OVS - ArticlesOVS - Latest News

പരിശുദ്ധ പരുമല തിരുമേനിയുടെ സന്നിധിയിലേക്കുള്ള പദയാത്രകൾ

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിലേക്ക് അനേകായിരങ്ങൾ പദയാത്രയായി എത്തുന്ന പുണ്യദിനങ്ങളാണ് പരുമല പെരുനാളിന്റെ ദിവസങ്ങൾ. പെരുനാൾ ദിനങ്ങളിൽ അല്ലാതെയും ധാരാളം ഭക്തർ കാൽനടയായി വിശുദ്ധന്റെ കബറിങ്കലേക്ക് എത്താറുണ്ട്. രോഗസൗഖ്യത്തിനും കുഞ്ഞുങ്ങളുടെ നന്മയ്ക്കും കുടുംബസമാധാനത്തിനും ഉപജീവനമാർഗം തെളിയാനും വിശ്വാസികൾ കബറിങ്കലേക്കു നടന്നുവരിക പതിവാണ്. ആണ്ടിലൊരിക്കലെങ്കിലും യെരുശലേം ദേവാലയത്തിലേക്കു പോകാൻ യഹൂദന്മാർ കാട്ടിയിരുന്ന ഉൽസാഹത്തോടെയാണ് മലങ്കരയിലെ ജനങ്ങൾ പരുമലയിലേക്കു വരുന്നത്. യേശുതമ്പുരാന്റെ പരസ്യശുശ്രൂഷ മുഴുവൻ തന്റെ ശിഷ്യന്മാരോടൊത്തുള്ള പദയാത്രയായിരുന്നു. അതുകൊണ്ട് പരുമല പെരുനാളിനോടനുബന്ധിച്ചുള്ള പദയാത്രകളെ വളരെ ഗൗരവമായ ഒരു ആത്മീയ അനുഭവമാക്കി മാറ്റാൻ സർവരും ചിന്തിക്കേണ്ടതാണ്.

ഉൽപത്തി പുസ്തകം ഇരുപത്താറാം അധ്യായത്തിൽ ദൈവത്തിന്റെ വിളി കേട്ട് അതനുസരിച്ച് ഏറ്റവും സ്നേഹിക്കുന്ന യിസഹാക്കിനെയുംകൊണ്ടു മോറിയാദേശത്തേക്ക് അബ്രഹാം പോയത് തീർഥാടകർ ഓർത്തിരിക്കേണ്ട വേദഭാഗമാണ്. തീർഥാടനം ദൈവത്തോടുള്ള അനുസരണത്തിന്റെ പ്രതീകമായ യാഗത്തിനും ആരാധനയ്ക്കുമുള്ള നമ്മുടെ നിശ്ചയത്തെ സൂചിപ്പിക്കുന്നു. യാഗാർപ്പണത്തിനായി മകനെയുംകൊണ്ടു മോറിയാമലയിലേക്കുള്ള യാത്ര അബ്രഹാമിനെ സംബന്ധിച്ചിടത്തോളം മനോവിഷമത്തോടെയുള്ള കഠിനയാത്രയായിരുന്നു. മൂന്നാംദിവസം ദൂരത്തുനിന്നു മോറിയാദേശം കണ്ടപ്പോൾ ബാല്യക്കാരെ അവിടെയിരുത്തി, ‘‘ഞാനും ബാലനും അവിടുത്തോളം ചെന്ന് ആരാധനകഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞ്’’ അബ്രഹാമും യിസഹാക്കും ആരാധനയ്ക്കായി മലയിലേക്കു കയറിപ്പോയി. ഒരു തീർഥാടകന്റെ ഏറ്റവും പരമമായ ലക്ഷ്യം ആരാധനയായിരിക്കണം. നമ്മുടെ ഉള്ളിൽ ജീവിതത്തിന്റെ കടുത്ത പ്രയാസങ്ങൾ ഉണ്ടായാലും, ആരോടും പറയാൻ സാധ്യമല്ലാത്ത വിഷമങ്ങൾ നിറഞ്ഞിരുന്നാലും, തീർഥാടകന്റെ ശരീരം ക്ഷീണംകൊണ്ടു തളർന്നാലും അയാളുടെ ലക്ഷ്യം ആരാധനയിൽ സംബന്ധിക്കുക എന്നുള്ളതായിരിക്കണം.

