OVS - Latest NewsOVS-Exclusive NewsOVS-Kerala News

കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി പള്ളികൾ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണം : ബഹു. സുപ്രീം കോടതി

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ അഭിഭാജ്യ ഘടകങ്ങളായ കോലഞ്ചേരി, മണ്ണത്തൂര്‍, വരിക്കോലി ഇടവക പള്ളികള്‍ മലങ്കര സഭയുടെ 1934 സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടെണ്ടതാണന്നുള്ള ബഹു. എറണാകുളം ജില്ലാക്കോടതിയുടെയും ബഹു. കേരള ഹൈകോടതിയുടെയും കണ്ടെത്തല്‍ ബഹു സുപ്രീം കോടതി ശരിവച്ചു. ഈ മൂന്നു ഇടവക പള്ളികളിടെയും കേസുകള്‍ സമാന സ്വഭാവത്തില്‍ ഉള്ളതിനാല്‍ ഒന്നിച്ചു പരിഗണിച്ചു തീര്‍പ്പ്  കല്പിക്കുകയാണ് ഉണ്ടായത്. ഈ പള്ളികളുടെതായുള്ള ബഹു. കേരള ഹൈക്കോടതിയുടെ ഉത്തരവുകള്‍ അതിനാല്‍ തന്നെ മാറ്റപ്പെടുത്തേണ്ട സാഹചര്യവും ഇല്ല എന്ന് ബഹു സുപ്രീം കോടതി ജഡ്ജിമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവര്‍  ഉള്‍പ്പെട്ട  ബഞ്ച് വിധിച്ചത്. ഇതു വഴി ഈ പള്ളിയുടെ എല്ലാ കേസുകളും അവസാനിച്ചു പരിപൂര്‍ണ്ണമായി ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് കിട്ടിയിരിക്കുകയാണ്.

നീണ്ട നാളത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സത്യം പരിപൂര്‍ണ്ണമായി  വിജയിച്ചിരിക്കുകയാണ്. ഇതിനായി പ്രവര്‍ത്തിച്ച സഭാ പിതാക്കന്മാരോടും പള്ളിയുടെ ഭരണ സമിതിയോടുമുള്ള ഓര്‍ത്തഡോക്‍സ്‌  വിശ്വാസ സംരക്ഷകന്റെ അഭിനന്ദനവും കൃതഞതയും അറിയിക്കുന്നു. ഓര്‍ത്തഡോക്സ് ‌ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ. കെ വേണുഗോപാല്‍, കൃഷ്ണന്‍ വേണുഗോപാല്‍, സി.യു സിംഗ്, വിശ്വനാഥന്‍, സദാരുള്‍ അനാം, എസ് ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.

