Outside KeralaOVS - Latest News

ബാംഗ്ലൂര്‍ കെ.ആര്‍. പുരം പള്ളിയില്‍ ജൂബിലി സമാപനം ജൂണ്‍ 24ന്

ബാംഗ്ലൂര്‍: കൃഷ്ണരാജപുരം മോര്‍ യൂഹാനോന്‍ മാംദോനോ ഇടവകയുടെ രജത ജൂബിലി സമാപനം ജൂണ്‍ 24, 25 തീയതികളില്‍ നടക്കും.

1992 ജൂണ്‍ മാസം 26ന് ആദ്യ വികാരി എ.സി കോശി അച്ചന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ദേവാലയം അന്നത്തെ കാതോലിക്കാ മോറാന്‍ മാര്‍ ബസ്സേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കൂദാശ ചെയ്തു. 2001 ജൂണില്‍ പുതിയ വികാരി ഫാ.പി.സി.ഫിലിപ്പിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യാക്കോബ് മോര്‍ ഐറേനിയോസ് നിര്‍വഹിച്ചു. 165 കുടുംബങ്ങള്‍ കൂടി നടക്കുന്ന ഈ ഇടവകയില്‍ കഗ്ഗദാസപുര, വിജ്ഞാന്‍ നഗര്‍, നാരായണപുര, ഉദയനഗര്‍, രാമമൂര്‍ത്തിനഗര്‍, കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇടവകാംഗങ്ങളായി ഉണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ 17ന് ഇടവക മെത്രാപ്പോലീത്ത ഡോ.എബ്രഹാം മോര്‍ സെറാഫിം രജതജൂബിലി ഉത്ഘാടനം ചെയ്തു. ഈ കാലയളവില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായനിധി, പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം, നേത്ര പരിശോധനാ ക്യാമ്പ്, രക്തദാന- പരിശോധനാ ക്യാമ്പുകള്‍, ഡിസംബര്‍ മാസത്തില്‍ ഭവനരഹിതര്‍ക്ക് കമ്പിളി, ആഹാരവിതരണം, പ്രമേഹ ബോധവത്കരണ ക്ലാസ്, ഇന്‍റര്‍ ചര്‍ച്ച് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എന്നിവ ജൂബിലിയുടെ ഭാഗമായി നടത്തി.

ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 5.30ന് സന്ധ്യാ നമസ്‌കാരം. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ വികാരി ടി.കെ തോമസ്‌ കോര്‍ എപ്പിസ്കോപ്പ സ്വാഗതം ആശംസിക്കുന്നതും ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോര്‍ സെറാഫിം അധ്യക്ഷത വഹിക്കുന്നതുമാണ്. ചടങ്ങിന്റെ ഉത്ഘാടനം കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മോര്‍ ഐറേനിയോസ്  നിര്‍വഹിക്കുന്നതും ഇടവക ഡയറക്ടറിയുടെ പ്രകാശനം ഡോ.ജോഷ്വ മോര്‍ നിക്കോദിമോസ് നടത്തുന്നതുമാണ്. വിദ്യാഭ്യാസ സഹായ നിധി, ചികിത്സാ സഹായം എന്നിവ സ്ഥലം കോര്‍പ്പറെഷന്‍ കൌണ്‍സിലര്‍ എസ്.നാഗരാജു വിതരണം ചെയ്യും. രജത ജൂബിലി സുവനീര്‍ സെറാഫിം മെത്രാപ്പോലീത്ത പ്രകാശനം ചെയ്യും. ഇടവകയുടെ മുന്‍ വികാരിമാരെ ആദരിക്കും.

ജൂണ്‍ 25 ഞായറാഴ്ച വി.മൂന്നിന്മേല്‍ കുര്‍ബാന അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തില്‍ നടക്കും. കുര്‍ബാനാനന്തരം ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനവും ആദ്യകാല ഇടവകംഗങ്ങളെ ആദരിക്കലും. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ക്കു സമാപനമാവും. ഇടവക വികാരി ഫാ.ടി.കെ തോമസ്‌ കോര്‍ എപ്പിസ്കോപ്പ ചെയര്‍മാന്‍ ആയുള്ള രജതജൂബിലി കമ്മിറ്റിയില്‍ ക്യാപ്റ്റന്‍ ബഹനാന്‍ ചാക്കോ ജനറല്‍ കണ്‍വീനര്‍, ഇടവക ട്രസ്റ്റി ജോണ്‍ തോമസ്‌, സെക്രട്ടറി ജോണ്‍സന്‍ ഫിലിപ്പ്, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ജെ.തോമസ്‌, ജിജി ശാമുവേല്‍, ജോയ് പോള്‍, കേണല്‍ ബിജു നൈനാന്‍, ബിനോയ്‌ സി.കെ, റോയ് വര്‍ഗീസ്‌, ജേക്കബ് ചെറിയാന്‍, സിസി സക്കറിയ തുടങ്ങിയവര്‍ ജൂബിലി വര്‍ഷത്തിലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.