OVS - Latest NewsTrue Faith

പൗരോഹിത്യം – പുതിയനിയമവെളിച്ചത്തില്‍ : ഫാ. ഡോ. റ്റി.ജെ. ജോഷ്വ

പൗരോഹിത്യത്തെപ്പറ്റിയുള്ള അവലോകനവും പഠനവും ഇന്ന് ആവശ്യമുള്ള വിഷയമാണ്. പൗരോഹിത്യസ്ഥാനികളെ കര്‍ത്തവ്യോന്മുഖരാക്കാന്‍ അതു പ്രേരണ നല്‍കും. മാത്രമല്ല പൗരോഹിത്യസ്ഥാനത്തെ ചോദ്യം ചെയ്തുകൊണ്ടും വേദപുസ്തക തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടുംസെക്‌ടേറിയന്‍ വിഭാഗങ്ങള്‍ അനവധിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. നവീകരണ കര്‍ത്താവായ മാര്‍ട്ടിന്‍ ലൂഥര്‍ മുന്നോട്ടുവച്ച വിശ്വാസികളുടെ പൌരോഹിത്യം. (Priesthood of all believers) എന്ന വിഷയം ദുര്‍വ്യാഖ്യാനം ചെയ്ത് വേര്‍തിരിക്കപ്പെട്ട പൗരോഹിത്യത്തെ നിഷേധിക്കുവാന്‍ ഒരുമ്പടുന്നതായിട്ടാണ് കാണുന്നത്.

പൗരോഹിത്യത്തെ ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്യുന്നവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ എന്തെന്നു നോക്കാം.

(1) പുതിയനിയമത്തില്‍ ക്രിസ്തീയ സഭയില്‍പ്പെട്ട ഒരാള്‍ക്കും പുരോഹിതന്‍ എന്ന സ്ഥാനം നല്‍കിയിട്ടുള്ളതായി കാണുന്നില്ല. നേതൃത്വം വഹിക്കുന്നവരെ വിശേഷിപ്പിച്ചിട്ടുള്ളത്, മൂപ്പന്‍, അദ്ധ്യക്ഷന്‍, ശുശ്രൂഷകന്‍ തുടങ്ങിയ പദങ്ങള്‍ കൊണ്ടാണ്. അപ്പോസ്‌തോലികകാലത്തും അപ്പോസ്‌തോലികസഭയിലും ഇല്ലാത്ത ഒന്ന് പില്‍ക്കാലത്ത് വിജാതീയ സമൂഹത്തില്‍ നിന്നും കടന്നുവന്നിട്ടുള്ളതാണ്. അനിവാര്യമായ ഒന്നായിരുന്നെങ്കില്‍ യേശുക്രിസ്തു അതു വെളിപ്പെടുത്തുമായിരുന്നു. അപ്പോസ്‌തോലന്മാരെ നിയോഗിക്കുന്നുവെങ്കിലും അവര്‍ക്കു പുരോഹിതന്മാര്‍ എന്ന സ്ഥാനം നല്‍കിയില്ല.

(2) പുതിയനിയമത്തില്‍, ക്രിസ്തീയ സഭ അംഗീകരിക്കുന്നതായി ഒരു പുരോഹിതന്‍ മാത്രമേയുള്ളു – മല്‍ക്കിസദേക്കിന്റെ ക്രമപ്രകാരം ഏന്നേക്കും മഹാപുരോഹിതനായിരിക്കുന്ന യേശുക്രിസ്തു. (എബ്രാ. 5:5 മു; 9:11 മു) എബ്രായ ലേഖനത്തിന്റെ മുഖ്യ പ്രമേയം തന്നെ യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യവും, അവിടത്തെ പരമയാഗവുമാണ്. പഴയനിയമ പൗരോഹിത്യത്തിന് യേശുക്രിസ്തുവില്‍ സമ്പൂര്‍ത്തി സംഭവിച്ചു. പിന്നീടത്തരത്തില്‍ പൗരോഹിത്യക്രമം തുടരുന്നില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം സഭാ മക്കളായ വിശ്വാസികള്‍ എല്ലാവര്‍ക്കുമായിട്ടു നല്‍കുക ആയിരുന്നു.