കോലഞ്ചേരി പള്ളി കേസ് : അല്പം ചരിത്രം

യാക്കോബായ വിഭാഗത്തിന്റെ തര്‍ക്കത്തെ തുടര്‍ന്ന് ബഹു. ആര്‍.ഡി.ഓ 11.07.2005 -ല്‍ പള്ളി പൂട്ടി താക്കോല്‍ കസ്റ്റഡിയില്‍ എടുത്തു. ഇതിനു എതിരെ കേസ് കൊടുക്കുകയും പള്ളിയുടെ താക്കോല്‍ 1934 ലെ ഭരണഘടനാ പ്രകാരം ചുമതലയില്‍ ഇരുന്ന ഓര്‍ത്തഡോക്സ് വൈദീകന്‍ ഫാ. എം.വി എബ്രഹാമിനു നല്കാന്‍ ഉത്തരവാകുകയും ചെയ്തു. എന്നാല്‍ ഈ കാലയളവില്‍ ഈ വൈദികന്‍ വിരമിക്കുകയും അദ്ദേഹത്തിന് പകരമായി ഇപ്പോഴത്തെ വികാരി ഫാ ജേക്കബ്‌ കുരിയനെ ഇടവക മെത്രപോലിത്ത അഭി വന്ദ്യ മാത്യൂസ്‌ മാര്‍ സേവേറിയോസ് തിരുമേനി നിയമിക്കുകയും ചെയ്തു. താക്കോല്‍ കയ്യിലുണ്ടായിരുന്ന ഫാ.എം.വി എബ്രഹാമിനോട്‌ 15.12.2005 -ലെ ഐ.എ 18406/05 ഹൈ കോടതി ഉത്തരവ് പ്രകാരം താക്കോല്‍ ആര്‍.ഡി.ഓ യ്ക്ക് കൈമാറാനും ആര്‍.ഡി.ഓ യില്‍ നിന്ന് താക്കോല്‍ ഫാ ജേക്കബ്‌ കുര്യന് നല്കാനും വിധിച്ചു. ഇതിനു എതിരെ  യാക്കോബായ വിഭാഗം സമര്‍പ്പിച്ച  W.A No 47/2006 പിന്വാലിച്ച പ്രകാരം തള്ളി ഉത്തരവായി. ആയതിന്‍ പ്രകാരം താക്കോല്‍ 15 ദിവസം കൂടി ആര്‍.ഡി.ഓ യുടെ കസ്റ്റഡിയില്‍ വയ്ക്കുവാനും തുടര്ന്നു പരിഗണിക്കപ്പെടുന്ന സിവില്‍ കോടതിയില്‍ ഇതിനെ സംബന്ധിച്ച് കേസ് നല്കി നിവൃത്തി നേടാനും വിധിച്ചു. എന്നാല്‍ ഈ കാലയളവിനുള്ളില്‍ യാക്കോബായ വിഭാഗം കേസുകള്‍ ഒന്നും നല്‍കാത്തതിനാല്‍ ഓര്‍ത്തഡോക്സ് ‌ വിഭാഗം R.P 563 / 2007 നല്കു്കയും ചെയ്തു. ഈ കേസിന് വിധി വരുന്നതിനു മുന്‍പേ യാക്കോബായ വിഭാഗം ജില്ല കോടതിയില്‍ ഓ.എസ് 43/2007 ഫയല്‍ ചെയ്തു. ബഹു. ഹൈകോടതി R.P 563 / 2007 വിധിക്കുകയും വിധിയിലെ നിര്‍ദ്ദേശം അനുസരിച്ച് ഈ കേസിലെ (ഓ.എസ് 43/2007) തീരുമാനപ്രകാരം താക്കോല്‍ ജില്ലാക്കോടതിക്കു താത്കാലിക ഉത്തരവ് വഴി നല്കാം എന്നും വിധിച്ചു.

ഈ കേസിലെ യാക്കോബായ സഭയുടെ ആവശ്യങ്ങള്‍ ഇപ്രകാരം ആയിരുന്നു: ഈ പള്ളിയില്‍ 1913 -ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് പള്ളിയും പള്ളിവക സ്വത്തുക്കളും ഭരിക്കപ്പെടണം എന്നും ആകമാന ഓര്‍ത്തഡോക്സ് ‌ സുറിയാനി സഭയുടെ ആത്മീയ നേതാവായ അന്ത്യോക്യാ പാത്രിയര്‍കീസിനെ മലങ്കര ഓര്‍ത്തഡോക്സ് ‌ സഭ അംഗീകരിക്കുന്നില്ല എന്നതിനാല്‍ താഴെ പറയുന്ന പ്രകാരം വിധി ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഓ.എസ് 43/2007 ആയി ബഹു ജില്ലാ കോടതിയില്‍ നല്കി.

(1)  ഇടവകക്കാര്‍ ആരെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കുന്ന റഫറണ്ടം ഉണ്ടാകണം.
(2) ഭൂരിപക്ഷത്തിന്റെ വിശ്വാസവും ഇഷ്ടവും അനുസരിച്ചാവണം പള്ളിയും പള്ളിവക വസ്തുക്കളും ഭരിക്കപ്പെടെണ്ടത് എന്ന വിധിയുണ്ടാവണം.
(3) അപ്രകാരം ഭൂരിപക്ഷത്തിനു അവകാശപ്പെട്ടെതെന്നുള്ള അന്തിമ ഡിക്രി പാസ്സാക്കണം.
(4) അന്ത്യോകിയ പത്രിയര്‍കീസിന്റെ ആത്മീയ മേല്‍ക്കോയ്മ അംഗീകരിക്കാത്ത മത മേലധ്യക്ഷമാരെയും ആളുകളെയും പ്രതിനിധികളെയും നിരോധിച്ചു വിധിയുണ്ടാകണം.

