OVS-Kerala News

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം ക്രിസ്തുമസ് ദിനാഘോഷം നിർദ്ധനരും വികലാംഗരുമായ കുട്ടികളോടൊപ്പം

പിറവം : ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ക്രിസ്തുമസ് ദിനാഘോഷം നുഹ്റോ ദ് ബേതേലേഹം പിറമാടം പ്രത്യാശ ഭവനിലെ വികലാംഗരും നിർദ്ധനരുമായ കുട്ടികളോട് ഒപ്പം ആഘോഷിക്കും. 2017 ഡിസംബർ 30 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ജോമോൻ ചെറിയാൻ അധ്യക്ഷത വഹിക്കും .

യുവജനങ്ങളിലെ ആശയ വിനിമയ നിപുണത – വേദപുസ്തക വെളിച്ചത്തിൽ എന്ന വിഷയത്തിൽ അജി വർഗീസ് ബെത്തേരി ക്ലാസ്സ് നയിക്കും. ഭദ്രാസന സെക്രട്ടറി സി.എം.കുര്യാക്കോസ് ക്രിസ്തുമസ് -പുതുവൽസര സന്ദേശവും നൽകും. തുടർന്ന് ഒന്നാം സമ്മാനം 3001 രൂപയും ട്രോഫിക്കും ,രണ്ടാം സമ്മാനം 2001 രൂപയും ട്രോഫിക്കും വേണ്ടിയുള്ള ഭദ്രാസന യുവജനപ്രസ്ഥാന യുണിറ്റുകൾ മാറ്റുരയ്ക്കുന്ന കരോൾ മൽസരവും നടക്കും. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധനരായ രണ്ട് കുടുംബങ്ങൾക്ക് ചികിൽസഹായവും നൽകുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന ഭാരവാഹികളായ ഫാ. ജോമോൻ ചെറിയാൻ ,ഗിവീസ് മർക്കോസ് എന്നിവർ പറഞ്ഞു. ചടങ്ങിൽ ഭദ്രാസന വൈദീകരും യുവജനപ്രസ്ഥാനം കേന്ദ്ര -ഭദ്രാസന ഭാരാവാഹികളും പങ്കെടുക്കും .