പരിശുദ്ധാത്മ ദാനങ്ങളും വിടുതല്‍ പ്രസ്ഥാനങ്ങളും. (ഭാഗം 1)
വിടുതല്‍ പ്രസ്ഥാനം ഇന്ന് ലോകവ്യാപകമായിത്തീര്‍ന്നിരിക്കുകയാണ്. കത്തോലിക്കാസഭയിലും ആംഗ്ലിക്കന്‍ സഭയിലും ബാപ്റ്റിസ്റ്റ് സംഘങ്ങളിലും മാത്രമല്ല, അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയില്‍ പോലും ‘കരിസ്മാറ്റിക് മൂവ്‌മെന്റ്’ അല്ലെങ്കില്‍ ‘പരിശുദ്ധാത്മദാന പ്രസ്ഥാനം’ നടപ്പിലുണ്ട്. തെക്കേ അമേരിക്കയിലെ പെന്തിക്കോസ്തല്‍ സഭകളില്‍ ആരംഭിച്ച ഈ പ്രസ്ഥാനം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യാപിച്ച് വികസിച്ച് ഇന്ന് ആ സഭകള്‍ ലോകത്തിലെ പ്രധാന സഭാവിഭാഗങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്.
പക്ഷേ, ഓരോ സ്ഥലത്തും ഓരോ സഭയിലും ഉള്ള വിടുതല്‍ പ്രസ്ഥാനത്തിന് അതതിന്‍റതായ പ്രത്യേകതകളുണ്ട്. കേരളത്തിലെ കത്തോലിക്കാസഭയില്‍ വിടുതല്‍ പ്രസ്ഥാനം ശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണയായി ഒരു പുരോഹിതന്റെയും ഒരു കന്യാസ്ത്രീയുടേയും നേതൃത്വത്തിലാണ് കത്തോലിക്കാ സഭയിലെ വിടുതല്‍ ഗ്രൂുകള്‍. അത്മായനേതൃത്വത്തിന് അതിന്റെ സ്ഥാനമുണ്ടെങ്കിലും പൗരോഹിത്യനല്‍വരമോ സഭയില്‍ ഔദ്യോഗികമായ സ്ഥാനമോ ഉള്ളവരുടെ നേതൃത്വത്തില്‍ വേണം ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍; അതല്ലെങ്കില്‍ വഴിതെറ്റിപോകുവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു.
കുര്‍ബ്ബാനയിലുള്ള സംബന്ധവും പള്ളിയിലുള്ള ആരാധനയുമാണ് കത്തോലിക്കാ സഭയിലെ വിടുതല്‍ പ്രസ്ഥാനത്തില്‍ പ്രധാനമായിട്ടുള്ളത്. ഇടദിവസങ്ങളിലും, ഞായറാഴ്ച ഉച്ച കഴിഞ്ഞും അവര്‍ പള്ളിയില്‍ കൂടി കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുഭവിക്കുകയും ചെയ്യുകയും പിന്നീട് ധ്യാനയോഗങ്ങള്‍ പോലെ നടത്തുകയും ചെയ്യുന്നു. ചിലാപ്പോഴൊക്കെ വീടുകളിലും കൂടി പ്രാര്‍ത്ഥിക്കും. പ്രത്യേകിച്ച് രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. മറുഭാഷകളുടെ നല്‍വരവും അവര്‍ക്ക് ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ടെങ്കിലും മറുഭാഷ സംസാരിച്ചെങ്കിലേ പരിശുദ്ധാത്മ സാന്നിദ്ധ്യത്തിന്റെ ഉറുണ്ടാകുകയുള്ളു എന്ന് അവര്‍ വിശ്വസിക്കുന്നില്ല.
അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് സഭയിലെ പരിശുദ്ധാത്മദാനപ്രസ്ഥാനത്തിലും പൗരോഹിത്യ നേതൃത്വത്തിനും വി. കുര്‍ബാനയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആരാധനയ്ക്കും പ്രധാന സ്ഥാനമാണ് കൊടുക്കുന്നത്. നമ്മുടെ നാട്ടിലെ ഓര്‍ത്തഡോക്‌സ് സഭയിലെ വിടുതല്‍ പ്രസ്ഥാനത്തിലും മൂന്നോ നാലോ പുരോഹിതാര്‍ ഉണ്ടെങ്കിലും അല്‍മായ നേതൃത്വത്തിനാണ് മുന്‍തൂക്കം. കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതും അനുഭവിക്കുന്നതും മറ്റുള്ളവരേക്കാള്‍ കൂടുതലുണ്ടെങ്കിലും അതിന് കേന്ദ്രീകൃതമായ സ്ഥാനം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്.
ഈ പരിതഃസ്ഥിതിയില്‍ പരിശുദ്ധാത്മ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദാനങ്ങളെക്കുറിച്ചും സഭയുടെ വിശ്വാസം എന്താണെന്ന് അറിയുന്നത് പ്രയോജനപ്രദമായിരിക്കുമെന്ന് തോന്നുന്നു.
പരിശുദ്ധാത്മവിന്റെ ആളത്വം
പരിശുദ്ധാത്മവിന്റെ ആളത്വത്തിന് നാം നല്‍കുന്ന അതീവപ്രാധാന്യം പാശ്ചാത്യസഭകളില്‍ നഷ്ടപ്പെട്ട് പോയിട്ട് നൂറ്റാണ്ടുകള്‍ പലതായി. പൗരസ്ത്യ സഭകളില്‍ പരിശുദ്ധാത്മാവിന്റെ ആളത്വത്തേയും പ്രവര്‍ത്തനത്തേയും പറ്റിയുള്ള വിശ്വാസം വ്യക്തമായി കാണുന്നതു പെന്തിക്കോസ്തി പെരുന്നാളിലെ നമ്മുടെ ആരാധനക്രമത്തിലാണ്. പരിശുദ്ധനായ മാര്‍ ബസേലിയോസ് നാലാം ശതാബ്ദത്തില്‍ പരിശുദ്ധ റൂഹായെറ്റി വേദാധിഷ്ഠിതമായി എഴുതിയ കൃതിയിലെ ആശയങ്ങളാണ് ഈ പ്രാര്‍ത്ഥനകളില്‍ അധികമായി കാണുന്നത്. അതിന്റെ ചുരുക്കം ഇങ്ങനെ ആണ്.
1. പിതാവും പുത്രനും പരിശുദ്ധ റൂഹായും തമ്മില്‍ വേര്‍തിരിപ്പാന്‍ സാദ്ധ്യമല്ല. പിതാവും പുത്രനും പരിശുദ്ധ റൂഹായും ഏകദൈവമാകുന്നു. പിതാവിനോടൊപ്പം പുത്രനും പരിശുദ്ധാത്മാവും ഒരുപോലെ സകല മാനുഷിക ചിന്തകള്‍ക്കും നിരൂപണങ്ങള്‍ക്കും അതീതനായി, സ്വയംഭൂവും, സ്വയം അറിയുന്നവനും സ്വയം ശക്തനുമായി നിലകൊള്ളുന്നു. ഒരു ക്‌നൂമാ മറ്റൊന്നിനേക്കാള്‍ പ്രായം കൂടിയതോ, ഒന്ന് മറ്റൊന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നതോ വലിപ്പച്ചെറുപ്പമുള്ളതോ അല്ല.