വിശ്വാസികള്‍ എല്ലാവരും പുരോഹിതസ്ഥാനികള്‍ ആണ്. നിങ്ങ ളോ….. രാജകീയ പുരോഹിതവ ര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. (1 പത്രോ. 2:9) വെളിപ്പാടു പുസ്തകത്തില്‍: ”ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീര്‍ത്തു.” (വെളി. 1:6;
5:10; 20:6)

ഈ വാദങ്ങള്‍ക്കുള്ള മറുപടി നല്‍കുമ്പോള്‍ത്തന്നെ നമ്മുടെ വിഷയം പ്രതിപാദിച്ചു കഴിയും

(1) പുതിയനിയമകാലത്ത് പുരോഹിതന്‍ എന്നുള്ള പദം ഉപയോഗിച്ചാല്‍ മനസ്സില്‍ ഓടിയെത്തുന്നത് യഹൂദ പുരോഹിതന്മാരെപ്പറ്റിയും, അവരുടെ ബലിയനുഷ്ഠാനങ്ങളെപ്പറ്റിയും ആയിരിക്കും. അവയുടെ ആവര്‍ത്തനമെന്ന ആശയമായിരിക്കും മനസ്സില്‍ എത്തുക. അതു ചിന്താക്കുഴപ്പം വരുത്തുന്നതാണ്. അതൊഴിവാക്കേണ്ടതാവശ്യമായിരുന്നു. ക്രിസ്തീയസഭയിലെ ആരാധനയും പഴയനിയമ അനുഷ്ഠാനങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു. ആ വ്യതിരിക്തത സംരക്ഷിക്കേണ്ടതാവശ്യമായിരുന്നു.

(2) പഴയനിയമ പൗരോഹിത്യത്തിന്റെ പൂര്‍ത്തീകരണമാണ് യേശുക്രിസ്തുവില്‍ സംഭവിച്ചത്. എന്നാല്‍ ലേവ്യ പൗരോഹിത്യത്തിന്റെ തുടര്‍ ച്ചയല്ല, മല്‍ക്കിസദേക്കിന്റെ പൗരോഹിത്യമാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിനു മാതൃക. ക്രിസ്തുവിന്റെ പൗരോഹിത്യം സഭയ്ക്കു മുഴുവനായി ലഭിച്ചു എന്നത് അനിഷേധ്യമായ സത്യമാണ്. ക്രിസ്തുവിന്റെ പൗരോഹിത്യമാണ് ക്രിസ് തീയ പൗരോഹിത്യത്തിനും അടിസ്ഥാനം.

പഴയനിയമ സമൂഹത്തെ (യിസ്രായേല്‍) മുഴുവനായി രാജകീയ പുരോഹിത വര്‍ഗ്ഗമെന്ന് വിശേഷിപ്പിച്ചിരുന്നു (പുറ.19:6.). ആ സമൂഹത്തില്‍നിന്ന് പ്രത്യേക പൗരോഹിത്യ ശുശ്രൂഷയ്ക്കായി അഹരോനെയും കുടുംബത്തെയും വേര്‍തിരിക്കാന്‍ യഹോവ കല്‍പിക്കുന്നു. അവരെ അഭിഷേകം ചെയ്ത് ദൗത്യനിര്‍വഹണത്തിന് അവരോധിക്കുകയും ചെയ്യുന്നു. നിഴലായിരുന്ന യിസ്രയേല്യ സഭയയിലെ അനുഭവം പൊരുളാ കുന്ന ക്രിസ്തീയ സ ഭയില്‍ പൂര്‍ണ്ണതയില്‍ കാണാം. ക്രിസ്തീയ സഭ മുഴുവന്‍ രാജകീയ പുരോഹിത വര്‍ഗ്ഗമാണ്. പൗരോഹിത്യധര്‍മ്മം നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട സമൂഹമാണ്. ആ ധര്‍മ്മം എന്താണ്? ദൈവസന്നിധിയില്‍ നിലകൊണ്ട് ആരാധന അര്‍പ്പിക്കുകയും ലോകം മുഴുവെന്റയും ആവശ്യങ്ങള്‍ ദൈവസമക്ഷം സമര്‍പ്പിക്കുകയുമാണ്. മാത്രമല്ല ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ സ്വീകരിച്ച് ലോകത്തിനു പകര്‍ന്നുകൊടുക്കുകയുമാണ്. എന്നാല്‍ ഈ പൗരോഹിത്യ ദൗത്യം നിര്‍വഹിക്കുന്നതിന് സഭയെ മുഴുവന്‍ സജ്ജമാക്കേണ്ടതിനു ദൈവം പ്രത്യേക പൗരോഹിത്യ ഗണത്തെ വേര്‍തിരിച്ച് അവരോധിക്കുന്നു. അഹരോനെയും മക്കളെയും അവരുടെ പിന്‍ഗാമികളായ പുരോഹിതന്മാരെയും അവരോധച്ചതുപോലെ.

