OVS - Latest NewsOVS-Kerala News

കൂനൻകുരിശു സത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുള്ള അവസരം: പരിശുദ്ധ കാതോലിക്കാ ബാവാ

മട്ടാഞ്ചേരി :- നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെ മണ്ണിൽ, മണ്ണുകൊണ്ടു പുനർനിർമിച്ച കൂനൻകുരിശു തീർഥാടന കേന്ദ്രം ദേവാലയ കൂദാശ ചടങ്ങുകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ തുടക്കമായി. മെത്രാപ്പൊലീത്താമാരും കോറെപ്പിസ്കോപ്പാമാരും വൈദികരും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.കൂനൻകുരിശു സത്യത്തിന്റെ പ്രാധാന്യം വിശ്വാസികൾക്കു മനസ്സിലാക്കി കൊടുക്കുന്നതിനുള്ള സന്ദർഭമാണു ദേവാലയത്തിന്റെ കൂദാശാവേളയെന്നു പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

പൂർവികൻമാർ ഇവിടെ കുരിശിൻമേൽ ആലാത്തുകെട്ടി അതു തൊട്ടു സത്യം ചെയ്തതിന്റെ ഓർമയാണ് അനുസ്മരിക്കുന്നത്. മലങ്കര സുറിയാനി സഭയിൽ കൂനൻകുരിശു സത്യത്തിനുള്ള പ്രാധാന്യം അതുല്യമാണ്. വ്യാപാര ആവശ്യങ്ങൾക്കായി വന്ന വിദേശികൾ മതപരമായ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങി, ഭരണം കൈവശപ്പെടുത്തി. മലങ്കരസഭയുടെ ചരിത്രത്തിലും അതുതന്നെ സംഭവിച്ചു. അവരുടെ വിശ്വാസം അടിച്ചേൽപിക്കാൻ ശ്രമിച്ചു. പഴമയ്ക്കു യാതൊരു കോട്ടവും തട്ടാതെ അതിമനോഹരമായാണു ദേവാലയ പുനർനിർമാണം–കാതോലിക്കാ ബാവാ പറഞ്ഞു.

1751ൽ സ്ഥാപിച്ച സെന്റ് ജോർജ് കൂനൻകുരിശ് പഴയ സുറിയാനി പള്ളി പുനർനിർമിച്ചതിന്റെ കൂദാശാ കർമത്തിനു മുന്നോടിയായി പതാക, ദീപശിഖ പ്രയാണം പഴയന്നൂർ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ ആരംഭിച്ചു. കണ്ടനാട് സെന്റ് മേരീസ് പള്ളിയിലെ ശക്രള്ളാ ബാവായുടെ കബറിങ്കൽനിന്നു ദീപശിഖയും തൃക്കുന്നത്തു സെമിനാരിയിൽനിന്നു കാതോലിക്കേറ്റ് പതാകയും ചെറളയം സെന്റ് ജോർജ് പള്ളിയിൽനിന്നു ശക്രള്ളാ ബാവായുടെ സ്മരണാർഥം ദീപശിഖയും അർക്കദിയോക്യൻ തോമാ ഒന്നാം മാർത്തോമ്മായുടെ കബറിൽനിന്നു ദീപശിഖയും ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ കബറിൽനിന്നു ദീപശിഖയും ഒരുമിച്ചാണു നൂറുകണക്കിനു വിശ്വാസികളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് എത്തിച്ചത്.

കാതോലിക്കാ ബാവായെയും മെത്രാപ്പൊലീത്തമാരെയും വൈദികരെയും സമുദായ നേതാക്കളെയും സ്വീകരിച്ചു പള്ളിയിലേക്ക് ആനയിച്ചു. തുടർന്നു കൂനൻകുരിശ് സത്യം അനുസ്മരണവും ധൂപപ്രാർഥനയും സന്ധ്യാനമസ്കാരവും നടത്തി. കൂദാശയുടെ ഒന്നാം ഭാഗം കാതോലിക്കാ ബാവാ നിർവഹിച്ചു.ഭാരതത്തിലെ ക്രൈസ്തവ ചരിത്രം സംബന്ധിച്ച് അബ്ദു സമദ് സമദാനി പ്രസംഗിച്ചു. ബഹുസ്വരതയുടെ അടയാളമാണു കൂനൻകുരിശു സത്യം. അധികാരത്തിന്റെ ശക്തികൾക്കെതിരെ പോരാടാൻ പൂർവികരെ പ്രേരിപ്പിച്ചത് അവരുടെ വിശ്വാസവും ഭക്തിയുമാണ് – അദ്ദേഹം പറ‍ഞ്ഞു.

തീർഥാടന കേന്ദ്രം ദേവാലയ കൂദാശ സ്മരണിക കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, വികാരി ഫാ. ബെഞ്ചമിൻ തോമസ്, കൺവീനർ ജോൺ സാമുവൽ കുരുവിള എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ ആറിനു പ്രഭാത നമസ്കാരത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്നു കൂദാശയുടെ രണ്ടാം ഭാഗം. കുർബാനയിൽ കാതോലിക്കാ ബാവാ മുഖ്യകാർമികനാകും. 10നു തീർഥാടക സംഗമം, 11.15നു തീർഥാടന കേന്ദ്ര പ്രതിഷ്ഠ, 11.30നു പൊതുസമ്മേളനം, രണ്ടിന് ആധ്യാത്മിക സംഘടനകളുടെ സംഗമം, കലാപരിപാടികൾ.