OVS - Latest NewsOVS-Kerala News

മാത്യൂസ് ദ്വീതിയൻ ബാവാ ദൈവസ്നേഹം പ്രവൃത്തിയിലൂടെ കാട്ടിത്തന്നു: എൻ. ശക്തൻ

കൊല്ലം :- യേശുക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ശ്രീബുദ്ധന്റെ കരുണയും ശ്രീനാരായണ ഗുരുവിന്റെ തത്വബോധവും ഒത്തിണങ്ങിയ ആൾരൂപമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ എന്നു സ്പീക്കർ എൻ. ശക്തൻ.

മാത്യൂസ് ദ്വീതിയൻ ബാവായുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പാവങ്ങളോട് ഇത്രയും കാരുണ്യം കാട്ടിയ വേറൊരാളില്ല. ദൈവസ്നേഹം എന്തെന്നു പ്രവൃത്തിയിലൂടെ കാട്ടിത്തന്നയാളാണു ബാവാ. ഇന്നത്തെ ചിലരുടെ പ്രസംഗവും പ്രവൃത്തിയും രണ്ടാണ്. എന്നാൽ പ്രവൃത്തിയും പ്രസംഗവും ജീവിതത്തിൽ ഒരുപോലെ പ്രാവർത്തികമാക്കിയ ആളാണ് ബാവായെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. വിവാഹ ധനസഹായം മേയർ വി. രാജേന്ദ്രബാബുവും ഭവന നിർമാണ സഹായം എ.എ. അസീസ് എംഎൽഎയും വിതരണം ചെയ്തു. മാത്യൂസ് ദ്വിതീയൻ ബാവായുടെ ലേഖനങ്ങളും അനുഭവക്കുറിപ്പുകളും ഉൾപ്പെടുന്ന കൃതിയായ അമൃതകം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ധനസഹായം കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ യൂഹനോൻ മാർ തേവോദോറോസ് വിതരണം ചെയ്തു.

കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോനിയോസ്, മാവേലിക്കര ഭദ്രാസനാധിപൻ ‍ജോഷ്വാ മാർ നിക്കോദിമോസ്, അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം, ഫാ. എം.എം. വൈദ്യൻ, കോർപറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ, ഫാ. കെ.എം. കോശി, ഫാ. ടി. തോമസ്കുട്ടി, ടി.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.