മലങ്കരയുടെ ഒന്നാം കാതോലിക്കാ അറിയപ്പെടാത്ത ഏടുകള്‍.
ഒരു നവയുഗത്തിന്‍റെ ഉദയത്തിനു കാരണഭൂതനാവുക, ആ ഒരൊറ്റ കാരണത്താല്‍ ജീവിതകാലത്തും, മരണശേഷവും ഒരുപറ്റം ആളുകളാല്‍ തേജോവധം ചെയ്യപ്പെടുക. ഈ ഭാഗ്യവും നിര്‍ഭാഗ്യവും അനുഭവിച്ച ഒരു മഹാത്മാവായിരുന്നു മലങ്കരയിലെ ഒന്നാമത്തെ കാതോലിക്കാ പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ.
കൊ. വ. 1088 (1912 എ.ഡി) ചിങ്ങം 31 നു സുറിയാനി കണക്കില്‍ കന്നി 2-ന് നിരണത്തു പള്ളിയില്‍ വെച്ച് അദ്ദേഹം പൗരസ്ത്യ കാതോലിക്ക ആയി വാഴിക്കപ്പെട്ടപ്പോള്‍ എ. ഡി. 1653-ല്‍ മലങ്കരസഭ ആരംഭിച്ച സ്വാതന്ത്ര്യ സമരത്തിന്‍റെ പരിപൂര്‍ണവിജയമായിരുന്നു. മറ്റാരെയും ആശ്രയിക്കാതെ നിലനില്‍ക്കാനുള്ള കഴിവാണ് അന്ന് ലഭിച്ചത്. ആ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ പട പൊരുതിയ മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ മാര്‍ ഗീവര്‍ഗീസ് ദീവന്യാസ്യോസ് മെത്രാപ്പോലീത്തായുടെയും 1912-ലെ കാതോലിക്കാ വാഴ്ചയ്ക്ക് നേതൃത്വം വഹിച്ച പ. അബ്ദല്‍ മ്ശീഹാ പാത്രിയര്‍ക്കീസിന്‍റെയും സേവനങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
എന്നാല്‍ ശക്തമായ എതിര്‍പ്പ് വിളിച്ചു വരുത്തും എന്നറിഞ്ഞുകൊണ്ടു തന്നെ സഭയ്ക്കുവേണ്ടി- സഭയുടെ ആവശ്യപ്രകാരം കാതോലിക്കാ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായ പ: ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായെപ്പറ്റി ഒരു ജീവചരിത്രമോ പഠനമോ സമീപകാലം വരെ ഉണ്ടായിരുന്നില്ല എന്നത് വേദനാജനകമായ ഒരു സത്യമാണ്. പക്ഷേ 1953-ല്‍ തന്നെ പി. എം പത്രോസ് മുളന്തുരുത്തി എന്ന വ്യക്തി പ: ബാവായുടെ ഒരു ജീവചരിത്രം എഴുതിയിരുന്നു എന്നത് പലര്‍ക്കും അറിവില്ലായിരിക്കാം. പ: ബാവായുടെ സഹോദര പൗത്രനായ മുറിമറ്റത്തില്‍ ഗീവറുഗീസ് കത്തനാരുടെ വിശദീകരണക്കുറിപ്പുകളോടുകൂടിയ ടി കയ്യെഴുത്തുപ്രതി കണ്ടെടുത്ത് തന്‍റെ വിശദമായ ഗവേഷണ ഫലങ്ങളും കൂട്ടിച്ചേര്‍ത്ത് കണ്ടനാട് ഇടവകയുടെ ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ ‘മുറിമറ്റത്തില്‍ ബാവാ, മലങ്കരയുടെ ഒന്നാം കാതോലിക്ക’ എന്ന ഗ്രന്ഥം 1991-ല്‍ പ്രസിദ്ധീകരിച്ചതോടെ ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു എന്നു പറയാം. വിമര്‍ശനബുദ്ധ്യാ ചിന്തിക്കുമ്പോള്‍ ചരിത്രപരമായ ഏതാനും ന്യൂനതകള്‍ ചൂണ്ടിക്കാട്ടുവാനുണ്ടെങ്കിലും കഥാപുരുഷന്‍റെ ത്യാഗനിര്‍ഭരവും പരിശുദ്ധവുമായ ജീവിതത്തെപ്പറ്റി വ്യക്തമായ ഒരു ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട് എന്ന് നിസംശയം പറയാം.