കഠിനമായ പ്രതിസന്ധികളോടെയായിരിക്കാം പരുമല തിരുമേനിയുടെ മധ്യസ്ഥതയ്ക്കായി നമ്മൾ പദയാത്ര നടത്തി പരുമലയിൽ എത്തുന്നത്. അതിന്റെ പ്രതിഫലം ദൈവം തരും എന്നുള്ളതിൽ തർക്കമില്ല. അബ്രഹാമിന്റെ വിശ്വാസജീവിതത്തിലെ കഠിനമായ ഒരു പരിശോധനയ്ക്കു ശേഷം യാഗത്തിനുള്ള ആട്ടിൻകൊറ്റനെ തന്റെ മകനു പകരമായി ദൈവം മുള്ളുകൾക്കിടയിൽ നൽകിയതു നമ്മൾക്കു ബലമായിരിക്കണം. ജീവിതം ഏതു മുള്ളുകൾക്കിടയിലായിരുന്നാലും വിശ്വാസത്തോടെ പരിശുദ്ധന്റെ കബറിങ്കൽ വരുന്നവർക്കു ദൈവം പ്രതിഫലം ഒരുക്കിയിട്ടുണ്ട്. എന്നാൽ അവിടെയെത്തി ആരാധനയും നേർച്ചകാഴ്ചകളും അർപ്പിക്കുക എന്നതു വിശ്വാസത്തോടുകൂടിയ പ്രധാനപ്പെട്ട ലക്ഷ്യമായിരിക്കണം. പരിശുദ്ധന്റെ കബറിങ്കൽ അണഞ്ഞ് പ്രാർഥിക്കുകയും അവിടെയുള്ള ധ്യാനങ്ങളിലും വിശുദ്ധ കുർബാനയിലും ആത്മാർഥമായി സംബന്ധിക്കുന്നതും പദയാത്രികന്റെ വിലപ്പെട്ട ലക്ഷ്യമാ യിരിക്കണം. അതുകൊണ്ട് നമ്മുടെ പരുമല പദയാത്രകൾ വിശ്വാസത്തോടുകൂടിയതും ഒരുക്കത്തോടുകൂടിയതുമായ ഒരു തീർഥാടനമായിരിക്കണം.

തീർഥാടനത്തെക്കുറിച്ച് ഓർക്കേണ്ട മറ്റൊരു കാര്യം നമ്മുടെ ജീവിതം മുഴുവൻ ദൈവത്തെ നേടാനുള്ള ഒരു പദയാത്ര ആണെന്ന ചിന്തയാണ്. ഇൗ ഭൂമിയിലെ നമ്മുടെ ജീവിതം ഒരു പരദേശയാത്രയാണ്. ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ല. അതുകൊണ്ട് നിത്യമായ ഒരു രാജ്യത്തു നോക്കിയുള്ള യാത്രയാണ് നമ്മുടെ ജീവിതം. പ്രതാപവാനായി ജീവിച്ച ദാവീദ് മഹാരാജാവ് ദേവാലയത്തിന്റെ നിർമാണം മകനെ ഏൽപ്പിച്ചിട്ടു പറയുന്ന വാക്കുകൾ തീർഥാടകർ ഓർക്കേണ്ടതാണ്. ‘‘ഞങ്ങൾ നിന്റെ മുൻപാകെ ഞങ്ങളുടെ സകല പിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളുമാകുന്നു. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽപോലെയത്രേ’’ (1 ദിന. 29:15). തീർഥാടനം നടത്തുന്ന എല്ലാവരുടെയും ഹൃദയത്തിൽ ഇൗയൊരു ബോധ്യമുണ്ടാവണം.

