OVS - Latest NewsOVS-Kerala News

മട്ടാഞ്ചേരി കൂനന്‍കുരിശ് പഴയ സുറിയാനി പള്ളിയില്‍ കല്‍ക്കുരിശ് പുനപ്രതിഷ്ടിച്ചു

മട്ടാഞ്ചേരി: പൂര്‍വ്വിക സ്മരണ എന്നും നിലനിര്‍ത്തണമെന്നും സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി സെന്‍റ് ജോര്‍ജ്ജ് ഒാര്‍ത്തഡോക്സ് കൂനന്‍കുരിശ് പഴയ സുറിയാനി പള്ളിയില്‍ 363-ാം കൂനന്‍കുരിശ് സത്യ സ്മരണ ദിനത്തോടനുബന്ധിച്ച് കല്‍ക്കുരിശ് പുനപ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

പഴമയെ പലപ്പോഴും നാം വേണ്ടതുപോലെ തിരിച്ചറിയാറില്ല. മലങ്കര നസ്രാണിമാരുടെ ശൗര്യം നമുക്ക് ബോധ്യപ്പെടണമെങ്കില്‍ മൂന്ന് നൂറ്റാണ്ട് മുന്‍പ് എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്ന് അറിയണം. അതിന്‍റെ സ്മരണ ഇവിടെ വരുമ്പോള്‍ നമുക്ക് ലഭിക്കും. മലങ്കര നസ്രാണികള്‍ വിദേശ മേധാവിത്വത്തിനെതിരെ ഗര്‍ജ്ജിച്ചുകൊണ്ട് പ്രതിജ്ഞയെടുത്തു. പൂര്‍വ്വികരുടെ തീക്ഷ്ണതയും ശുഷ്കാന്തിയും മലങ്കര സഭയ്ക്ക് ഇന്നും പ്രചോദനമാണെന്ന് ബാവ പറഞ്ഞു .
വികാരി ഫാ. ബെഞ്ചമിന്‍ തോമസ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, അഡ്വ. ശിവന്‍ മഠത്തില്‍, ടി.എസ്. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എം.എസ് യൂഹാനോന്‍ റമ്പാന്‍ കുര്‍ബ്ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. ഡോ. എം. കുര്യന്‍ തോമസ് കൂനന്‍കുരിശ് സത്യം അനുസ്മരണ പ്രസംഗം നടത്തി.