കഥാപുരുഷന്‍റെ ജീവചരിത്രത്തെ ഒരിക്കല്‍കൂടി ചര്‍വിത ചര്‍വണം നടത്തുവാനല്ല തുനിയുന്നത്. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത ചില ഏടുകള്‍ അവതരിപ്പിക്കാനും അദ്ദേഹത്തെപ്പറ്റിയുള്ള വിമര്‍ശനങ്ങളെ ചരിത്രദൃഷ്ട്യാ ഒന്നു പരിശോധിയ്ക്കുവാനുമാണ് ശ്രമിക്കുന്നത്.
1. പൊതുവിന്‍റെ ആള്‍
കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്താ എന്ന നിലയില്‍ തന്‍റെ ദീര്‍ഘമായ 33 വര്‍ഷത്തെ ഭരണത്തിനിടയില്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം മലങ്കരയിലെങ്ങും സജീവമായിരുന്നു. നവീകരണക്കാരുമായുള്ള കേസിന്‍റെയും വഴക്കിന്‍റെയും മൂര്‍ദ്ധന്യാവസ്ഥയില്‍ മലങ്കര മെത്രാപ്പോലീത്താ ജോസഫ് മാര്‍ ദീവന്നാസ്യോസിനു താങ്ങും തണലുമായി ഇദ്ദേഹം പ്രവര്‍ത്തിച്ചു.
1902-ല്‍ പ. പരുമല തിരുമേനിയുടെ കന്തീല, കബറടക്കം എന്നിവയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പ. പരുമല തിരുമേനിയുടെ ഒന്നാം ചരമവാര്‍ഷികത്തിനും പ്രധാന കാര്‍മ്മികന്‍ ഇദ്ദേഹമായിരുന്നു. ഇതുപോലെ തന്നെ 1907-ല്‍ അങ്കമാലി – കോട്ടയം ഇടവകകളുടെ കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കവും തിരുമനസ്സുകൊണ്ടാണ് നിര്‍വഹിച്ചത്. കൂടാതെ അദ്ദേഹത്തിന്‍റെ നാല്പത് അടിയന്തിരം വരെയുള്ള കാലത്ത് അവിടെ താമസിച്ച് എല്ലാ കാര്യങ്ങളും നോക്കി നടത്തിയതും, അടിയന്തിരം നടത്തുന്നതിനുള്ള ആലോചനകളും, അടിയന്തിരം നടത്തിയതും തിരുമനസിലെ നേതൃത്വത്തിലാണ്. (ഈ വിവരത്തിന് തിരുമനസുകൊണ്ട് 1907 തുലാം 23-നു ആലുവ തൃക്കുന്നത്തുസെമിനാരിയില്‍ നിന്നയച്ച കല്പന അന്യത്ര).
പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്യാസ്യോസിന്‍റെ (മാര്‍ ദീവന്യാസ്യോസ് II ) 1905-ലെ ആണ്ടുചാത്തം തന്‍റെ അഭാവത്തില്‍ നടത്തുവാന്‍ മാര്‍ ജോസഫ് ദീവന്യാസ്യോസ് (മാര്‍ ദീവന്യാസ്യോസ് V) ചുമതലപ്പെടുത്തിയത് ഇദ്ദേഹത്തെ ആയിരുന്നു. (ഇതു സംബന്ധിച്ച് തിരുമനസുകൊണ്ട് 1905 വൃശ്ചികം 27-ന് കോട്ടയം പഴയ സെമിനാരിയില്‍ നിന്നയച്ച കല്പന അന്യത്ര). മേല്‍പ്പറഞ്ഞ മൂന്നു സംഗതികള്‍ സഭയുടെ പൊതുവായ കാര്യങ്ങളിലും തന്‍റെ ഭദ്രാസനത്തിനു പുറത്തുള്ള പ്രവര്‍ത്തനങ്ങളിലും തിരുമനസിന്‍റെ സാന്നിദ്ധ്യത്തിന്‍റെ ദൃഷ്ടാന്തം എന്ന നിലയിലാണ്.
