OVS - Latest NewsOVS-Kerala News

ഒരേക്കർ സ്വന്തം ഭൂമി 20 പേർക്ക് ദാനം ചെയ്തു വൈദികൻ

നിലമ്പൂർ :- ഒരു സെന്റ് ഭൂമിക്കുവേണ്ടി പോലും മനുഷ്യൻ പടവെട്ടുന്ന ഇക്കാലത്ത് ഒരു കോടി രൂപ വിലമതിക്കുന്ന ഒരേക്കർ സ്വന്തം ഭൂമി 20 ഭവനരഹിതർക്കു ദാനം ചെയ്തു വൈദികശ്രേഷ്ഠൻ അപൂർവ മാതൃകയാകുന്നു.

ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം മുൻ സെക്രട്ടറിയും അകമ്പാടം, പനമണ്ണ് സെന്റ് മേരീസ് പള്ളികളുടെ വികാരിയുമായ ഫാ. മാത്യൂസ് വാഴക്കൂട്ടത്തിലാണ് ആയിരങ്ങളിൽ ഒരുവനായി മാറുന്നത്. അമരമ്പലം പഞ്ചായത്തിൽ രാമംകുത്ത് തൊണ്ടിയിൽ പത്തു വർഷം മുൻപാണ് മാത്യൂസച്ചൻ ഒരേക്കർ 40 സെന്റ് ഭൂമി വാങ്ങിയത്.

വെള്ളം, വൈദ്യുതി, റോഡ് സൗകര്യങ്ങളെല്ലാം ഉണ്ട്. ഇപ്പോഴത്തെ വില പ്രകാരം ഏക്കറിന് ഒരു കോടി വിലമതിക്കും. റബർ മരങ്ങൾ ടാപ്പ് ചെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചുറ്റിലും നൂറോളം തേക്കുകളുണ്ടായിരുന്നു. ഒരേക്കർ ഭൂമി നാലു സെന്റ് വീതമുള്ള 20 പ്ലോട്ടുകളാക്കി. സാംസ്കാരിക കേന്ദ്രത്തിന് അഞ്ചു സെന്റും പൊതുകിണർ, ജലസംഭരണി എന്നിവയ്ക്കായും സ്ഥലം മാറ്റിവച്ചു.

എല്ലാം പ്ലോട്ടുകളിലേക്കും വഴിയുണ്ട്. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ വിധവകൾ, മാറാരോഗികൾ തുടങ്ങിയ പരിഗണനവച്ചു നാട്ടുകാരുടെ കമ്മിറ്റിയാണ് അർഹരെ കണ്ടെത്തിയത്. സ്ഥലത്തു സ്വയംതൊഴി‍ൽ സംരംഭത്തിനും പദ്ധതിയുണ്ട്. മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് വീടുനിർമാണത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമ്പാദ്യം മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുമെന്നാണ് ഫാ. മാത്യൂസിന്റെ നിലപാട്. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ വേറെ ഭൂമിയില്ല. കുളക്കണ്ടത്ത് സഹോദരിയുടെ ഒരേക്കറിൽ വീടുവച്ചാണു താമസം. ഭാര്യ ജെസി മറിയം രാമംകുത്ത് പിഎംഎസ്എ യുപി സ്കൂൾ പ്രധാനാധ്യാപികയാണ്. മൂത്തമകൾ സെറിൻ എംബിബിഎസ് വിദ്യാർഥിനിയാണ്. രണ്ടാമത്തെയാൾ ആൻ മെറിൻ പ്ലസ്‌ വണ്ണിലാണ്.