OVS - Latest NewsOVS-Kerala News

പുല്ലാക്കുടി അച്ചന്റെ 16-ാം ഓർമ്മദിനം വളയൻചിറങ്ങര സെന്റ്.പീറ്റേഴ്സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് പള്ളിയിൽ

മലങ്കര സഭയും മലങ്കര സഭാ മക്കളും എന്നും അഭിമാനത്തോടെ ഓർത്തിരിക്കേണ്ട ഒരു വൈദീക ശ്രേഷ്ഠനാണ് പി.വി.കുര്യാക്കോസ് കോർഎപ്പിസ്കോപ്പ. ( പുല്ലാക്കുടി അച്ചൻ )
മലങ്കര സഭയിൽ കക്ഷി വഴക്കുകൾ രൂക്ഷമായിരുന്ന കാലഘട്ടങ്ങളിൽ പരി. സഭയേ നെഞ്ചോടു ചേർത്തു പിടിച്ച് ആ വിശ്വാസത്തിൽ ഉറച്ച് നിന്ന് പരി. സഭയ്ക്ക് വേണ്ടി ഒത്തിരി കഷ്ടതയും, ത്യാഗവും ,യാതനയും സഹിച്ച് ഒറ്റയ്ക്ക് നിന്ന് ( പീച്ചി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ) പോരാടിയ ഒരു വൈദീക ശ്രേഷ്ഠനാണ്  പുല്ലാക്കുടി അച്ചൻ.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ തന്റെ ജീവനേക്കാളേറെ സ്നേഹിച്ച ബഹു.പി.വി കുര്യാക്കോസ് അച്ചന്റെ സാന്നിധ്യം കുന്നക്കുരുടി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയെ സംബന്ധിച്ച് വളരെ വലുതാണ്. രണ്ട് കാലയളവിൽ ബഹു.പി.വി കുര്യാക്കോസ് അച്ചൻ ഈ ഇടവകയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരി. സഭയിൽ കക്ഷി വഴക്ക് രൂപപെട്ടപ്പോൾ ഈ ഇടവകയിലും അതിന്റെ പ്രത്യാഘാതങ്ങൾ അതിരൂക്ഷമായി ഉണ്ടാവുകയും രണ്ട് കക്ഷികൾ രംഗത്ത് വരുകയും ചെയ്തു. 1955-ൽ ഓർത്തഡോക്സ് പക്ഷത്തെ വികാരിയായിരുന്ന ബഹു.നാരകത്ത് അച്ചനെ അഭി.വയലിപറമ്പിൽ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി മുടക്കുകയും അച്ചൻ പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തുന്നത് കോടതി വിലക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ അന്നത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന പരി.ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ ബഹു.പുല്ലാക്കുടിയിൽ പി.വി.കുര്യാക്കോസ് അച്ചനെ കുന്നക്കുരുടി പള്ളിയിൽ നിയമിക്കുകയും ചെയ്തു. അച്ചൻ സേവനം അനുഷ്ഠിച്ച ആ കാലയളവിൽ പരി. സഭയ്ക്ക് വേണ്ടി ഒത്തിരി ബുദ്ധിമുട്ടുകളും, കഷ്ടതകളും അനുഭവിച്ചു.അങ്ങനെ ബഹു. അച്ചൻ ആരാധന നടത്തിവരവേ  കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ പള്ളിയിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുകയും കുര്യാക്കോസ് അച്ചന് പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തുന്നത് കോടതി വിലക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഓർത്തഡോക്സ് വിഭാഗം ആളുകൾ ബഹു.കുര്യാക്കോസ് അച്ചന്റെയും മറ്റ് വൈദീകരുടേയും നേതൃത്വത്തിൽ പള്ളിയുടെ പടിഞ്ഞാറേ കുരിശ് പള്ളിയിൽ ആരാധന നടത്തി പോന്നു. ഈ കാലഘട്ടങ്ങളിൽ വിശ്വാസികളെ പരി. സഭയുടെ വിശ്വാസത്തിൻ കീഴിൽ ഉറച്ച് നിർത്തുവാൻ വേണ്ടി പി.വി കുര്യാക്കോസ് അച്ചന്റെ പ്രവർത്തനം ഈ ഇടവകയ്ക്കും ഇടവക ജനങ്ങൾക്കും ഒരിക്കലും വിസ്മരിക്കുവാൻ കഴിയുന്നതല്ല. വർഷങ്ങൾ കഴിഞ്ഞ് 1975-ൽ പാത്രിയർക്കീസ് വിഭാഗം ആളുകൾ മാതൃഇടവകയിൽ നിന്ന് പിരിഞ്ഞ് പോവുകയും  പളളിയിൽ കലുഷിതമായ അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു. 1976 മുതൽ 1996 വരെ വികാരിയായി നിയമിതനായി (ഇപ്പോൾ വെരി.റവ.വി.വി. ബഹന്നാൻ കോർഎപ്പിസ്കോപ്പ ) സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന കാലയളവിൽ രണ്ട് വർഷക്കാലം അവധിയിൽ പോയിരുന്ന അച്ചന് പകരം പുല്ലക്കുടിയിൽ പി.വി കുര്യാക്കോസ് അച്ചനെ (അപ്പോൾ വെരി.റവ.പി.വി.കുര്യാക്കോസ് കോർഎപ്പിസ്കോപ്പ) വികാരിയായി നിയമിതനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഈ രണ്ട് കാലയളവിലും ബഹു.പി.വി.കുര്യാക്കോസ് അച്ചന്റെ സേവനം ഇടവകയ്ക്കും ഇടവക ജനങ്ങൾക്കും ഒരു വലിയ പ്രചോദനം നിറഞ്ഞതായിരുന്നു. 1952-ൽ പൗരോഹത്യ ഗണത്തിലേക്ക് പ്രവേശിക്കപ്പെട്ട പി.വി കുര്യാക്കോസ് അച്ചനെ 1993-ൽഅന്നത്തെ കൊച്ചി ഭദ്രാസനാധിപ്പൻ അഭി.സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി കോർഎപ്പിസ്കോപ്പ സ്ഥാനം നൽകി ആദരിച്ചു.