ഈ കേസ് നിലനില്ക്കവേ ഈ കേസില്‍ തന്നെ രണ്ടു I.A കള്‍ ബഹു ജില്ലാകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഒന്നാമതായി യാക്കോബായ വിഭാഗം നല്കിയ I.A No 3868/07 -ഉം അതിലെ ആവശ്യപ്രകാരം റിസീവറെ നിയമിക്കണം എന്നുള്ളതുമായിരുന്നു. രണ്ടാമതായി IA No 3984/2010 പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോല്‍ ഓര്‍ത്തഡോക്‍സ്‌ വിഭാഗം വൈദീകന്‍ ഫാ ജേക്കബ്‌ കുര്യനും മറ്റു ഭാരവാഹികള്‍ക്കും കൈമാറണം എന്നും ആയിരുന്നു. ഈ രണ്ടു ഹര്ജികളും ബഹു. ജില്ലാകോടതി സംയുക്തമായി പരിശോദിച്ചു യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം തള്ളി ഓര്‍ത്തഡോക്‍സ്‌ സഭ വൈദീകനു ജില്ല കോടതി നേരിട്ട് താക്കോല്‍ കൈമാറി വിധിയായി. ഈ വിധിക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു FAO No 393/2010,127/2011 അപ്പിലുകളും OP C No 1134/2010 ഹര്ജിിയും ജില്ലക്കൊടതിയോടു വിചാരണ വേഗത്തില്‍   തീര്‍ക്കാന്‍  24.05.2011 ഉത്തരവായി.

ബഹു. ജില്ലാക്കോടതി മേല്‍ കോടതിയുടെ ഉത്തരവ് മാനിച്ചു ഈ കേസിലെ ഒറിജിനല്‍ സൂട്ട് വാദം കേള്‍ക്കുകയും 16.08.2011 വിധിയാവുകയും ചെയ്തു. 1995 -ലെ ബഹു സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ 1934-ലെ സഭ ഭരണഘടനാ എല്ലാ ഇടവക പള്ളികള്‍ക്കും സാധുവാണെന്ന് കണ്ടെത്തിയതുകൊണ്ട് യാക്കോബായ സഭയ്ക്കോ അവരെ പിന്തുണക്കുന്നവര്‍ക്കൊ  മുകളില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരത്തിലുള്ള യാതൊരു നിവൃത്തിയും നല്‍കുവാന്‍ സാധിക്കില്ല എന്ന് കണ്ടു കേസ് തള്ളി. മാത്രമല്ല ഈ പള്ളിക്ക് ബഹു സുപ്രീം കോടതി വിധി ബാധകം എന്നും 1934-ലെ ഭരണഘടനാ അംഗീകരിക്കാത്ത യാക്കോബായ സഭയ്ക്ക് ഉടമ്പടി പ്രകാരം ഭരിക്കണം എന്ന് പറയാന്‍ അവകാശം ഇല്ല എന്നും ഫാ. ജേക്കബ്‌ കുര്യന് താക്കോല്‍ കൈമാറിയ IA No 3984/2010 വിധി ഉറപ്പിച്ചുകൊണ്ട്‌  ജില്ലാകോടതി ഉത്തരവിട്ടു

