OVS - Latest NewsOVS-Kerala News

മെത്രാഭിഷേകത്തിൻറെ 33-ാം വർഷത്തിലേക്കു പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ  ബാവ തിരുമാനസിന്റെ മഹാ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ 32ാം   വാർഷികമാണ് മെയ് 15.  പരിശുദ്ധ പിതാവിന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.
1946 ഓഗസ്റ്റ് മാസം 30 നു കൊള്ളന്നൂർ കെ.ഐ.ഐപ്പിന്റെയും കുഞ്ഞേറ്റിയുടെയും  മകനായി മങ്ങാട് എന്ന ഗ്രാമത്തിൽ കെ.ഐ.പോൾ ജനിച്ചു. പുലിക്കോട്ടിൽ കുടുംബാംഗം ആയിരുന്നു  മാതാവ്. പഴഞ്ഞി സെൻറ് മേരീസ് പള്ളിയിൽ വി.മാമ്മോദീസ ഏറ്റു. മങ്ങാട് പള്ളി വക സ്കൂളിൽ 7ാം  ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും, പഴഞ്ഞി ഗവണ്മെന്റ് ഹൈസ്കൂളിൽ (പുലിക്കോട്ടിൽ   ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ സ്ഥാപിച്ചത്) ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് സെൻറ്.തോമസ് കോളേജിൽ പ്രീ യൂണിവേഴ്സിറ്റി, BSc ഫിസിക്സ് വിദ്യാഭ്യാസവും നേടി. പിന്നീട് ഡോ.പൗലോസ് മാർ ഗ്രീഗോറിയോസ്, ഫാ.ടി.ജെ.അബ്രഹാം മല്പാൻ, ഫാ.എന്‍.ജെ.കോരുത് മല്പാൻ എന്നിവരുടെ ശിക്ഷണത്തിൽ 1969 കോട്ടയം വൈദീക സെമിനാരിയിൽ വൈദീക പഠനം ആരംഭിച്ചു. അതോടൊപ്പം കോട്ടയം CMS കോളേജിൽ നിന്നും MA Sociology യും കരസ്ഥമാക്കി.
1972 ൽ പരുമല സെമിനാരിയിൽ വച്ച് ഒന്നാം ശെമ്മാശ്ശ പട്ടവും, കൊരട്ടി സീയോൻ സെമിനാരിയിൽ വച്ച്  പൂർണശെമ്മാശ്ശ പട്ടവും ഏറ്റു. 1973 ജൂൺ 21 ന് പോൾ ശെമ്മാശന്‍ ഫാ.പോൾ ആയി പട്ടമേറ്റു. മങ്ങാട് സെൻറ് ഗ്രീഗോറിയോസ് പള്ളിയിൽ തന്റെ ആദ്യ വി.കുർബാന അർപ്പിച്ചു. 1982 ഡിസംബര്‍ 28 ന് തിരുവല്ല എം.ജി.എം. സ്കൂളില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അദ്ദേഹത്തെമേല്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1983 മെയ് 14ന് മാത്യൂസ് മാർ കൂറിലോസ് മെത്രാപോലിത്ത  റമ്പാൻ പട്ടം നൽകി.
1985 മെയ് മാസം 15 ന് പോൾ റമ്പാൻ പൗലോസ് മാർ മിലിത്തിയോസ് എന്ന നാമത്തിൽ പുതിയകാവ് സെൻറ്.മേരീസ് പള്ളിയിൽ വച്ച് പരിശുദ്ധ മാത്യൂസ്  പ്രഥമൻ ബാവയിൽ നിന്നും മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.  പരിശുദ്ധനായ പരുമല തിരുമേനിക്കും, പുത്തൻകാവിൽ ഗീവര്ഗീസ് മാർ പീലക്സിനോസ്  തിരുമേനിക്കും ശേഷം 40  വയസിനു മുൻപ് മെത്രാപ്പോലീത്തയാകുവാനുള്ള ഭാഗ്യം പരിശുദ്ധ പിതാവിന് ലഭിച്ചു. കൂടാതെ മാത്യൂസ് മാർ എപ്പിപ്പാനിയോസ്, ഫിലിപ്പോസ് മാർ യൂസേബിയോസ്, ഗീവര്ഗീസ് മാർ ഇവാനിയോസ്, തോമസ് മാർ അത്താനാസിയോസ് എന്നിവരും അന്നേദിവസം തന്നെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1985 ഏപ്രിൽ 14 ന് സ്ഥാപിതമായ കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായി 1985 ഓഗസ്റ്റ് 1 ന് പൗലോസ് മാർ മിലിത്തിയോസ് നിയോഗിക്കപ്പെട്ടു. ആർത്താറ്റ്‌ പള്ളിയുടെ പള്ളിമേടയിൽ താമസിച്ചു ഭദ്രാസന ഭരണം നിർവഹിച്ചു പോന്നു.
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും സഭ മാനേജിങ് കമ്മിറ്റിയും മാർ മിലിത്തിയോസിനെ 2006 സെപ്റ്റംബർ മാസം 27 ന് പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി അവരോധിച്ചു. തുടർന്ന് 2010 നവംബർ മാസം 1 ന് കിഴക്കിന്റെ എട്ടാമത്തെ കാതോലിക്കയായും, 91 മത് മലങ്കര മെത്രാപ്പോലീത്തായായും പരുമല സെമിനാരിയിൽ വച്ച് മോറാൻ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ എന്ന നാമത്തിൽ ഉയർത്തപ്പെട്ടു.