2. പരിശുദ്ധ റൂഹാ പിതാവില്‍ നിന്ന് വ്യാഖ്യാനാതീതമായ രീതിയില്‍ നിത്യമായി പുറപ്പെടുന്നു. റൂഹാ സത്യത്തിന്റെ ആത്മാവാകയാല്‍ വ്യാജത്തേയും, കപടത്തേയും ദൂരീകരിച്ച് സത്യം വെളിപ്പെടുത്തുന്നു. റൂഹാ ശക്തിയുടെ റൂഹായാകയാല്‍ ബലമില്ലാത്തവരെ താങ്ങിയെഴുന്നേല്പിച്ച് വലിയ ശക്തി നല്‍കുന്നവനാകുന്നു. ആത്മീയശക്തിയും ശാരീരികശക്തിയും ബുദ്ധിശക്തിയും എല്ലാം പരിശുദ്ധ റൂഹായില്‍ നിന്നുള്ളതാകുന്നു. റൂഹാ രാജകീയാത്മാവാകുന്നു (റൂഹോ മല്‍കോയോ); ദാസനല്ല; ആര്‍ക്കും പരിശുദ്ധറൂഹാ എന്റെയോ ഞങ്ങളുടെയോ കുത്തകയാണെന്ന് പറയാന്‍ സാദ്ധ്യമല്ല. അവന് ഞാന്‍ വിധേയനാവുകയല്ലാതെ അവനെ എന്‍റെതാക്കുവാന്‍ സാദ്ധ്യമല്ല. കാപട്യവും മറച്ചുവയ്ക്കലും എവിടെയുണ്ടോ അവിടെ റൂഹായുടെ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണതയില്ല.
3. റൂഹാ സ്‌നേഹത്തിന്റെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെയും റൂഹായാകുന്നു. എല്ലാ സമയത്തും എല്ലാ മനുഷ്യരോടും സ്‌നേഹമുള്ളവരും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമായിട്ടുള്ളവരിലുമാണ് റൂഹായുടെ പ്രവര്‍ത്തനം ഏറ്റവും പൂര്‍ണ്ണമായി കാണുന്നത്. മറ്റുള്ളവരെ ദ്വേഷിക്കുകയോ നിന്ദിക്കുകയോ പുച്ഛിക്കുകയോ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വൈമനസ്യം കാണിക്കുകയോ ചെയ്യുന്നവരില്‍ റൂഹായുടെ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണതയില്ലെന്ന് സുവ്യക്തമാണ്.
4. റൂഹാ നന്മയുടെയും വിജ്ഞാനത്തിന്റെയും വീര്യത്തിന്റെയും റൂഹായാകുന്നു. നന്മയും വിജ്ഞാനവും ഭയമില്ലാത്ത സത്യസന്ധതയും എവിടെ കാണുന്നുവോ അവിടെ റൂഹായുടെ പ്രവര്‍ത്തനമുണ്ട്. പാവപ്പെട്ടവനെ സഹായിക്കാന്‍ വൈമുഖ്യം കാണിക്കുന്നവനും കള്ളന്മാരുടെയിടയില്‍ വീണ് പരുക്കു പറ്റിയവന് ശുശ്രൂഷ ചെയ്യാത്തവനും, കുഴിയില്‍ വീണവനെ വലിച്ചുകയറ്റാന്‍ മടി കാണിക്കുന്നവനും റൂഹായ്ക്കുള്ളവരല്ല. മനുഷ്യരുടെ ആത്മാവിനെപറ്റി മാത്രമേ എനിക്ക് താല്‍പര്യമുള്ളു; അവരുടെ മാനുഷികാവശ്യങ്ങളെക്കുറിച്ച് എനിക്ക് ചുമതലയൊന്നുമില്ല എന്നു പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും അറിയാത്തവരാണ്. ദൈവം മനുഷ്യന്റെ ആദ്ധ്യാത്മികാവശ്യങ്ങളെ മാത്രമല്ല മാനുഷികാവശ്യങ്ങളെയും നടത്തിക്കൊടുക്കുന്നവനാണല്ലോ. ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം കൊടുക്കാത്തവനും, ദാഹിക്കുന്നവന് വെള്ളം കൊടുക്കാത്തവനും, ഉടുപ്പില്ലാത്തവനെ ഉടുപ്പിക്കാത്തവനും, ‘പോകുവിന്‍ നിങ്ങളെ ഞാന്‍ അറിയുന്നില്ല, ശപിക്കപ്പെട്ടവരേ, നിത്യാഗ്നിയിലേക്ക് പോകുവിന്‍’ എന്നുള്ള നിര്‍ദ്ദയശബ്ദം കേള്‍ക്കേണ്ടി വരുമെന്ന് നമ്മുടെ കര്‍ത്താവ് പഠിപ്പിക്കുന്നു (വി. മത്തായി 25:3146). പരിശുദ്ധാത്മാവുള്ളിടത്ത് പാവപ്പെട്ടവരോടും കഷ്ടപ്പെടുന്നവരോടും ഉള്ള നത്മപ്രവര്‍ത്തികള്‍ ധാരാളമായിക്കാണും. മറുഭാഷ സംസാരിക്കാത്തവന്‍ നരകാഗ്നിയില്‍ പ്രവേശിക്കുമെന്ന് നമ്മുടെ കര്‍ത്താവ് പഠിപ്പിച്ചില്ല. എന്നാല്‍ പാവപ്പെട്ടവനോട് നന്മ പ്രവര്‍ത്തിക്കാത്തവരെ ശപിക്കെട്ടവരായി കര്‍ത്താവ് കണക്കാക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യസ്‌നേഹിയും നന്മകള്‍ പ്രവര്‍ത്തിക്കുന്നവനും ആകയാല്‍ അങ്ങനെയുള്ള പ്രവൃത്തികളും മനുഷ്യരോടുള്ള സ്‌നേഹവും ഇല്ലാത്ത ഏത് പ്രസ്ഥാനവും പരിശുദ്ധാത്മാവിന്‍റതല്ലെന്ന് സുവ്യക്തമാണ്.
പരിശുദ്ധാത്മാഭിഷേകം
പരിശുദ്ധാത്മാഭിഷേകം ലഭിക്കുന്നതും പരിശുദ്ധാത്മ ദാനങ്ങള്‍ ലഭിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പരിശുദ്ധാത്മാവിന്റെ അഭിഷേകം മാമോദീസായും മൂറോനഭിഷേകവും മൂലം എല്ലാ വിശ്വാസികള്‍ക്കും ലഭിക്കുന്നു. ഇവിടെ പുരുഷനെന്നോ, സ്ത്രീയെന്നോ, പട്ടക്കാരനെന്നോ, അത്മായക്കാരനെന്നോ, വൃദ്ധനെന്നോ, ശിശുവെന്നോ, ഒക്കെയുള്ള വ്യത്യാസങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ഗ്രീക്കു ഭാഷയില്‍ ഖറീസ്മാ (χάρισμα) എന്നു പറയുന്ന ഈ പരിശുദ്ധാത്മാഭിഷേകം നമുക്കെല്ലാമുണ്ട് എന്ന് 1 യോഹ. 2:20-ലും 27-ലും 2 കൊരി. 1:21ലും കാണുന്നു. ഈ ഖറീസ്മാ അല്ലെങ്കില്‍ അഭിഷേകം (സുറിയാനിയില്‍ മെശ്‌ഹോ) പ്രധാനമായി ലഭിച്ചിട്ടുള്ളത് ദൈവത്തിന്റെ അഭിഷിക്തനായ മിശിഹാതമ്പുരാന് തന്നെയാണ്. ‘മ്ശീഹോ’ (ܡܫܺܝܚܳܐ) എന്നതിനും ഖ്‌റീസ്‌തോസ് (Χριστός) എന്നതിനും അഭിഷിക്തന്‍ എന്നാണല്ലോ അര്‍ത്ഥം. ദൈവം തന്റെ പുത്രനെ അഭിഷേകം ചെയ്തതു മൂലം അവന്‍ അഭിഷിക്തന്‍, അല്ലെങ്കില്‍ ക്രിസ്തു, അല്ലെങ്കില്‍ മശിഹായായി (അ.പ്ര. 4:27, 10:38).