ഇന്ന് അങ്ങേലോകത്തെക്കുറിച്ചു ചിന്തയില്ലാത്ത ജീവിതമാണു കാണുന്നത്. നമ്മുടെ ജീവിതത്തെ പല തെറ്റുകളിൽനിന്നും വിലക്കാൻ അങ്ങേലോകത്തെക്കുറിച്ചുള്ള ചിന്ത വളരെ അത്യാവശ്യമാണ്. അതായത്, ഇൗ ലോകത്തിൽ നാം അന്യരും പരദേശികളുമാണെന്ന ചിന്തയിൽനിന്നാണു തീർഥാടനം ഉണ്ടാകേണ്ടത്. എബ്രായ ലേഖനകർത്താവ് വിശ്വാസികളായ മരിച്ചുപോയവരെക്കുറിച്ചു പറയുന്നതു ചിന്തനീയമാണ്. ‘ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു പറഞ്ഞുകൊണ്ട് വിശ്വാസത്തിൽ മരിച്ചു’ (എബ്രാ. 11:13). പരുമലയിലേക്കു പദയാത്ര നടത്തുന്ന എല്ലാ സംഘങ്ങളുടെയും ഉള്ളിലുണ്ടാകേണ്ട വലിയ ബോധവും പ്രാർഥനയുമാണ് തങ്ങൾ അന്യരും പരദേശികളുമാണെന്ന ചിന്ത.

പരിശുദ്ധ പരുമല തിരുമേനി ഉൗർശ്ലേമിലേക്കു യാത്ര നടത്തിയപ്പോൾ നമ്മുടെ കർത്താവിന്റെ ജന്മസ്ഥലവും കബറിടവും മറ്റും സന്ദർശിച്ചപ്പോൾ ദൈവവചനം ഹൃദയത്തിൽ ആഴമായി ചിന്തിച്ചുകൊണ്ടാണ് ഓരോ സ്ഥലവും സന്ദർശിച്ചത്. പരുമല പദയാത്രയിൽ സംബന്ധിക്കുന്നവരുടെ ഹൃദയത്തിൽ വേദവാക്യങ്ങളുടെ ധ്യാനവും സങ്കീർത്തനങ്ങൾ ഉരുവിടുന്നതും വളരെ പ്രധാനപ്പെട്ട ഒരു ആത്മിക നടപടിയാകണം. അതിലൂടെ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഏകാഗ്രമാക്കാനും വിശുദ്ധീകരിക്കാനും സാധിക്കുമെന്നുള്ളതിൽ സംശയമില്ല. പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതം പരിശോധിച്ചാൽ 1895 മീനംമുതൽ 1896 മിഥുനംവരെ മലങ്കരയിലെ ഒട്ടു മിക്ക പള്ളികളും സന്ദർശിച്ചതായി കാണാം. യാത്രാസൗകര്യമില്ലാതിരുന്ന കാലത്ത് വളരെ കഷ്ടപ്പെട്ടും കാൽനടയായും മറ്റുമാണു പരിശുദ്ധ തിരുമേനി ഇടവക സന്ദർശനങ്ങൾ നടത്തിയത്. ഇടവകജനങ്ങളെ സത്യത്തിലും ആത്മാവിലും ഉറപ്പിക്കുന്നതിനും സ്വർഗീയമായ അനുഗ്രഹങ്ങൾ നൽകുന്നതിനുമായിട്ടാണ് മലങ്കര മുഴുവൻ പരിശുദ്ധ തിരുമേനി സന്ദർശിച്ചത്.