പീച്ചി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നീണ്ട 27 വർഷക്കാലം (1972-1999) വികാരിയായി സേവനം അനുഷ്ഠിക്കുകയും ഇതേ കാലയളവിൽ തന്നെ കണ്ണാറ പള്ളിയിലും (1974- 1978) വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് മലങ്കര സഭയിൽ പീച്ചി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയ്ക്ക് ഒരു സ്ഥാനമുണ്ടെങ്കിൽ അത് ഈ വൈദീക ശ്രേഷ്ഠന്റെ ഒറ്റയാൾ പോരാട്ടം ഒന്നുകൊണ്ട് മാത്രമാണ്. അതു പോലെ തന്നെയാണ് കണ്ണാറ പള്ളിയും. ആഴ്ച്ചകളോളം പീച്ചി പള്ളിയിൽ വിശ്വാസികൾ ഇല്ലാതെ ത്രോണോസിന്റെ സൈഡിൽ ആണിയടിച്ച് ധൂപക്കുറ്റി തൂക്കിയിട്ടു കൊണ്ട് ഒറ്റയ്ക്ക് നിന്ന് വി.കുർബ്ബാന അർപ്പിച്ചിട്ടുണ്ട്.അങ്ങനെ പടുത്തുയർത്തിയതാണ് പീച്ചി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളി.ഇങ്ങനെ വി.കുർബ്ബാന ചൊല്ലി കൊണ്ടിരുന്ന സമയങ്ങളിൽ പാത്രിയർക്കീസുകാർ കളിയാക്കി ചോദിക്കുമായിരുന്നു അച്ചൻ അർക്ക് വേണ്ടിയാണ് വി.കുർബാന അർപ്പിക്കുന്നത് എന്ന് അതിന് അച്ചൻ പറഞ്ഞ ഒരു മറുപടിയാണ്  “പള്ളിയകത്തു നിറയെ ആളുകൾ ഉണ്ട് നിങ്ങൾക്ക് അവരെ കാണുവാൻ സാധിക്കുകയില്ല അവർ ആത്മാക്കൾ ആണ് “

പീച്ചി ഇടവകയും ഇടവക ജനങ്ങളും എന്നും ഭക്തി ആദരവോടുകൂടി അദ്ദേഹത്തെ ഓർക്കുകയും ഓർമ്മ ദിവസം പള്ളിയിൽ വി.കുർബ്ബാന അർപ്പിച്ചു ധൂപപ്രാർത്ഥന നടത്തി വരുന്നു.  ഇന്നും അവരുടെ മനസ്സിൽ മലങ്കര സഭയുടെ ഒരു ധീരയോദ്ധാവായാണ് പി.വി.കുര്യാക്കോസ് കോർ എപ്പിസ്‌ക്കോപ്പായെ കാണുന്നത്.

