മെത്രാപ്പോലീത്തായുടെ കത്ത്: അന്ത്യോഖ്യാ പാത്രിയർക്കേറ്റും കാതോലിക്കേറ്റും – 1

അന്ത്യേഖ്യാ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും തമ്മിലുള്ള ബന്ധത്തെ പറ്റി ആശയപരമായ അവ്യക്തത ഇന്നും നിലനിൽക്കുന്നു. ഇത് സംബന്ധിച്ച ധാരണാ വ്യത്യാസം കേസിലെ ഇരുകക്ഷികളും തമ്മിൽ ഉണ്ട്. എന്നാൽ ഇത് കൂടാതെ ഓർത്തഡോക്സ് സഭയുടെ ഇത് സംബന്ധിച്ച പ്രസ്താവനകളിലും വൈരുദ്ധ്യങ്ങൾ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ വിഷയം സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനത്തിന് തയ്യാറാകാത്തതാണ് ഇത്തരം വീക്ഷണങ്ങൾക്കും നിലപാടുകൾക്കും കാരണമാകുന്നത്.

സത്യാന്വേഷണത്തേക്കാൾ അധികാരഘടനയുടെ താൽപര്യങ്ങൾക്കു് മുൻഗണന കൊടുക്കുമ്പോൾ വ്യവസ്ഥയില്ലാത്ത വിശദീകരണങ്ങൾ വരാവുന്നതാണ്. ചരിത്രവും, കോടതി വിധികളെയും, ഭരണഘടനയെയും പറ്റി സംസാരിക്കുകയും, എഴുതുകയും ചെയ്യുന്നവരുടെ കൂറനുസരിച്ച് വിഷയം വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നു. ഈ കാര്യം സംബന്ധിച്ച് സമീപകാലത്ത് അഭിപ്രായ പ്രകടനങ്ങളും, പ്രസ്താവനകളും തുടർച്ചയായി വരുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് കഴിയുംവിധം വസ്തുനിഷ്ഠമായ ഒരു പഠനത്തിന് പ്രസക്തിയുണ്ട്. കൂടാതെ കക്ഷിഭിന്നത മുമ്പോട്ട് ഗമിക്കുന്നത് ഈ കേന്ദ്രവിഷയവുമായി ബന്ധപ്പെട്ടാണല്ലൊ. യാഥാർത്ഥ്യം അന്വേഷിക്കുന്നവർക്ക് ഈ അന്വേഷണം സഹായമാകും, കൂടാതെ ആ വിഷയത്തിലുള്ള വ്യക്തത സഭാ ഐക്യശ്രമങ്ങൾ ശരിയായ പാതയിലും, വ്യക്തമായ ദിശയിലുമാകാൻ ഉള്ള സാഹചര്യം സൃഷ്ടിക്കാവുന്നതുമാണ്.

ഈ പഠനത്തിന് ആധാരമാക്കേണ്ട ചില രേഖകൾ ഉണ്ട്. അവയെ അവഗണിച്ചും, ലക്ഷ്യം മാത്രം മുന്നിൽ കണ്ടും വ്യാഖ്യാന രീതിശാസ്ത്രങ്ങൾ പ്രയോഗിക്കാതെയും വിഷയം അവതരിപ്പിക്കുമ്പോഴാണ് വ്യത്യസ്ത ധാരണകൾ സൃഷ്ടിക്കപ്പെടുന്നത്. ഈ രേഖകൾ:
1). 9-ാം നൂറ്റാണ്ടിൽ പാത്രിയർക്കേറ്റ്  – കാതോലിക്കേറ്റ്, അതൃത്തി – അധികാര – ബന്ധ തർക്കങ്ങൾ പരിഹരിക്കുന്നതിന് ചേർന്ന കഫർത്തുത്ത സുന്നഹദോസ് തീരുമാനങ്ങൾ
2). മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ട് പ.അബ്ദുൾ മ്ശീഹാ പാത്രിയർക്കീസ് പുറപ്പെടുവിച്ച രണ്ട് കല്പനകൾ
3). 1934-ലെ മലങ്കര അസോസിയേഷൻ പാസാക്കി കോടതി അംഗീകരിച്ച് സഭയ്ക്ക് നിബന്ധിതമാക്കിയിരിക്കുന്ന സഭാ ഭരണഘടന
4). 1964-ലെ കാതോലിക്കാ വാഴ്ചയോട് അനുബന്ധിച്ച് പാത്രിയർക്കീസും കാതോലിക്കായും ചേർന്നുണ്ടാക്കിയ ഉഭയ ഉടമ്പടി.
5). 1958, 1995, 2017 എന്നീ വർഷങ്ങളിൽ സഭാതർക്കം സംബന്ധിച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി തീർപ്പുകൾ.

ഇവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തിയാൽ ചരിത്രപരവും, കാനോനികവും, ഭരണഘടനാപരവും, നിയമപരവുമായി ഏത് ബന്ധമാണ് ഈ സ്ഥാപനങ്ങൾ തമ്മിൽ ഇന്നുള്ളത് എന്ന് വ്യക്തമാകുന്നതാണ്. അതിൻ പ്രകാരം ഈ ബന്ധത്തിൻ്റെ സ്വഭാവവും, ഉള്ളടക്കവും നിർവ്വചിക്കാനാവുന്നതാണ്. അതോടെ ഇത് സംബന്ധിച്ച തർക്കവും ന്യായമായി അവസാനിക്കേണ്ടതാണ്. ഇപ്പോൾ ഈ വിഷയം സംബന്ധിച്ച് നിലനില്ക്കുന്ന വൈവിധ്യങ്ങൾ ചൂണ്ടി കാണിക്കേണ്ടതുണ്ട്. അവ മനസ്സിൽ വച്ചാകണം പഠനം നടത്തേണ്ടത്.

പാത്രിയർക്കീസ് വിഭാഗത്തെ സംബന്ധിച്ച് അന്ത്യോഖ്യൻ ബന്ധം ഉപാധികൾ ഇല്ലാത്തതാണ്. അതുകൊണ്ട് അത് നിർവചിക്കാനാവില്ല. ഈ കാഴ്ചപ്പാടാണ് അവരുടെ 2002-ലെ ഭരണഘടനയിൽ ഉള്ളത്. അധികാരസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വ്യക്തത ഇല്ലാതെ വന്നാൽ ആ ബന്ധങ്ങൾ ആരോഗ്യകരമായും ഫലപ്രദമായും നിലനിർത്താൻ ആവില്ല എന്നത് അവരുടെ ഹ്രസ്വകാല അനുഭവത്തിലൂടെ തെളിഞ്ഞ കാര്യമാണ്. എന്നാൽ നിരുപാധിക അനുസരണവും വിധേയത്തവും അല്ല മേല്പറഞ്ഞ രേഖകൾ വിവക്ഷിക്കുന്നതും. അവ ഉണ്ടായത് ഈ ബന്ധം നിലനിർത്താനുള്ള പരീക്ഷണമായിട്ടാണ് എന്ന് അവർ ഇതുവരെ തിരിച്ചറിയാൻ മനസ്സു വയ്ക്കുന്നില്ല. വസ്തുതകൾക്ക് നേരെയുള്ള കണ്ണടയ്ക്കലാണിത്. എന്നാൽ ഇതൊരു സ്നേഹ – വിശ്വാസ ബന്ധമെന്നാണ് ഓർത്തഡോക്സ് സഭയിലെ ചിലരുടെ വെളിപാട്. അത്തരം ഒരു ബന്ധം അന്ത്യോഖ്യാ പാത്രിയക്കീസുമായിട്ടല്ല – നേരെ മറിച്ച് കോപ്റ്റിക്, അർമീനിയൻ, എത്യോപ്യൻ സഭാധ്യക്ഷന്മാരുമായിട്ടാണ്. അന്ത്യോഖ്യൻ പാത്രിയർക്കീസുമായുള്ള ബന്ധം നിയമ സ്വഭാവം ഉള്ളതാണ്. അത് കാനോൻ – ഭരണഘടന – ഉടമ്പടിയിലധിഷ്ഠവും അവയുടെ അടിസ്ഥാനത്തിൽ കോടതി പല പ്രാവശ്യം അംഗീകാരം കൊടുത്തിട്ടുള്ളതുമാണ്. അതുകൊണ്ട് ഇത് വ്യവസ്ഥാപിതവും ദരണഘടനാപരവുമായ ബന്ധമാണ്. ഇത്തരം ഒരു ബന്ധം മലങ്കര സഭയ്ക്ക് ലോകത്തിൽ മറ്റൊരു സഭയോ സ്ഥാപനമോ ആയിട്ടില്ല.

