OVS - Latest NewsOVS-Kerala News

ദേശീയ മെഡൽ ജേതാവ് നീനയ്ക്ക് വീട് നിർമിച്ച് നൽകാൻ ഓർത്തഡോക്സ് സഭ

മേപ്പയൂർ (കോഴിക്കോട്): വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ നീനയ്ക്ക് ഓർത്തഡോക്സ് സഭയുടെ കൈത്താങ്. സുവർണ കായിക താരം വരകിൽ നീനയ്ക്ക് മൂന്നു മാസത്തിനുള്ളിൽ സഭ വീടു വച്ചു നൽകും. മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ‍‍ഡോ. സഖറിയ മാർ തെയോഫിലോസ് നീനയുടെ വീടു സന്ദർശിച്ചപ്പോഴാണ് ഇക്കാര്യമറിയിച്ചത്.

ആകെയുള്ള ആറ് സെന്റ് സ്ഥലത്തെ ചിതലരിച്ച വീട് വാസയോഗ്യമല്ലാത്തതിനാൽ പൊളിച്ചുമാറ്റിയിരുന്നു. ഇപ്പോൾ മൺകട്ടകൾ കൊണ്ടുണ്ടാക്കിയ ഓലഷെഡിലാണ് താമസം. നീനയ്ക്ക് കിട്ടിയ മെഡലുകളെല്ലാം അയൽവീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കർഷക തൊഴിലാളിയായ നീനയുടെ അച്ഛൻ നാരായണനും അമ്മ പ്രസന്നയും വീട്ടിലെത്തിയ തിരുമേനിയെ സ്വീകരിച്ചു.മൂന്ന് മാസത്തിനുള്ളിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീട് പണിത് നൽകുമെന്ന് നീനയുടെ അച്ഛനെ തിരുമേനി അറിയിച്ചു. രണ്ടു കിടപ്പു മുറികളും ഡൈനിങ് ഹാളും അടുക്കളയുമുള്ള വീടാണു നിർമിക്കുക. യുഎസിലെ Icon Charities ന്റെ സഹായത്തോടെയാണ് ഭവന നിർമാണം. വീട്ടിൽ കണ്ട സഹോദരീ പുത്രൻ അംഗവൈകല്യമുള്ള നാലു വയസ്സുകാരൻ ദേവപ്രയാഗിന്റെ ചികിത്സാ ചെലവും വഹിക്കാമെന്ന് തിരുമേനി അറിയിച്ചു.

കഴിഞ്ഞ വർഷം ദേശീയ ഗെയിംസിൽ നീന സ്വർണം നേടിയപ്പോൾ വീടു നിർമിച്ചുനൽകാമെന്ന വാഗ്ദാനം സർക്കാർ നൽകിയിരുന്നു. എന്നാൽ പിന്നീട് നടപടിയൊന്നും ഉണ്ടായില്ലെന്നു മാത്രം. ചെന്നൈയിൽ നടന്ന ദേശീയ സീനിയർ നാഷനലിലെ കിരീട നേട്ടം നീന ഹൈദരാബാദിലും ആവർത്തിക്കുകയായിരുന്നു.കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ പിന്നിട്ട 6.39 മീറ്ററാണ് ഇതേവരെയുണ്ടായിരുന്ന മികച്ച പ്രകടനം. ഹൈദരാബാദിൽ പിന്നിട്ടത് 6.45 മീറ്റർ. റെയിൽവേയിൽ ജൂനിയർ ടിടിഇയായ നീനയ്ക്ക് ഗുജറാത്തിലെ രാജ്കോട്ടാണു ജോലി.