OVS - Latest NewsTrue Faith

ഉയരത്തിലേക്കുള്ള യാത്ര

സമൂഹം പടുത്തുയർത്തിയ വേലിക്കെട്ടുകൾക്ക് ‘സദാചാരം‘ എന്ന ഓമനപേര് നൽകി താലോലിക്കുന്ന സമൂഹത്തിൽ ക്രിസ്ത്യയ സദാചാരത്തിന്റെയും ക്രൈസ്തവ വിപ്ലവത്തിന്റെയും അചഞ്ചല മാതൃക നസ്രായനായ തച്ചൻ്റെ പുത്രൻ പകർന്നു നൽകുന്നുണ്ട്. ആ മാതൃക തൻമയത്തോടെ അടയാളങ്ങളിലും അത്‌ഭുതങ്ങളിലും നിഴലിക്കുന്നുണ്ട്. വി.നോമ്പാകുന്ന തീർത്ഥാടനം പാതി വഴി പിന്നിട്ടു തീർത്ഥാടകൻ ബലിപീഠത്തിൻ്റെ തീഷ്ണതയിലേക്ക് വീണ്ടും അണയുമ്പോൾ വിശുദ്ധിയുടെ ശബത്ത്, കൂനാകുന്ന കെട്ടിനെ അഴിക്കുകയാണ്. വി. വലിയ നോയമ്പിലെ 5 മത് ഞായറാഴ്ചയ്ക്കായി പിതാക്കന്മാർ ക്രമീകരിചിരിക്കുന്നത് വി.ലുക്കോസിൻ്റെ സുവിശേഷം 13:10-17 വരെ ഉള്ളതാണ്.

ആറു ദിവസത്തെ വേലയ്ക്ക് ശേഷം ഏഴാം ദിവസത്തെ വിശ്രമത്തിനായി മാറ്റി വച്ച ദൈവത്തെ പോലെ യഹൂദജനം ശബതിനെ വിശുദ്ധിയോടെ ആചരിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നു. ശബത്തിൽ ദൈവാലയത്തിൽ ഉപദേശിച്ചു കൊണ്ടിരുന്ന യേശുവിൻ്റെ അടുക്കലേക്ക് 18 സംവൽസരം രോഗൽമാവിനാൽ വലയപെട്ടു, ഉയരത്തിലുള്ളത് കാണുവാൻ കൊതിച്ച കൂനിയായ സ്ത്രീ എത്തിയപ്പോൾ, അവളുടെ ബന്ധനത്തെ ലോകാധീശൻ അഴിക്കുകയാണ്. ഇതിനെ ശബത്തിന് എതിരായി പള്ളിപ്രമാണിമാർ വ്യാഖ്യാനിക്കുകയും, നീരസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അബ്രഹാമിന്റെ പുത്രിയെ സൗഖ്യമാക്കിയത് ലംഘനമല്ല, ലഭ്യമായ ദൈവകൃപയുടെ ശ്രേഷ്ടതയാണെന്ന് ക്രിസ്തു ബോധ്യപെടുത്തുന്നു. ഈ വേദഭാഗത്ത് നിന്നും പ്രധാനമായും രണ്ട് ചിന്തകളാണ് ഇവിടെ പങ്ക് വെയ്ക്കപെടുന്നത്.

1. കുറവുകളെ നികത്തുന്ന വി.ബലിപീഠം 
ശാബതിൻ്റെ ആചരണം കേവലം പ്രകടനമല്ല, പ്രാർത്ഥനയാകണമെന്ന ശക്തമായ സന്ദേശം ക്രിസ്തു ഇവിടെ പകർന്ന് നൽകുന്നുണ്ട്. വി.ബലിപീഠത്തിലേക്ക് നിറമിഴിയോടെ നോക്കുവാൻ, നിൻ്റെ വേലയുടെ വിഭക്തിയെ ഇറക്കിവെക്കുവാൻ, കുറവിൻ്റെ വിടവിനെ ദൈവസ്നേഹത്താൽ നികത്തുവാൻ, പാപത്തിൻ്റെ കൂനിനെ അവൻ്റെ രക്തത്താൽ കഴുകുവാൻ വി.ദിവസത്തിൽ നമുക്കാകണം. ഞായർ ദൈവത്തിനുള്ളത് എന്ന മാറ്റിവെയ്ക്കലിൻ്റെ ദിനവും, നേരവും വെറും പ്രകടനാത്മകത മാത്രമായി മാറുമ്പോൾ, ഞായറിനെ ‘ലൗകീക കൂനിൻ്റെ അടിത്തട്ടിലേക്ക് മാറുവാനുള്ള ഇടവേളയായി’ നാം കണക്കാക്കുമ്പോൾ, ഈ അടയാളം ശക്തമായ താക്കീതാണ്. ശാബത് ദിവസം ദൈവസന്നിധിയിൽ കുടുംബമായി ആശ്വാസം കണ്ടെത്തുന്നതിന് പകരം ഇന്നിൻ്റെ മക്കൾക്ക് പാഠ്യപദ്ധതിയുടെ ഭാരത്തെ കൂനായി ഏൽപ്പിച്ചുകൊടുക്കുവാൻ നാം ശ്രമിക്കുകയാണ്. അവനിലേക്ക് നോക്കുവാൻ, അവനെ സ്നേഹിക്കുവാനുള്ള ശാബത്തിൻ്റെ പ്രഭാതങ്ങൾ.