എന്നാൽ ഈ ബന്ധത്തിന് വേദപുസ്തക – വേദശാസ്ത്ര അടിത്തറയൊന്നുമില്ല. അതുകൊണ്ട് ഇത് ചരിത്രത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്ന് പോയാലും അന്ത്യോഖ്യാ പാത്രിയർക്കേറ്റിനോ, പൗരസ്ത്യ കാതോലിക്കേറ്റിനോ ന്യൂനതയൊന്നും സംഭവിക്കാനില്ല. ഒരു ചരിത്ര ബന്ധത്തിൻ്റെ അന്ത്യമെന്ന് കരുതിയാൽ മതി. ഒരു ദീർഘകാല കൂട്ടായ്മയുടെ നഷ്ടം ഇരുപക്ഷത്തും ഉണ്ടാകാം. മലങ്കരസഭയുടെ നിലനില്പ് പൂർണ്ണമായും അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായ ബന്ധത്തിൽ നിന്നല്ല. പൂർവ്വീക അപ്പോസ്തോലിക ആസ്ഥാനമായ അന്ത്യോഖ്യയ്ക്ക് മലങ്കര സഭയുടെ ബന്ധവും അനിവാര്യമല്ല. എന്നിരിക്കിലും ഈ ചരിത്ര- കാനോനിക- ലിറ്റർജിക്കൽ ബന്ധം വ്യവസ്ഥാപിതമായും ആരോഗ്യകരമായും നിലനിൽക്കുന്നതും അന്യോന്യ സഹകരണവും, പിന്തുണയും തുടരുന്നതും വിലമതിക്കേണ്ട ഒന്നാണ്.

അതുകൊണ്ട് എന്ത് ചെലവിലും ഈ ബന്ധം നിലനിർത്തണം എന്ന നിർബന്ധബുദ്ധി ആവശ്യമില്ല. ഒപ്പം തന്നെ നിർത്തിക്കളയുവാൻ വാശി പിടിക്കേണ്ടതുമില്ല. ഈ ബന്ധം നിയമാനുസൃതം നിലനിർത്തുന്നത് മലങ്കരയിൽ ഭിന്നിച്ച് നിൽക്കുന്ന വിശ്വാസ സമൂഹത്തെ ഐക്യത്തിലേക്ക് വരുത്തുവാൻ സഹായിക്കുമെങ്കിൽ ഇതിനായി ഇരുകൂട്ടരും സൗമനസ്യത്തോടെ ഈ കൂട്ടായ്മയ്ക്ക് അഭിലഷിക്കേണ്ടതാണ്. സഭയുടെ നന്മ, സാക്ഷ്യം, വളർച്ച എന്നിവ ആഗ്രഹിക്കുന്നവർ ഈ വിശ്വാസ സമൂഹത്തിൻ്റെ ഐക്യം ലക്ഷ്യമായി കാണേണ്ടതാണ്. അതുകൊണ്ട് മലങ്കര സഭയ്ക്ക് അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായ ബന്ധം നിയമാനുസൃതമായി പുനസ്ഥാപിച്ച് സഭയിൽ സമാധാനം സൃഷ്ടിക്കപ്പെടുക എന്നുള്ളത് സൽബുദ്ധിയുള്ള വിശ്വാസികളുടെ സ്വപ്നമാണ്.

