OVS - Latest NewsOVS-Kerala News

ദാർശനികതയുടെയും തത്വചിന്തയുടെയും നാടാണ് ഭാരതം – സ്വാമി നന്ദാത്മജാനന്ദ

പഴഞ്ഞി :-  ദാർശനികതയുടെയും തത്വചിന്തയുടെയും നാടാണു ഭാരതമെന്നു സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയുടെ ഭാഗമായി നടത്തിയ ആഗോള മലങ്കര ഓർത്തഡോക്സ് വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ യഥാർഥമൂല്യം മനസിലാക്കാൻ തത്വചിന്തകർക്കു മാത്രമേ കഴിയുന്നുള്ളു. ഇന്ത്യയുടെ നട്ടെല്ല് ആധ്യാത്മികതയാണ്. ആധ്യാത്മികത കുറയുമ്പോഴാണു നാട് നശിക്കുന്നത്.

ആത്മദർശനത്തിലൂന്നിയുള്ള ദാർശനിക സിദ്ധാന്തമാണു ഭാരതം ലോകത്തിനു സംഭാവന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മനുഷ്യജീവിതത്തിന്റെ ആരംഭവും അവസാനവും ഭൂമിയിൽതന്നെയാണെന്നു വിശ്വസിക്കുന്ന കാലഘട്ടത്തിൽ പൗരോഹിത്യം വലിയ വെല്ലുവിളികളാണു നേരിടുന്നത്. ഈശ്വരനും മനുഷ്യനും ഇടയ്ക്കു നിർമിക്കുന്ന പാലത്തിലെ അംശങ്ങളാണു പുരോഹിതർ.

14074339_1303698399670510_1634737840_o

ഇഷ്ടമില്ലാത്തതു കേൾക്കാനുള്ള സഹിഷ്ണുതകൂടി സമൂഹത്തിനു വേണമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.സ്നേഹത്തിലൂടെ നന്മയെ ഉണർത്തണമെന്നും ചിതറിപ്പോകുന്ന ജനങ്ങൾക്കൊപ്പം നിൽക്കാൻ വൈദികർക്കു കഴിയണമെന്നും സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഫാ. സൈമൺ വാഴപ്പിള്ളി, ഫാ. സജി അമയിൽ, ഫാ.ഗീവർഗീസ് തോലത്ത്, ഫാ. ബേബി ജോൺ, ഫാ. ഡോ. ജോസഫ് ചീരൻ, ഫാ. പത്രോസ് പുലിക്കോട്ടിൽ, ഫാ. ഡോ. ഒ.തോമസ് എന്നിവർ പ്രസംഗിച്ചു. രണ്ടു നൂറ്റാണ്ടു മുൻപു പഴഞ്ഞി പള്ളിയിലെ മൽപാൻ പാഠശാലയിൽ പഠിച്ച ജോസഫ് മാർ ദിവന്നാസിയോസ് പിന്നീട് ഇവിടെ അധ്യാപകനായി. 1815ൽ ഇവിടെ വച്ചാണു മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ടത്. ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമശതാബ്ദിയുടെ സഭാതല സമാപന സമ്മേളനം നവംബർ 20നു കുന്നംകുളത്ത് നടക്കും. എത്യോപ്യയിലെ പാത്രിയർക്കീസ് മുഖ്യാതിഥിയാകും.

സംഗമത്തിന് വരയിൽ തുടക്കം

Untitledപഴഞ്ഞി :- മിനിറ്റുകൾക്കകം ക്രിസ്തുവിന്റെ ചിത്രം ക്യാൻവാസിൽ വരച്ച് സ്വാമി നന്ദാത്മജാനന്ദ വിസ്മയം തീർത്തു. പഴഞ്ഞിയിൽ നടന്ന ആഗോള മലങ്കര ഓർത്തഡോക്സ് വൈദിക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സ്വാമി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷപ്രസംഗത്തിനുശേഷം ഉദ്ഘാടനത്തിനു ക്ഷണിച്ചപ്പോഴാണു സ്വാമി സദസിനെ അമ്പരപ്പിച്ചു ചിത്രം വരച്ചത്.

സ്വാമിയുടെ ആവശ്യപ്രകാരം വേദിയിലേക്ക് എത്തിച്ച ക്യാൻവാസിലായിരുന്നു ചിത്രരചന. ചിത്രരചനയ്ക്ക് അകമ്പടിയായി വൈദികർ പാട്ടുകൾ പാടി. മിനിറ്റുകൾകൊണ്ടു ക്രിസ്തുവിന്റെ ചിത്രം വരച്ചു പൂർത്തിയാക്കി സദസിനെ കാണിച്ചപ്പോൾ കരഘോഷത്തോടെയാണു വൈദികർ സ്വീകരിച്ചത്. തൃശൂർ ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ പ്രബുദ്ധ കേരളത്തിന്റെ പത്രാധിപരാണ്