കോതമംഗലം ചെറിയ പളളിയിൽ പരിശുദ്ധൻ്റെ കബർ പൊളിച്ചു, സംഘർഷം; നിരവധി പേർക്ക് പരുക്ക്.

എറണാകുളം: കോതമംഗലം ചെറിയ പളളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം യാക്കോബായ വിഭാഗം പൊളിച്ചു, തിരുശേഷിപ്പ് ചക്കാലക്കുടി ചാപ്പലിലേക്കു കടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. പളളിയിൽ എത്തിയ  ഇടവക വികാരി ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ്റെ കാർ തല്ലിത്തകർത്തു. കോതമംഗലം എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സ് മാത്യു, ട്രസ്റ്റി ഫാ. എൽദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, എം.എം. ഏബ്രഹാം എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ എസ്ഐ ദിലീഷിനെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോതമംഗലം ഇടവകയുടെ അംഗീകൃത വികാരിയായ അഡ്വ. തോമസ് പോൾ റമ്പാൻ അധികാരികളെ വിവരം അറിയിച്ചു എങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നു വൈകിട്ട് 7 മണിയോടെ റമ്പാനും അങ്കമാലി ഭദ്രാസനത്തിലെ മറ്റു വൈദികരും പള്ളിയിൽ എത്തുകയായിരുന്നു. അവർ വന്ന കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി. കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് അവിടെ കൂടിയവർ ആവശ്യപ്പെട്ടു. മതിയായ പൊലീസ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ മടങ്ങിപ്പോകാൻ എസ്ഐ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും വികാരി കൂട്ടാക്കിയില്ല. തുടർന്നാണ് റമ്പാൻ്റെ കാർ തള്ളി നീക്കുകയും കമ്പും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഫാ. ജയ്സ് മാത്യുവിന്റെ കണ്ണിനു പരുക്കേറ്റു. 15 മിനിറ്റ് നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാർ പള്ളിവളപ്പിൽ നിന്നു മാറ്റിയത്.

ഏകപക്ഷീയമായ രീതിയിൽ തിരുശേഷിപ്പുകൾ നീക്കം ചെയ്യാനുള്ള ശ്രമമാണു യാക്കോബായ സഭ നടത്തിയതെന്നും ഇതിനെതിരെ ആർഡിഒ അടക്കമുള്ളവർക്കു പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും റമ്പാൻ ആരോപിച്ചു.

1947 -ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് നിശ്ചയപ്രകാരം കോതമംഗലത്തു കബറടങ്ങിയിരിക്കുന്ന യെൽദൊ മാർ ബസേലിയോസ് ബാവയെ മലങ്കര സഭാ തലവൻ പരിശുദ്ധ ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് പരിശുദ്ധനായി പ്രഖ്യാപിച്ചത്. 

കോതമംഗലം ചെറിയ പള്ളി ഉത്തരവ്-സത്യത്തെ കാപട്യംകൊണ്ട് മൂടരുത്.

Facebook
error: Thank you for visiting : www.ovsonline.in