ക്രിസ്തീയ സഭയിലും അഭിഷേകവും കൈവയ്പും തുടരുന്നു. യേശുക്രിസ്തുവാണ് തുടക്കം കുറിച്ചത്. മാളികമുറിയില്‍ കൂടിയിരുന്ന ശിഷ്യസമൂഹത്തിനു നടുവില്‍ പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാരുടെമേല്‍ ഊതി പരിശുദ്ധാത്മാവിനെ അവര്‍ക്കുനല്‍കുകയും കൈവച്ച് അവര്‍ക്ക് അധികാരവും പദവിയും നല്‍കുകയുമായിരുന്നു (യോഹ.20:22-മു)

പൗരോഹിത്യ നല്‍വരം കൈവയ്പില്‍ കൂടി തുടരുന്നു. പൗലോസ് താന്‍ സ്ഥാപിച്ച സഭയിലെ ശുശ്രൂഷയ്ക്കായി കൈവയ്പില്‍ കൂടി സ്ഥാനികളെ നിയോഗിക്കുന്നു. എന്നാല്‍ അവരെ പുരോഹിതന്മാര്‍ എന്നല്ല മൂപ്പന്മാര്‍ എന്നാണ് വിളിച്ചിരിക്കുന്നത്. പുരോഹിതന്മാര്‍ എന്നു വിളിക്കാത്തതിന്റെ കാരണം മുകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുരോഹിതന്മാരെ അവരോധിക്കുന്ന കൈവയ്പ് അവര്‍ക്ക് നല്‍കിയെന്നു കാണാം. തന്നെയല്ല, പുരോഹിതന്മാര്‍ നിര്‍വഹിക്കുന്ന അജപാലനശുശ്രൂഷ അവര്‍ നിര്‍വഹിക്കാന്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

എ.ഡി. 70 നു ശേഷം യഹൂദ സഭയില്‍ നിന്നു ക്രിസ്തീയ സഭ പൂര്‍ണമായി വേര്‍പെട്ടുനിന്നു. ക്രിസ്തീയ സഭയാണ് യഥാര്‍ത്ഥ യിസ്രായേല്‍ എന്നു വിശേഷിപ്പിച്ചു. പൗലോസ് വിശേഷിപ്പിക്കുന്നത് പുതിയ യിസ്രായേല്‍ എന്നാണ്. അതുപോലെ തന്നെ വിശുദ്ധ കുര്‍ബാന കര്‍ത്താവ് സ്ഥാപിക്കുകയും, അപ്പോസ്‌തോലന്മാര്‍ അന്യൂനം അത് ആചരിക്കുകയും ചെയ്തുപോന്നു. എന്നാല്‍ അത് ഒരു ബലിയാകുന്നു എന്ന ചിന്തയും വിശ്വാസവും പിന്നീടാണ് രൂപംകൊള്ളുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രചിക്കപ്പെട്ട ”ഡിഡാക്കെ” എന്ന പ്രസിദ്ധ കൃതിയില്‍ നാം ഇപ്രകാരം കാണുന്നു: Assemble on the Lord’s Day, breaking bread and celebrating the Eucharist; but first confess your sins that your Sacrifice (GK = Thusia) may be a pure one………… For it was of this the Lord spoke, “everywhere and always offer me a pure sacrifice.” കര്‍ത്തൃദിവസത്തില്‍ (ഞായറാഴ്ച) ഒരുമിച്ചു സമ്മേളിക്കുക; അപ്പം നുറുക്കലില്‍ കൂടി യൂക്കറിസ്റ്റ് (കുര്‍ബാന) അര്‍പ്പിക്കുവാനായി. എന്നാല്‍ നിങ്ങളുടെ ബലി വിശുദ്ധമായിരിക്കേണ്ടതാണ്. ആദ്യമേ നിങ്ങളുടെപാപങ്ങള്‍ ഏറ്റുപറയുക……… എന്തെന്നാല്‍ ഈ ബലിയെപ്പറ്റി കര്‍ത്താവ് കല്‍പിച്ചിരിക്കുന്നു: ”എല്ലായിടത്തും എപ്പോഴും എനിക്കു വിശുദ്ധ ബലി അര്‍പ്പിക്കുക.” അവസാനം കാണുന്ന പരാമര്‍ശം മലാഖി പ്രവചനത്തില്‍ നിന്നാണ്. മലാ. 1:10-14 വാക്യങ്ങള്‍ വി: കുര്‍ബാനയെ പരാമര്‍ശിക്കുന്ന ഒരു പ്രവചനമായിട്ടാണ് പിതാക്കന്മാര്‍ കാണുന്നത്..’ഡിഡാക്കെ’ എന്ന കൃതിയില്‍ത്തന്നെ.’പുരോഹിതന്‍’. എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതായി കാണാം.

