ഒരു നൂറ്റാണ്ട് പിന്നിടുന്ന മഗ്ദലനമറിയം

മഹാകവി വളളത്തോളിൻ്റെ വളരെയധികം വാഴ്ത്തപ്പെട്ട ഖണ്ഡകാവ്യമായ മഗ്ദലനമറിയത്തിനു നൂറു വയസ്സു പിന്നിടുകയാണ്. ലൂക്കോസിൻ്റെ സുവിശേഷത്തിലെ ഒരു തൈലാഭിഷേക വൃത്താന്തമാണ് കാവ്യത്തിൻ്റെ ഇതിവൃത്തം. ലൂക്കോസിൻ്റെ സുവിശേഷം ഏഴാം അദ്ധ്യായം 36 മുതല്‍ 40 വരെയുളള വാക്യങ്ങളിലാണ് ഈ സംഭവം പരാമര്‍ശിക്കുന്നത്. യഹൂദമതവിഭാഗത്തിലെ പരീശന്‍മാരില്‍ ഒരുത്തന്‍ യേശുവിനെ ക്ഷണിക്കുന്നു. അവന്‍ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു പാപിയായ (വേശ്യ) സ്ത്രീ ഒരു വെണ്‍കല്‍ഭരണി പരിമളതൈലവുമായി വന്ന് യേശുവിൻ്റെ കാല്‍ അവളുടെ കണ്ണുനീര്‍കൊണ്ട് കഴുകി, പരിമളതൈലം പൂശി. അവള്‍ പാപിയായതിനാല്‍ അവനെ ക്ഷണിച്ച പരീശന്‍ അതുകണ്ട് നീരസപ്പെട്ടു. യേശു പതിവുപോലെ ഒരു ഉപമ പറയുകയും ഉപമയിലൂടെ അവളുടെ പ്രവൃത്തിയെ അംഗീകരിക്കുകയും അവളുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്തു. ഇതാണ് രത്‌നച്ചുരുക്കം.

ഈ ചെറിയ കഥാബീജത്തില്‍ നിന്നാണ് മഗ്ദലനമറിയം രൂപം കൊണ്ടത്. എന്നാല്‍ ആ സ്ത്രീയുടെ പേര് ബൈബിളില്‍ പരാമര്‍ശിക്കുന്നില്ല. പടിഞ്ഞാറന്‍ സഭാവീക്ഷണത്തില്‍ ആ സ്ത്രീ മഗ്ദലനമറിയം ആയിരുന്നിരിക്കാം എന്നു പറയപ്പെടുന്നു. പില്‍ക്കാല കലാസൃഷ്ടികളില്‍ അങ്ങനെതന്നെ ചിത്രീകരിക്കപ്പെട്ടു. അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയിലും മറിയം മഗ്ദലൈത്താ എന്ന് അവളെ വിളിച്ചു.

മഹാകവി വളളത്തോളിൻ്റെ ഏറ്റവുമധികം പ്രചരിക്കപ്പെട്ട കാവ്യങ്ങളില്‍ ഒന്ന് മേല്‍പ്പറഞ്ഞ കഥാതന്തുവിനെ ആസ്പദമാക്കി രചിക്കപ്പെട്ട മഗ്ദലനമറിയമാണ്. നിലാവുകൊണ്ട് വാര്‍ത്തെടുത്ത ശില്‍പമെന്ന് അതിനെ പ്രൊഫ. കെ. പി. ശങ്കരന്‍ വിശേഷിപ്പിച്ചു. ഒരു സുന്ദരമുഹൂര്‍ത്തത്തിനായി വാഞ്ചിക്കുന്ന പ്രകൃതിയുടെ സൗന്ദര്യവര്‍ണ്ണനയോടെ ആരംഭിക്കുന്ന കാവ്യം, പശ്ചാത്താപമെന്ന യഥാര്‍ഥ പ്രായശ്ചിത്തത്തെ അനുസ്മരിച്ച് അവസാനിപ്പിക്കുന്നു. 1921 ജൂണിലാണ് മഗ്ദലനമറിയം ആദ്യമായി കുന്നംകുളത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടത്. ശതാബ്ദി നിറവില്‍ നില്‍ക്കുന്ന കാവ്യത്തെ, ദാരുശില്‍പത്തെ ഒന്നുകൂടി വായിക്കുകയാണിവിടെ.