2. ‘സ്ഥാനമോഹി അല്ലാത്ത സ്ഥാനി’
മുറിമറ്റത്തില്‍ ബാവാ ഒരിയ്ക്കലും ഒരു സ്ഥാനമോഹി ആയിരുന്നില്ല. 1877-ല്‍ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് തന്നെ മെത്രാന്‍ സ്ഥാനത്തേക്കു വിളിച്ചപ്പോള്‍ ഒഴിഞ്ഞു മാറാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിച്ചു. 1912-ല്‍ മലങ്കരസഭ അദ്ദേഹത്തെ കാതോലിക്കാ സ്ഥാനത്തേയ്ക്ക് വിളിച്ചപ്പോഴും അദ്ദേഹം ഒഴിഞ്ഞു മാറി. പകരം തന്നേക്കാള്‍ യോഗ്യനാണ് കല്ലാച്ചേരില്‍ പുന്നൂസ് റമ്പാനെന്നും (പിന്നീട് മലങ്കരയില്‍ മൂന്നാം കാതോലിക്ക) അദ്ദേഹത്തെ വാഴിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. പക്ഷെ സഭയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കാതോലിക്കാ സ്ഥാനം സ്വീകരിയ്ക്കുക എന്ന ത്യാഗം അദ്ദേഹത്തിനു ചെയ്യേണ്ടി വന്നു.
ഇവിടെ സ്വല്പം വിശദീകരണം ആവശ്യമുണ്ട്. കാരണം കാതോലിക്കാ സ്ഥാനം നല്‍കാം എന്ന വാഗ്ദാനത്തില്‍ മോഹിതനായി ആണ് ഇദ്ദേഹം മാര്‍ ദീവന്യാസ്യോസിന്‍റെ പക്ഷത്ത് ചേര്‍ന്നത് എന്ന് സ്ഥാപിയ്ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഈ വാദം തെറ്റാണെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ് എന്നതിനാല്‍ ഇതു വിശദീകരിക്കാം.
ഒന്നാമതായി, വൃദ്ധനും രോഗിയുമായ തനിക്ക് ദീര്‍ഘകാലം കാതോലിക്കാ എന്ന നിലയില്‍ ഭരിക്കാമെന്ന് അദ്ദേഹത്തിന് ഒട്ടും മോഹം ഉണ്ടായിരുന്നില്ല. കാതോലിക്കാ സ്ഥാനത്തേക്കുള്ള ക്ഷണം നിരസിച്ചപ്പോള്‍ അദ്ദേഹം അത് വ്യക്തമാക്കിയതാണല്ലോ. രണ്ടാമത് വടക്കന്‍ പ്രദേശത്ത് പ്രത്യേകിച്ച് കണ്ടനാട് ഭദ്രാസനത്തില്‍ നിര്‍ണായക സ്വാധീനമുള്ള കോനാട്ട് മാത്തന്‍ മല്പാന്‍റെ ശത്രുത പരസ്യമായി ക്ഷണിച്ചുവരുത്തുന്ന ഈ സ്ഥാന സ്വീകരണം തനിക്ക് ശത്രുതയും പ്രയാസങ്ങളും വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന് അദ്ദേഹത്തിനു സ്പഷ്ടമായും അറിയാമായിരുന്നു.
മൂന്നാമതായി മലങ്കരയിലെ നിയമബന്ധിതമായ ഭരണക്രമത്തില്‍ കാതോലിക്കായ്ക്ക് പരിമിതമായ അധികാരവും അവകാശങ്ങളുമേ ഉള്ളൂ എന്ന് അദ്ദേഹത്തിന് വ്യക്തമായും അറിയാമായിരുന്നു. കാതോലിക്ക എന്ന നിലയില്‍ താന്‍ മേല്‍സ്ഥാനി ആണെങ്കിലും സഭയുടെ ലൗകിക ഭരണത്തില്‍ താന്‍ പൂര്‍ണ്ണമായും മലങ്കരമെത്രാപ്പോലീത്തായ്ക്ക് വിധേയനാണെന്നും അദ്ദേഹത്തിന്‍റെയും മലങ്കര അസോസിയേഷന്‍റെയും നിര്‍ദ്ദേശപ്രകാരമല്ലാതെ തനിയ്ക്ക് യാതൊരു അധികാരവും നടത്താന്‍ സാദ്ധ്യമല്ല എന്നും അദ്ദേഹത്തിനു നല്ലവണ്ണം അറിയാമായിരുന്നു. കാതോലിക്കായ്ക്കടുത്ത മെത്രാനഭിഷേകം, വി. മുറോന്‍കൂദാശ ഇവ പോലും മലങ്കര മെത്രാപ്പോലീത്തായുടെയും അദ്ദേഹം അദ്ധ്യക്ഷനായിരിക്കുന്ന സുന്നഹദോസിന്‍റെയും മലങ്കര അസ്സോസിയേഷന്‍റെയും നിര്‍ദ്ദേശപ്രകാരമല്ലാതെയും നിര്‍വ്വഹിച്ചുകൂടെന്നു അദ്ദേഹത്തിനു നല്ല നിശ്ചയം ഉണ്ടായിരുന്നു. ഈ വസ്തുതകള്‍ പ. അബ്ദല്‍ മ്ശീഹാ പാത്രിയര്‍ക്കീസ് 1088 കന്നി 2-നു നിരണത്തു പള്ളിയില്‍ നിന്നും 1088 കുംഭം 8-നു പരുമല സെമിനാരിയില്‍ നിന്നും പുറപ്പെടുവിച്ച കല്പനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പിന്നെ എന്തുകൊണ്ട് കാതോലിക്കാസ്ഥാനം അദ്ദേഹം സ്വീകരിച്ചു? താന്‍ ഈ സ്ഥാനം സ്വീകരിക്കേണ്ടത് തന്‍റെ സഭയുടെ വളര്‍ച്ചയ്ക്കും കെട്ടുപണിക്കും അത്യാവശ്യമാണെന്ന് ബോദ്ധ്യം വന്നതിനാലും മലങ്കരസഭയുടെ ഐക്യകണ്ഠ്യേനയുള്ള തിരഞ്ഞെടുപ്പ് നിരസിക്കുന്നത് വിഹിതമല്ലാത്തതിനാലും മുറിമറ്റത്തില്‍ ബാവ കാതോലിക്കാ സ്ഥാനം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് വട്ടശ്ശേരില്‍ മാര്‍ ദീവന്യാസ്യോസ് അയച്ച എഴുത്തിലെ വാക്കുകളില്‍ പറഞ്ഞാല്‍ ‘സ്ഥാനം സ്വീകരിക്കാതിരിക്കുന്നത് സഭയോട് ചെയ്യുന്ന ഒരു മഹാ പാതകമായിരിക്കുമെന്നും പിന്‍തലമുറ അതിനെപ്പറ്റി പശ്ചാത്തപിക്കാന്‍ ഇടവരുമെന്നും’ മനസിലാക്കിയാണ് അദ്ദേഹം ഈ സ്ഥാനം സ്വീകരിച്ചത്.
3. അഭിപ്രായ സ്ഥിരതയുള്ള പിതാവ്
മുറിമറ്റത്തില്‍ ബാവയെപ്പറ്റിയുള്ള മറ്റൊരാരോപണം അബ്ദുള്ള പാത്രിയര്‍ക്കീസ് തന്നെ കണ്ടനാട് ഭദ്രാസന ഭരണത്തില്‍നിന്നു നീക്കിയതിനാലാണ് അദ്ദേഹം ‘കൂറുമാറി’യത് എന്നാണ്. ഇവിടെയും സ്വല്‍പ്പം വിശദീകരണം ആവശ്യമാണ്. കാരണം അദ്ദേഹം ഒരിക്കലും കൂറുമാറിയിട്ടില്ല എന്നതു തന്നെ.
തന്‍റെ അന്ത്യകാലത്ത് മാര്‍ ജോസഫ് ദീവന്യാസ്യോസ്, അബ്ദുള്ള രണ്ടാമന്‍ പാത്രിയര്‍ക്കീസിന്‍റെ വരവോടെ ഉണ്ടാകുമെന്നു ഭയപ്പെട്ട കലക്കം മറനീക്കി പുറത്തുവന്നത് 1085 വൃശ്ചികം 12 മുതല്‍ പഴയ സെമിനാരിയില്‍ നടന്ന അസ്സോസിയേഷന്‍ യോഗത്തോടെയാണ്. ടി. യോഗത്തില്‍ വെച്ച് മലങ്കരസഭയുടെ ലൗകീകാധികാരം രജിസ്റ്റര്‍ ഉടമ്പടിയായി തനിക്ക് എഴുതി തരണമെന്ന് പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. അസോസിയേഷന്‍ അതു നിരസിച്ചതോടെ പാത്രിയര്‍ക്കീസ് കുപിതനായി. ഈ അവസരത്തില്‍ ‘പാത്രിയര്‍ക്കീസിനുള്ള അധികാരമെല്ലാം നമ്മള്‍ സമ്മതിച്ചിട്ടുണ്ട്. ഇല്ലാത്ത അധികാരമൊന്നും അവശ്യപ്പെടുന്നത് ശരിയല്ല എന്ന് ഞാന്‍ പാത്രിയര്‍ക്കീസിനെ പറഞ്ഞു സമ്മതിപ്പിക്കാം‘ എന്ന് മുറിമറ്റത്തില്‍ ബാവ ഇലഞ്ഞിക്കല്‍ ഇ.ജെ. ജോണ്‍ വക്കീലിനോട് പറയുകയും അപ്രകാരം പാത്രിയര്‍ക്കീസിനെ കാണാന്‍ വക്കീലിനെയും കൂട്ടി പുറപ്പെടുകയും ചെയ്തു. ഇ.ജെ. ജോണ്‍, എം. എ ചാക്കോ എന്നിവര്‍ വട്ടിപ്പണക്കേസില്‍ നല്‍കിയ മൊഴിയില്‍ ഈ വസ്തുതയുണ്ട്. എന്നാല്‍ അബ്ദുള്ളയുടെ കലക്കത്തില്‍ ഉള്‍പ്പെടുകയില്ല എന്ന് മാര്‍ ജോസഫ് ദീവന്യാസ്യോസിനോട് സത്യം ചെയ്ത മാര്‍ പൗലൂസ് കൂറിലോസ് ഇതേ സംഗതി പാത്രിയര്‍ക്കീസിനോട് പറയണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത് എന്നും മനസിലാക്കുമ്പോള്‍ മുറിമറ്റത്തില്‍ ബാവയുടെ അഭിപ്രായ സ്ഥിരതയുടെ ആഴം ഊഹിക്കാമല്ലോ.