മലങ്കരസഭയിലെ പ്രശ്നകലുഷിതമായ കാലഘട്ടത്തിൽ സഭയിലെ തന്നെ ഏറ്റവും സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഇടവകയിൽ 1990-1996 സമയത്ത് സഹവികാരി ആയി സ്തുത്യർഹമായ സേവനം നൽകി. 1991ൽ മലങ്കര സഭയെത്തന്നെ പിടിച്ചുകുലുക്കിയ , വി:മദ്ബഹായിൽ നിന്നും കാപ്പ അണിഞ്ഞ പുരോഹിതനെ വി:ബലിയോടെ അറസ്റ്റ് ചെയ്ത് (ബൂട്ടിട്ട് മദ്ബഹായിൽ കയറിയ പോലീസ്) പോലീസ് വാഹനത്തിൽ കൊണ്ടുപോയതും ഈ പുല്ലാക്കുടിയിൽ കുരിയാക്കോസ് കോർ എപ്പിസ്കോപ്പയെ ആയിരുന്നു. ആ സംഭവത്തിൽ അന്ന് വി: കുർബാനയിൽ സംബന്ധിച്ചിരുന്ന 45 ഓളം ഇടവകജനങ്ങളെയും പുല്ലാകുടി അച്ചനെയും കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ എത്തിച്ചായിരുന്നു ജാമ്യം എടുത്തത്.
പാത്രിയർക്കീസ് പക്ഷത്തുള്ള ഒരു അച്ചന്റെ കുരുട്ടുബുദ്ധിയിൽ നടന്ന ഈ അറസ്റ്റിന് അന്ന് പെരുമ്പാവൂർ മേഖലയിലെ പ്രബലരായ പല നേതാക്കളുടെ സഹായങ്ങൾ ഉണ്ടായിരുന്നു. ബഹു.പുല്ലാക്കുടിയിൽ കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ അച്ചനെക്കുറിച്ചുള്ള ഓർമകൾ ഇന്നും പെരുമ്പാവൂർ സുലോക്കോ പള്ളി ഇടവകയിലെ പഴയതലമുറയിലെ മനസ്സുകളിൽ  ജ്വലിച്ചു നിൽക്കുന്നു.

പരി. സഭയുടെ സത്യ വിശ്വാസത്തിലും  തന്റെ നിലപാടിൽ ഉറച്ചു നിന്ന് തന്റെ പിതാക്കന്മാർ പറയുന്നകാര്യങ്ങൾ മനസ്സിൽ ഉൾകൊണ്ടുകൊണ്ടും അച്ചൻ പ്രവർത്തിച്ചു വന്ന എല്ലാ ഇടവകളിലും സുദീർഘമായ സേവനം അനുഷ്ഠിച്ച് തന്റെ പൗരോഹത്യ ജീവിതത്തിൽ നിന്ന് വിരമിച്ചു. 2003-ാം ആണ്ട് ജൂലൈ 10-ാം തീയതി പരി. സഭയിൽ തന്റെ കർത്തവ്യങ്ങൾ എല്ലാം പൂർത്തിയാക്കി കർത്താവിൽ നിദ്രപ്രാപിച്ചു.

ലാളിത്യ ജീവിതം കൊണ്ട് മലങ്കര സഭാമക്കളുടെ മനസിൽ ഇടംനേടിയ അഭി.മാത്യൂസ് മാർ ബർന്നബാസ് തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന അങ്കമാലി ഭദ്രാസനത്തിലെ വളയൻചിറങ്ങര സെന്റ്.പീറ്റേഴ്‌സ് & സെന്റ്.പോൾസ് ഓർത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിൽ കബറടക്കിയിരിക്കുന്നു.