പ്രായം എങ്ങിനെ ആണ് കണ്ടെത്തിയത്….? പരിണാമവാദികളുടെ ഉത്തരം ഇങ്ങനെ – “ഇൻഡക്സ് ഫോസിൽ (Index Fossils) അടങ്ങിയിരിക്കുന്ന ശിലാപാളിയുടെ പ്രായത്തില്‍ നിന്ന്‌…….”

അപ്പോൾ ആ ശിലാപാളിയുടെ പ്രായമോ….?!! പരിണാമവാദികളുടെ ഉത്തരം – “ശിലാപാളിയിൽ അടങ്ങിയിരിക്കുന്ന ഇൻഡക്സ് ഫോസിലിൻ്റെ (Index Fossils) പ്രായത്തില്‍ നിന്ന്……”

A ആരാണെന്ന് ചോദിച്ചാല്‍ B -യുടെ ചേട്ടനെന്നും B ആരാണ്‌ എന്ന് ചോദിച്ചാല്‍ A -യുടെ അനുജന്‍ ആണെന്ന് പറയുകയും രണ്ടുപേരും ആരാണെന്ന് അറിയാതെ ഇരിക്കുകയും ചെയ്യുന്നത് പോലെയാണ്‌ കാല നിര്‍ണ്ണയം. (സൃഷ്ടി രഹസ്യങ്ങൾ – ജെയിംസ് വര്‍ഗീസ് IAS, വര്‍ഗീസ് ചാക്കോ)

ഇതുകൂടാതെ യഥാര്‍ത്ഥത്തില്‍ കണ്ടെത്തലുകളിൽ ഭൂഗര്‍ഭ പാളികളികളിൽ ഏറ്റവും മുകളില്‍ കാണപ്പെടേണ്ട പാളികൾ ഏറ്റവും താഴെയും ഏറ്റവും താഴെ കാണപ്പെടേണ്ടവ ഏറ്റവും മുകളിലും എന്ന തരത്തിലും ആണ്. ഭൂഗര്‍ഭ പാളികളുടെ സമയവിവരപട്ടിക (Geological Time Table) എന്നൊക്കെ പഠിപ്പിക്കപെടുന്നത് സത്യത്തില്‍ അവർ ഭാവനയില്‍ നിന്നും വരച്ചു ഉണ്ടാക്കിയത് ആണ്. അല്ലാതെ നിരീക്ഷണ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലാ.

പുരാതനത്വം നിര്‍ണ്ണയിക്കാന്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കാലഗണനാ രീതി റേഡിയോ മെട്രിക്‌ രീതിയാണ്. പാറകളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ യുറേനിയം-തോറിയം-ഈയം,  പൊട്ടാസ്യം-ആര്‍ഗണ്‍ സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. പ്രായം കുറഞ്ഞ പുരാവസ്തുക്കളുടെ കാര്യത്തില്‍ കാര്‍ബണ്‍ – 14 രീതിയും ഉപയോഗിക്കുന്നു. ഒറ്റനോട്ടത്തില്‍ ശാസ്ത്രീയമെന്നു തോന്നാമെങ്കിലും, ഇതില്‍ പലതും സങ്കല്‍പ്പങ്ങള്‍ അടങ്ങിയതാണ്. (ബൈബിള്‍ ആധികാരികമെന്ന് ശാസ്ത്രം തെളിയിക്കുന്നു – ഡോ.അബു ഫരീദ്‌ റാമേ). കാര്‍ബണ്‍ – 14 രീതി പ്രകാരം, 40000 അല്ലെങ്കിൽ 50000 വർഷം വരെ പഴക്കമെ നിർണയിക്കാൻ പറ്റൂ എന്ന് സാധാരണക്കാരായ പരിണാമ വിശ്വാസികള്‍ക്ക് അറിയില്ല. അല്ലാതെ ലക്ഷോപലക്ഷം വർഷങ്ങൾ നിർണയിക്കാൻ കഴിയില്ല. റേഡിയോ കാര്‍ബണ്‍ കാലഗണനാ രീതിയുടെ പ്രശ്നങ്ങള്‍ നിഷേധിക്കാനാവാത്ത വിധം ഗൌരവവും ആഴമേറിയതും ആണ്…. അതില്‍ പകുതിയോളം പോന്ന വര്‍ഷക്കണക്കുകള്‍ തള്ളിക്കളയപ്പെട്ടു എന്നതില്‍ അത്ഭുതമൊന്നുമില്ല. അത്ഭുതമുള്ള കാര്യം ബാക്കിയുള്ള കണക്കുകള്‍ ഇപ്പോഴും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് (Robert Lee, “Radiocarbon, Ages in Error”, Anthropological Journal of Canada, Vol.19, No.3, pp.9).

