OVS - Latest NewsOVS-Kerala News

അഹങ്കാരം വെടിഞ്ഞു കരുണയുള്ളവരാകണം: ഡോ. സഖറിയ മാർ തെയോഫിലോസ്

ചുങ്കത്തറ :- അഹങ്കാരം വെടിഞ്ഞു പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടാൻ കൺവൻഷനിലെ വചനകേൾവികൊണ്ടു സാധ്യമാകണമെന്ന് ഡോ. സഖറിയ മാർ തെയോഫിലോസ്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുകയും അവരെ സഹായിക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ സന്തുഷ്ടരാകുന്നത്. കനിവിന്റെയും കരുണയുടെയും പ്രതീകമായി വിശ്വാസസമൂഹം മാറണം. കൊടിയ വരൾച്ചയെയാണു നാം അഭിമുഖീകരിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹമാണു ജലം.

ഒരിക്കലും ജലം ദുരുപയോഗം ചെയ്യുകയോ മലിനമാക്കുകയോ ചെയ്യരുത്. എട്ടു ദിവസമായി നടന്നുവന്ന മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന ക്രിസ്ത്യൻ കൺവൻഷന്റെ സമാപനയോഗത്തിൽ അനുഗ്രഹസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നേരത്തേ അഞ്ചിന്മേൽ കുർബാനയ്ക്കു ഡോ. സഖറിയ മാർ തെയോഫിലോസ് മുഖ്യകാർമികത്വം വഹിച്ചു.

ഫാ. കെ.കെ.ഫിലിപ് കുന്നുംപുറം, ഫാ. മാത്യൂസ് കോലമല, ഫാ. ഡോ. റജി ഗീവർഗീസ്, ഫാ. മാത്യു ഫിലിപ്, ഫാ. സെറാപോൾ എന്നിവർ സഹകാർമികരായിരുന്നു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാനവും സ്കോളർഷിപ്പും വിതരണം ചെയ്തു.

നിലമ്പൂർ മേഖലയിലെ 24 ഇടവകകളിൽനിന്നുള്ള സൺഡേ സ്കൂൾ വിദ്യാർഥികൾ അണിനിരന്ന റാലിയും ഉണ്ടായിരുന്നു. മംഗളഗാനത്തിനുശേഷം എം.ഐ.ഏബ്രാഹം കോർ എപ്പിസ്കോപ്പ പതാക താഴ്ത്തിയതോടെ കൺവൻഷൻ സമാപിച്ചു.

ജനറൽ കൺവീനർ തോമസ് കുര്യൻ താഴയിൽ, ഫാ. എൻ.പി.ജേക്കബ്, ഫാ. ജേക്കബ് വർഗീസ്, വി.കെ.ബിനു വട്ടകണ്ടത്തിൽ, സണ്ണി മത്തായി കൊച്ചുതറയിൽ, സുനിൽ തോമസ് കണ്ണിയത്തറ, അനിൽ പുല്ലാവള്ളിൽ എന്നിവർ കൺവൻഷൻ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.