മലങ്കര സഭയ്ക്ക് അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായോ കിഴക്കിൻ്റെ മഫ്രിയാനേറ്റുമായോ ബന്ധവും അതുവഴി ഓർത്തഡോക്സിയുമായി വിശ്വാസബന്ധം സ്ഥാപിക്കപ്പെടുന്നത്, 1663-ൽ മാർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവ ഇന്ത്യയിൽ എത്തുന്നതോടെയാണ്. അതിനു ശേഷം ശീമ രാജ്യങ്ങളിൽ നിന്ന് പലപിതാക്കന്മാരും ഇവിടെ വന്നു. എന്നാൽ പാത്രിയർക്കേറ്റും മലങ്കര സഭയുമായുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കിയത് 1889-ലെ റോയൽ കോടതി വിധിയാണ്. അതിൻ പ്രകാരം പാത്രിയർക്കീസിന് ആത്മീയ മേലന്വേഷണം മാത്രമാണ് ഉള്ളത്. അല്ലാതെ ഭരണ-ഭൗതിക രംഗത്ത് പങ്കാളിത്തമില്ല. മേല്പട്ടസ്ഥാനം നൽകുക, വി. തൈലം കൂദാശ ചെയ്യുക തുടങ്ങിയ വൈദീക ചുമതലകളാണ് ആത്മീക ചുമതല എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. എന്നാൽ വിശ്വാസ – അച്ചടക്ക കാര്യങ്ങളിൽ തെറ്റുകൾ ഉണ്ടായാൽ അത് സംബന്ധിച്ച് വ്യവസ്ഥാപിതമായി അന്വേഷണം നടത്തി സ്വാഭാവിക നീതിക്കും കാനോനുകൾക്കും വിധേയമായി മലങ്കര മെത്രാപ്പോലീത്തായെ വിചാരണ ചെയ്യുവാൻ ഉള്ള അധികാരവും അതിൽ പെടും എന്ന് പില്കാല കോടതി വിധികൾ സൂചിപ്പിക്കുന്നു. എന്നാൽ 1912-ൽ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെടുകയും അതിൻ്റെ നൈയാമികതയും ആധികാരികതയും അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മലങ്കരയും അന്ത്യോഖ്യാ പാത്രിയർക്കേറ്റും തമ്മിലുള്ള ബന്ധം പാത്രിയർക്കേറ്റും കാതോലിക്കേറ്റും എന്ന നിലയിലേക്ക് പരിണാമം സിദ്ധിച്ചു. അങ്ങനെ മലങ്കര – അന്ത്യോഖ്യ ബന്ധം ആ പരിപ്രേഷ്യത്തിലേക്ക് മാറി.

1912-ലെ കാതോലിക്കേറ്റിൻ്റെ legitimacy തർക്ക വിഷയമായി. എന്നാൽ 1958-ലെ സുപ്രീം കോടതി അതിൻ്റെ സാധുതയും ആധികാരികതയും സ്ഥിരീകരിക്കുകയും പ. അന്ത്യോഖ്യാപാത്രിയർക്കേറ്റ് ആ സ്ഥാനം അംഗീകരിക്കുകയും, 1964-ൽ കാതോലിക്ക പാത്രിയർക്കീസിനാൽ വാഴിക്കപ്പെടുകയും ചെയ്തതോടെ അതിൻ്റെ നൈയാമികവും, കാനോനികവുമായ സാധുതയെ പറ്റി പിന്നീടുള്ള ആരോപണങ്ങൾക്ക് മറുപടി അർഹിക്കപ്പെടുന്നില്ല. കാതോലിക്കേറ്റ് സ്ഥാപിക്കപ്പെട്ടതോടെ മലങ്കര – അന്ത്യോഖ്യാ ബന്ധത്തിൻ്റെ നിർവ്വചനം പ്രാഥമീകമായി കാനോനിൽ ഇവയുടെ ബന്ധം എങ്ങനെ നിർവ്വചിക്കപ്പെട്ടിരിക്കുന്നു എന്നതിന് വിധേയമായിട്ടാണ്.

