OVS - Latest NewsOVS-Kerala News

കാടിൻ്റെ മക്കൾക്ക് കരുതലുമായി സ്നേഹക്കൂട്ടം

പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്ത് ദാരിദ്ര്യത്തിൽ മുങ്ങിപ്പോയ ആദിവാസി ഊരുകളിൽ പലവ്യഞ്ജന-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സ്നേഹകൂട്ടം. ആങ്ങമൂഴി പ്ലാപ്പള്ളി, നിലയ്ക്കൽ മേഖലകളിലെ നൂറോളം കുടുംബങ്ങൾ ഗുണഭോക്താക്കളായി.

ഈ ദുരിതകാലത്ത് പ്രതിസന്ധിയിൽ ആയിരിക്കുന്ന അശരണരെയും ആലംബഹീനരെയും സമൂഹത്തിൻ്റെ താഴെതട്ടിലുള്ള പാവങ്ങളെയും കരുതണമെന്ന് ഓർമിപ്പിച്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ വാക്കുകളാണ് സ്നേഹ കൂട്ടത്തിന് പ്രചോദനമായത്. ദീനാനുകമ്പയും സഭാ സ്നേഹവും മുൻനിർത്തി പ്രവർത്തിക്കുന്ന സ്നേഹകൂട്ടം ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കൂടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് സ്നേഹ കൂട്ടം രക്ഷാധികാരി ഫാ ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പറഞ്ഞു.

സമൂഹത്തിൻ്റെ മുഖ്യധാരയിൽ വിരളമായി മാത്രം എത്തുന്ന കാടിൻ്റെ മക്കളെ ചേർത്തു നിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന ബോധ്യത്തിൽ പ.ബാവാ നൽകുന്ന ആഹ്വാനം നിസ്വാർത്ഥമായി ഏറ്റെടുക്കുന്ന സുമനസ്സുകളാണ് സഭയുടെ കരുത്തെന്ന് ഉദ്ഘാടനം ചെയ്ത സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.

നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, അഭി.ഡോ.യൂഹ നോൻ മാർ ദിയസ്കോറസ് – സെക്രട്ടറി, സഭാ മാനേജിംഗ് കമ്മറ്റിയംഗം ഫാ.കെ.വി. പോൾ പ്രാർഥനായോഗം കേന്ദ്ര വൈസ്. പ്രസിഡന്റ് ഫാ.ബിജു മാത്യു, ഒ സി വൈ എം കേന്ദ്ര സെക്രട്ടറി നിതിൻ മണക്കാട്ടു മണ്ണിൽ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ മനോജ് കുമാർ ,പ്രിൻസ് തോമസ്, ലിജിൻ ജേക്കബ്, ആൽഫിൻ രാജു വർഗീസ്, സെബി സ്‌റ്റീഫൻ വർഗീസ്, അഭിജിത്ത് തോമസ്, ലിനു ജോഷ്വാ, ബിനിൽ ബിജി മാത്യു എന്നിവർ നേതൃത്വം നൽകി. പ്രദേശങ്ങളിലെ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

അരി, ഗോതമ്പ്, ചെറുപയർ എന്നിവയടങ്ങുന്ന പലവ്യഞ്ജന കിറ്റും 12 വിഭവങ്ങൾ അടങ്ങുന്ന പച്ചക്കറി കിറ്റുകളുമായി തങ്ങളെ തേടിയെത്തിയ മെത്രാപ്പോലീത്തമാർ അടങ്ങുന്ന സംഘത്തെ ഊരുവാസികൾ സ്നേഹപൂർവ്വം വരവേറ്റു. ഊരുകളിൽ അടിസ്ഥാന സൗകര്യങ്ങളും കുട്ടികൾക്ക് പോഷകാഹാരവും പഠന സൗകര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നെന്ന് നേരിട്ട് ബോധ്യപ്പെട്ടതായി സംഘം പറഞ്ഞു.