OVS - Latest NewsSAINTSTrue Faith

പഴയ വീടുകളുടേയും ചുമരിനെ അലങ്കരിക്കുന്ന എണ്‍പത് വര്‍ഷം പഴക്കമേറിയ ചിത്രം

ഡോ.എം.കുര്യന്‍ തോമസ്‌   

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും സ്വന്തമായ ഓരോ സൈന്യവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഒരിക്കലും രാഷ്ട്രീയ-ഭരണരംഗത്ത് പ്രവേശിക്കാത്ത നസ്രാണികള്‍ തങ്ങളുടെ വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിനായാണ് ആയോധനകലയില്‍ പ്രാവീണ്യം നേടിയത്. നസ്രാണികളെക്കൂടാതെ ചില പ്രത്യേക ജാതികളില്‍പ്പെട്ടവരടങ്ങിയ ഒരു സ്ഥിരം സൈന്യവും അവര്‍ക്കുണ്ടായിരുന്നു.

നസ്രാണിപ്പടയുടെ ഉദ്ഭവം എന്നാണെന്നു വ്യക്തമല്ല. 9-ാം ശതകത്തിലെ തരിസാപ്പള്ളി ചെപ്പേടില്‍ തരിസാപ്പള്ളിയുടെയും അങ്ങാടിയുടെയും സംരക്ഷണം അറുനൂറ്റവര്‍ എന്ന സായുധസംഘത്തെയാണ് ഏല്‍പ്പിക്കുന്നത് എന്നതില്‍നിന്നും 9-ാം ശതകത്തിനുശേഷമാണ് നസ്രാണികള്‍ ആയുധ പരിശീലനത്തിലേക്കു തിരിഞ്ഞതെന്നു വ്യക്തമാകുന്നു. വ്യാപാര ശൃംഖലയുടെ വിപുലീകരണവും മധ്യകാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്ന അരക്ഷിതാവസ്ഥയുമാകാം നസ്രാണികളെ സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഒരു സൈന്യം രൂപീകരിക്കുന്നതിനു പ്രേരിപ്പിച്ചത്.

നായര്‍ പടയാളികളെപ്പോലെ ചിട്ടയായ ആയോധന പരിശീലനം നസ്രാണികള്‍ക്കുണ്ടായിരുന്നു. പരമ്പരാഗത കളരികളില്‍ പണിക്കര്‍മാരുടെ കീഴില്‍ 8 വയസ്സു മുതല്‍ 25 വയസ്സുവരെ കഠിനമായ പരിശീലനമാണ് അവര്‍ നടത്തിയിരുന്നത്. നായന്മാരും നസ്രാണികളും ഈ പരിശീലനത്തില്‍ പരസ്പരം സഹകരിച്ചിരുന്നു. നായര്‍ പണിക്കര്‍മാരുടെ കീഴില്‍ നസ്രാണികളും നസ്രാണി പണിക്കര്‍മാരുടെ കീഴില്‍ നായന്മാരും പരിശീലനം നേടുന്നത് സാധാരണമായിരുന്നു. ഉദയംപേരൂര്‍ സുന്നഹദോസിന്റെ കനോനകള്‍ ഈ വസ്തുത ശരിവയ്ക്കുന്നുണ്ട്. ഇന്നും സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹാവസരത്തില്‍ മതഭേദം കൂടാതെ ആശാനെ നമസ്കരിച്ച് ദക്ഷിണ നല്കുന്നത് ഈ പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ്.

ഇവര്‍ നായര്‍ പടയാളികളെപ്പോലെ നെറ്റിയില്‍ കുറിധരിക്കുകയോ ദേഹത്ത് ഭസ്മം പൂശുകയോ ചെയ്തിരുന്നില്ല. എന്നാല്‍ തലയിലെ കുടുമയ്ക്കുള്ളില്‍ ഒരു കുരിശു ധരിക്കുകയും നെറ്റിയില്‍ ഒരു കുരിശു വരച്ചുവയ്ക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാളും പരിചയും, വേല്‍ അഥവാ കുന്തം, തോക്ക് ഇവയില്‍ ഏതെങ്കിലും ഒരു ആയുധം കൂടാതെ നസ്രാണികള്‍ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങില്ലായിരുന്നു. എങ്കിലും പള്ളിക്കുള്ളില്‍ ആയുധങ്ങള്‍ പ്രവേശിപ്പിച്ചിരുന്നില്ല.

വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിലുപരി മറ്റുചില ഉത്തരവാദിത്വങ്ങളും നസ്രാണിപ്പടയ്ക്കുണ്ടായിരുന്നു. തങ്ങള്‍ താമസിക്കുന്ന നാട്ടുരാജ്യത്തിനു വിദേശഭീഷണി ഉണ്ടാകുമ്പോള്‍ അതത് രാജാക്കന്മാരെ അവര്‍ സഹായിച്ചു. പലരും നാട്ടുരാജ്യങ്ങളിലെ സ്ഥിരം സേനകളില്‍ പിന്നീട് അംഗങ്ങളായി. നസ്രാണികളുടെ ജാതിപരമായ അവകാശങ്ങള്‍ക്ക് ഭീഷണിയുണ്ടാകുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ക്കുപരിയായി നസ്രാണിപ്പട സംഘടിക്കുകയും അവകാശസംരക്ഷണത്തിനായി പോരാടുകയും ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടില്‍ പറവൂര്‍ രാജാവ് നടത്തിയ ഒരു ജാത്യാവകാശ ലംഘനത്തിനെതിരായി നസ്രാണിപ്പട സംഘടിച്ചതായും അവകാശം നിലനിര്‍ത്തിയതായും രേഖകളുണ്ട്.

ജാതിക്കു തലവനായ അര്‍ക്കദ്യക്കോന്‍ (പിന്നീട് മലങ്കര മെത്രാന്‍) ആയിരുന്നു രാജ്യസീമകള്‍ക്കുപരി നസ്രാണിപ്പടയുടെ തലവന്‍. ക്രിസ്തുവര്‍ഷം 1523-ല്‍ ഇപ്രകാരം 25,000 നസ്രാണിപ്പടയാളികള്‍ ജാതിക്കു തലവന്റെ കീഴിലുണ്ടായിരുന്നു.
ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് തിരുവിതാംകൂര്‍ രൂപീകരിക്കുന്ന പ്രക്രിയയില്‍ പുതുതായി പിടിച്ചടക്കിയ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിനു നസ്രാണിപ്പടയാളികളെ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ സൈന്യത്തില്‍ച്ചേര്‍ത്തു. പിന്നീടുണ്ടായ മൈസൂര്‍ ആക്രമണകാലത്തും ഇവരുടെ സേവനം തിരുവിതാംകൂറിനു ലഭ്യമായി.

1809-ല്‍ കലാപത്തെത്തുടര്‍ന്ന് വേലുത്തമ്പി തിരുവിതാംകൂറിലെയും കൊച്ചിയിലെയും പട്ടാളത്തെ പിരിച്ചുവിട്ടതോടെ നസ്രാണിപ്പടയും ശിഥിലമായി. പരമ്പരാഗത ആയുധ പരിശീലനകേന്ദ്രങ്ങളായ കളരികളെയും ഈ പ്രക്രിയ ഇല്ലായ്മ ചെയ്തു. അതോടെ നസ്രാണികളുടെ ആയോധന പരിശീലനവും അവസാനിച്ചു. ഇതിനെത്തുടര്‍ന്ന് പട്ടാളസേവനത്തെ ആശ്രയിച്ചിരുന്ന നല്ലൊരുസംഖ്യ നസ്രാണികള്‍ മറ്റു തൊഴിലുകളിലേക്ക്-മുഖ്യമായും നെല്‍ക്കൃഷിയിലേക്ക് തിരിഞ്ഞു.

1932-ല്‍ കുന്നംകുളം-പഴഞ്ഞി പള്ളികളിലെ സന്ദര്‍ശനാര്‍ത്ഥം മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ  വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയും തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത  പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയും കുന്നംകുളത്ത് എഴുന്നള്ളി

1932 നവംബറില്‍ മല്ലപ്പള്ളിത്തിരുമേനി പുത്തന്‍കാവില്‍ മാര്‍ പീലക്സിനോസ് തിരുമേനിയുമൊന്നിച്ച് കുന്നംകുളം സന്ദര്‍ശിച്ചു. കൂടെ ചെറിയമഠത്തില്‍ സ്കറിയാ മല്പാനുമുണ്ടായിരുന്നു. അതിഗംഭീരമായ ഒരു എതിരേല്പാണ് തിരുമേനിമാര്‍ക്ക് കുന്നംകുളം ജനാവലി നല്‍കിയത്. സ്വീകരണ ഘോഷയാത്രയ്ക്ക് ഒരു മൈല്‍ നീളമുണ്ടായിരുന്നുവെന്ന് ശെമ്മാശ്ശനായി വട്ടശ്ശേരില്‍ തിരുമേനിയുടെ കൂടെ അന്നുണ്ടായിരുന്ന മണലില്‍ യാക്കോബ് കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലം ചെയ്ത അച്ചന്‍ എന്ന് കുന്നംകുളത്തുകാര്‍ ഭക്തിബഹുമാനപൂര്‍വ്വം പറയുന്ന പുലിക്കോട്ടില്‍ ഒന്നാമത്തെ മെത്രാപ്പോലീത്തായായ യൌസേഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ (സെമിനാരി സ്ഥാപകന്‍) ഓര്‍മ്മപ്പെരുന്നാള്‍ കുന്നംകുളം പുത്തന്‍പള്ളിയില്‍ വിപുലമായ രീതിയില്‍ കൊണ്ടാടുന്നതിലേക്കായിട്ടാണ് തിരുമേനിമാര്‍ ആഗതരായത്.

