OVS-Pravasi News

റാസല്‍ഖൈമ സെന്‍റ് മേരീസ്‌ പള്ളി തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

യു.എ.ഇ :  റാസൽഖൈമ  സെന്‍റ്  മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇടവക പെരുന്നാളിനു തുടക്കമായി. ഇടവക വികാരി ഫാ. ഐപ്പ് പി. അലക്‌സ്, മുൻ വികാരി ഫാ. കെ.ജി. അലക്‌സാണ്ടർ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തി. തുടർന്നു നടന്ന യോഗത്തിൽ ഇടവക ട്രസ്‌റ്റി രാജേഷ് ഫിലിപ് തോമസ്, സെക്രട്ടറി ജെറി ജോൺ, പ്രോഗ്രാം ജനറൽ കൺവീനർ സാം കെ. മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ ഡോ. ഏബ്രഹാം മാർ സെറാഫിം തിരിതെളിച്ച ദീപശിഖ ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ, ഷാർജ സെന്‍റ് ഗോറിയോസ് ദേവാലയം വഴി അഞ്ചിനു റാസൽഖൈമ ദേവാലയത്തിൽ എത്തിച്ചേരും. ഇന്നും നാളെയും  നഖീൽ പള്ളിയിൽ സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ, എന്നിവ നടക്കും. അഞ്ചിന് ആറരയ്‌ക്കു ജസീറ പള്ളിയിൽ ദീപശിഖയ്‌ക്കു സ്വീകരണം.

ഗാന–വചന ശുശ്രൂഷകൾ, റാസ, ആശീർവാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ആറിനു പെരുന്നാൾ ദിവസം എട്ടിനു പ്രഭാതനമസ്‌കാരം, ദനഹാ ശുശ്രൂഷ, മൂന്നിന്മേൽ കുർബാന, തീർഥാടകർക്കുസ്വീകരണം, പ്രദക്ഷിണം തുടങ്ങിയവ ഉണ്ടാകും. ദേവാലയത്തെ ദൈവമാതാവിന്റെ നാമത്തിലുള്ള മേഖലയിലെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചുള്ള പരിശുദ്ധ കാതോലിക്കാ ബാവാ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന്റെ കൽപന ഡോ. ഏബ്രഹാം മാർ സെറാഫിം വായിക്കും.

ജേക്കബ് മാത്യു, സി.പി. മാത്യു, റജി സ്‌കറിയ എന്നിവരെ ആദരിക്കും. മികച്ച വിജയം നേടിയ
വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഫാ. സക്കറിയാ നൈനാൻ, യുഎഇയിലെ വിവിധ ഇടവകകളിലെ വികാരിമാർ എന്നിവർ പ്രസംഗിക്കും. വികാരി ഫാ. ഐപ്പ് പി. അലക്‌സ്, ഇടവകട്രസ്‌റ്റി രാജേഷ് ഫിലിപ് തോമസ്, സെക്രട്ടറി ജെറി ജോൺ, പെരുന്നാൾ ജനറൽ കൺവീനർ അലക്‌സ് തരകൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.