The New Testament antecedents of Priestly ministry: സഭയിലെ പൗരോഹിത്യ ശുശ്രൂഷയ്ക്കും പൗരോഹിത്യ സ്ഥാനത്തിനും രൂപം കൊടുക്കുവാന്‍ തക്കവണ്ണം പുതിയനിയമത്തിലുണ്ടിയാരുന്ന സ്ഥാനികളെപ്പറ്റിയാണ് തുടര്‍ന്നു ചിന്തിക്കുന്നത്‌

(1) ശിഷ്യന്മാര്‍: സുവിശേഷങ്ങളില്‍ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെപ്പറ്റി നല്‍കിയിട്ടുള്ള ചിത്രം പില്‍ക്കാലത്ത് പുരോഹിതന്മാരെപ്പറ്റിയുള്ള സങ്കല്‍പ്പിതിനു പ്രേരകമായിരുന്നു. എല്ലാ ക്രിസ്തീയ വിശ്വാസികളും ഒരര്‍ത്ഥത്തില്‍ കര്‍ത്താവിന്റെ ശിഷ്യന്മാരാണ്. എന്നാല്‍ കര്‍ത്താവ് ശിഷ്യസമൂഹത്തില്‍നിന്ന് 12 പേരെ വേര്‍തിരിച്ചതുപോലെ വിശ്വാസികളില്‍ നിന്നു വേര്‍തിരിക്കപ്പെട്ടവരാണ് പുരോഹിതന്മാര്‍.

ശിഷ്യന്മാരെപ്പറ്റി പറയുമ്പോള്‍ യഹൂദ പശ്ചാത്തലം ഓര്‍മ്മവരും. റാബിയും ശിഷ്യന്മാരും എന്നുള്ള ബന്ധം അവിടെ സുപരിചിതമാണ്. റാബിയോടുകൂടെ ഇരിക്കുവാനും ചരിക്കുവാനും അദ്ദേഹം ചെയ്യുന്ന സകലതും സൂക്ഷ്മമായി നിരീക്ഷിപ്പാനും കൂട്ടായ ജീവിതം നയിക്കുവാനും ശിഷ്യന്മാര്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ മുമ്പാകെ റാബിയെ ശരിയായി പ്രതിനിധീകരിക്കുവാന്‍ ശിഷ്യന്മാര്‍ക്കു കഴിയണം. അവര്‍തമ്മിലുള്ള അടുപ്പം വളരെ വലുതാ
ണ്. യേശുക്രിസ്തു പറഞ്ഞു: ”നിങ്ങളെ ഞാന്‍ ദാസന്മാരെന്നു വിളിക്കുന്നില്ല; നിങ്ങള്‍ എന്റെ സ്‌നേഹിതന്മാര്‍ തന്നെ.” (യോഹ 15:14, 15.)

ക്രിസ്തീയ പൗരോഹിത്യത്തില്‍ ഈ ഒരു ബന്ധവും ധാരണയും പങ്കുവഹിച്ചിട്ടുണ്ട്. പഴയ നിയമ പൗരോഹിത്യം ജന്മദത്തമാണ്. ക്രിസ്തീയ പൗരോഹിത്യം വിളിക്കപ്പെടുന്നവര്‍ക്കാണ്. അവിടുത്തെ
വിളിക്കു പൂര്‍ണ്ണമായി ഉത്തരം നല്‍കുന്നവരായിരിക്കണം. ശിഷ്യത്വത്തെ ഒന്നും തടസ്സപ്പെടുത്താന്‍ പാടില്ല എന്നു പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

ശിഷ്യന്‍ എന്നുള്ള ആശയം ക്രിസ്തുവിനോടുള്ള ബന്ധം മനസ്സിലാക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

(2) അപ്പോസ്‌തോലന്‍ (ശ്ലീഹാ): അപ്പോസ്‌തോലന്‍ എന്ന ആശയം മറ്റുള്ളവരോടുള്ള പുരോഹിതന്റെ ഉത്തരവാദിത്തങ്ങളെ രൂപപ്പെടുത്തുന്നതാണ്. അവര്‍ അയയ്ക്കപ്പെട്ടവരായിരുന്നു. അപ്പോസ്‌തോലത്വത്തിന്റെ അടിസ്ഥാനതത്വം സേവനം (ശുശ്രൂഷ) ആണ്. അതില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു: ഉപദേശം, പ്രബോധനം, കൗണ്‍സലിംഗ്, സഹായം, സന്ദര്‍ശനം, സാമൂഹ്യവും സാമ്പത്തികവുമായ സഹായം എല്ലാം അതില്‍പ്പെടുന്നു.

