OVS - Latest NewsOVS-Kerala News

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 82-മത് ഓര്‍മ്മപെരുന്നാള്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ പഴയ സെമിനാരിയില്‍

കോട്ടയം : മലങ്കരയുടെ മണ്ണിൽ വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ സഭയുടെ കാവൽ പോരാളി , കാതോലിക്കേറ്റിന്റെ കാവൽ ഭടൻ, സഭാ ഭരണഘടനയുടെ മുഖ്യ ശില്‍പി, മലങ്കര മെത്രാപ്പോലീത്തയായിരുന്ന സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ 82- മത് ഓർമ്മ പെരുന്നാൾ 2016 ഫെബ്രുവരി 23 മുതല്‍ 27 വരെ തീയതികളില്‍ പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന പഴയ സെമിനാരിയില്‍ നടക്കും. പഴയ സെമിനാരിയില്‍ നടന്ന ആലോചന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു.സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ഒ.തോമസ്‌,മാനേജര്‍ ഫാ.കെ സഖറിയ റബാന്‍,ഫാ.ഡോ.എം എസ് യുഹാനോന്‍ റബാന്‍,ഫാ.എബ്രഹാം കോര,പോള്‍ മണലില്‍,ജയിംസ്‌ പാമ്പാടി എന്നിവര്‍ ആലോചന യോഗത്തില്‍ പങ്കെടുത്തു.ഫാ.കെ സഖറിയ റബാന്‍ ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ തിരെഞ്ഞെടുത്തു.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 23 തീയതി രാവിലെ 8.30ന് പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 23 മുതല്‍ 25 വരെ കണ്‍വന്‍ഷന്‍ പ്രസംഗം നടത്തപ്പെടുന്നു. കണ്‍വന്‍ഷന്‍ പ്രസംഗങ്ങളുടെ ഉദ്ഘാടനം 23 തീയതി അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി നിര്‍വ്വഹിക്കും. ഫാ. ടൈറ്റസ് ജോണ്‍ തലവൂര്‍, ഡോ. പി. കെ. ജോസുകുട്ടി, ഫാ. സഖറിയാ നൈനാന്‍ ചിറത്തലാട്ട്, എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. 25 തീയതി വൈകുന്നേരം 2.30 മണിക്ക് ചരിത്രസെമിനാര്‍ നടത്തപ്പെടും. ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ശ്രീ. വര്‍ഗ്ഗീസ് പേരയില്‍, എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. 26 തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന ധ്യാനം നടക്കും. പ്രൊഫ. തോമസ് കുരുവിള ധ്യാനം നയിക്കും. വൈകുന്നേരം 5.30 മണിക്ക് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് പഴയസെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 6.30 ന് സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് ഫാ. ഡോ. ഒ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. 8.30 മണിക്ക് റാസായും പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 27 തീയതി രാവിലെ 7.30 മണിക്ക് പ്രഭാതനമസ്ക്കാരം, 8.30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്. 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്‍റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ശ്രുതി മന്ദിരത്തില്‍ ഡോ. യാക്കുബ് മാര്‍ ഐറേനിയോസിന്‍റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസസംഗമത്തില്‍ ഫാ. കോശി പി. ജോഷ്വാ മുഖ്യസന്ദേശം നല്‍കും, മാത്യൂസ് മാര്‍ തേവോദോസ്യോസ് ഉദ്ഘാടനം ചെയ്യും. സോഫിയാ സെന്‍ററില്‍ നടക്കുന്ന ഭവന നിര്‍മ്മാണ സഹായ വിതരണം പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് അദ്ധ്യക്ഷത വഹിക്കും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും എന്ന് മാനേജര്‍ ഫാ. കെ. സഖറിയാ റമ്പാന്‍ അറിയിച്ചു.