ഈ വിധിക്ക് എതിരെ യാക്കോബായ സഭ ബഹു ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി 4. RFA Nos. 589, 655 അപ്പീലായി ഹൈക്കോടതി പരിഗണിച്ചു. ഇതിനിടയില്‍ നിരവധി തവണ നിലവിലെ ജില്ലാക്കോടതി വിധി നടപ്പാക്കുന്നതിന് എതിരെ സ്റ്റേ ചെയ്യണം എന്നും സ്റ്റാസ്കോ നിലനിര്‍ത്തണം എന്നും ആവശ്യപ്പെട്ടു. അവ വിവിധ കോടതികള്‍ തള്ളി. കോടതി മീഡിയെഷന്‍ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തി; അവയും പരാജയപ്പെട്ടു. ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും ഇടവക മെത്രപോലിത്തയും ജില്ല കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരാഴ്ചയില്‍ കൂടുതലായി സത്യഗ്രഹം നടത്തി. ബഹു ജില്ല കലക്ടറുടെ രേഖ മൂലമുള്ള ഉറപ്പിന്മേല്‍ സത്യഗ്രഹം അവസാനിപ്പിച്ചു. പക്ഷെ പറഞ്ഞ വാക്കോ എഴുതി തന്ന ഉറപ്പോ പാലിക്കാന്‍ അന്നത്തെ ബഹു. കേരള  ഗവണ്മെന്റ്നോ കലക്ടര്‍ക്കോ സാധിച്ചില്ല. തന്‍ നിമിത്തം വിധി നടപ്പാക്കാന്‍ സാധിക്കാതെ പള്ളി പൂട്ടിയിടേണ്ട അവസ്ഥ വന്നെത്തി. പിന്നീടു കേസ് പരിഗണിച്ച ഹൈക്കോടതി ബഞ്ച് വിധി പറയാതെ മാറുകയും, മറ്റൊരു ഡിവിഷന്‍ ബഞ്ച് ഈ കേസ് പരിഗണിച്ചു 04.10.2013 ല്‍ വിധിയാവുകയും ചെയ്തു.

ജില്ല കോടതിയുടെ വിവിധ കണ്ടെത്തലുകള്‍ ശരിയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത്. ഏതു രീതിയില്‍ ഉള്ള പ്രാര്‍ത്ഥന നടത്തണം എന്ന് നിശ്ചയിക്കാനുള്ള അവകാശവും മറ്റു ഭരണ കാര്യങ്ങളും ഇടവകക്കാര്‍ക്ക് വിട്ടുകൊടുക്കണം. 1934 -ലെ സഭ ഭരണഘടനാ ഈ പള്ളിക്ക് ബാധകം അല്ലെന്നു കണ്ടെത്തി, സ്കീം രൂപികരിച്ചു വിധിയുണ്ടാവണം, പാത്രിയര്‍കീസിന്റെ മേല്‍ക്കോയ്മ ആത്മീക കാര്യങ്ങളില്‍ അംഗീകരിക്കന്‍ ഓര്‍ത്തഡോക്‍സ്‌ സഭ തയ്യാറാവണം, ശരിയായ വോട്ടെഴ്സ് ലിസ്റ്റ് തയ്യാറാക്കി ഒരു തെരഞ്ഞെടുപ്പ് നടത്തണം, എന്നും അതിനായി കോടതി ഒരു സ്കീം രൂപികരിക്കണം. യാക്കൊബായക്കാരുടെ ആവശ്യത്തെ മുന്‍നിര്‍ത്തി ഇഷ്യൂ ഉണ്ടാക്കാത്തത് കീഴ്‌കോടതിക്കു തെറ്റുപറ്റി,  ബഹു. ജില്ല കോടതി ബഹു. സുപ്രീം കോടതി വിധി തെറ്റായി പ്രയോഗിച്ചു,  ഒന്നാം സമുദായ കേസ് സമുദായം വക സ്വത്തിന്മേല്‍ ആണെന്നും ഇടവക പള്ളികളുടെ സ്വത്തിന്മേല്‍ അല്ല എന്നും 1995 -ലെ സുപ്രീം കോടതി വിധിയുടെ പാരഗ്രഫ് 141 -നെ ആധാരമാക്കി ഇടവക പള്ളികളുടെ അഭാവത്തില്‍ അവയെ ബാധിക്കുന്ന ഡിക്ലറെഷന്‍ നല്കാന്‍ പാടില്ലാന്നുള്ള ഭൂരിപക്ഷ വിധി പ്രസക്തി ഉള്ളതാണ് എന്നും പള്ളിയുടെ പൌരോഹിത്യ ഭരണത്തെ ബന്ധപ്പെട്ടു മാത്രമാണ് ഡിക്ലറെഷന്‍ നല്കി്യത് എന്നും, അത് കീഴ്കോടതി തെറ്റായി എടുത്തു എന്നും വാദിച്ചു. അതിനെ അടിസ്ഥാനപ്പെടുത്തി 2003 (1) KLT 780 പോലീസ് സംരക്ഷണ ഹര്‍ജിയുടെ  വിധിയെ ഉയര്‍ത്തിപ്പിടിച്ചു ഇടവകപള്ളികളുടെ കാര്യത്തില്‍ സുപ്രീം കോടതി തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ വച്ചിരിക്കുകയാണ് എന്നും വാദിച്ചു. ബഹു. ആര്‍.എം സഹായിയുടെത് ഒരു ന്യുനപക്ഷ വിധിയാണ് അത് അംഗീകരിക്കാന്‍ കഴിയില്ല. കതോലിക്കോസ് വിഭാഗം ഇപ്പോള്‍ പാത്രിയര്‍കീസിന്റെ ആത്മീയ മേല്കോായ്മ അംഗീകരിക്കില്ല എന്നും, അത് ശരിയല്ല എന്നും വാദിച്ചു.