നാമും മാമോദീസായില്‍ ചേര്‍ത്ത വെള്ളത്തില്‍ നിന്നും ആത്മാവില്‍ നിന്നും ജനിച്ച്, മൂറോനഭിഷേകം പ്രാപിച്ച് പരിശുദ്ധാത്മാലയങ്ങളും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളും ആയിത്തീരുന്നു. ഇത് എല്ലാ വിശ്വാസികള്‍ക്കും ഒരുപോലെയാണ് (1 കൊരി. 12:27). എല്ലാ വിശ്വാസികള്‍ക്കും പൊതുവെയുള്ള ഈ അഭിഷേകം മൂലം അവര്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും തങ്ങളുടെ പാപത്തില്‍ നിന്ന് കഴുകപ്പെട്ട, ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായിത്തീര്‍ന്ന് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലും രാജത്വത്തിലും പ്രവാചകത്വത്തിലും പങ്കാളികളായിത്തീരുകയും ചെയ്യുന്നു.
ഈ പരിശുദ്ധാത്മാഭിഷേകത്തിന്റെ ദൃശ്യഫലങ്ങള്‍ പ്രധാനമായുള്ളത് പൂര്‍ണ്ണമായ സത്യസന്ധത, തിന്മയെ ഭയമില്ലായ്മ, വിശുദ്ധ ജീവിതം, മനുഷ്യരോടുള്ള സ്‌നേഹം, കാര്യങ്ങള്‍ വിവേചിച്ചറിയുവാനുള്ള കഴിവ് എന്നിവയാണ്. ഇത് നമ്മുടെ പലയാളുകളിലും കാണുന്നില്ല എന്നതിന്റെ അര്‍ത്ഥം നമുക്ക് മാമോദീസായില്‍ മൂറോന്‍ മൂലം ലഭിച്ച പരിശുദ്ധാത്മാഭിഷേകത്തെ നാം വിലമതിക്കാതെ നമ്മുടെ പാപങ്ങള്‍ മൂലം അതിനെ മൂടിവച്ചിരിക്കുന്നു എന്നതാണ്. സഭയിലെ കൂദാശകളുടെയും ആരാധനയുടെയും പ്രസംഗത്തിന്റെയും പഠിപ്പിക്കലിന്റെയും പ്രധാന ഉദ്ദേശ്യം, ഈ മറഞ്ഞിരിക്കുന്ന പരിശുദ്ധാത്മാഭിഷേകത്തെ നമ്മുടെ പാപങ്ങളില്‍ നിന്നുള്ള വേര്‍പെടല്‍ മൂലവും, ദൈവത്തിങ്കലേക്കുള്ള നമ്മുടെ അനുതാപവും സ്‌നേഹവും മൂലവും ദൈവകരുണയാല്‍ അനാവരണം ചെയ്യുകയെന്നതാണ്. അങ്ങനെ അനാവരണം ചെയ്യെപ്പെടുമ്പോള്‍ പ്രത്യക്ഷമാകുന്ന പ്രധാന ഗുണം സ്‌നേഹമാണ്; എല്ലാ മനുഷ്യരോടും ഉള്ള സ്‌നേഹം. കുടുംബാംഗംങ്ങളോടും വേലക്കാരോടും ജാതിമതഭേദമെന്യേ നാം ആരുമായി ഇടപെടുന്നുവോ ആരെറ്റി ചിന്തിക്കുന്നുവോ അവരോടെല്ലാമുള്ള നിഷ്‌കളങ്കമായ സ്‌നേഹം. ആ സ്‌നേഹത്തിനു പരിധിയില്ല. അത് നാം സ്‌നേഹിക്കുന്നവരുടെ ആത്മാക്കള്‍ രക്ഷിക്കെടുന്നതിനുവേണ്ടിയുള്ള സ്‌നേഹമല്ല. യഥാര്‍ത്ഥവും, നിഷ്‌കളങ്കവും, സ്വയപരിത്യാഗസന്നദ്ധതയുള്ളതും, മറ്റുള്ളവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും എല്ലാ യഥാര്‍ത്ഥ ആവശ്യങ്ങളേയും കണക്കിലെടുത്ത് അവര്‍ക്ക് നിസ്വാര്‍ത്ഥ സേവനം നല്‍കി, നമ്മെത്തന്നെ മറ്റുള്ളവര്‍ക്കു ചൊരിഞ്ഞുകൊടുത്ത്, മറ്റുള്ളവരുടെ ഉല്‍ക്കര്‍ഷത്തില്‍ മാത്രം ആനന്ദം കൊള്ളുന്ന ക്രിസ്തുവിന്റെ സ്‌നേഹമാണ് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ കോരിച്ചൊരിയുന്നത്.