മുകളില്‍ സൂചിപ്പിച്ച ഏതു ഡേറ്റിംഗ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാലും പല തരത്തിലുള്ള അപര്യാപ്തതകള്‍ നിലനില്‍ക്കുന്നു.

ഫോസിലുകൾ എങ്ങനെ രൂപപ്പെടുന്നു?
മരിച്ചുകഴിഞ്ഞാൽ എല്ലാ ജീവജാലങ്ങളും ഫോസിലായി മാറുമോ? ഇല്ലേ ഇല്ല ! വളരെ കുറച്ച് മാത്രമാണ് ഫോസിലായി മാറുന്നത്. ഫോസിലൈസേഷൻ സംഭവിക്കുന്നതിന് ചില പ്രത്യേക സാഹചര്യങ്ങളും വ്യവസ്ഥകളും ആവശ്യമാണ്, അതിനാൽ ഇത് യഥാർത്ഥത്തിൽ വളരെ അപൂർവമായ ഒരു സംഭവമാണ്.

അങ്ങനെ എങ്കില്‍ ഫോസിലുകൾ എങ്ങനെ രൂപപ്പെടുന്നു?
ദിനോസർ ഫോസിലുകൾ ആയി മാറുന്ന രീതിയെ പെട്രിഫിക്കേഷൻ എന്ന് വിളിക്കുന്നു.

ഇവയാണ് പ്രധാന ഘട്ടങ്ങൾ

  1. ജീവികൾ ചാകുന്നു.
  2. ചർമ്മവും പേശികളും ഉൾപ്പെടെ മൃഗത്തിൻ്റെ ശരീരത്തിലെ മൃദുവായ ഭാഗങ്ങൾ അഴുകാൻ തുടങ്ങുന്നു. കഴുകന്മാര്‍ വന്ന് അവശിഷ്ടങ്ങളിൽ ചിലത് കഴിക്കുകയും ചെയ്തേക്കാം.
  3. അസ്തിപഞ്ചരത്തിനു മുകളിലേക്ക് ചുറ്റുപാടുമുള്ള മണ്ണും ചെളിയും അടിഞ്ഞുകൂടുന്നു. മേല്ക്കുമേൽ അടിഞ്ഞുകൂടുന്നതിൻ്റെ ഫലമായി അടിയിലെ ഭാഗങ്ങൾ അമർന്ന് കട്ടിയായിത്തീരുന്നു.
  4. ക്രമേണ അവ അവശിഷ്ട പാറയായി മാറുന്നു.

കപട ശാസ്ത്ര വാദികള്‍ 90% -ത്തില്‍ അധികം ജീവജാലങ്ങളും നാമാവശേഷമായ Catastrophe ഉണ്ടായി എന്ന് സമ്മതിക്കുന്നു. എന്നാല്‍ അത് നോഹയുടെ കാലത്ത് നടന്ന മഹാ പ്രളയം മൂലം ആണ്‌ എന്ന്‌ സമ്മതിക്കാതെ പല കാലങ്ങളില്‍ നടന്നത് എന്നും. അത് കൂടാതെ പലതരം hypothesis -കള്‍ കൊണ്ടും വിശദീകരിക്കാൻ ശ്രമങ്ങള്‍ തുടരുകയാണ്. അവർ ആറ് തരം Hypothesis -കള്‍ പറയുന്നത് ഇവയാണ്. പ്രത്യേകിച്ചും ദിനോസറുകളുടെ വംശ നാശത്തിൻ്റെ.

