OVS - Latest NewsOVS-Kerala News

മലങ്കര നസ്രാണി പൈതൃക സ്മരണയുയർത്തി ഇന്ന് മാർത്തോമ്മൻ പൈതൃക സംഗമം

കോട്ടയം: മലങ്കര നസ്രാണി പൈതൃകവും പാരമ്പര്യവും അനുസ്മരിപ്പിച്ച് ഓർത്തഡോക്സ് സഭ സംഘടിപ്പിക്കുന്ന മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന് കോട്ടയത്ത്. വൈകിട്ട് നാലിന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയിലെ എല്ലാ ബിഷപ്പുമാർക്കും പുറമേ റഷ്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ബാഹ്യസഭാ ബന്ധങ്ങളുടെ തലവൻ വൊളകൊലംസ്ക് ബിഷപ് ആന്റണി, മോസ്കോ സെയ്കോനോസ്പാസ്കി ആശ്രമത്തിലെ സെക്രട്ടറി ഹെയ്റോ മോങ്ക് സ്റ്റെഫാൻ, ഇത്യോപ്യൻ സഭയുടെ പ്രതിനിധി അബ്ബാ മെൽക്കിദേക്ക് നൂർബെഗൻ ഗെദ എന്നിവരും പൈതൃക സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

ഓർത്തഡോക്സ് സഭയുടെ ഭദ്രാസനങ്ങളിൽ നിന്നെല്ലാം സംഗമത്തിനായി വിശ്വാസികളെത്തും. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനുള്ള തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഇവർക്കു വിശ്രമത്തിനും മറ്റുമുള്ള സൗകര്യം എംഡി സെമിനാരി മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ളവർ മാത്രം നേരെ പ്രധാനവേദിയിൽ എത്തും. കോട്ടയം എം.ഡി. സെമിനാരിയിൽ എത്തിച്ചേരുന്ന വിശ്വാസികളെ ബസേലിയോസ് കോളജ് മൈതാനിയിലും മാർ ഏലിയാ കത്തീഡ്രൽ മുറ്റത്തും ഭദ്രാസന അടിസ്ഥാനത്തിൽ അണിനിരത്തും. ഭദ്രാസന അടിസ്ഥാനത്തിലായിരിക്കും റാലിയിൽ വിശ്വാസികൾ അണിനിരക്കുക.

മാർത്തോമ്മൻ പൈതൃക വിളംബര ഘോഷയാത്ര എംഡി സെമിനാരി മൈതാനിയിൽ വൈകിട്ട് മൂന്നിന് തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേരും. റാലി കെ കെ റോഡിലൂടെ സെൻട്രൽ ജംക്‌ഷനിൽ നിന്നു തിരിഞ്ഞ്, ശാസ്ത്രി റോഡ് – കുര്യൻ ഉതുപ്പ് റോഡ് വഴി നെഹ്റു സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈദീകരും വൈദീക വിദ്യാര്‍ത്ഥികളും അല്‍മായരും ഉള്‍പ്പെടുന്ന 300 പേരടങ്ങുന്ന ഗായകസംഘം ഫാ. എം.പി.ജോർജ് കോറെപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ഗാനാലാപനം നടത്തും.

മലങ്കര നസ്രാണി പൈതൃക സ്മരണയുയർത്തി ഇന്ന് മാർത്തോമ്മൻ പൈതൃക സംഗമംസമ്മേളനത്തിനു മുന്നോടിയായി ഇന്നലെ പ്രധാന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്കു വിളംബര ഘോഷയാത്രയും കൊടിമര യാത്രയും എത്തി. കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണു ഘോഷയാത്രകളെത്തിയത്. പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കൽ നിന്നു രാവിലെ 11-ന് ആരംഭിച്ച വിളംബര ഘോഷയാത്രയുടെ പതാക പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസിനു കൈമാറി. എൻ കെ പ്രേമചന്ദ്രൻ എംപി വിളംബര ജാഥ ഉദ്‌ഘാടനം ചെയ്‌തു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ഘോഷയാത്ര അവിടെനിന്ന് കൊടിമര ഘോഷയാത്രയുമായി ചേർന്നാണ് നെഹ്റു സ്റ്റേഡിയത്തിലേത്തിയത്. പ്രധാനവേദിയായ നെഹ്റു സ്റ്റേഡിയത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തി.