ഈ സ്‌നേഹമില്ലെങ്കില്‍, പരിശുദ്ധ പൗലോസ് അപ്പോസ്‌തോലന്‍ പറയുന്നതുപോലെ, മനുഷ്യരുടേയും മാലാഖമാരുടേയും ഭാഷകളില്‍ സംസാരിച്ചാലും, വലിയ പ്രവചനനല്‍വരവും, ദര്‍ശന നല്‍വരവും ഉണ്ടായാലും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പാന്‍ കഴിവുള്ള ഉറച്ച വിശ്വാസമുണ്ടായിരുന്നാല്‍പ്പോലും, എത്ര തന്നെ ത്യാഗം ചെയ്താലും, അനേക മണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ കഴിച്ചാലും പ്രയോജനമില്ല (1 കൊരി. 13:13). സ്വന്തം ഇഷ്ടം നടക്കണമെന്ന് നിര്‍ബന്ധിക്കാത്തതാണ് യഥാര്‍ത്ഥസ്‌നേഹം (1 കൊരി. 13:5). കര്‍ത്താവിന്റെ ഇഷ്ടമാണെന്നു പറഞ്ഞാണ് നാം പലപ്പോഴും സ്വന്തം ഇഷ്ടത്തെറ്റി ശാഠ്യം പിടിക്കുന്നത്. സ്‌നേഹത്തിന് അഹങ്കാരമില്ല. അത് മറ്റുള്ളവരെ പുച്ഛിച്ചു പുറന്തള്ളുന്നില്ല.
പ്രവചന നല്‍വരം നീങ്ങിപ്പോകും; മറുഭാഷകളും നീങ്ങിാപ്പോകും; അറിവും നീങ്ങിപ്പോകും (1 കൊരി. 13:89). സ്‌നേഹം മാത്രമേ നിലനില്‍ക്കുന്നതായുള്ളു. ഇന്ന് നമ്മുടെ സഭയിലെ വിടുതല്‍ പ്രസ്ഥാനത്തെറ്റിയുള്ള ഏറ്റവും വലിയ വിമര്‍ശനം ഈ സ്‌നേഹത്തിന്റെ അഭാവത്തെപ്പറ്റിയുള്ളതാണ്. തങ്ങളുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ളവരോടു കാണിക്കുന്ന സ്‌നേഹരാഹിത്യവും പുച്ഛവും, രണ്ടാം തരക്കാരായി മറ്റുള്ളവരെ കാണുന്ന സ്വഭാവവും ക്രിസ്തുവിന്‍റതല്ല. മറ്റേതോ ദുഃശക്തിയുടേതാണെന്നാണ് എന്റെ വിശ്വാസം. യഥാര്‍ത്ഥ സ്‌നേഹം, ക്രിസ്തു നമ്മോടു കാണിച്ചതുപോലുള്ള തുറന്ന സ്‌നേഹം ഇല്ലാത്തിടത്ത് പരിശുദ്ധാത്മാവിന്റെ അടിസ്ഥാനപരമായ അഭിഷേകം ഇപ്പോഴും പാപം മൂലം മറഞ്ഞിരിക്കുന്നുവെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.