2. ഉയരത്തിലേക്കുള്ള ദൃഷ്ടി 
വല്ലാത്ത വേദനയുളവാക്കുന്ന സ്ഥിതി വിശേഷമാണ് കൂനിയായ സ്ത്രീയുടേത്. ഉയരത്തിലുള്ളത് അപ്രാപ്യമായ അസ്വസ്ഥതയുടെ സാഹചര്യം. എന്നാൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളേയും സൃഷ്ടിച്ച് ഭൂമിയെ തൻ്റെ പാദപീഠമാക്കി സ്വർഗ്ഗസിംഹാസനത്തിൽ വാണരുളുന്ന ദൈവസന്നിധിയിലേക്ക് തൻ്റെ കൂനാകുന്ന ബന്ധനവുമായി അവൾ എത്തുകയാണ്. അവിടെ ഉയരത്തിലെ നാഥനെ അവൾ കാണുന്നു. ബന്ധനത്തിൻ്റെ ആത്മാവിനെ സ്തുതികളുടെ ഉടയവൻ അവളിൽനിന്ന് ഉന്മൂലനം ചെയ്യുന്നു. യഥാർത്ഥത്തിൽ പാപത്തിൻ്റെ താഴ്ചയിൽ നിന്ന് നീതിയുടെ ഉയരത്തിലേക്കുള്ള വിളിയാണ് കൂനിയായ സ്ത്രീയ്ക്ക് സൗഖ്യമായി ഭവിച്ചത്. ക്രിസ്തുവിൻ്റെ സ്നേഹത്തെ ഉയരത്തിലേക്ക് നോക്കി പ്രാപിക്കുവാൻ, അവൻ്റെ അടുക്കലേക്ക് ചേർന്ന് നിൽക്കുവാനുള്ള വലിയ ആഹ്വാനമാണ് കൂനിയുടെ സൗഖ്യത്തിലൂടെ ക്രിസ്തു നമ്മെ കാട്ടിത്തരുന്നത്.

വാഗ്ദ്ധതങ്ങളിൽ വിശ്വസ്തനായ, കുറവിനെ നിറവാക്കുന്ന, അശുദ്ധിയെ വിശുദ്ധിയാക്കുന്ന ക്രിസ്തുദേവൻ, ശാബത്താചരണത്തിൻ്റെ പരിശുദ്ധിയെ, വിശുദ്ധബലിയുടെ പവിത്രതയെ, പാപത്തിൻ്റെ കൂനിനെ നിർമ്മൂലനം ചെയ്യുന്ന സ്നേഹത്തെയാണ് സുവിശേഷകൻ ഇവിടെ സാക്ഷിക്കുന്നത്. ഈ ദൈവരാജ്യ മൂല്യങ്ങളെ കപട പ്രചരണങ്ങൾക്ക് അപ്പുറത്ത് നിന്ന് നമ്മുടെ അന്വശ്വര നന്മകളാക്കി തീർക്കാം.

പ്രാർഥിക്കാം: സ്നേഹവാനായ ദൈവമേ, അജ്ഞതയാകുന്ന, അന്ധകാരമാകുന്ന കൂനിനെ വിശുദ്ധബലിയുടെ സംബന്ധത്തിലൂടെ ഞങ്ങളിൽ നിന്ന് നീക്കണമേ. പാപത്തെയും പാപസാഹചര്യങ്ങളേയും വെടിഞ്ഞ് ഉയരത്തിലുള്ള നിൻ്റെ മുഖം കാണുവാൻ ഞങ്ങളുടെ പാപാന്ധകാരമാകുന്ന കൂനിനെ സൗഖ്യമാക്കി ദൈവീക വിശുദ്ധിയിലേക്ക് ബലഹീനനായ ഞങ്ങളെയും കൃപയോടെ ചേർക്കണമേ, ആമ്മേൻ .

പുറംതള്ളപ്പെട്ടവരെ ചേർത്തു പിടിക്കാം