അന്നത്തെ കുന്നംകുളം പട്ടണത്തിലെ യുവതലമുറയില്‍പ്പെട്ട രണ്ട് ബറ്റാലിയന്‍ നസ്രാണി ‘യോദ്ധാക്കള്‍’ തിരുമേനിമാര്‍ക്ക് ഘോഷയാത്രയില്‍ അകമ്പടി സേവിച്ചു. പടച്ചട്ട അണിഞ്ഞ് തോക്കുകള്‍ ചുമലില്‍ ചായ്ച്ചുവെച്ച് പഴയപള്ളിയുടെ വിശാലമായ അങ്കണത്തില്‍ അണിനിരന്നുനിന്ന അവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ വലിയ തിരുമേനി പരിശോധിച്ചു. മല്ലപ്പള്ളിത്തിരുമേനിയും, പുത്തന്‍കാവ് തിരുമേനിയും, യൂണിഫോം ഇട്ട് തോക്കുകള്‍ പിടിച്ചുനില്‍ക്കുന്ന ആ നസ്രാണി ഭടന്മാരുടെ മുന്‍നിരയില്‍ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരുന്നു ഒരു ഗ്രൂപ്പ്ഫോട്ടോ എടുത്തു. എഴുപതു വര്‍ഷം മുന്‍പ് എടുത്ത ആ ചിത്രം ഒരു ചരിത്രരേഖയായി പലരും സൂക്ഷിക്കുന്നുണ്ട്. അതില്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ അംശവടിയും പിടിച്ച് സെക്രട്ടറി മണലില്‍ യാക്കോബ് ശെമ്മാശ്ശനും, പുത്തന്‍കാവ് തിരുമേനിയുടെ അംശവടിയും പിടിച്ച് സെക്രട്ടറി എം. ജെ. സ്കറിയാ ശെമ്മാശ്ശനും നില്ക്കുന്നതായി കാണാം. ഈ ചിത്രം കുന്നംകുളത്തെ പല പഴയ വീടുകളുടേയും ചുമരിനെ അലങ്കരിക്കുന്നുണ്ട്.

നസ്രാണിപ്പരിഷയുടെ സംഘശാക്തീകരണത്തിനും ജാതിക്കു കത്തനാരുടെ ബഹുമാനത്തിനുമായി നസ്രാണി സംഘടിക്കുമെന്ന് 1932-ല്‍ കുന്നംകുളത്തുകാര്‍ തെളിയിച്ചു. അന്നത്തെ കാലത്ത് ആവശ്യത്തിനു കാക്കി യൂണിഫോമും തൊപ്പിയും തോക്കുകളും സംഘടിപ്പിച്ച് നാമമാത്രമായെങ്കിലും നസ്രാണിപ്പടയെ അവര്‍ പുനര്‍ജ്ജീവിപ്പിച്ചതിനെ ആത്മീയ അധിനിവേശ ശക്തികള്‍ക്ക് ശക്തമായ ഒരു താക്കീത് എന്ന നിലയില്‍ മാത്രമേ കാണാനാവൂ.

ജാതിക്കു കത്തനാരായ മലങ്കര മെത്രാപ്പോലീത്തായോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ 1932-ല്‍ കുന്നംകുളം നസ്രാണികള്‍ നടത്തിയ പരേഡിന്‍റെ മറ്റൊരു രൂപമായിരുന്നു 2008-ലെ കോട്ടയം മഹാസമ്മേളനം. തങ്ങളുടെ ജാതിക്കുതലവന്‍, പരിമിതശബ്ദനായ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍, കേവലം ഒരു കല്പന പുറപ്പെടുവിച്ചപ്പോള്‍ കോട്ടയത്തു തടിച്ചുകൂടിയ നസ്രാണികള്‍ യൂണിഫോം ഇല്ലെങ്കിലും പ്രകടിപ്പിച്ചത് ഇതേ വികാരമാണ്. അവിടെ ഇല്ലാതെ പോയത് പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയെപ്പോലെ ഒരു നസ്രാണി സിംഹത്തിന്‍റെ ഗര്‍ജ്ജനം മാത്രമായിരുന്നു.