  1. Volcanic Eruptions
  2. Epidemic Disease
  3. A Nearby Supernova
  4. Bad Eggs
  5. Changes in Gravity
  6. Aliens

പക്ഷേ ഫോസിലുകൾ എങ്ങനെ രൂപപ്പെടുന്നു എന്ന് Oxford University Museum of Natural History (https://www.oum.ox.ac.uk/thezone/fossils/intro/form.htm) പറയുന്നതും നമ്മുടെ നാട്ടിലെ പരിണാമസിദ്ധാന്ത വാദികളിലൊരാളായ ഡോ. ദിലീപ് mampallil -ൻ്റെ വീഡിയോയിൽ (https://youtu.be/Vx0jElclpRE) പറയുന്നതും ജലത്താൽ മൂടപ്പെട്ട ഒരു ചുറ്റുപാടിൽ ആയിരിക്കണം അത് പോലെ പെട്ടന്ന് തന്നെ അടക്കപ്പെടണം എന്നൊക്കെ ആണ്‌. ഇത്‌ അവരുടെ തന്നെ Hypothesis -കള്‍ പരസ്പര വിരുദ്ധമാണ് എന്നതിന്‌ തെളിവാണ്.

ഫോസിലുകൾ രൂപപ്പെടാൻ കോടി കണക്കിന് വർഷങ്ങൾ വേണം എന്ന് പല ഫിലോസഫികളുടെ അടിസ്ഥാനത്തിൽ റേഡിയോമെട്രിക് ഡേറ്റിങ് ഒക്കെ കണ്ടുപിടിക്കുന്നതിനു വളരെ മുൻപ് തന്നെ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ കോടി കണക്കിന് വർഷങ്ങൾ കൊണ്ടേ രൂപപ്പെടു എന്ന് പൊതുബോധം വളരെ ശക്തിയായി വിശ്വസിക്കുന്ന പലതിനും ഫോസിലുകൾ ആകാൻ ദിവസങ്ങൾ പോലും ആവശ്യമില്ല. ലഭിക്കുന്ന മിക്ക ഫോസ്സിലുകളും പെട്ടെന്ന് മറയപ്പെട്ട അവസ്ഥയിൽ ഉള്ളവയാണ്. ഈ കാലത്തു സെകുലർ ഗവേഷകരും ഫോസിലുകൾ ഉണ്ടാകണം എങ്കിൽ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കണം എന്ന് സമ്മതിക്കുന്നു. എങ്ങിനെ എന്നാൽ, ഒരു ജീവി മരണപ്പെടുമ്പോൾ തന്നെ, അതിനു അഴുകാനുള്ള സമയം ലഭിക്കും മുൻപേ പെട്ടെന്ന് മൂടപ്പെടണം. ഓക്സിജൻ കിട്ടാതെ ഈ ജീവിയെ അഴുകാൻ സഹായിക്കുന്ന സൂക്ഷമ ജീവികൾ നിലനിൽക്കില്ല. അപ്പോൾ പെട്ടെന്നുണ്ടായ പ്രകൃതി ക്ഷോഭത്തിൽ മരിച്ചു, മൂടപ്പെട്ട ഒരു ജീവി ഫോസിൽ ആകാനുള്ള സാധ്യത കൂടുന്നു.