1934-ലെ ഭരണഘടനയുടെ സാധുത ബഹു സുപ്രീം കോടതി ശരിവയ്ക്കുകയും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പു നടത്തുകയും ചെയ്ത ശേഷം ആര്‍ക്കും അതിനെ എതിര്‍ക്കാനാവില്ല എന്നും സുപ്രീം കോടതി വിധി ഭരണഘടനയുടെ 141(1) വകുപ്പ് പ്രകാരം രാജ്യത്തെ നിയമം ആണ് അത് സകലമാന പേര്‍ക്കും  ബാധകവും ആണ്. പള്ളി സ്വത്തുക്കള്‍ എന്ഡോവ്മെന്റ് ഉടമസ്ഥതയില്‍ ഉള്ളതാണ്. ഭരണ ദൂഷ്യം ഉണ്ടെങ്കിലെ സ്കീം ഉണ്ടാക്കേണ്ട കാര്യമുള്ളൂ. അപ്രകാരം ഒരു ആരോപണം ഈ കേസില്‍ ഇല്ല. മാത്രമല്ല 1934-ലെ ഭരണഘടനാ അംഗീകരിക്കിന്നിടത്തോളം പാത്രിയര്‍കീസിന്റെ ആത്മീക അധികാരം കാതോലിക്ക അംഗീകരിക്കുന്നുണ്ടെന്നും കോടതി കണ്ടെത്തി. 2003(1) KLT 780 പോലീസ് സംരക്ഷണ ഹര്‍ജിയുടെ വിധിയെ ബഹു. സുപ്രീം കോടതി 2007(3) KLT 349 SC വിധിയായി തിരുത്തിയതാണ് എന്നും ആയതിനാല്‍ അത് ഈ കോടതിയുടെ നടപടികളില്‍ പ്രസക്തമാകുന്നില്ല എന്നും കണ്ടെത്തി. അപ്രകാരം പ്രസക്തമാകും എന്നുള്ള യക്കൊബായക്കാരുടെ വാദത്തെ ഈ കോടതി നിരാകരിക്കുന്നതായും വിധിച്ചു. സുപ്രീം കോടതി വിധി പരഗ്രഫ് 141 പ്രകാരം ഉള്ള വിധി ന്യായത്തെ ഇപ്രകാരം ഖണ്ഡിച്ചു: ഇടവക പള്ളികളുടെ അഭാവത്താല്‍ ഡിക്ലറെഷന് കഴിയാത്തത് മലങ്കര പള്ളികളുടെ വസ്തുക്കള്‍ കാതൊലിക്കോസിനോ മലങ്കര മെത്രാപോലിത്തയ്ക്കോ, ഭദ്രാസന മെത്രാപോലിത്തയിലോ ഏല്പ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം പരിഗണിക്കപ്പെടുമ്പോള്‍ മാത്രമാണ്. അതായത് വസ്തുക്കളുടെ ഉടമസ്ഥാവകാശത്തില്‍ മാത്രമാണ്. അല്ലാതെ ഇടവക പള്ളികളുടെ സ്റ്റാറ്റസിന്റെ കാര്യത്തില്‍ അല്ല കോടതി ഡിക്ലറെഷന്‍ നല്കാന്‍ വിസമ്മതിച്ചത്. കൂടാതെ അതെ ഖണ്ഡികയുടെ അവസാന ഭാഗത്തില്‍ 1934-ലെ ഭരണഘടനയാണു ഇടവക പള്ളികളുടെ ഭരണം നിയന്ത്രിക്കുന്നത് എന്നും അപ്രകാരം ഉള്ള ടി ഭരണഘടനാ അനുവദിക്കുന്നിടത്തോളം ഭരണം സാധ്യവും ആണ് എന്നും കോടതി കണ്ടെത്തി. ആയതിനാല്‍ 1995-ലെ സുപ്രീം കോടതി വിധി തെറ്റായി വ്യഖ്യാനിച്ചു എന്ന വാദം ശരിയല്ല എന്നും കോടതി കണ്ടെത്തി വിധിച്ചു. ജസ്റ്റിസ്സ് സഹായിയുടെയും ജീവന്‍ റഡിയുടെയും വിധിന്യായങ്ങള്‍ തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ഇടവക പള്ളിയുടെ സ്റ്റാറ്റസ് പ്രഖ്യാപിക്കുന്ന കാര്യത്തിലാണു ജസ്റ്റിസ്സ് സഹായി പള്ളികളെ കക്ഷിചേര്‍ക്കാത്തത് ഗുരുതരമായ കുറ്റം അല്ല എന്ന് കണ്ടത്. ഇടവക പള്ളികളുടെ വസ്തുക്കള്‍ മലങ്കര മെത്രാപോലിത്തയ്ക്കോ മലങ്കര സഭയുടെ ഉടമസ്ഥതയിലോ എന്ന നിവൃത്തിയെ കുറിച്ച് പരാമര്‍ശിച്ചപ്പോളാണു ജസ്റ്റിസ്സ് ജീവന്‍ റെഡ്ഡി ഇടവക പള്ളികളെ കക്ഷി ചേര്ക്കാതെ അപ്രകാരം നിവൃത്തി കൊടുക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞത്. അപ്പോള്‍ രണ്ടു സാഹചര്യങ്ങളും തികച്ചും വ്യതസ്തമാണ്. അങ്ങനെ യക്കൊബായ സഭ ഉന്നയിച്ച എല്ലാ വാദത്തെയും ഖണ്ഡിച്ച് ബഹു ജില്ല കോടതി നല്കിയ വിധി ശരിവച്ചു 04.10.2013- ല്‍ ബഹു ഹൈ കോടതി വിധിച്ചു.