തുടര്‍ന്ന് ലൗകികാധികാരം സമ്മതിച്ച് ഉടമ്പടി കൊടുക്കാത്തതിനാല്‍ 1086 ഇടവം 18നു 30-ാം നമ്പര്‍ കല്പനപ്രകാരം അബ്ദുള്ള പാത്രിയര്‍ക്കീസ് മാര്‍ ദീവന്യാസ്യോസിനെ മുടക്കി. അന്യായമായ ഈ മുടക്കുവാര്‍ത്ത അറിഞ്ഞ മാര്‍ ഈവാനിയോസും മലങ്കരസഭയില്‍ അദ്ദേഹത്തെ കൂടാതെ അന്ന് ഇടവക ഭരണമുണ്ടായിരുന്ന ഏക മേല്പട്ടക്കാരനായ മാര്‍ അല്‍വാറീസ് യൂലിയോസും 1086 മിഥുനം 2-നു സംയുക്തമായി മുടക്കിനെ നിഷേധിച്ചും മാര്‍ ദീവന്യാസ്യോസിനോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുംകൊണ്ട് ഒരു കത്ത് പ്രസിദ്ധീകരിച്ചു.
ലൗകീകാധികാരം സമ്മതിക്കാത്തതിന് മാര്‍ ദീവന്യാസ്യോസിന് മുടക്ക് എന്ന ഉപഹാരം ലഭിച്ചതുപോലെ ഈ സംയുക്തകത്തിനും ഇരുവര്‍ക്കും ഉപഹാരം ലഭിക്കുകയുണ്ടായി. മാര്‍ അല്‍വാറീസ് യുലിയോസിനെ മുടക്കിയും മാര്‍ ഈവാനിയോസിനെ ഭരണത്തില്‍നിന്നു നീക്കിയും 1911 കന്നി 29-നു പാത്രിയര്‍ക്കീസ് കല്പന പുറപ്പെടുവിച്ചു. രണ്ടു ദിവസത്തിനുശേഷം തുലാം 1 നു പാത്രിയര്‍ക്കീസ് മലങ്കര വിടുകയും ചെയ്തു. മാര്‍ ദീവന്യാസ്യോസിന്‍റെ മുടക്കുപോലെ തന്നെ ഈ കല്പനകളും വെറും ജലരേഖകളായി പരിണമിച്ചു.
ഇതില്‍ നിന്നും വ്യക്തമാകുന്നത് പ്രശ്നത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെയും മുറിമറ്റത്തില്‍ ബാവയുടെ അഭിപ്രായം ഒന്നുതന്നെയായിരുന്നു എന്നാണ്. പാത്രിയര്‍ക്കീസിന്‍റെ ലൗകികാധികാരമോഹത്തെപ്പറ്റിയും അതില്‍ നിന്നുളവായ മാര്‍ ദീവന്യാസ്യോസിന്‍റെ മുടക്കിനെപ്പറ്റിയും അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ മാര്‍ ഈവാനിയോസിന്‍റെ ‘കൂറുമാറ്റം’ ചിലരുടെ ഭാവനാസൃഷ്ടി മാത്രമാണെന്നു കാണാം.
4. വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരി
പ. മുറിമറ്റത്തില്‍ ബാവാ കാതോലിക്കാ സ്ഥാനത്തു പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം കണ്ടനാട് ഭദ്രാസനത്തിലെ പലരുടെയും കണ്ണിലെ കരടായിരുന്നു. വിട്ടുവീഴ്ചയും പക്ഷാഭേദവുമില്ലാത്ത അദ്ദേഹത്തിന്‍റെ നടപടികളായിരുന്നു അതിനു കാരണം. 1876-ല്‍ പ. പത്രോസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് വാഴിച്ച ആറു മെത്രാന്മാരുടെയും, മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെയും സ്വഭാവം കാച്ചിക്കുറുക്കി ഓരോ വരികളിലൊതുക്കി ഒരു കവിത അക്കാലത്ത് പ്രചരിച്ചിരുന്നു. ചട്ടം നടത്തുന്ന മുറിമറ്റം, മുട്ടിന്മേല്‍ നില്‍ക്കുന്ന ചാത്തുരുത്തി… എന്നിങ്ങനെയാണ് ആ കവിത പോകുന്നത്. വസ്തുനിഷ്ഠമായ ഈ സ്വഭാവ വിശകലനത്തില്‍ നിന്നും അദ്ദേഹത്തിന്‍റെ നിയമവാഴ്ചയോടുള്ള ആഭിമുഖ്യം വ്യക്തമാകുന്നു. 1911-ല്‍ കോനാട്ട് മാത്തന്‍ മല്പാന്‍ തന്‍റെ നടപടിക്രമത്തിന്‍റെ ആമുഖത്തില്‍ … പള്ളിക്രമങ്ങള്‍ നടത്തുന്നതിനു അദ്വിതീയന്‍ എന്നു എല്ലാവരാലും സമ്മതിക്കപ്പെട്ടിട്ടുള്ള മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി… എന്ന പരാമര്‍ശനം, പ. ബാവായുടെ പാണ്ഡിത്യത്തിനു മാത്രമല്ല, മുകളില്‍ പറഞ്ഞ സ്വഭാവത്തിനും കൂടി തെളിവാണ്.
പ. മുറിമറ്റത്തില്‍ ബാവായുടെ സ്വഭാവത്തിലേയ്ക്കും, കാതോലിക്കാ സ്ഥാനം ഏല്‍ക്കുന്നതിനു മുമ്പ് അദ്ദേഹം നേരിടേണ്ടി വന്ന പീഡകളെപ്പറ്റിയും, അതിന്‍റെ കാരണങ്ങളെപ്പറ്റിയും പ. പരുമല തിരുമേനി വ്യക്തമായ സാക്ഷ്യം നല്‍കുന്നുണ്ട്. അദ്ദേഹം 1899 ഏപ്രില്‍ 7-ന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ചാവക്കാടുനിന്നും അയച്ച സുറിയാനി കത്തില്‍ … ഈവാനിയോസ് ആബൂനെ കുറിച്ച് എനിക്ക് അറിയാവുന്നതില്‍ നിന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ സത്യമായത് അതില്‍ (മുമ്പ് പാത്രിയര്‍ക്കീസിനയച്ച കത്ത്) ഞാന്‍ നല്ലവണ്ണം എഴുതി അറിയിച്ചിരുന്നു. അദ്ദേഹം സത്യവാനാണ്, നുണയനോ, സൂത്രക്കാരനോ അല്ല. ദൈവത്തെയും തന്‍റെ ഉടയവനെയും ഭയക്കുന്ന ആളാണ്. തന്നെ സ്നേഹിക്കുന്നവനെ സ്നേഹിക്കുന്നവനും, വെറുക്കുന്നവനെ വെറുക്കുന്നവനുമാണ്. തന്‍റെ കൂടെ നില്ക്കാത്തവന്‍ വലിയവനും ധനവാനുമാണെങ്കില്‍പോലും അദ്ദേഹം അവനെ വെറുക്കും; അക്കാര്യത്തില്‍ മുഖപക്ഷം കാണിക്കാറില്ല. അതാണ് അദ്ദേഹത്തിന്‍റെ സ്വഭാവം.