ഹൂദായ കാനോനിൽ കഫർത്തുത്ത സുന്നഹദോസിൻ്റെ നിശ്ചയങ്ങൾ പ്രകാരം ഈ ബന്ധം നിർവ്വചിക്കുന്നുണ്ട്. ഏകദേശം നാലാം നൂറ്റാണ്ടു മുതൽ പേർഷ്യൻ സ്വമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ പൊതു മേലധ്യക്ഷനായിരുന്നു കാതോലിക്കോസ്. ക്രിസ്തുവിൻ്റെ ആളത്തം സംബന്ധിച്ച തർക്കം 5- ാം നൂറ്റാണ്ടിൽ രൂക്ഷമാവുകയും സഭയിൽ ഭിന്നതയുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ പേർഷ്യൻ സാമ്രാജ്യത്തിലെ സഭാ നേതൃത്വം നെസ്തോറിയൻ വേദശാസ്ത്ര നിലപാട് സ്വീകരിച്ചു. അതുകൊണ്ട് അന്ത്യോഖ്യാ പാത്രിയർക്കീസ് ഓർത്തഡോക്സ് വിശ്വാസികൾക്കായി ഒരു സമാന്തര കാതോലിക്കേറ്റ് അഥവാ മഫ്രിയാനേറ്റ് സ്ഥാപിച്ചു. ഇതിനെ തെഗ്രീസിലെ കാതോലിക്കേറ്റ് എന്ന് വിളിക്കുന്നു. അന്ത്യോഖ്യാ പാത്രിയർക്കീസ് മാർ അത്താനാസിയോസ് ഗാമോലേ AD 628-ൽ വാഴിച്ച മാർ മാറൂത്ത ആയിരുന്നു ആദ്യത്തെ കാതോലിക്ക. അദ്ദേഹത്തിൻ്റെ ആസ്ഥാനം മൂസലിന് സമീപമുള്ള തെഗ്രീസ് ആയിരുന്നു. സാവകാശം ഈ കാതോലിക്കേറ്റ് പ്രബലമാവുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സഭ ശക്തമാവുകയും ചെയ്തു. അതോടെ കാതോലിക്കേറ്റും പാത്രിയർക്കേറ്റും തമ്മിൽ ചില അധികാര – അതൃത്തി തർക്കങ്ങൾ ഉണ്ടായി. ഇവ പരിഹരിച്ച് ഈ സ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് കഫർത്തുത്ത സുന്നഹദോസ് കൂടിയത്.

സുന്നഹദോസിൻ്റെ ചരിത്ര പശ്ചാത്തലം വ്യക്തമാക്കുന്നതു തീരുമാനങ്ങൾ മനസ്സിലാക്കുന്നതിന് സഹായകമാണ്. മാർ മത്തായി ദയറായിരിക്കുന്ന മൂസൽപ്രദേശം ആരുടെ അധികാര അതിർത്തിയിൽ വരണം എന്നത് സംബന്ധിച്ച് തർക്കം ഉണ്ടായി. തെഗ്രീസിലെ കാതോലിക്ക ആ പ്രദേശത്ത് മൂന്ന് എപ്പിസ്ക്കോപ്പാമാരെ വാഴിച്ചു. പാത്രിയർക്കീസിൻ്റെ അധികാരാതൃത്തിയിൽ കാതോലിക്ക മെത്രാന്മാരെ വാഴിച്ചു എന്നതിൻ്റെ പേരിൽ അന്നത്തെ അന്ത്യോഖ്യാ പാത്രിയർക്കീസ് മാർ യൂഹാനോൻ കാതോലിക്ക മാർ ബസേലിയോസിനെ മുടക്കി മാർ മൽകേ സാദെക്കിനെ വാഴിച്ചു. മാർ ബസേലിയോസും, മാർ മൽക്കേയും നിര്യാതരായ ശേഷം 689-ൽ യൂഹാനോൻ പാത്രിയർക്കീസിൻ്റെ ശ്രമത്തിൽ പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് വിഭാഗങ്ങളുടെ സംയുക്ത സുന്നഹദോസു് വിളിച്ചുകൂട്ടി. നിസീബീസ് സമീപമുള്ള കഫർത്തുത്തോയിൽ ചേർന്ന സുന്നഹദോസിൻ്റെ നിശ്ചയങ്ങളാണ് ചരിത്രത്തിൽ ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം നിർവ്വചിച്ചത്. ഈ തീരുമാനങ്ങൾ ബാർ എബ്രായ ഹൂദായകാനോനിൽ ചേർത്തു. അതോടെ ഈ ബന്ധത്തിനു് കാനോനിക അംഗീകാരം സിദ്ധിച്ചു. അതിലെ പ്രധാന തീരുമാനങ്ങൾ:
1). മാർ മത്തായിയുടെ ദയറായിലെ എപ്പിസ്കോപ്പമാരും ദയറായക്കാരും തെഗ്രീസിലെ കാതോലിക്കായുടെ ഭരണത്തിലായിരിക്കും.
2). പാത്രിയർക്കീസും കാതോലിക്കോസും അന്യോന്യം ഭരണാതൃത്തി ലംഘിച്ചുകൂട, അതിർത്തി ആദരിക്കണം.
3). പാത്രിയർക്കീസും കാതോലിക്കായും ഒരിടത്ത് സമ്മേളിക്കുമ്പോൾ ഒന്നാം സ്ഥാനം പാത്രിയർക്കീസിനും, രണ്ടാം സ്ഥാനം കാതോലിക്കായ്ക്കും ആയിരിക്കണം.
4). പാത്രിയർക്കീസും, കാതോലിക്കായും വാഴിക്കപ്പെടുന്നത് പരസ്പര അറിവോടും സഹകരണത്തിലും ആയിരിക്കണം.
5). അല്ലാതെ വാഴിക്കപ്പെട്ടാൽ ഇരുകൂട്ടരുടെയും വാഴ്ച സ്വതന്ത്രമായി നടത്തുന്നതാണ്.