ആരാധനയും ശുശ്രൂഷയുടെ ഭാഗമാണ്. 2 കൊരി. 9:11,12. പ്രാര്‍ത്ഥനയും യാചനയും മധ്യസ്ഥതയും ശുശ്രൂഷയുടെ ഭാഗം തന്നെ.

(3) എപ്പിസ്‌കോപ്പാ – കശീശ: അപ്പോസ്‌തോലന്‍മാര്‍ സഞ്ചരിക്കുന്നവരും പൊതുസഭയുടെ ചുമതലക്കാരുമായിരുന്നു. എന്നാല്‍ പ്രാദേശികതലത്തില്‍ ചുമതലകള്‍ വഹിച്ച കശീശമാര്‍ (എപ്പിസ്‌കോപ്പമാര്‍) ക്രിസ്തീയ പുരോഹിതന്റെ രൂപത്തിനും ഭാവത്തിനും മിഴിവു നല്‍കുന്ന സ്ഥാനികള്‍ ആയി പുതിയ നിയമത്തില്‍ കാണുന്നു. ഓരോ സഭയിലും കശീശന്മാര്‍ (മൂപ്പന്‍മാര്‍ എന്നു സത്യവേദ പുസ്തക പരിഭാഷ) അവരോധിക്കപ്പെട്ടു. അ.പ്ര.14:23 ”സഭ തോറും കശീശന്മാരെ നിയമിക്കയും ചെയ്തു.” കശീശ എന്നുള്ള സ്ഥാനവും എപ്പിസ്‌കോപ്പ എന്നതും പുതിയ നിയമകാലത്ത് വ്യതിരക്തമല്ലായിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ അവ രണ്ടും വ്യത്യസ്ത സ്ഥാനികള്‍ ആയിത്തീര്‍ന്നു.

പൗലോസിന്റെ ഇടയലേഖനങ്ങളില്‍ (1 & 2 തീമോ; തീത്തോ.) ഇവരുടെ ചുമതലകളും യോഗ്യതകളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവര്‍ പില്‍ക്കാലത്ത് സഭയിലെ വ്യവസ്ഥാപിത സ്ഥാനികളും പൗരോഹിത്യക്രമത്തില്‍പ്പെട്ടവരുമായി. അവരുടെ ചുമതലകള്‍: സത്യോപദേശം പഠിപ്പിക്കുക; ദുരുപദേശം ചെറുത്തുതോല്‍പ്പിക്കുക; ആരാധന നയിക്കുക; ഭരണപരമായ ചുമതലകള്‍ നിര്‍വ്വഹിക്കുക; ശാസിക്കുകയും തിരുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക; സംഘടനാപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക; പിന്‍ഗാമികളായി പ്രവര്‍ത്തകരെ നിയോഗിക്കുക ഇവയൊക്കെ ആയിരുന്നു. അതെല്ലാം എങ്ങനെ നിര്‍വ്വഹിക്കണമെന്നു പത്രോസും പൗലോസും ചൂണ്ടിക്കാണിക്കുന്നു: (അ.പ്ര. 20:28-മു; 1 പത്രോ. 5:2-4.)

ഉപസംഹാരം
പുതിയനിയമത്തില്‍ പൗരോഹിത്യ ശുശ്രൂഷയെപ്പറ്റിയും പൗരോഹിത്യക്രമത്തെപ്പറ്റിയും ദൗത്യത്തെപ്പറ്റിയും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. പുരോഹിതന്‍ എന്ന പദം അവിടെയില്ല എന്നതു ശരിതന്നെ. അതിന്റെ കാരണം നാം കണ്ടു. എന്നാല്‍ പുരോഹിത സ്ഥാനികള്‍ ആരെന്നും അവര്‍ തങ്ങളുടെ ദൗത്യം എങ്ങനെ നിര്‍വ്വഹിക്കണമെന്നും വിശദമായ രൂപരേഖ ലഭിക്കുന്നു.