അദ്ദേഹത്തെക്കുറിച്ച് പരാതി നല്കിയിരിക്കുന്നവര്‍ സത്യമല്ല പറഞ്ഞിരിക്കുന്നത്. അദ്ദേഹം പള്ളികളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് അവയില്‍ നിന്നു പണം മോഷ്ടിച്ചു എന്നു കാണിച്ച് അങ്ങേയ്ക്ക് അയച്ച അവരുടെ പരാതിയില്‍ അവര്‍ നുണയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അവരുടെ പരാതി ഞങ്ങള്‍ക്ക് അയച്ചു തരുവാന്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഞങ്ങള്‍ നല്ലവണ്ണം അന്വേഷിക്കാം. അപ്പോള്‍ അവരുടെ നുണ വെളിപ്പെടുകയും ഇനി മേലില്‍ ആരും ഇത്ര ധൈര്യപൂര്‍വ്വം നിര്‍ഭയനായി പരിശുദ്ധ പിതാവിന് നുണ എഴുതാതിരിക്കുകയും ചെയ്യും… എന്നിങ്ങനെ വിശദമായ സാക്ഷ്യമാണ് നല്‍കുന്നത്. കാതോലിക്കാ സ്ഥാനം ഏല്‍ക്കുന്നതിനു പതിമൂന്നുവര്‍ഷം മുമ്പ് എഴുതിയ ഈ കത്തിലെ കാരണങ്ങള്‍ തന്നെയാണ് ജീവിതാന്ത്യം വരെ അദ്ദേഹത്തെ വേട്ടയാടിയത്.
5. അഹറോന്‍റെ തളിര്‍ത്ത വടി
പ. പത്രോസ് പാത്രിയര്‍ക്കീസ് മലങ്കരയില്‍ ഇടവക മെത്രാന്മാരായി വാഴിച്ച ആറുപേരില്‍ ഏറ്റവുമധികം കാലം ജീവിച്ചിരുന്നത് പ. മുറിമറ്റത്തില്‍ ബാവായാണ്. മലങ്കര നസ്രാണികളില്‍ ആദ്യമായി അത്യുന്നത മഹാപുരോഹിതനടുത്ത അഹറോന്‍റെ തളിര്‍ത്ത വടി പിടിക്കാനുള്ള ഭാഗ്യം ലഭിച്ചതും അദ്ദേഹത്തിനാണ്. മലങ്കരയിലെങ്ങും അംഗീകരിക്കപ്പെട്ടിരുന്ന, പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ പിന്‍ഗാമിയായി പരിഗണിച്ച, തങ്ങളില്‍ പ്രായത്തില്‍ ഏറ്റവും ഇളയവനായ, പ. പരുമല തിരുമേനി മലങ്കര മെത്രാപ്പോലീത്താ ആയില്ല. എന്നാല്‍ സ്വന്തജനം പരിത്യജിക്കാന്‍ ശ്രമിച്ച പ. മുറിമറ്റത്തില്‍ ബാവാ അത്യുന്നത മഹാപുരോഹിതനായി. ഇതൊരു ദൈവിക പദ്ധതി അല്ലായെന്നു പറയാന്‍ സാധിക്കുമോ? പ. പരുമല തിരുമേനി ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ സ്ഥാനത്തെത്തുക അദ്ദേഹമായിരുന്നു. എന്നാല്‍ പ. മുറിമറ്റത്തില്‍ ബാവാ എന്ന പരിശുദ്ധനെ പരിത്യജിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ഈ ദൈവീക പദ്ധതി എന്നു പറയാമോ?
പ. മുറിമറ്റത്തില്‍ ബാവാ, മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ എന്ന നിലയില്‍ ഉപയോഗിച്ചിരുന്ന അംശവടിയുടെ ഗതിയിലും ഈ ദൈവീക പദ്ധതി ദര്‍ശിക്കാം. ആ വടി പിന്നീട് നല്‍കിയത് സ്ലീബാദാസ സമൂഹ സ്ഥാപകന്‍ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസിനാണ്. തുടര്‍ന്ന് കോലഞ്ചേരിയില്‍ വെച്ചു വാഴിക്കപ്പെട്ട തോമസ് മാര്‍ തീമോത്തിയോസിനു (പ. വലിയ ബാവാ) നല്‍കി. തുടര്‍ന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിനും. വിശദീകരണം ആവശ്യമില്ലാത്ത മഹാപ്രയാണം.
മലങ്കരസഭാ ചരിത്രരചനയുടെ ഭീഷ്മാചാര്യനായ Z.M. പാറേട്ടിന്‍റെ വാക്കുകളില്‍ ‘രക്തസാക്ഷിത്വം വഹിയ്ക്കാന്‍ ഒരുക്കമുള്ള നസ്രാണികള്‍ ഇരുപതാം നൂറ്റാണ്ടിലും ഉണ്ടെന്നു തെളിയിച്ച്‘ മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് എന്ന പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവയുടെ ജീവിതത്തിന്‍റെ ആകത്തുക എന്തായിരുന്നു? തിരുമനസിലെ മാതൃ ഇടവകയായ കോലഞ്ചേരി പള്ളിക്കാര്‍ 1912 വൃശ്ചികം 6നു കോട്ടയം ഡിവിഷന്‍ മജിസ്രേട്ടിനു നല്‍കിയ ഹര്‍ജിയില്‍ നിന്നും ഉദ്ധരിക്കാം.
