സഭ സമാധാനം ആഗ്രഹിക്കുന്നു, സുപ്രീം കോടതി വിധി എല്ലാ പള്ളികൾക്കും ബാധകം ആണ് : സഭാ സുന്നഹദോസ്
കോട്ടയം∙ മലങ്കര സഭ ഒന്നേ ഉള്ളു, സഭ സമാധാനം ആഗ്രഹിക്കുന്നു, എല്ലാരും കോടതി വിധി അനുസരിച്ച് യോജിപ്പിലേക്ക് വരണം. ഈ വിധി എല്ലാ പള്ളികൾക്കും ബാധകം ആണ്. കോടതി വിധി അംഗീകരിക്കാതെ മലങ്കര സഭാംഗമെന്ന് അവകാശപ്പെടാൻ സാധിക്കില്ല. മലങ്കര സഭാ അംഗമാണെങ്കിലേ മതപരമായ അവകാശങ്ങൾ നേടാൻ കഴിയൂ. സമാധാനത്തിനായി ഓർത്തഡോക്സ് സഭ മുൻകയ്യെടുക്കാന്‍ തയ്യാറാണെന്നും സുന്നഹദോസ് യോഗത്തിനു ശേഷം കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ്, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് എന്നിവർ പറഞ്ഞു.
മലങ്കര സഭയിലെ സമാധാന ശ്രമങ്ങൾക്കായി ആവശ്യമെങ്കിൽ സമിതികൾ രൂപീകരിക്കാനും, പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായി ചർച്ച നടത്താനും മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സന്നദ്ധമാണ്. സർക്കാരുമായും യാക്കോബായ സഭയുമായും ചർച്ചയ്ക്കുള്ള സമിതിയെ നിയോഗിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഇതു സംബന്ധിച്ച കൽപന പുറത്തിറക്കും. സഭയുടെ കീഴിലുള്ള ദേവാലയങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ ഏകീകരിക്കാനും കൽപന പുറപ്പെടുവിക്കും.
കോടതി വിധിയുടെ പകർപ്പു ലഭിക്കുന്നതിനു മുൻപുതന്നെ സംസ്ഥാന സർക്കാരുമായി ഓർത്തഡോക്സ് സഭ ചർച്ച നടത്തി. തുടർ നടപടികൾ എടുക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. വിധിപ്പകർപ്പു ലഭിച്ച സാഹചര്യത്തിൽ കാതോലിക്കാ ബാവാ നിയോഗിക്കുന്ന സംഘം സർക്കാരുമായി ചർച്ച നടത്തുമെന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു.
കോടതി വിധി അംഗീകരിക്കാനുള്ള സമീപനമാണ് അനൗദ്യോഗികമായി ഇതുവരെയും യാക്കോബായ സഭയിൽ നിന്നു ലഭിച്ചിരിക്കുന്നതെന്നും ഇതു പ്രതീക്ഷയേകുന്നുണ്ടെന്നും മെത്രാപ്പൊലീത്തമാർ പറഞ്ഞു.