OVS - Latest NewsOVS-Kerala News

വന്ദ്യ. പി. എം വർഗീസ് (മത്തച്ചേരിൽ) അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു, കബറടക്ക ശുശ്രുഷ വെള്ളിയാഴ്ച

കോട്ടയം: വടക്കൻമണ്ണൂർ സെൻ്റ് തോമസ് പള്ളി ഇടവകാംഗം വന്ദ്യ. പി. എം വർഗീസ് അച്ചൻ (മത്തച്ചേരിൽ അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു. മാത്തച്ചേരിൽ വറുഗീസ് മത്തായിയുടെയും മറിയാമ്മയുടെയും പുത്രനായി 1944 മെയ് 17-ാം തീയതി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ശിഷ്യനായി പാമ്പാടി ദയറായിൽ താമസിച്ചു. 1968-ൽ കൊരട്ടി സെമിനാരിയിൽ വച്ച് യൂഹാനോൻ മാർ സേവേറിയോസ് മെത്രോപ്പോലീത്തയിൽ നിന്ന് കോറൂയോ, 1972 -ൽ കൊല്ലം അരമന ചാപ്പലിൽ വച്ച് മാത്യൂസ് മാർ കൂറിലോസ് മെത്രോപ്പോലീത്തയിൽ നിന്ന് (പ. മാത്യൂസ് ദ്വിതിയൻ ബാവ) മ്ശംശോനോ, 1972 -ൽ കൊല്ലം അരമന ചാപ്പലിൽ വച്ച് അദ്ദേഹത്തിൽ നിന്ന് തന്നെ കശ്ശീശാ പട്ടവും സ്വികരിച്ചു.

കൂട്ടുങ്കൽ ഗീവർഗീസ് റമ്പാൻ്റെ ശിഷ്യനായി തിരുവിതാംകോട് തോമയാർ കോവിലിൽ അദ്ദേഹത്തിൻ്റെ മരണം വരെ ജീവിതം. ചോഴിയക്കോട്, കുളത്തുപുഴ, കരിമുളയ്ക്കൽ, കറ്റാനം സെന്റ് സ്റ്റീഫൻസ് എന്നീ പള്ളികളുടെ നിർമ്മാണത്തിലും കറ്റാനം സെൻറ് സ്റ്റീഫൻസ് കോളേജ്, സെൻറ് സ്റ്റീഫൻസ് ഐ.റ്റി.സി, നഴ്സറി സ്കൂൾ എന്നിവയുടെ സ്ഥാപനത്തിലും നേതൃത്വം നൽകി. മാവേലിക്കര പുതിയകാവ് പളളി, നൊടുമാവ്, മീനടം വലിയ പള്ളി, വാകത്താനം വലിയപള്ളി, കൂരോപ്പട, വെള്ളൂകുട്ട, പാമ്പാടി കുറ്റിക്കൽ പള്ളി, കൈതമറ്റം ചാപ്പൽ എന്നീ വടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു, പാമ്പാടി മാവേലിമറ്റത്തിൽ കുറിയാക്കോസിൻ്റെ പുത്രി സൂസമ്മയാണ് ഭാര്യ, മാത്യു വറുഗീസ്, സൂസൻ വർഗീസ്, റീനാ വർഗീസ് എന്നിവർ മക്കളാണ് മരുമക്കൾ അനിഷ് എബ്രഹാം (പുറമറ്റം), ബിനിൽ ഈപ്പൻ (പുറമറ്റം), പ്രീതി എബ്രഹം (വാകത്തനം).

ശവസംസ്ക്കാര ക്രമീകരണങ്ങൾ: നാളെ വ്യാഴം 3 മണിക്ക് കാരിത്താസിൽ എത്തി അംശവസ്ത്രങ്ങൾ ധരിപ്പിച്ച് നഗരി കാണിക്കലായി 5 മണിക്ക് ഭവനത്തിലെത്തിക്കും. വെള്ളിയാഴ്ച്ച 10.30-ന് അഭിവന്ദ്യ ദീയസ്കോറോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് പ്രാർത്ഥനകൾക്കു ശേഷം ദേവാലയത്തിൽ 12.00 -ന് ശുശ്രൂഷ ആരംഭിച്ച് 1.30 -ന് പരിശുദ്ധ ബാവാ തിരുമേനിയുടെ കാർമ്മികത്വത്തിൽ കബറടക്ക ശുശ്രുഷയും നടക്കും

ആദരാഞ്ജലികൾ