രചനാപശ്ചാത്തലം
എന്താണ് മഗ്ദലനമറിയത്തിൻ്റെ രചനാപശ്ചാത്തലമെന്ന് ആദ്യപതിപ്പിൻ്റെ അവതാരികയില്‍ ചിത്രമെഴുത്ത് കെ.എം.വറുഗീസ് വ്യക്തമാക്കുന്നുണ്ട്. അതിപ്രകാരമാണ്
യേശുക്രിസ്തുവിൻ്റെ ജീവചരിത്രത്തെയോ അഥവാ ബൈബിളിലെ ഇതിവൃത്തങ്ങളെയോ വിഷയീകരിച്ച് ഏതാനും പദ്യകൃതികള്‍ ഉണ്ടായാല്‍ കൊളളാമെന്നു ഞാന്‍ ആഗ്രഹിച്ചു തുടങ്ങീട്ടു കാലമേറെയായി. ഈ സംഗതി എൻ്റെ ഒരു മാന്യമിത്രവും ഒരു പ്രസിദ്ധ ഗദ്യകാരനും ആത്മപോഷിണി മാനേജരുമായ ദിവ്യശ്രീ പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാച്ചവനര്‍കളോടും സത്യനാദം പത്രാധിപര്‍ എറണാകുളം കെ. പി പീറ്റര്‍ അവര്‍കളോടും മറ്റ് പല മാന്യസ്‌നേഹിതന്‍മാരോടും ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുളളതാണ്. സഹൃദയശിരോമണിയും ജാത്യാഭിമാനിയുമായ യൗസേഫ് ശെമ്മാച്ചനവര്‍ളെുടെയും മറ്റ് പല ക്രിസ്ത്യന്‍ സുഹൃത്തുക്കളുടെയും നിര്‍ബന്ധപൂര്‍വ്വമായ അപേക്ഷ ഒന്നുകൊണ്ട് മാത്രമാണ് ശ്രീമാന്‍ നാരായണമേനവനവര്‍കളില്‍നിന്ന് ഈ വിശിഷ്ടകൃതി നസ്രാണിസമുദായത്തിനു ലഭിപ്പാന്‍ ഭാഗ്യമുണ്ടായതു. മഹാമനസ്‌കനും ഭക്തകവിയുമായ മേനവനവര്‍കള്‍ സ്വഭാഷാസാഹിത്യോല്‍ക്കര്‍ഷത്തോടൊപ്പം തന്നെ ക്രിസ്തുമതസാഹിത്യാഭ്യുദയത്തേയും ഉദ്ദേശിച്ച് ഈ ഉല്‍കൃഷ്ടകൃതിയെ നസ്രാണി സമുദായത്തിനു ദാനം ചെയ്യുവാന്‍ സന്നദ്ധനായതില്‍ കൃതജ്ഞതാധനന്‍മാരായ നസ്രാണികള്‍ മേനവനവര്‍കളോട് എല്ലാകാലത്തും കൃതജ്ഞന്മാരായിരിക്കും എന്നുളളതിനു യാതൊരു സംശയവുമില്ല”. ഇതില്‍നിന്ന് കുന്നംകുളം സ്വദേശിയായ പുലിക്കോട്ടില്‍ യൗസേഫ് ശെമ്മാശൻ്റെ പ്രേരണ മഗ്ദലനമറിയമെന്ന കാവ്യസൃഷ്ടിക്കു പിന്നിലുണ്ടെന്ന ചിത്രമെഴുത്തിൻ്റെ ആമുഖം വ്യക്തമാക്കുന്നു. എന്നാല്‍ അത് എപ്രകാരമെന്ന് ലേഖനം വ്യക്തമാക്കുന്നുമില്ല. എന്നാല്‍ അതിൻ്റെ ഉത്തരം ദീര്‍ഘകാലം മലയാള മനോരമയില്‍ പ്രവര്‍ത്തിക്കുകയും ധാരാളം ഗദ്യരചനകള്‍ നിര്‍വഹലക്കുകയും ചെയ്ത പി.സി കോരുത് നല്‍കുന്നുണ്ട്. മഗ്ദലനമറിയം ഉത്ഭവചരിത്രമെന്ന അദ്ദേഹത്തിൻ്റെ ലേഖനത്തില്‍ അത് കാണാം. വളളത്തോള്‍ അന്നു തൃശൂര്‍നിന്നു പുറപ്പെട്ടിരുന്ന കേരളോദയം മാസികയുടെ പത്രാധിപരായിരുന്നു.

