Departed Spiritual FathersOVS - Articles

ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത

മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായും കാതോലിക്കേറ്റ് സെന്‍റെറുകളുടെ  ഉപഞ്ജാതാവുമായിരുന്ന അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത, മുളക്കുളം വടക്കേക്കരയിൽ പൂവത്തുങ്കൽ ഐപ്പ് വർക്കിയുടെയും അന്നമ്മയുടെയും സീമന്ത പുത്രനായി 1926 ജൂൺ 19 നു ജനിച്ചു. പിറവം സെന്റ് ജോസഫ് ഹൈസ്ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്ക്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ, തന്റെ പിതാമഹന്റെ സഹോദരൻ മല്പാൻ കുരുവിള തോമസ് കത്തനാരുടെ അടുക്കൽ നിന്നും സുറിയാനി പഠനം, വേദപഠനം, വൈദിക വിദ്യാഭ്യാസം ഇവ നിർവഹിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും, എർണാകുളം സെൻറ ആൽബർട്ട്സ് കോളേജിൽ നിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്സിലും എം.എ യും കരസ്ഥമാക്കി. ഇംഗ്ലണ്ടിലെ കാർഡീഫ് സെൻറ മൈക്കിൾസ് കോളേജിൽ വേദശാസ്ത്രത്തിൽ ഉപരിപഠനം നടത്തി.

pachomios_6

1945 ഏപ്രിൽ 8 നു പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാവയിൽ നിന്ന് ശെമ്മാശുപട്ടവും, 1952 ജൂൺ 22നു അഭിവന്ദ്യ ഔഗേൻ മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയിൽ (പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്ക ബാവ) നിന്ന് വൈദികപട്ടവും സ്വീകരിച്ചു. കൊച്ചി, എറണാകുളം, സിംഗപ്പൂർ, മലേഷ്യ, ലണ്ടൻ, പറന്തൽ, വയലത്തല എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ടിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്, പരിശുദ്ധ സുന്നഹദോസ് ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹത്തെ 1974 ൽ നിരണത്ത് കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷൻ മേൽപ്പട്ട സ്ഥാനത്തേക്ക് തെരെഞ്ഞെടുത്തു. 1975 ഫെബ്രുവരി 15 നു പുത്തൻകാവ് പള്ളിയിൽ വച്ച് അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്ത റമ്പാൻ സ്ഥാനം നൽകി.1979 ഫെബ്രുവരി 16 നു നിരണം വലിയ പള്ളിയിൽ വച്ച് പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇദ്ദേഹത്തെ ജോസഫ് മാർ പക്കോമിയോസ് എന്ന നാമധേയത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. കണ്ടനാട് ഭദ്രാസനാധിപനായി 1976 ജൂലൈ 19 നു നിയമിതനായി.

pachomios_2

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, കാതോലിക്കയുടേയും മലങ്കര മെത്രാപ്പോലീത്തയുടേയും അസിസ്റ്റന്റ്, സഭാവക സ്കൂളുകളുടെ മാനേജർ, മലങ്കര സഭ ഫിനാൻസ് കമ്മറ്റി ചെയർമാൻ, മലങ്കര സഭ വർക്കിംഗ് കമ്മറ്റിയംഗം, സഭയിലെ വിവാഹ പ്രശ്നങ്ങൾ തീരുമാനിക്കുന്ന കോടതിയംഗം, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സ്റ്റാന്റിംഗ് കമ്മറ്റിയംഗം, സഭാവക കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ്, ഇന്റർ ചർച്ച് റിലേഷൻ കമ്മറ്റിയംഗം, ദിവ്യബോധനം വൈസ് പ്രസിഡന്റ്, ഓർത്ത്ഡോക്സ് തിയോളജിക്കൽ സെമിനാരി ഗവേർണിംഗ് ബോർഡ് അംഗം, കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എക്സ് ഒഫിഷ്യോ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ടിച്ചുകൊണ്ടിരുന്നു. ഹൃദയാഘാതം മൂലം 1991 ആഗസ്റ്റ് 19 നു കാലം ചെയ്തു. സ്വന്തം ഇടവക ദേവാലയമായ മുളക്കുളം കർമ്മേൽകുന്നു സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ കബറടങ്ങി.

joseph_pachomios

സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളുടെ തിരമാലകൾ സഭാനൗകയുടെ നേരെ ആഞ്ഞടിച്ചുകൊണ്ടിരുന്നപ്പോൾ അക്ഷീണം തണ്ടു തുഴഞ്ഞ് അതിനെ രക്ഷാതുറമുഖത്തെത്തിക്കുവാൻ പരിശ്രമിച്ച മലങ്കര സഭാപിതാക്കന്മാരുടെ മുൻ നിരയിൽ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് തിരുമേനിയെ കാണാം. സഭാ ഭരണത്തിനു ഊടും പാവും നൽകി പുതുക്കത്തിന്റെ അദ്ധ്യായങ്ങൾക്കു തുടക്കം കുറിച്ച അഞ്ചാം കാതോലിക്ക പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് പ്രഥമൻ ബാവക്ക് താങ്ങും തണലുമായി നിന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയെ സഭയുടെ ആധുനിക ശില്പികളിലൊരാളായി കണക്കാക്കുന്നു.

pachomios_4

സഭാ ചരിത്ര പണ്ഡിതനെന്നതിലുപരി ഓർത്തഡോക്സിയുടെ കാവൽക്കാരനായി പരിലസിച്ച തിരുമേനി ലോകത്തിലെ ഇതര സഭകളുമായുള്ള പരിചയത്തിൽക്കൂടി ഓർത്തഡോക്സ് സഭാവിജ്ഞാനീയത്തിന്റെ അന്തഃസത്തയെ ഉയർത്തിക്കാട്ടി. സുറിയാനിഭാഷാ നിപുണനായിരുന്ന തിരുമേനിയുടെ ആരാധനകളിലുള്ള ആഴമായ അറിവും തത്പര്യവും സമർപ്പണവും സ്വരമാധുര്യവും ആരെയും ആകഋഷിക്കുന്നതായിരുന്നു. സ്വാഭാവികതയും ആത്മാർത്ഥതയും മാത്രം കൈമുതലായിട്ടുണ്ടായിരുന്ന തിരുമേനിയുടെ വ്യക്തിബന്ഡങ്ങൾ വെറും ഉപരിപ്ലവമല്ലായിരുന്നു. അനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത വചങ്ങൾ പ്രഭാഷണങ്ങളിൽക്കൂടിയും, ലേഖനങ്ങളിൽക്കുടിയും സഭാ മണ്ഡലത്തെ ശോഭിപ്പിച്ചു. വാളുകളേക്കാൾ മൂർച്ചയേറിയ വാക്കുകളും, ജീവനേക്കാൾ ഉന്നതമായി കണക്കാക്കിയ ധാർമ്മിക നീതിയും സഭാജീവിതവും അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയെ അവിസ്മരണീയനാക്കുന്നു.