ഇനി മറ്റൊന്ന്, കണ്ടെത്തുന്ന ഫോസ്സിലുകളിൽ സോഫ്റ്റ് ടിഷ്യൂസ് കാണപ്പെടുന്നത് ഇത് പെട്ടെന്ന് മൂടപ്പെട്ടതു ആണെന്ന് തെളിയിക്കുന്നു. ഫോസിൽ ആയ ജെല്ലി ഫിഷുകൾ ഉദാഹരണങ്ങൾ ആണ്.  ജെല്ലി ഫിഷ് അതെത്ര മാത്രം സോഫ്റ്റ് ആണെന്നും തീരത്തു അടിയുന്നവ എത്ര പെട്ടെന്ന് മണ്ണോടു ചേരുന്നു എന്നും നോക്കുക. മുമ്പ് നിരീശ്വരവാദിയും, പരിണാമവാദിയും ആയിരുന്നു Dr. Gary Parker ഇങ്ങനെ എഴുതുന്നു: ” Jellyfish often wash ashore, but in a matter of hours they have turned into nondescript “blobs” (although watch out—the stinging cells continue to work for quite a while!). To preserve the markings and detail of the Ediacara jellyfish, the organisms seem to have landed on a wet sand that acted as a natural cement. The sand turned to sandstone before the jellyfish had time to rot, preserving the jellyfish’s markings, somewhat as you can preserve your handprint if you push it into concrete during that brief time when it’s neither too wet nor too dry. Indeed, the evolutionist who discovered the Ediacara jellyfish said the fossils must have formed in less than 24 hours. He didn’t mean one jellyfish in 24 hours; he meant millions of jellyfish and other forms throughout the entire Ediacara formation, which stretches about 300 miles (500 km) from South Australia into the Northern Territory, had fossilized in less than 24 hours! In short, floods form fossils fast! “

പരിണാമസിദ്ധാന്തക്കാരുടെ വ്യാജ ഫോസിലുകൾ – സങ്കല്‍പങ്ങള്‍.
“ജീവവർഗങ്ങളുടെ ഉല്പത്തിയിൽ” ഡാർവിൻ ഇങ്ങനെ പറയുന്നു: “എൻ്റെ സിദ്ധാന്തം സത്യമാണെങ്കിൽ എല്ലാ വർഗത്തെയും പരസ്പരം ബന്ധിപ്പിക്കുകയും ഒരുമിച്ചുചേർക്കുകയും ചെയ്ത പരിണാമ ശൃംഗലകൾക്കിടയിലെ വൈവിധ്യമാർന്ന അനേകതരം ജീവികൾ ഭൂമിയിൽ നിലനിന്നിരിക്കണം. ഭാവിയിൽ കണ്ടെത്തിയേക്കാവുന്ന ഫോസ്സിലുകളിൽ ഇവയുടെ മുൻകാല ജീവിതത്തിൻ്റെ തെളിവുകൾ തീർച്ചയായും കാണാവുന്നതാണ്‌.” 

അതായത് പകുതു മത്സ്യവും പകുതു ഉരഗവുമായ ജീവികൾ ഭൂമുഖത്ത് നിലനിന്നിരിക്കുമല്ലോ. അവയിൽ പലതും മത്സ്യങ്ങളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് മത്സ്യങ്ങൾ ആയിത്തീർന്നിരിക്കണം. അതുപോലെ, പക്ഷികളുടെയും ഉരഗങ്ങളുടെയും അംശങ്ങൾ കൂടിച്ചേർന്ന വർഗങ്ങൾ പിന്നീട് പക്ഷികളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് പക്ഷികളായി മാറിയിരിക്കും. വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന കൈകാലുകൾ, ചിറകുകൾ, കണ്ണുകൾ തുടങ്ങിയവയോടു കൂടിയ ചില ഫോസ്സിലുകളും ഉണ്ടായിരിക്കേണ്ടതാണ്‌. മത്സ്യച്ചിറകുകൾ ഉഭയജീവികളുടെ പാദങ്ങളോടും വിരലുകളോടും കൂടിയ കാലുകളായും ചെകിളകൾ ശ്വാസകോശങ്ങളായും മാറിക്കൊണ്ടിരിക്കുന്നത്‌ നമുക്കു കാണാൻ കഴിയണം. ഉരഗങ്ങളുടെ മുൻകാലുകൾ പക്ഷികളുടെ ചിറകുകളായും പിൻകാലുകൾ കൂർത്തുവളഞ്ഞ നഖങ്ങളോടുകൂടിയ കാലുകളായും ശൽക്കങ്ങൾ തൂവലുകളായും വായ്‌ കൊമ്പുപോലെ കടുപ്പമുള്ള ചുണ്ടായും മാറിക്കൊണ്ടിരിക്കുന്നതും കാണാൻ കഴിയണം.