മഹാകവി പളളത്തുരാമൻ്റെ അച്ഛനായിരുന്നു കേരസോദയത്തിൻ്റെ ഉടമസ്ഥര്‍ എന്നുണോര്‍മ്മ. മഹാകവി കുമാരനാശാൻ്റെ ലീലയെ നഖശിഖാന്തം വിമര്‍ശിച്ചുകൊണ്ട്, മഹാകവി വളളത്തോള്‍ ഒരു നിരൂപണം കേരളോദയത്തില്‍ പ്രസിദ്ധപ്പെടുത്തി. ഇത് മാസികയുടെ ഉടമസ്ഥനെ അതൃപ്തനാക്കി. അതേതുടര്‍ന്ന് വളളത്തോള്‍ കേരളോദയവുമായുളള ബന്ധം ഉപേക്ഷിച്ച് കുന്നംകുളത്തേക്ക് താമസം മാറ്റി. ആ സന്ദര്‍ഭം ശെമ്മാശന്‍ ശരിക്കും പ്രയോജനപ്പെടുത്തി.

പ്രുമിയോന്‍ പ്രാര്‍ഥന
സുറിയാനി ക്രിസ്ത്യാനികളുടെ എല്ലാ ശുശ്രൂഷകളിലും നമസ്കാരങ്ങളിലും ഉളള ഒരു പ്രാര്‍ഥനയാണ് പ്രുമിയോന്‍-സെദറ എന്നത്. പ്രുമിയോന്‍ എന്നാല്‍ മുഖവുരയെന്നാണ് അര്‍ത്ഥം. പ്രുമിയോന്‍ എന്ന ആമുഖവും അതിനെത്തുടര്‍ന്ന് സെദറാ (അര്‍ഥം-നിര, കൂട്ടം (പ്രാര്‍ഥനകളുടെ)) എന്ന പ്രബോധനപരമായ ഒരു വിശദീകരണവും ഉള്‍ക്കൊളളുന്നതാണ് പ്രാര്‍ഥനാരീതി. പ്രുമിയോന്‍ – സെദറാകളെ ചുരുക്കി സാമാന്യമായി പ്രുമിയോന്‍ എന്നു മാത്രം പറയാറുണ്ട്. ആരാധന മാതൃഭാഷയിലാക്കണമെന്ന ഒരു താല്‍പര്യം ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തില്‍ ഓര്‍ത്തഡോക്‌സ് (മലങ്കരസഭ) സഭയില്‍ ഉണ്ടായി. കുന്നംകുളം യൗസേഫ് ശെമ്മാശന്‍ ആരാധന സ്വഭാഷയില്‍ പ്രസ്ഥാനത്തിൻ്റെ ഒരു പ്രമുഖനുമായിരുന്നു. ആ ഒരു താല്‍പര്യത്തിൻ്റെ കൂടെ പിന്‍ബലത്തില്‍ ശെമ്മാശന്‍ തൻ്റെ സഹോദരീപുത്രനായ ചെറുവത്തൂര്‍ കുറിയാക്കോസ് കത്തനാരെകൊണ്ട് പീഡാനുഭവ ആഴ്ചയിലെ പ്രുമിയോന്‍ സെദറാകള്‍ തര്‍ജമ ചെയ്യിച്ചു. എന്നാല്‍ തര്‍ജമയില്‍ ശെമ്മാശന്‍ തൃപ്തനായില്ല. ശെമ്മാശന്‍ തര്‍ജമ വളളത്തോളിനെയും കാണിച്ചു. അദ്ദേഹവും ഭാഷാശുദ്ധിയില്‍ തൃപ്തനായില്ല. തുടര്‍ന്ന് ചെറുവത്തൂര്‍ കത്തനാരും യൗസേഫ് ശെമ്മാശനും കൂടി മൂലഗ്രന്ഥത്തിലെ (സുറിയാനിയിലെ) ആശയങ്ങള്‍ വളളത്തോളിനു പറഞ്ഞുകൊടുക്കുകയും വളളത്തോള്‍ അതിന്‍പ്രകാരം മറ്റൊരു പരിഭാഷയും തയ്യാറാക്കി. പീഡാനുഭവ ആഴ്ചയിലെ വ്യാഴാഴ്ച മുതലുളള ദിവസങ്ങളിലെ പ്രാര്‍ഥനകളാണ് അപ്രകാരം തയ്യാറാക്കിയത്. ആദ്യപതിപ്പ് 1093 (1918) മേടമാസത്തില്‍ പുറത്തിറങ്ങി. പരിഭാഷയില്‍ വളളത്തോളിൻ്റെ പങ്കെന്താണന്നു ആദ്യ പതിപ്പിൻ്റെ പ്രസ്താവനയില്‍ യൗസേഫ് ശെമ്മാശന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ”മൂലത്തിലെ അന്യാദൃശ്യങ്ങളായ ആശയങ്ങള്‍ ഏതുണ്ടെങ്കിലും തര്‍ജമയില്‍ വരുത്തേണമെങ്കില്‍ സുറിയാനിഭാഷയിലും സ്വഭാഷയിലും ഒരുപോലെ പാണ്ഡിത്യമുളളവര്‍ ശ്രമിച്ചാല്‍ മാത്രമേ സാധിക്കുകയുളളുവല്ലോ. അങ്ങിനെയുളളവര്‍ വാസ്തവത്തില്‍ നമ്മുടെ ഇടയില്‍ എത്ര പേരുണ്ട്? എന്നാല്‍ എൻ്റെ മാന്യസുഹൃത്തും മലയാളത്തിലെ മഹാകവികളില്‍ സര്‍വ്വഥാ പ്രഥമഗണനീയനുമായ ശ്രീമാന്‍ വളളത്തോള്‍ നാരായണമേനോന്‍ അവര്‍കളുടെ ഔദാര്യപൂര്‍ണ്ണമായ സാഹായ്യത്താല്‍ ഈ തര്‍ജമ മൂലത്തോട് കഴിയുന്നതും അടുപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നു ഞാന്‍ ചാരിതാര്‍ഥ്യപ്പെടുന്നു.” തര്‍ജമ ചെയ്തപ്പോള്‍ മഹാകവിയുടെ ശ്രദ്ധയില്‍ പാപിനിയുടെ വൃത്താന്തം വന്നു പെട്ടു; കാരണം പീഡാനുഭവ ആഴ്ചയിലെ വ്യാഴാഴ്ച മദ്ധ്യാഹ്ന യാമത്തിലെ പ്രുമിയോൻ്റെ പ്രധാന ആശയം പാപിയായ സ്ത്രീ നടത്തിയ തൈലാഭിഷേകവും പാപവിമോചനവുമായിരുന്നു. അങ്ങനെ 1921 ജൂണില്‍ മഗ്ദലനമറിയം അച്ചടി മഷി പൂരണ്ടു.

പ്രുമിയോനും കാവ്യവും
പ്രുമിയോനും കാവ്യവും തമ്മില്‍ വളരെയധികമായ സാമ്യമാണ് പുലര്‍ത്തുന്നത്. പ്രുമിയോനിലെ ആശയങ്ങള്‍ അല്ല ചില പദങ്ങള്‍ പോലും കാവ്യത്തെയും അലങ്കരിക്കുന്നു. അവള്‍ മഹാര്‍ഹമായ തൈലത്തോടും എന്ന പ്രുമിയോനിലെ പരാമര്‍ശം മഗ്ദലനമറിയത്തിലും കാണാം.

