OVS - Latest NewsOVS-Kerala News

മുള്ളരിങ്ങാട് പള്ളിയില്‍ കോടതി വിധി നടപ്പാക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കുള്ള കളക്ടറിൻ്റെ മറുപടി

മുള്ളരിങ്ങാട് ഓര്ത്തഡോക്സ് പള്ളിയുടെ കൈമാറ്റത്തിന്റെ പേരില് കോവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി ജില്ലാ ഭരണകൂടത്തിനെതിരെയുള്ള ആരോപണങ്ങളില് ഒരു തരത്തിലുമുള്ള അടിസ്ഥാനമില്ലാത്തതും ആക്ഷേപങ്ങള് വസ്തുതകള്ക്ക് നിരക്കാത്തതുമാണ്. 2020 ജൂലൈ 10 നാണ് പള്ളി കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിച്ചത്. പള്ളി ഒഴിപ്പിച്ച് യഥാസമയം കൈമാറ്റം ചെയ്യണമെന്ന് 08.06.2020 ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൈമാറ്റ നടപടികളുടെ ഭാഗമായി ഇരു വിഭാഗങ്ങളും തമ്മില് ക്രമസമാധാന പ്രശ്നങ്ങള് ഉണ്ടാകുവാന് സാധ്യതയുള്ളതിനാല് ഇതിനു മുന്നോടിയായി തയ്യാറെടുപ്പിനു വേണ്ടി ഇരു വിഭാഗങ്ങളേയും ഉള്പ്പെടുത്തി 16.06.2020-ന് ഒരു ഉന്നതതല യോഗം ചേര്ന്നിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാന് സാധ്യതയുള്ളതിനാലും പ്രസ്തുത സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളില് കോവിഡ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമുള്ളതിനാലും വിധി നടപ്പാക്കുന്നതിന് ഒരു മാസം സമയം നീട്ടി ചോദിക്കുവാന് യോഗത്തില് തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യം ബഹുമാനപ്പെട്ട ഹൈക്കോടതിയെ അറിയിച്ചുവെങ്കിലും എത്രയും പെട്ടെന്ന് വിധി നടപ്പിലാക്കണമെന്നും ഇക്കാര്യത്തില് കൂടുതല് കാലതാമസം അനുവദിക്കുകയില്ലെന്നും 15.07.2020-നകം വിധി നടപ്പാക്കണമെന്നും വ്യക്തമാക്കിയ കോടതി സമയം നീട്ടി ചോദിച്ചതിന് ജില്ലാ ഭരണകൂടത്തെ വിമര്ശിക്കുകയും ചെയ്തിരുന്നു. 23.06.2020-ന് ബഹുമാനപ്പെട്ട സ്റ്റേറ്റ് അറ്റോര്ണിയുടെ കത്ത് പ്രകാരം കോടതി വിധി 10.07.2020-നകം നടപ്പാക്കി റിപ്പോര്ട്ട് ചെയ്യുവാനും നിര്ദ്ദേശിച്ചിരുന്നു. പള്ളിക്കുള്ളിലെ ആരാധനാ കാര്യത്തിലും മറ്റു ചടങ്ങുകളിലും ഹര്ജിക്കാരന് എല്ലാ വിധ അവകാശങ്ങളും ഉണ്ടെന്നു വ്യക്തമാക്കിയ കോടതി ഇതു തടസ്സപ്പെടുത്താന് ശ്രമിച്ചാല് കര്ശന നടപടികള് സ്വീകരിക്കുന്നതിനും ഹര്ജിക്കാര്ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഉത്തരവായിരുന്നതുമാണ്. ഇതനുസരിച്ച് 15.07.2020 വരെ പള്ളി കൈമാറ്റ നടപടികള്ക്ക് കോടതി അന്തിമ സമയം അനുവദിച്ചതു പ്രകാരം പ്രദേശത്ത് ക്രമസമാധാനഭംഗം ഉണ്ടാകാതെ കോടതി ഉത്തരവ് നടപ്പാക്കുക എന്നതു മാത്രമാണ് ജില്ലാ ഭരണകൂടത്തിന് മുന്നിലുണ്ടായിരുന്നതെന്നും ആയത് കൊണ്ട് തന്നെ ജനങ്ങള് കൂടുന്നത് ഒഴിവാക്കണമെന്നും പള്ളി അധികാരികളോട് പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.

09.07.2020-ന് മാത്രം ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം ജില്ലാ കളക്ടര് പള്ളി അധികാരികളെ (ശ്രീ സജി പൗലോസിനെ) നേരിട്ട് ഫോണ് ചെയ്ത് സഹകരിക്കാന് ആവശ്യപ്പെട്ടിരുന്നു. ആയത് മറച്ചു വെച്ച് ഈ നടപടികളെ കോവിഡ് വ്യാപനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള് അപലപനീയമാണ്.

ഇതുമായി ബന്ധപ്പെട്ട ബഹു. ഹൈക്കോടതിയുടെ ഉത്തരവ്, സ്റ്റേറ്റ് അറ്റോർണ്ണിയുടെ കത്ത് എന്നിവ ഇതോടൊപ്പം ചേർക്കുന്നു.