എന്നാൽ പരിണാമവാദികളുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഫോസിൽ പഠനങ്ങളെല്ലാം തെളിയിച്ചത് ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നും, ഇന്നു കാണുന്ന രീതിയിൽ മുഴുവൻ രൂപത്തിലുമാണെന്നാണ്‌. കാര്യങ്ങളെ നിഷ്‌പക്ഷമായി പരിശോധിക്കുന്ന ഏതൊരാളും ഫോസിലുകൾ പരിണാമസിദ്ധാന്തത്തെ പിന്താങ്ങുന്നില്ലെന്നു മനസ്സിലാക്കാൻ വ്യക്തമായും പ്രേരിതരാകും. അതേസമയം, ഫോസിൽ തെളിവ്‌ സൃഷ്ടിയെ സംബന്ധിച്ച വാദങ്ങൾക്ക്‌ ഉറച്ച പിൻബലം നൽകുകയും ചെയ്യുന്നു.

നോഹയുടെ കാലത്തെ മഹാ പ്രളയം – ചില തെളിവുകള്‍.
“മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും; അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും. യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?” (ഇയ്യോബ്. 12:7 – 9)

1. ഫോസിലുകൾ പെട്ടെന്നുള്ള പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ട് ഏതെങ്കിലും ജീവി എക്കൽ മണ്ണിൽ അടക്കം ചെയ്യപ്പെടുകയും സ്വാഭാവിക ജീർണ്ണതകൾക്കോ നശീകരണത്തിനോ വിധേയരാകാതിരിക്കുകയും ചെയ്യുമ്പോഴാണ് ഫോസിലുകൾ രൂപപ്പെടുന്നത്. അതുകൊണ്ട് ഫോസിലുകൾ ഉണ്ട് എന്നത് തന്നെ ജലപ്രളയത്താലുണ്ടായ ആകസ്മിക മരണത്തിന് ഉത്തമ തെളിവാണ്.

2. എക്കൽപ്പാറകൾ (Sedimetary Rocks)
ഫോസിലുകൾ അടങ്ങിയ ഭൂമിയിലെ മിക്കവാറും എല്ലാ എക്കൽപ്പാറകളും ജലപ്രവാഹത്തിൻ്റെ ഫലമായി രൂപപ്പെട്ടവയാണ്. ഈ വസ്തുത തെളിവാർന്നതും, സാർവ്വലൗകികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതുമാകയാൽ തെളിവുകളോ വിശദീകരണങ്ങളോ ഇനി ആവശ്യമില്ല.

3. പോളിസ്ട്രേറ്റ് ഫോസിലുകൾ (Polystrate fossils)
പോളിസ്ട്രേറ്റ് ഫോസിലുകൾ എന്നത് മൃഗങ്ങളുടെയും, സസ്യങ്ങളുടെയും പലതട്ടുകളിലായി വ്യാപിച്ച് കിടക്കുന്ന ഫോസിലുകൾക്ക് ഇടയിലൂടെ വൃക്ഷങ്ങളുടെ തായ്ത്തടിയുടെയും മറ്റും ഫോസിലുകളാണ്.

4. മനുഷ്യൻ്റെയും ദിനോസറുകളുടെയും കാല്പാടുകൾ
ടെക്സാസിലുള്ള പ്രസിദ്ധമായ പാലക്സിനദീതടം നമ്മുടെ സവിശേഷ ശ്രദ്ധയെ ആകർഷിക്കുന്നു. ഇവിടെ മനുഷ്യൻ്റെയും ദിനോസറുകളുടെയും കാല്പാടുകൾ ഇടകലർന്ന് കിടക്കുന്നു.