പീന്നീടു താന്‍ കൊണ്ടുവന്ന പാത്രത്തിലെ
ദ്ധന്യമഹാര്‍ഹ സുഗന്ധതൈലം

ആശയത്തിലും വര്‍ണ്ണനയിലും അവതരണത്തിലും പ്രുമിയോനും കാവ്യവും പുലര്‍ത്തുന്ന ചില അഭൂതപൂര്‍വ്വമായ സാമ്യം പരിശോധിക്കാം. സുഗന്ധലേപനം പ്രുമിയോനില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. അമൂല്യമായ – അധര്‍മ്യമായ ദുര്‍വ്യാപാരത്താല്‍ സമ്പാദിച്ചതായ മൂറോന്‍ തൈലം അവള്‍ നിന്തിരുവടിയുടെ ശിരസ്സില്‍ തിരുമെയ്യില്‍ ഒഴുക്കി. കാവ്യത്തിലായപ്പോള്‍,

പീന്നീടു താന്‍ കൊണ്ടുവന്ന പാത്രത്തിലെ
ദ്ധന്യമഹാര്‍ഹ സുഗന്ധതൈലം
തൂകിനാളെമ്പാടും പുക്കളില്‍ത്തൂമണം
പാകിയ കര്‍ത്താവിന്‍ മൂര്‍ദ്ധാവിങ്കല്‍.

പിന്നിട് പ്രുമിയോന്‍ തുടരുന്നു, എല്ലാ ലോകത്തിൻ്റെയും പാപം വഹിപ്പാന്‍ ത്രാണിയുളള നിന്തിരുവടിയുടെ പരിശുദ്ധങ്ങളായ തൃപ്പാദങ്ങളെ അവള്‍ അശുദ്ധങ്ങളായ കൈകള്‍കൊണ്ട് പിടിച്ച് യാതൊരു മാലിന്യവുമില്ലാത്ത ഊഷ്മളസ്‌നേഹം നിമിത്തം കരഞ്ഞുകൊണ്ട് ചുംബിച്ചു. ദുഃഖം നിറഞ്ഞ കണ്ണുകള്‍കൊണ്ട് അവയെ അഭിഷേചിച്ചു. തൂവാലയ്ക്കു പകരം തലമുടികൊണ്ട് തോര്‍ത്തി. കാവ്യത്തില്‍ ഈ ഭാഗം അവതരിപ്പിക്കുന്നത്,

പങ്കമകന്ന കണ്ണീരാല്‍ക്കഴുകിയ
തങ്കത്തൃക്കാല്കളെത്താഴ്മയോടെ
നേര്‍ത്ത പട്ടിന്നു നേര്‍കണ്ട വാര്‍കൂന്തലാല്‍
തോര്‍ത്തിത്തുടച്ച, വരണ്ടിന്‍മേലും
ചെമ്പവിഴങ്ങള്‍ പതിക്കയായ് കാമിനി
തന്‍ പരിപേലവവായ്മലരാല്‍
ഇന്നു നതാംഗി, നന്‍ വക്ത്രം പവിത്രമായ്

അശുചിയായ വായെന്നു പ്രുമിയോനില്‍ രേഖപ്പെടുത്തിയതു വായ്മലരെന്നു മഹാകവി മാറ്റിയതൊഴിച്ചാല്‍ ആശയത്തില്‍ രണ്ടും ഒത്തു പോകുന്നു. വീണ്ടും പ്രുമിയോനില്‍, എൻ്റെ നാഥാ മരുഭൂമിയിലെ കൊളളരുതാത്ത കൊളളക്കാരൻ്റെ കൈയില്‍ പെട്ടിരിക്കുന്നവളും തൃകൈക്കൊണ്ട് സൃഷ്ടിക്കപ്പെട്ടവളുമായ ഈ ദാസിയെ നിന്തിരുവടി കടാക്ഷിക്കണമെ. സൂത്രക്കാരനായ പ്രാപ്പിടിയൻ്റെ അടുക്കൽനിന്നും ഈ ദാസിയെ വീണ്ടെുടുക്കണമെ. അതിനെ നിന്തിരുവടിയുടെ പഞ്ജരത്തില്‍ സാക്ഷാല്‍ വെണ്‍പിറാവും നിന്തിരുവടിയുടെ ഭവനത്തില്‍ പാതിവ്രത്യമുളള ചെങ്ങാലിപ്പിടയും നിന്തിരുവടിയുടെ ഭവനത്തിനടുക്കല്‍ പ്രിയപ്പെട്ട കുരുകില്‍പ്പിടയുമാക്കിത്തീര്‍ക്കണമെ. പാപസമുദ്രത്തിലും ദോഷക്കയത്തിലും മുങ്ങിക്കിടക്കുന്ന ഇവളെ ഉദ്ധരിക്കണമെ. എൻ്റെ നാഥാ, വിളിച്ചുകൊള്‍വിന്‍ ഞാന്‍ തുറക്കുമെന്നും യാചിച്ചുകൊള്‍വിന്‍ കിട്ടുമെന്നും നിന്തിരുവടി അരുളിചെയ്തിട്ടുണ്ടല്ലോ. ഇതാ ഞാന്‍ നിന്തിരുവടിയുടെ വാതില്‍ക്കല്‍ മുട്ടുന്നു. വിളി കേള്‍ക്കണമെ. ഞാന്‍ അടിമപ്പെട്ടതുകൊണ്ട് എൻ്റെ സര്‍വ്വാപരാധവും ക്ഷമിക്കണമെ. കാവ്യത്തില്‍ ഈ ആശയം വളരെ പ്രകടമാണ്,