കാനോൻ വിവക്ഷപ്രകാരം സുറിയാനി സഭ രണ്ട് വിഭാഗങ്ങളായി നിലനില്ക്കുന്ന സംയുക്ത സഭയാണ്. അതിന് സ്ഥാനമഹിമയിൽ ഏറ്റക്കുറച്ചിലുള്ള രണ്ട് സ്വതന്ത്ര അധ്യക്ഷന്മാരാണ് ഉള്ളത്. ഇവ രണ്ട് സ്വതന്ത്ര ഭരണ സംവിധാനങ്ങളും ആണ്. ഇരു വിഭാഗവും തങ്ങളുടെ സഭാതൃത്തി സംരക്ഷിച്ചും, അന്യോന്യം സഹകരിച്ചും, അധ്യക്ഷന്മാരുടെ വാഴ്ചയിൽ പങ്കുകൊണ്ടും കഴിഞ്ഞിരുന്നു. ഒരു കൂട്ടർ കാനോൻ നിയമങ്ങൾ ലംഘിച്ചാൽ ഇതരർ അവരുടെ സ്വാതന്ത്യത്തിൽ കഴിയും.

ഭൂമിശാസ്ത്രപരമായി രണ്ട് വിഭാഗത്തിനും പൊതുവായ അതൃത്തിയും (territory), ഭരണ പ്രദേശവും, ഭരണ ക്രമീകരണവും (heirarchy) ഉണ്ട്. സ്ഥാനമഹിമയിൽ മാത്രമെ (rank & honor) ഏറ്റക്കുറച്ചിൽ ഉള്ളൂ. ഉടമ്പടി പ്രകാരം ഐക്യത്തിലും, സംസർഗത്തിലും കഴിയേണ്ടവരാണ് ഇരുവിഭാഗവും. എന്നാൽ ആരെങ്കിലും ഇത് ലംഘിച്ചാൽ നടത്തിയവർക്ക് പരാശ്രയമില്ലാതെയും, സ്വതന്ത്രമായും നിലനിൽക്കാവുന്നതാണ്. ഈ കാനോൻ – ഉടമ്പടി ബന്ധത്തിൽ അധിഷ്ഠിതമായ സാഹോദര്യമാണ് ഈ സംയുക്ത സഭയുടെ ഐക്യം സംരക്ഷിക്കുന്നത്. അതായത് അതിർത്തികൾ പാലിച്ചും, സ്വാതന്ത്ര്യം സംരക്ഷിച്ചും, ക്രമപ്രകാരമുള്ള ആദരവുകൾ നിലനിർത്തിയും ഈ സ്ഥാനങ്ങൾ നിലനില്ക്കണം എന്നാണ് കാനോൻ വിവക്ഷ. ഈ പാരസ്പര്യ ബന്ധത്തിൽ അധിഷ്ഠിതമായ സുന്നഹദോസ് തീരുമാനമാണ് പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് ബന്ധത്തിൻ്റെ കാനോനിക നിലപാട് വ്യക്തമാക്കുന്ന രേഖ.