‘മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ കോലഞ്ചേരിപള്ളി ഇടവകക്കാരനായി ജനിച്ചുവളര്‍ന്ന് പ്രായവും യോഗ്യതയും ആയപ്പോള്‍ ആദ്യം ശെമ്മാശൂം പിന്നത്തേതില്‍ വികാരിയും ശെമ്മാശന്മാരെയും പൈതങ്ങളെയും സുറിയാനി പഠിപ്പിച്ച് മല്പാനും ദയറോയോയെന്ന റമ്പാനും 42-ാം വയസില്‍ മെത്രാപ്പോലീത്തയും ആയി ഈ പള്ളിയില്‍ അധികമായി താമസിച്ചും വേറെ പള്ളികളില്‍ ആവശ്യത്തിനുമാത്രം പോയി തിരികെ ഈ പള്ളിയില്‍ വന്നു താമസിച്ചും വരവെ ഈയാണ്ടു ചിങ്ങമാസം സുറിയാനി കണക്കില്‍ 11-നു ശനിയാഴ്ച ഇവിടെനിന്നും പരുമല സെമിനാരിയില്‍ ഒരു കമ്മട്ടികൂട്ടം ഉണ്ടായതിനു പോവുകയും അപ്പോള്‍ പള്ളിവകയില്‍ രൂപ ഇല്ലാതിരുന്നതിനാല്‍ 15 രൂപ അദ്ദേഹത്തിന്‍റെ വഴിചിലവിനും മറ്റുമായി ഞങ്ങള്‍ കടം വാങ്ങികൊടുക്കുകയും കമ്മട്ടിക്കാര്‍ക്കും ശു. പാത്രീയര്‍ക്കീസു ബാവാക്കും അദ്ദേഹത്തിന്‍റെ യോഗ്യതയ്ക്ക് ഒരുമേല്‍ സ്ഥാനം കൂടി വേണമെന്ന് അഭിപ്രായപ്പെട്ട് ശ്ലീഹായ്ക്കടുത്ത കിഴക്കേ സിംഹാസനത്തിന്‍റെ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവാ ആയി ശു. മാര്‍ത്തോമ്മാ അപ്പോസ്തോലനാല്‍ സ്ഥാപിയ്ക്കപ്പെട്ട നിരണത്തു പള്ളിയില്‍ വെച്ച് മെത്രാപ്പോലീത്താമാര്‍ റമ്പാന്‍മാര്‍ വളരെ വികാരിമാര്‍, ശെമ്മാശന്മാര്‍ വളരെ ജനങ്ങള്‍ കൂടി വിശുദ്ധ പാത്രിയര്‍ക്കീസു ബാവാ തൃക്കൈകളാല്‍ വാഴിക്കപ്പെട്ടു ഇതിനുള്ള പ്രമാണമായി സുസ്താത്തിക്കോനും കൊടുത്തു.
Bibliography
1. പൊന്‍ ജൂബിലി സുവനീര്‍, പരുമല സെമിനാരി, Pp 1952 26-27
2. മലയാള മനോരമ, 1903 നവംബര്‍
3. കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (ബസേലിയോസ് ഗീവര്‍ഗീസ് I ) 1907 ധനു 12 നു അയച്ച കത്തില്‍ നിന്നും.
4. മാര്‍ ജോസഫ് പക്കോമിയോസ്, മുറിമറ്റത്തില്‍ ബാവ, 1991 Pp 46-47
5. പറേട്ട്, Z. M മലങ്കരനസ്രാണികള്‍ Vol IV,1969 Pp 450-451
6. കണിയാപറമ്പില്‍ കുര്യന്‍ കോറെപ്പിസ്കോപ്പ, സുറിയാനി സഭ, 1982 P 269
7. മാര്‍ ജോസഫ് പക്കോമിയോസ്, മുറിമറ്റത്തില്‍ ബാവ, 1991, Pp 116-122
8. പാറേട്ട്, Z. M മലങ്കരനസ്രാണികള്‍ Vol IV,1969, Pp 212213
9. Ibid pp 586- 587
10. a) Ibid Pp 587
10. b) മാര്‍ ജോസഫ് പക്കോമിയോസ്, മുറിമറ്റത്തില്‍ ബാവ 1991-P 109
11. ഈ രേഖയുടെ പകര്‍പ്പ് ലേഖകന്‍റെ കൈവശമുണ്ട്.