പക്ഷേ, വിശ്വാസികളായ നാം നമ്മുടെ സഭയിലെ അംഗങ്ങളായ വിടുതല്‍ പ്രസ്ഥാനക്കാരോട് അതുപോലുള്ള സ്‌നേഹം കാണിച്ചില്ലെങ്കില്‍ നമ്മിലും പരിശുദ്ധാത്മ പ്രവര്‍ത്തനമില്ലെന്നതിന്റെ ലക്ഷണമായിരിക്കും. യഥാര്‍ത്ഥ സേവന മനഃസ്ഥിതിയും വിശുദ്ധ ജീവിതവും പ്രാര്‍ത്ഥനാശീലവും നിറഞ്ഞ അനേകംപേര്‍ വിടുതല്‍ പ്രസ്ഥാനത്തില്‍ ഉണ്ടെന്നു മാത്രമല്ല, പേരിനു മാത്രം സഭാംഗങ്ങളായിരുന്ന് അശുദ്ധാത്മാലയങ്ങളായിത്തീര്‍ന്നിരുന്ന പലരേയും ദൈവത്തിന്റെ വഴിയിലേക്കു തിരിപ്പാന്‍ വിടുതല്‍ പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. വിടുതല്‍ പ്രസ്ഥാനക്കാരെ നാം പുച്ഛിച്ചു പുറന്തള്ളുന്നെങ്കില്‍ അത് ഒരിക്കലും ക്രിസ്തീയമായിരിക്കയില്ല. അവര്‍ സഭയോട് യഥാര്‍ത്ഥ സ്‌നേഹമുള്ളവരായിത്തീര്‍ന്ന് സഭയുടെ കെട്ടുപണിക്കു വേണ്ടി ഉത്സാഹിക്കുന്നവരും എല്ലാ മനുഷ്യരോടും പ്രത്യേകിച്ച് സ്വന്തം കുടുംബാംഗങ്ങളോടും വേലക്കാരോടും, കൂടെ ജോലി ചെയ്യുന്നവരോടും യഥാര്‍ത്ഥ സ്‌നേഹമുള്ളവരുമായി തീരുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയെന്നുള്ളതാണ് നമുക്കിന്നു ചെയ്യാവുന്ന വലിയ കാര്യം. അവര്‍ക്കുള്ള ആത്മശിക്ഷണത്തിന്റെയും പ്രാര്‍ത്ഥനാശീലത്തിന്റെയും ഒരു ചെറിയ പങ്കെങ്കിലും നമുക്കും ഉണ്ടാകാതെ ഇതു സാദ്ധ്യമല്ല.
അടിസ്ഥാനപരമായ പരിശുദ്ധാത്മാഭിഷേകം വി. മാമോദീസാ മൂലവും വി. മൂറോന്‍ മൂലവും ക്രിസ്തുശരീരത്തിലെ അംഗങ്ങളായി തീര്‍ന്നിട്ടുള്ള എല്ലാവര്‍ക്കും ഒരുപോലെ നല്‍കപെട്ടിട്ടുള്ളതാണ്. പക്ഷേ, അതിന്റെ ദൃശ്യഫലങ്ങള്‍ വിടുതല്‍ പ്രസ്ഥാനത്തില്‍പ്പെട്ടവരും പെടാത്തവരുമായ മിക്കവാറും പേരില്‍ കാണുന്നില്ലായെന്നുള്ളത് പാപത്തിന്റെയും തിത്മയുടെയും ശക്തി അതിനെ ആവരണം ചെയ്തിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ഇതു നമ്മിലും നമ്മുടെ വിടുതല്‍ സഹോദരങ്ങളിലും ഒരുപോലെ മറഞ്ഞിരിക്കയാണെന്നു തോന്നുന്നു. സ്‌നേഹത്തിന്റെ അഭാവവും സഭയുടെ കെട്ടുപണിയെറ്റി ശുഷ്‌കാന്തിയില്ലായ്മയും വിശുദ്ധജീവിതമില്ലായ്മയും എവിടെ കാണുന്നുവോ അവിടെ പരിശുദ്ധാത്മാപ്രവര്‍ത്തനം പാപമനസ്സുകൊണ്ട് ആവരണം ചെയ്യെട്ടിരിക്കുന്നു എന്നു വ്യക്തമാണ്. നമുക്ക് വിടുതല്‍ പ്രസ്ഥാനക്കാരോടു സ്‌നേഹമില്ലെങ്കില്‍ നാം എങ്ങനെ പരിശുദ്ധാത്മാവിന്റെ ഉപകരണങ്ങളായിത്തീരുവാന്‍ സാധിക്കും?