ഒരു തീർഥാടനത്തിന്റെ പരിശുദ്ധിയോടെയാണ് പരിശുദ്ധ തിരുമേനി ആ കർമം നിർവഹിച്ചത്. നമ്മുടെ ജീവിതത്തിൽ പരിശുദ്ധ തിരുമേനിയുടെ യാത്രകൾ ആത്മീയമായ ഒരു ഉത്തേജനത്തിനു കാരണമായിത്തീരണം. ഏറ്റവും അടുത്തുള്ള നമ്മുടെ മാതൃദേവാലയത്തിലേക്ക് ആരാധനയ്ക്കു പോകാൻപോലും പല അസൗകര്യങ്ങളും പലപ്പോഴും നമ്മൾ പറയാറുണ്ട്. ഇത്തരം അസൗകര്യങ്ങളെ ദൈവമുൻപാകെ പരിശോധിക്കാനും തെറ്റുകൾ വന്നുപോയിട്ടുണ്ടെങ്കിൽ പരിശുദ്ധന്റെ കബറിങ്കൽ വന്നു മധ്യസ്ഥതയണച്ച് ആരാധനാ ജീവിതം യഥാസ്ഥാനപ്പെടുത്താനുമുള്ള ഒരു ശ്രമംകൂടിയായിരിക്കണം പരുമല പദയാത്ര.

119- ആം സങ്കീർത്തനത്തിന്റെ 54- ആം  വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം: ‘ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനമാകുന്നു’. തീർഥാടകർ ദൈവത്തിന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ചായിരിക്കണം പദയാത്ര നടത്തേണ്ടതെന്ന് സങ്കീർത്തനക്കാരൻ ഓർമിപ്പിക്കുന്നു. പരുമലയിലേക്കു പദയാത്ര നടത്തുമ്പോൾ ആത്മീയമായ ഒരു ലക്ഷ്യം നേടാനായിട്ടാണോ എന്റെ യാത്രയെന്നു സ്വയം പരിശോധിക്കണം. നോമ്പോടും പ്രാർഥനയോടുംകൂടെ വിശ്വാസത്തോടെ കാൽനടയായി വിശുദ്ധന്റെ സന്നിധിയിൽ എത്തുന്നവർക്ക് ആത്മീയമായ അനുഗ്രഹം ലഭിക്കാതിരിക്കില്ല.

അശ്രദ്ധയോടെ പരസ്പരം സംസാരിച്ചും അമിതമായി ഭക്ഷണപാനീയങ്ങൾ കഴിച്ചും പദയാത്രയിൽ സംബന്ധിക്കുമ്പോൾ പലപ്പോഴും നമ്മുടെ ലക്ഷ്യം സഫലീകരിക്കാതെ പോകും. നിഷ്ഠയോടുകൂടിയ വ്രതാനുഷ്ഠാനങ്ങളോടെ യേശുതമ്പുരാനോടുള്ള പ്രാർഥനകൾ ഉരുവിട്ട് പരിശുദ്ധ പരുമല തിരുമേനിയുടെ പെരുനാൾദിനത്തിലെ പദയാത്രയിൽ ഇൗ വർഷം സംബന്ധിക്കാൻ നമ്മൾക്കു സംഗതിയാകണം. ദൈവത്തിന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിച്ചു യാത്രചെയ്യുന്നവരുടെ ജീവിതത്തിൽ ദൈവം അനുഗ്രഹങ്ങൾ തരും. ശബ്ദകോലാഹലം സൃഷ്ടിക്കുന്നതും പരിസരം മലിനമാക്കുന്നതും വാശിയോടും വൈരാഗ്യത്തോടുംകൂടെ ക്ഷമയില്ലാതെയുമുള്ള തീർഥാടനം ലക്ഷ്യം നേടുകയില്ല. ശാന്തിയും സമാധാനവും തേടിയുള്ള യാത്രയാണല്ലോ പദയാത്ര. അത് അനേകർക്കു സാക്ഷ്യമാകണം. മറ്റുള്ളവരെക്കൂടി നമ്മുടെ തീർഥയാത്രയിലേക്ക് ആകർഷിക്കാൻ കഴിയണം. അതിനു ചേരുന്ന തരത്തിലുള്ള ലാളിത്യവും മര്യാദകളും പാലിക്കാൻ പരിശുദ്ധ റൂഹാ സഹായിക്കട്ടെ. അങ്ങനെ നമ്മുടെ പദയാത്രകൾ തീർഥാടനങ്ങളായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.