ഈ രേഖ അവഗണിക്കപ്പെട്ടും, കാനോന് വിരുദ്ധമായും, കാതോലിക്കേറ്റിൻ്റെ സ്ഥാനം ഇടിഞ്ഞു പോയ ചരിത്ര സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ ഈ അധിനിവേശ ചരിത്രമാകരുത് ഈ ബന്ധത്തെ നിയന്ത്രിക്കുന്നത്. നേരെ മറിച്ച് കാനോൻ വകുപ്പുകൾ ആയിരിക്കണം. ഈ ഉടമ്പടിക്ക് ശേഷം 4 നൂറ്റാണ്ട് കഴിഞ്ഞപ്പോൾ കിഴക്കിൻ്റെ കാതോലിക്കേറ്റ് ദുർബലമാവുകയും, അത് അന്ത്യോഖ്യാ പാത്രിയർക്കേറ്റിൻ്റെ ഒരു ഉപഗ്രഹ സ്ഥാപനമായി മാറുകയും ചെയ്തു. പിന്നീട് അത് 19-ാം നൂറ്റാണ്ടിൽ നിർത്തലാക്കുകയും ചെയ്തു. മലങ്കരയിൽ 1975-ൽ സമാന്തര കാതോലിക്കേറ്റ് ഉണ്ടായപ്പോഴും കാനോനിക കാതോലിക്കേറ്റിൻ്റെ സ്വാതന്ത്ര്യാധികാരത്തോടെയല്ല സ്ഥാപിക്കപ്പെട്ടത്. ശ്രേഷ്ഠ കാതോലിക്ക മാർ പൗലോസ് ദ്വിതിയൻ ബാവ എഴുതിക്കൊടുത്ത ഉടമ്പടി പത്രത്തെപ്പറ്റി അദ്ദേഹം തന്നെ പാത്രിയർക്കീസ് ബാവയ്ക്ക് എഴുതിയ കത്തിൽ പരാമർശിക്കുന്നുണ്ട്. അത് അടിമ ഉടമയ്ക്ക് എഴുതിക്കൊടുത്ത വിധേയപത്രത്തിന് സമമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇടക്കാലത്ത് കാതോലിക്കേറ്റിന്‌ ഉണ്ടായ നിയമവിരുദ്ധമായ സ്ഥാനയിടുവിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ന് പാത്രിയർക്കീസ് വിഭാഗക്കാർ ഈ ബന്ധം നിർവ്വചിക്കുവാൻ ശ്രമിക്കുന്നത്. പാത്രിയർക്കീസ് – കാതോലിക്ക ബന്ധത്തിൽ ഉണ്ടായ കാനോൻ നിയമങ്ങൾ ഈ ബന്ധത്തിൻ്റെ സ്വഭാവവും രൂപവും വ്യക്തമാക്കുന്നത് നിശ്ചയമായും പില്ക്കാലത്ത് ഇത് സംബന്ധിച്ച് രൂപപ്പെട്ട നിയമസാധുതയുള്ള രേഖകൾക്കും ഇത് നിർവ്വചിക്കാവുന്നതാണ്.

സസ്നേഹം നിങ്ങളുടെ
അത്താനാസ്യോസ് തോമസ് മെത്രാപ്പോലീത്ത.

(തുടരും)

മെത്രാപ്പോലീത്തായുടെ കത്ത്: അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും -2

error: Thank you for visiting : www.ovsonline.in