Outside Kerala

ജാലഹള്ളി സെന്‍റ് മേരീസ് വലിയപള്ളി ജൂബിലി ആഘോഷം 25 മുതൽ

ബെംഗളൂരു : ജാലഹള്ളി സെന്‍റ്  മേരീസ് ഓർത്തഡോക്സ് വലിയപള്ളി ജൂബിലി ആഘോഷം നവംബർ 25,26,27  തീയതികളിൽ . നവംബർ 20 ഞായറാഴ്ച വികാരി ഫാ. ജയിംസ് കുറ്റിക്കണ്ടം കൊടി ഉയർത്തി. അസ്സിസ്റ്റന്റ് വികാരി ഫാ. ബിനോ ശാമുവേൽ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. 25നു നടക്കുന്ന കുടുംബസംഗമത്തിൽ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് സന്ദേശം നൽകും.

ഇടവകയിൽ 50 വർഷം പൂർത്തീകരിച്ച അംഗങ്ങളെ ആദരിക്കും. 26നു രാവിലെ കുർബാനയ്ക്കു കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് കാർമികത്വം വഹിക്കും. തുടർന്നു ബാംഗ്ലൂർ റീജിയൻ പള്ളികളിലെ മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകരുടെ സമ്മേളനത്തിൽ ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. വൈകിട്ടു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു സ്വീകരണം നൽകും.

തുടർന്നു പൊതുസമ്മേളനത്തിൽ ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച രണ്ടു വീടുകളുടെ താക്കോൽദാനവും വിവാഹ സഹായനിധി വിതരണവും ബാവാ നിർവഹിക്കും. കോട്ടയം ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ ഡോ. ഒ. തോമസ് ജൂബിലി സന്ദേശം നൽകും. 27നു പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഇടവക ഡയറക്ടറിയുടെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനവും ജൂബിലി പ്രൊജക്ടിന്റെ ശിലാസ്ഥാപനവും നടക്കുമെന്നു വികാരി ഫാ. ജെയിംസ് കുറ്റിക്കണ്ടം, ട്രസ്റ്റി വി. മാത്യൂസ്, കൺവീനർ സി.ജി. മാത്യൂസ് എന്നിവർ അറിയിച്ചു.