തദ്ഗളത്തിങ്കല്‍നിന്നുദ്ഗതമായ് പിന്നെ
ഗ്ഗദ്ഗദം പൂണ്ടൊരു വീണാഗാനം
നാഥാ തവാജ്ഞകള്‍ കേട്ടു നടക്കാതെ
നാനാപരാധങ്ങള്‍ ചെയ്തുപോയ് ഞാന്‍
ശാസിതാവായോനേ, സര്‍വ്വം ക്ഷമിച്ചു, തന്‍
ദാസിയെത്തൃക്കാല്‍ക്കല്‍ നിര്‍ത്തേണമെ.
മുട്ടുവിന്‍ വാതില്‍ തുറക്കു മെന്നങ്ങുന്നു
പട്ടാങ്ങമായ്‌ചൊന്നതോര്‍ത്തുകൊണ്ടേ
താവകാനുഗ്രഹദ്വാരത്തില്‍ മുട്ടുമീ
പ്പാവത്തിനേകുകിങ്ങുള്‍പ്രവേശം
അല്ലല്‍പ്പെരുങ്കടല്‍ക്കല്ലോലമാലയില്‍-
ത്തെല്ലല്ലലഞ്ഞു കുഴങ്ങുന്നു ഞാന്‍
ഏഴയാമെന്നെക്കരേറ്റുവാന്‍ മറ്റാരു-
ണ്ടാ,ഴിക്കുമീതേ നടന്നവനേ
ലീലയാ കണ്ടു ചിരിപ്പാനായ് വഞ്ചകന്‍
മേലേ വിരിച്ചിട്ട പുല്പരപ്പില്‍
മേയാനായ്‌ച്ചെന്നൊരു പെണ്‍മാന്‍ നിരാലംബ-
യായിതാ, വീണുപോയ് മുള്‍ക്കുഴിയില്‍
——————————————————-
ദുഷ്ടപ്പരുന്തിൻ്റെ വായില്‍നിന്നീ ഗതി-
കെട്ട കപോതിയെദ്ദീനബന്ധോ,
അഞ്ജസാ വീണ്ടെടുത്തെന്‍ തിരുമേനി തന്‍
പഞ്ജരം തന്നിലണയ്‌ക്കേണമെ.

പ്രുമിയോനിലെ ആശയത്തെക്കാള്‍ ബൈബിളിനെതന്നെ കവി ആശ്രിയിക്കുന്ന ഒരു ഭാഗവും ഉണ്ട്. പ്രുമിയോനില്‍, സ്ത്രീയെ പൊയ്‌കൊള്‍ക, നിനക്ക് എങ്കല്‍ അതിയായ ഭക്തി തോന്നിയല്ലോ. അതിനാല്‍ നിൻ്റെ പാപങ്ങളെ ഞാന്‍ ക്ഷമിച്ചിരിക്കുന്നു. കാവ്യത്തില്‍,

പൊയ്‌ക്കൊള്‍ക പെണ്‍കുഞ്ഞേ, ദുഃഖം വെടിഞ്ഞു നീ-
യുള്‍ക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോള്‍പ്പാതകം ചെയ്തതിനൊക്കെയു-
മിപ്പശ്ചാത്താപമേ പ്രായശ്ചിത്തം.

നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന ബൈബിള്‍ വാക്യമാണ, നിനക്ക് എന്നില്‍ അതിയായ ഭക്തി തോന്നിയല്ലോ എന്ന പ്രുമിയോനിലെ പരാമര്‍ശത്തെക്കാള്‍ കവിക്ക് തൃപ്തികരമായത്.

