OVS - Latest NewsOVS-Kerala News

അഖില മലങ്കര ബാലസമാജം വാര്‍ഷിക ക്യാമ്പ് പത്തനാപുരത്ത്

കൊല്ലം   : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം 34- ാം വാര്‍ഷിക ക്യാമ്പ് ഒക്‌ടോബര്‍ 10, 11, 12 തീയതികളിലായി പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ നടക്കും. 10-ന് രാവിലെ 10 മണിക്ക്  ചേരുന്ന  സമ്മേളനത്തില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം  ചെയ്യും.അഖില മലങ്കര ഓര്‍ത്തഡോക് സ്  ബാലസമാജം പ്രസിഡന്‍റ്  നിലക്കല്‍ ഭദ്രാസനാധിപന്‍  ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷം വഹിക്കും.

അടൂര്‍- കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മൗണ്ട് താബോര്‍ ദയറ സുപ്പീരിയര്‍ വെരി.റവ.ജോസഫ് റമ്പാന്‍, അടൂര്‍-കടമ്പനാട് ഭദ്രാസന സെക്രട്ടറി റവ.ഫാ.തോമസ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ.ഫാ.ഡോ.ജേക്കബ് കുര്യന്‍, ഫാ.തോമസ് പി.മുകളില്‍, ഫാ.ഡോ.റെജി മാത്യു, ഫാ.മാത്യു തോമസ്, ഫാ.ജോണ്‍ സാമുവേല്‍, ഫാ.സ്‌പെന്‍സര്‍ കോശി, ഡീക്കന്‍ ബിദീഷ് മാത്യു, ഡോ.ബിജു ജേക്കബ്, മിന്റാ മറിയം വര്‍ഗീസ്, മെര്‍ലിന്‍ ജെസ്സ് എബി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കുന്നതും ധ്യാനം നയിക്കുന്നതും ഗാനപരിശീലനം നിര്‍വ്വഹിക്കുന്നതുമാണ്.സ്ഥാനം ഒഴിഞ്ഞ ഭാരവാഹികളെ സമ്മേളനത്തില്‍ ആദരിക്കും

12-ന് 10 മണിക്ക് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ സണ്ടേസ്‌കൂള്‍ പ്രസിഡന്റും കൊച്ചി ഭദ്രാസനാധിപനുമായ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.

ഒരു ഇടവകയില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. മൗണ്ട് താബോര്‍ ദയറ സെക്രട്ടറി ഫാ.കെ.വി.പോള്‍, ഫാ.ജെയിംസ് മര്‍ക്കോസ്, വര്‍ഗീസ് തരകന്‍, ലാന്‍സി തരകന്‍, ഷൈജു ജോണ്‍, ജേക്കബ് തോമസ്, ആനി ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് ക്യാമ്പിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി വരുന്നു.