OVS - Latest NewsOVS-Kerala News

മുഖമന്ത്രിക്ക് പരാതി നല്‍കും ;ദുരൂഹതകള്‍ അകറ്റണമെന്നു മിഷേലിന്‍റെ കുടുംബം: നീതി നടപ്പാവുമെന്ന വിശ്വാസമെന്നു മാര്‍ സേവേറിയോസ്

പിറവം : നീതി നടപ്പാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.മിഷേലിന്റെ മാതാപിതാക്കളെ ഭവനത്തില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹതകള്‍ തുടരുന്നു. വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാത്തിടത്തോളം പോലീസ് ഭാഷ്യം കുടുംബാംഗങ്ങളും നാട്ടുകാരും മുഖവിലക്കെടുത്തട്ടില്ല .ഇതു സംബന്ധിച്ച പരാതി നാളെ മുഖ്യമന്ത്രിക്ക് നല്‍കും.പിറവത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം ആക്ഷന്‍ കൗൺസിൽ രൂപീകരിച്ചു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് .സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന തീരുമാനം അനുസരിച്ചു ഇന്ന് പിറവത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു . ഞായറാഴ്ച്ച വൈകീട്ട് മുതല്‍ കാണാതായ മിഷേല്‍ മണിക്കൂറുകളോളം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് പോലീസ് മറുപടി നല്‍കിയട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ വീഴ്ച്ച മറയ്ക്കാനാണ് കള്ളക്കഥയുണ്ടാക്കി പുതിയ അറസ്റ്റെന്നാണ് സൂചന. കുട്ടിയെ കാണാനില്ലെന്ന വിവരം അന്ന് രാത്രി തന്നെ പോലിസിനെ അറിയിച്ചിട്ടും ചെറുവിരലനക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. പോലീസിന്റെ അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കില്‍ മിഷേലിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.പോലീസിന്‍റെ വീഴ്ച മറക്കാനാണ് ആത്മഹത്യ എന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുന്നത്.

അറസ്റ്റിലായ ക്രോണിനുമായി തന്റെ കുടുംബത്തിന് ബന്ധമില്ലെന്നും മാധ്യമങ്ങള്‍ വഴി പുറത്തുവന്നപ്പോഴാണ് ഇക്കാര്യം താന്‍ അറിയുന്നതെന്നും പിതാവ് ഷാജി പറഞ്ഞു മകളുടെ മൊബൈല്‍, ബാഗ് എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവദിവസം ബൈക്കില്‍ പിന്നാലെയെത്തി പിന്‍തുടര്‍ന്നവരെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ മുഖത്ത് മൂക്കിനു സമീപം നഖം കൊണ്ടതുപോലെ തോന്നിക്കുന്ന ഒരുപാട് ഉണ്ടായിരുന്നു. ഇത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായതാണോ എന്നും സംശയം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ടെന്നും ഷാജി പറഞ്ഞു.

വെള്ളത്തില്‍ അകപ്പെട്ടു മരിച്ച മൃതദേഹം പോലല്ലിതെന്ന് ശരീരം കണ്ട മത്സ്യതൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു

ഇതിലും ഉപരിയായി കാണാതായി നേരത്തോടു നേരം പിന്നിട്ട് കൊച്ചി വാര്‍ഫില്‍ നിന്നും മൃതദേഹം കണ്ടെടുത്തപ്പോള്‍ നിറവ്യത്യാസമുണ്ടാവുകയോ മീന്‍ കൊത്തുകയോ,വയറില്‍ വെള്ളം ചെന്ന് വീര്‍ക്കുകയോ വികൃതമാവുകയോ ചെയ്തിരുന്നില്ല. പഠനകേന്ദ്രത്തില്‍ കൊണ്ടുവിടുമ്പോഴും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴും ഭാര്യയോ ഞാനോ ആണ് കൂട്ടുപോകാറുള്ളത്. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് യാതൊരെത്തും പിടിയുമില്ലാത്ത അവളെങ്ങനെ വെണ്ടുരുത്തി പാലത്തിലും ഗോശ്രീ പാലത്തിലുമൊക്കെ എത്തും.ഇതെല്ലാം കണക്കിലെടുത്താണ് മകള്‍ ആത്മഹത്യ ചെയ്തതല്ലന്ന് താനും കുടുംബവും വിശ്വസിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ വിവരങ്ങള്‍ നല്‍കാത്തിടത്തോളം കാലം പൊലീസ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാജി പറഞ്ഞു.