എല്ലാ ഭൂഖണ്ഡങ്ങളിലേയും പാറ പാളികളിൽ സമുദ്രജീവികളുടെ ഫോസിലുകൾ നാം കാണുന്നു. ഗ്രാൻഡ് കാന്യോണിൻ്റെ അടരുകളിലെ (സമുദ്രനിരപ്പിൽ നിന്ന് ഒരു മൈലിൽ കൂടുതൽ) പാറ പാളികളിൽ സമുദ്ര ഫോസിലുകൾ അടങ്ങിയിരിക്കുന്നു. കക്കയുടെ ഫോസിലുകൾ ഹിമാലയത്തിൽ പോലും കാണപ്പെടുന്നു. നമുക്ക്‌ ലഭിച്ചിരിക്കുന്ന ഏറ്റവും പുരാതനമായ തിമിംഗല ഫോസിൽ ഹിമാലയത്തിൽ നിന്നുമാണ്. സസ്യങ്ങളുടെയും മൃഗങ്ങളുടെയും വേഗത്തിൽ കുഴിച്ചു മൂടപ്പെട്ട രീതിയിലുള്ള വിപുലമായ ഫോസിൽ “ശ്മശാനങ്ങളും” നമുക്ക് കാണാം. ഗ്രാൻഡ് കാന്യോണിലെ റെഡ് വാൾ ചുണ്ണാമ്പുകല്ലിനിടയിലേ പാളിയിൽ കോടിക്കണക്കിന് nautiloid ഫോസിലുകൾ കാണപ്പെടുന്നു. ഈ പാളിയിൽ വൻതോതിൽ അവശിഷ്ടങ്ങൾ കാണപ്പെടുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും ചോക്ക്, കൽക്കരി പാടങ്ങളും ലോകമെമ്പാടുമുള്ള മത്സ്യങ്ങൾ, ഇക്ത്യോസറുകൾ, പ്രാണികൾ, മറ്റ് ഫോസിലുകൾ എന്നിവയും വിനാശകരമായ ആഗോള പ്രളയത്തിന് സാക്ഷ്യം വഹിക്കുന്നു. അതിവേഗം നിക്ഷേപിക്കപെട്ട നിലയില്‍ അവശിഷ്ട പാളികൾ വിശാലമായ പ്രദേശങ്ങളിൽ വ്യാപിച്ചിരിക്കുന്നു ഭൂഖണ്ഡങ്ങളിൽ ഉടനീളം, ഭൂഖണ്ഡങ്ങൾക്കിടയിലും – പാറ പാളികൾ കണ്ടെത്താൻ കഴിയുന്നു, ആ പ്രതലങ്ങളിലെ സവിശേഷതകൾ സൂചിപ്പിക്കുന്നത് അവ അതിവേഗം നിക്ഷേപിക്കപ്പെട്ടുവെന്നാണ്. തിബത്തൻ പീഠഭൂമിയിൽ സമുദ്ര നിരപ്പിൽ നിന്ന് 4000 അടി ഉയരത്തില്‍ കണ്ടെത്തപ്പെട്ട സമുദ്ര ജീവികളുടെ ഫോസിലുകൾ, ഭൂമിയില്‍ അനേകം സ്ഥലങ്ങളില്‍ കടൽ ജീവികളും കര ജീവികളും ഒരുമിച്ചു കുഴിച്ചു മൂടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അവ “ഫോസിൽ ശ്മശാനങ്ങൾ” എന്ന് അറിയപ്പെടുന്നു. ഫ്രാന്‍സിലുളള ബർഗുൻഡി, ഗ്രീസിലുളള സെറിഗോ, ഇംഗ്ലണ്ടിലുളള പ്രസ്റ്റ് വിച്ച് തുടങ്ങിയവ ഇത്തരത്തിൽ ഉള്ള അനേകം അനേകം ഫോസിൽ ശ്മശാനങ്ങൾക്ക് ചില ഉദാഹരണങ്ങൾ മാത്രം.

ഗ്രാൻഡ് കാന്യോണിൻ്റെ (Grand Canyon – അരിസോണ) രൂപപ്പെടലും മഹാ പ്രളയത്തിന് മറ്റൊരു തെളിവാണ്. ഇത്തരം അനേകം അനേകം തെളിവുകള്‍ നമുക്ക്‌ കാണുവാന്‍ സാധിക്കും.

പൗലോസ് അപ്പൊസ്തോലൻ ചൂണ്ടിക്കാട്ടുന്നു: “അവൻ്റെ നിത്യശക്തിയും ദിവ്യത്വവുമായി അവൻ്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവൻ്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി” (റോമർ.1:20 – 22).

ശാസ്ത്രം – ദൈവ വിശ്വാസം: Part – 5