പ്രുമിയോനില്‍ ഒരിടത്തും പാപിയായ സ്ത്രീയുടെ പേര് മറിയയാണെന്നു പറയുന്നില്ല. മഗ്ദലനമറിയം പാപിയായ സ്ത്രീയാണെന്നുളള ഒരു പരാമര്‍ശവും പൗരസ്ത്യ സഭാപിതാക്കന്‍മാരുടെ രചനകളില്‍ ഉണ്ടെന്നും തോന്നുന്നില്ല. എന്നാല്‍ കാവ്യത്തില്‍ ഒരിടത്തു മറിയ എന്ന പേര് കവി പരാമര്‍ശിക്കുന്നുണ്ട്.
കേഴുക കേഴുക മാന്യേ മറിയമേ
കേഴുവോര്‍ക്കാശ്വാസമേകുമീശന്‍
എന്നാല്‍ ആദ്യം കവി എഴുതിയത്,
കേഴുക കേഴുക കേഴമാന്‍ കണ്ണാളെ
കേഴുവോര്‍ക്കാശ്വാസമേകുമീശന്‍

എന്നായിരുന്നുവെന്നും ഒന്ന് രണ്ട് പതിപ്പുകള്‍ക്കുശേഷം പുസ്തകത്തിൻ്റെ പേരിലല്ലാതെ കാവ്യത്തില്‍ നായികയുടെ പേരില്ല എന്ന വിമര്‍ശനത്തെതുടര്‍ന്നാണ് കവി അങ്ങനെ മാറ്റം വരുത്തിയതെന്നും കോരുത് രേഖപ്പെടുത്തുന്നു. വളളത്തോള്‍ കാവ്യങ്ങളില്‍ രണ്ട് പേരുകള്‍ പുതുമയല്ലായിരുന്നു. (ഉദാ: ചിത്രയോഗം അഥവാ താരാവലി ചന്ദ്രസേനം, ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം) അങ്ങനെ മഗ്ദലനമറിയം അഥവാ പശ്ചാത്താപമേ പ്രായശ്ചിത്തം രചിക്കപ്പെട്ടു. സുന്ദരകാവ്യം വ്യാപകമായി പ്രചരിക്കപ്പെട്ടു. വാഴ്ത്തപ്പെട്ടു. മലയാള ഖണ്ഡകാവ്യങ്ങള്‍ക്കിടയില്‍ ഒരു ശാശ്വതസ്ഥാനം മഗ്ദലനമറിയം ഉറപ്പിച്ചു.

ഒരു വിമര്‍ശനവും
കാവ്യം വാഴ്ത്തപ്പെട്ടപ്പോഴും അതിലെ ഒരു കല്‍പന വിമര്‍ശനവിധേയമായി. പശ്ചാത്താപവിവശയായി കണ്ണുനീര്‍ പൊഴിച്ചു നീങ്ങുന്ന സ്ത്രീയെ കവി ഒരു മാദകസുന്ദരിയായി അവതരിപ്പിക്കുന്നു.
നീളെയുത്തുംഗമാം മാര്‍ത്തട്ടുലയുന്നു
തോളണിത്തൂവെളളച്ചേലയ്ക്കുളളില്‍
കെട്ടഴിഞ്ഞോമനപൃഷ്ഠഭാഗത്തേയും
മൂടിക്കിടക്കുന്നു, മുഗ്ദ്ധമാം കാര്‍കുഴല്‍
നീടുറ്റ നീലത്തഴയ്ക്കു തുല്യം

വിമര്‍ശനവിധേയമായ ഒരു ഭാഗമാണിത്. പശ്ചാത്താപത്താല്‍ നീറിയ മനസുമായി രക്ഷാസൗധം തേടുന്ന മറിയയില്‍ ഇത്രയേറ മാദകത്വം ആരോപിക്കുന്നത് കവിതയെ അതിൻ്റെ പൂര്‍ണ്ണലക്ഷ്യം പ്രാപിക്കുന്നതില്‍ നിന്ന് വിലക്കുന്നു എന്നതായിരുന്നു വിമര്‍ശനത്തിൻ്റെ കാതല്‍.
പ്രൊഫ. ജോസഫ് മുണ്ടശേരി എഴുതിയത്,

