OVS - Latest NewsOVS-Kerala News

പരുമല പെരുന്നാളിന് പ്ലാസ്‌റ്റിക് വർജിക്കണമെന്ന സന്ദേശം തീർഥാടകർക്ക് നൽകണമെന്ന് മന്ത്രി മാത്യു ടി. തോമസ്

പരുമല :- പെരുന്നാളിന് പ്ലാസ്‌റ്റിക് വർജിക്കണമെന്ന സന്ദേശം തീർഥാടകർക്ക് പള്ളികളിലൂടെ നൽകണമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പരുമല പെരുന്നാളിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ നടന്ന ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു. പെരുന്നാളിനു മുൻപ് മാന്നാർ പാലത്തിന്റെ ഇരുവശങ്ങളിലും നവീകരണം നടത്തണം. മാവേലിക്കര–തിരുവല്ല–ചെങ്ങന്നൂർ വഴിയുള്ള റോഡുകളുടെ ശോച്യാവസ്‌ഥ പരിഹരിക്കണം.

റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടിത്തെളിക്കണം. തെരുവ് വിളക്കുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തണം. പെരുന്നാൾ ദിവസങ്ങളിൽ പരുമല പള്ളിയും പരിസരപ്രദേശങ്ങളും യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കും. തീർഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. പ്രത്യേക സർവീസിന് ബസ് അനുവദിക്കുന്നതിനായി എംഎൽഎമാർ മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നൽകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പടെയുള്ള മെഡിക്കൽ സംഘം പെരുന്നാൾ ദിവസമായ നവംബർ ഒന്നിനും രണ്ടിനും പള്ളിയിലുണ്ടാവും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ പ്രഥമശുശ്രൂഷാ സംഘം പ്രവർത്തിക്കും.

പെരുന്നാളിനു മുൻപ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം ഹോട്ടലുകളിൽ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുമുണ്ടാകും. ഗതാഗതം നിയന്ത്രിക്കുന്നതിനും ശക്‌തമായ സുരക്ഷയൊരുക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. ബൈക്ക് മൊബൈൽ പട്രോളിങ് ഏർപ്പെടുത്തും. പള്ളിക്കുള്ളിൽ പ്രത്യേക മഫ്‌തി സ്‌ക്വാഡ് ഉണ്ടാവും. മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിൽ നാല് ഫ്ലൈയിങ് സ്‌ക്വാഡുകൾ പ്രവർത്തിക്കും.

അഗ്നിശമനസേനയുടെ പ്രത്യേക സംഘവും പരുമല പള്ളിയിലുണ്ടാവും. എംഎൽഎമാരായ വീണാ ജോർജ്, കെ.കെ. രാമചന്ദ്രൻ നായർ, പത്തനംതിട്ട ജില്ലാ കലക്‌ടർ ആർ. ഗിരിജ, ആലപ്പുഴ ജില്ലാ കലക്‌ടർ വീണാ എൻ. മാധവൻ, ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, ഡപ്യുട്ടി കലക്‌ടർ (ദുരന്ത നിവാരണം) ജി. ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.