ഈ വിധി പ്രകാരം അന്നു തന്നെ പള്ളി തുറന്നു. 06.10.2013 -ല്‍ പരി കാതോലിക്ക ബാവ പള്ളിയില്‍ വി. കുര്‍ബാന  അര്‍പ്പിച്ചു. എന്നാല്‍ പിന്നീടു യാക്കോബായ സഭക്കാര്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കി പള്ളിക്ക് മുന്പില്‍ സത്യാഗ്രഹ പന്തല്‍ കെട്ടി സമരം തുടരുകയും പള്ളി പിന്നീടു തുറക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു.

പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാവുകയും യാക്കോബായക്കാര്‍ ഈ വിധിക്ക് എതിരെ 07.10.2013 തന്നെ ബഹു സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിക്കായി സമീപിക്കുകയും ചെയ്തു. എന്നാല്‍ ബഹു സുപ്രീം കോടതി ടി ഹര്ജിയില്‍ നമ്പര്‍ ഇട്ടതല്ലാതെ പരിഗണിച്ചില്ല പിന്നീടു കോടതി അവധി ആവുകയും ചെയ്തു. 17.10.2013 -ല്‍ ടി ഹൈ കോടതി വിധിക്ക് എതിരെ ഹൈകോടതയില്‍ തന്നെ ഒരു റിവ്യൂ ഹര്ജി സമര്‍പ്പിച്ചു. ഇതിനു വിധി വരുന്നതിനു മുന്‍പ് ബഹു. സുപ്രീം കോടതി നമ്പര്‍ ഇട്ട കേസ് വിളിക്കുകയും എത്രയും പെട്ടെന്ന് ടി റിവ്യൂ ഹര്ജി തീര്‍പ്പാക്കണം എന്ന് 28.03.2014 -ല്‍ 32238/2013 കേസില്‍ ഉത്തരവ് ആയി. അങ്ങനെ പ്രസ്തുത ഹൈ കോടതി ഉത്തരവ് ചോദ്യം ചെയ്തു സമര്പി്ച്ച റിവ്യൂ ഹര്ജി. ബഹു കേരള ഹൈ കോടതയിലെ RP 838/2013 നമ്പര്‍ ആയി കേസ് വിശദമായി വാദം കേട്ടു 11.04.2014 -ല്‍ തള്ളി ഉത്തരവായി.