പങ്കമകന്ന കണ്ണീരാല്‍ക്കഴുകിയ
തങ്കത്തൃക്കാല്കളെത്താഴ്മയോടെ
നേര്‍ത്ത പട്ടിന്നു നേര്‍കണ്ട വാര്‍കൂന്തലാല്‍
തോര്‍ത്തിത്തുടച്ച, വരണ്ടിന്‍മേലും
ചെമ്പവിഴങ്ങള്‍ പതിക്കയായ് കാമിനി
തന്‍ പരിപേലവവായ്മലരാല്‍
ഇന്നു നതാംഗി, നന്‍ വക്ത്രം പവിത്രമായ്
ഇന്നു നിന്‍ ചുംബനം സ്ഥാനത്തായി

ഇവിടെ കീഴ്വരയിട്ടവരികള്‍ എത്ര മനേഹാരങ്ങളായാലും എത്രയ്ക്കു ഭക്തിഭാവ പരിണാമസൂചകങ്ങളായി ഉദ്ദേശിക്കപ്പെട്ടാലും തല്‍ പൂര്‍വവര്‍ണിതമായ ശൃംഗാരത്തില്‍നിന്നു വായനക്കാരെ വൃപനയിക്കാവാന്‍ മതിയായിട്ടില്ല. മറിയത്തിൻ്റെ സൗന്ദര്യവും അതിനോടു കവിക്കുളള ആദരാതിശയവും വീണ്ടും തലപൊന്തിക്കും പോലെ തോന്നും… ഓമലാളുടെ ആ തൃക്കഴല്‍ ചുംബിക്കലുമൊക്കെ ആ സൗന്ദര്യാദരത്തെ ഊതിപ്പിടിപ്പിക്കുന്നില്ലെ…. ശൃംഗാരത്തില്‍നിന്നൂളിയിട്ടു ഭക്തിഭാവത്തിലേക്കു കടക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ തന്നെയും പശ്ചാത്താപാദികളുടെ വര്‍ണ്ണനയില്‍ വളളത്തോള്‍ പിന്നിലാവാനേ വഴിയുളളു.

ചുരുക്കത്തില്‍ പശ്ചാത്താപമെന്ന പ്രധാനാശയത്തെ ശൃംഗാരരസപ്രധാന വര്‍ണ്ണനകള്‍ ചെറിയ തോതിലെങ്കിലും പിന്നിലാക്കുന്നു. ആ വിമര്‍ശനം ഉള്‍ക്കൊണ്ട് പരിഗണിക്കുമ്പോഴും മഗ്ദലനമറിയം അതിൻ്റെ രചനാഭംഗികൊണ്ടും പ്രമേയസൗകുമാര്യംകൊണ്ടും അനശ്വരമായി നിലകൊളളുന്നു.

വളരെ ചെറിയ ഒരു കഥാസന്ദര്‍ഭത്തെ മാത്രം കൈമുതലാക്കി മഹാകവി നിര്‍മ്മിച്ചെടുത്തത് ഒരു ദന്തഗോപുരമാണ്. മനോഹരമായ ചിത്രവേലകളാല്‍ അലങ്കരിച്ച ആ കമനീയഗോപുരം നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും കറപുരളാതെ, പൊടിപിടിക്കാതെ നിലനില്‍ക്കുന്നു. ഇനിയൊരു നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിനൊട്ടും ന്യൂനത സംഭവിക്കുകയില്ലായെന്നതും സ്പഷ്ടം

അവലംബം
മഗ്ദലനമറിയം. വളളത്തോള്‍ നാരായണമേനോന്‍-വിവിധ പതിപ്പുകള്‍
മഗ്ദലനമറിയം പ്രൊഫ. ജോസഫ് മുണ്ടശേരി
മഗ്ദലനമറിയം ഉത്ഭവചരിത്രം പി.സി. കോരുത്
പീഡാനുഭവാഴ്ചയിലെ പ്രുമിയോന്‍ വിവിധ പതിപ്പുകൾ

ഡെറിൻ രാജു

Facebook
error: Thank you for visiting : www.ovsonline.in