പുലര്‍ച്ചെ വരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയട്ടും അന്വേഷണം തുടങ്ങാതെ പോലീസ്

കൊച്ചി സെന്‍ട്രല്‍ പൊലീസ് ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് തുടക്കം മുതല്‍ ഉണ്ടായിരിക്കുന്നത്.മാതാപിതാക്കള്‍ പരാതിയുമായി ചെന്നിട്ടും അന്വേഷിക്കാന്‍ സെട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ തയ്യാറായിരുന്നില്ല. മിഷേല്‍ മരിച്ചതിനുശേഷവും സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണത്തില്‍ വീഴ്ച്ചവരുത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പ്രധാന തെളിവുകളായ സിസി ടിവി ദൃശ്യങ്ങള്‍ സി ഐ അനന്തലാലിന് കൈമാറുന്നത്.

മരണപ്പെട്ട മിഷേല്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ചുമതലയുള്ള കന്യാസ്ത്രിയും മിഷേലിന്റെ അമ്മയും പിതാവുമാണ് അഞ്ചാം തിയതി രാത്രി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതിയുമായി എത്തിയത്. കുട്ടിയുടെ മൊബൈല്‍ ടവര്‍ നോക്കി അന്വേഷണം നടത്തണമെന്ന് പരാതി പോലീസ് പുഛിച്ച് തള്ളുകയായിരുന്നു. പുലര്‍ച്ചെ വരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയട്ടും അന്വേഷണം നടത്താന്‍ പോലീസുകാര്‍ തയ്യാറായില്ല.തലേന്ന് ഞായറാഴ്ച രാത്രിയില്‍ തന്നെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ തങ്ങളുടെ മകളെ ജീവനോടെ തിരിച്ചുകിട്ടുമായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിലെ ചര്‍ച്ചക്കിടെയാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ അനാസ്ഥയെ കുറിച്ച് മതാപിതാക്കള്‍ വെളിപ്പെടുത്തിയത്.മിഷേലിന്റൈ ബന്ധുക്കളുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിസി ടിവി ദൃശ്യങ്ങള്‍ പോലും കണ്ടെടുത്തത്. പോലീസ് നടത്തേണ്ട അന്വേഷണം പോലും നാട്ടുകാര്‍ക്ക് നടത്തേണ്ടിവരുന്ന ഗതികേടാണ് നിലവിലുള്ളത്.

അതേസമയം,മിഷേല്‍ കേസില്‍ നിഷ്ക്രീയത്വം പുലര്‍ത്തുന്ന കൊച്ചി സെന്‍ട്രല്‍ പോലീസിനെതിരെ വ്യാപക പരാതികളാണ് അടുത്തിടെയായി ഉയരുന്നത്. മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്‌വരുത്തിയതിന് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരിന്നു . എട്ട് പോലീസുകാരെ എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.’പ്രമുഖ’ കേസില്‍ പ്രതിയെ കോടതിയില്‍ നിന്ന് ഓടിച്ചിട്ടു പിടികൂടിയ സെന്‍ട്രല്‍ പോലീസ് നടന്നു പോലും അന്വേഷിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ് .കര്‍മ്മേല്‍ക്കുന്നു പള്ളി വികാരി ഫാ.ടി.പി കുര്യന്‍,കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ.കുര്യന്‍ ചെറിയാന്‍,ഫാ.ജോസ് തോമസ്‌,ഫാ.സെറാ പോള്‍,ഫാ.സോമു പ്രക്കനം,റവ.ശമാവൂന്‍ റമ്പാന്‍ , സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജു മാത്യു,പ്രിന്‍സ് ഏലിയാസ്,റോയ് കുര്യാക്കോസ്‌,ഷിജു മാത്യു,കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനം ജനറല്‍സെക്രട്ടറി ഗീവീസ് മര്‍ക്കോസ് എന്നിവരും ഉണ്ടായിരുന്നു.