ഈ കേസില്‍ പ്രധാനമായും യാക്കോബായ സഭ ഉന്നയിച്ച കാര്യങ്ങള്‍ ഇപ്രകാരം ആയിരുന്നു. 1980 -ലെ AS 331/1980 സമുദായ കേസിലെ വിധി ന്യായം ബഹു സുപ്രീം കോടതി AIR 1995 SC 2001 വിധി വഴി ഉറപ്പിച്ചു എങ്കിലും ഈ വിധിയിലെ ഇടവകപള്ളികളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൂടുതലായി പരാമര്ശിച്ചിരിക്കുന്നത് ജസ്റിസ് സഹായി ആണ്. ജസ്റിസ് സഹായിയുടെ ന്യുന പക്ഷ വിധിയാണെന്നും ആ വിധി ബഹു. സുപ്രീം കോടതി ഡിക്രി ആയി പരിഗണിച്ചില്ല എന്നുമായിരുന്നു പ്രധാന വാദം. മാത്രമല്ല നിലവിലെ വിധി ന്യായത്തിലെ പാരഗ്രാഫ് 84 മുതല്‍ 87 വരെയുള്ളത് ഇടവക പള്ളികളെ ബാധിക്കുന്നതാണ്. ആയതിനാല്‍ ഇതില്‍ തിരുത്തല്‍ വരുത്തിയില്ല എങ്കില്‍ ഞങ്ങള്ക്ക് ദൂര വ്യാപകമായ പ്രത്യഘാതം ഉണ്ടാകും എന്നും ബഹു ജില്ലാക്കോടതിയില്‍ നിലവിലിരിക്കുന്ന 100 -ഓളം പള്ളികളെയും ഹൈകോടതിയില്‍ ഇരിക്കുന്ന 50 -ഓളം പള്ളികളുടെ വിധി ന്യായത്തെ ബാധിക്കും എന്നും വാദിച്ചു. ഈ വാദഗതികളെ ഒക്കെ തള്ളികൊണ്ടു റിവ്യൂ വിധിച്ചു. ഇതിനു എതിരെയും ബഹു. സുപ്രിംകോടതിയെ സമീപിച്ചു. എല്ലാ കേസുകളും പരിഗണിച്ച ബഹു. സുപ്രിംകോടതി ഈ കേസില്‍ ഇനി പുനപരിശോധനകളോ തിരുത്തലുകളോ ആവശ്യം ഇല്ല എന്ന് കണ്ടെത്തി യാക്കോബായ സഭയുടെ എല്ലാ വാദഗതികളും തള്ളി ഇന്ന് ഉത്തരവായത്. ഇത് ഒരു ദൈവീക നടത്തിപ്പായി കണ്ടു കൊണ്ട് നന്മയുടെ വിജയമായി കണ്ടുകൊണ്ടു ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നു.

ഇന്ന് ജൂലൈ 3 മാര്‍ത്തോമ ശ്ലീഹയുടെ ഓര്‍മ്മ ദിനം, ആ പുണ്യ പിതാവിന്റെ പൌരോഹിത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക്  കിട്ടിയ ദൈവീക ശിക്ഷയാണ് ഇന്നത്തെ  വിധിയെന്ന് നിസംശയം പറയാം. നമ്മെ ക്രിസ്തുവില്‍ ജനിപ്പിച്ച പരി. മാര്‍ത്തോമ സ്ലീഹയുടെയും പരി. പരുമല തിരുമേനിയുടെയും, പരി. വട്ടശ്ശേരില്‍ തിരുമേനിയുടെയും മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചുകൊണ്ട്‌ നമുക്ക് ഉച്ചത്തില്‍ വിളിക്കാം.. മാര്‍ത്തോമയുടെ സിംഹാസനം നീണാള്‍ വാഴട്ടെ… പൌരസ്ത്യ കാതോലിക്ക നീണാള്‍ വാഴട്ടെ…