Outside KeralaOVS - Latest News

‘ബാറെക്മോർ’ സി.ഡി പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവ നിർവഹിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആരാധന സംഗീതം “എക്കാറ” (Ekkara) രീതിയിൽ സാധാരണ വിശ്വാസികൾക്കും ആരാധന ഗീതങ്ങളിൽ താത്പര്യമുള്ള എല്ലാവർക്കും പഠിക്കുവാനും പരിശീലിക്കുവാനും സഹായിക്ക‍ുക എന്ന ലക്ഷ്യത്തോടു കൂടി ‘ബാറെക്മോർ’ എന്ന സീ.ഡി. നാഗപൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രകാശനം ചെയ്തു.
ഓർത്തഡോക്സ് ആരാധനയിലെ സ്ളീബാ, ക്യംതാ നമസ്ക്കാര ഗാനങ്ങളുടെ എട്ട് നിറങ്ങളും സ്വയം പരിശീലിക്കാൻ സഹായിക്കുന്ന തരത്തിലാണ്‌ ‘ബാറെക്ക്മോർ’ ഒരുക്കിയിരിക്കുന്നത് . ഏകദേശം നൂറ്റിയെൺപതില്പ്പരം ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ഗാനോപഹാരം നാഗപ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ അദ്ധ്യാപകൻ റവ.ഫാ.ബ്ളസ്സൻ വർഗ്ഗീസ്സിന്റെ നേതൃത്വത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പ. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ ‘ബാറെക്ക്മോർ’ സീഡിയുടെ പ്രകാശാനം നിർവ്വഹിച്ചു. സെന്റ് തോമസ് സെമിനാരി പ്രസിഡന്റ് അഭി.ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി സന്നിഹിതനായിരുന്നു. വര‍ും തലമുറയ്ക്ക് ആരാധനയിൽ കൂടുതൽ സജീവമാകുവാനും ആരാധനയുടെ മർമ്മങ്ങൾ അനുഭവവേദ്യമാകുവാനും ഈ ഉദ്യമം സഹായിക്കുമെന്ന് പരിശുദ്ധ ബാവാ തിരുമേനി പ്രകാശന വേളയിൽ പറഞ്ഞു. പുത്തൻ തലമുറയ്ക്കും സഭയ്ക്കും അമൂല്യമായ മുതല്ക്കൂട്ടാണ്‌ ഈ സീ.ഡി. എന്ന് തദവസരത്തിൽ നാഗപ്പൂർ സെന്റ് തോമസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ റവ.ഫാ.ഡോ. ബിജേഷ് ഫിലിപ്പ് പറഞ്ഞു.
സ്വയം പരിശീലനം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന സീഡി മലങ്കര ഓർത്തഡോക്സ് സഭയിൽ തന്നെ ഇതാദ്യത്തെ സംരംഭമാണ്‌. ‘ബാറെക്കമോർ’ പൂർണ്ണമയായും യു.എ.ഇ-ൽ (ദുബായിലാണ്‌) ആണ്‌ നിർമ്മിച്ചത്. ശ്രീ. ജേക്കബ് മാത്യൂ (ജോജോ, മലേഷ്യ), ശ്രീ. സാം തോമസ്, ഷാർജ്ജ എന്നിർ ഈ ഉദ്യമത്തിനായി സഹകരിച്ചു. സീഡി വിതരണത്തിന്റെ ആദ്യ ഘട്ടം യു.എ.ഇ-യിൽ തുട്ക്കം കുറിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വരുന്ന ആഴ്ചയിൽ തന്നെ യു.എ.ഇ-യിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിലും സീ.ഡി ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും കോപ്പികൾക്കും stotspro@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുക. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും അധികം വൈകാതെ തന്നെ ‘ബാറെക്ക്മോർ’ വിതരണത്തിന്‌ ഒരുങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.