OVS - ArticlesOVS - Latest NewsOVS-Kerala News

പൂച്ചക്കാര് മണികെട്ടും…

മലങ്കര സഭയിലെ ഇടവക പള്ളികളുടെ സംബന്ധിച്ച് സുപ്രധാനമായ ഒരു വിധി 2017 ജൂലൈ മാസം മൂന്നാം തീയതി ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടായി. മലങ്കര സഭയിലെ കോലഞ്ചേരി പള്ളി, വരിക്കോലി പള്ളി, മണ്ണത്തൂർ പള്ളി എന്നീ മൂന്ന് പള്ളികളെ സംബന്ധിച്ച കേസുകളിലാണ് സുപ്രീംകോടതി പൊതുവായ വിധിന്യായം പുറപ്പെടുവിച്ചത്. ഈ വിധിയെ തുടർന്ന് സാങ്കേതിക കാരണങ്ങളാൽ കേരള ഹൈക്കോടതി തള്ളിയ നെച്ചൂർ പള്ളിയുടെയും പിറവം പള്ളിയുടെയും കേസുകളിൽ 2017 ജൂലൈ 3 ലെ വിധിന്യായം ബാധകമാക്കി കൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.

പിറവം പള്ളിയുടെ കേസിൽ മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിയിലെ വിധി ന്യായം ബാധകമാണെന്നും, എല്ലാ കോടതികളും ബന്ധപ്പെട്ട അധികാരികളും ഈ വിധിന്യായത്തിനു അനുസൃതമായി പ്രവർത്തിക്കണമെന്നും ബഹുമാനപ്പെട്ട സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിലെത്തിയ കട്ടച്ചിറ പള്ളിയുടെ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുകയും 2017 ജൂലൈ മൂന്നിലെ വിധിന്യായം പൂർണ്ണമായും ശരിവയ്ക്കുകയും അപ്പീൽ അനുവദിക്കുകയും ചെയ്തു. തുടർന്ന് ചാലിശ്ശേരി പള്ളി, എരുക്കും ചിറ പള്ളി, മംഗലംഡാം പള്ളി, ചെറുകുന്നം പള്ളി കേസുകളിലും സമാനമായ വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായി. സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് കീഴ് കോടതികളിൽ നിന്നും ഹൈക്കോടതിയിൽ നിന്നും തുടർച്ചയായി മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധികൾ വന്നുകൊണ്ടിരിക്കുന്നു.

സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതായ വിധികൾ കോലഞ്ചേരി പള്ളി, നെച്ചൂർ പള്ളി, മണ്ണത്തൂർ പള്ളി, വരിക്കോലി പള്ളി എന്നിവിടങ്ങളിൽ മാത്രമാണ് നടപ്പാക്കിയിട്ടുള്ളൂ. മറ്റു പള്ളികളിലെല്ലാം സുപ്രീംകോടതി നിരോധിച്ച വിഘടിത പാത്രിയർക്കീസ് വിഭാഗത്തിന് ഇപ്പോൾ ഇപ്പോഴും യഥേഷ്ടം പ്രവർത്തിക്കുന്നതിന് സാധിക്കുന്നു എന്നുള്ളത് ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വരുന്ന ഹൈക്കോടതിയുടെയും കീഴ്കോടതികളുടെയും വിധികൾ നടപ്പാക്കുവാൻ സാധിക്കുന്നില്ല എന്നുള്ളത് ഭീകരമായ ഒരു അവസ്ഥ തന്നെയാണ്. സുപ്രീം കോടതി വിധിയും അതിൻ്റെ അടിസ്ഥാനത്തിലുള്ള മറ്റ് കോടതികളുടെ വിധികളും നടപ്പാക്കുന്നത് സംബന്ധിച്ച് കേരള സംസ്ഥാനത്തിലെ റവന്യൂ, പോലീസ് അധികാരികളുമായി സംസാരിക്കുമ്പോൾ എല്ലാം അവർ പറയുന്ന ഏക കാര്യം, “സുപ്രീം കോടതി വിധിയും മറ്റ് കോടതിവിധികളും എല്ലാം നിങ്ങൾക്ക് അനുകൂലമാണ് അതവിടെ ഇരിക്കട്ടെ നമുക്ക് ഇപ്പോഴുള്ള ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ചർച്ച ചെയ്യാം” എന്നുള്ളതാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മഹിമ പേറുന്ന ഇന്ത്യാമഹാരാജ്യത്ത് സുപ്രീംകോടതി വർഷങ്ങളും മാസങ്ങളും കേട്ട് അന്തിമമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള വിധിന്യായങ്ങൾ മാറ്റിവെച്ച് അത് നടപ്പാക്കുവാൻ സാധിക്കുകയില്ല എന്ന് പറയുന്നതായ ഉദ്യോഗസ്ഥ ഭരണകൂടത്തോട് എന്ത് പറയണമെന്ന് വിശ്വാസികൾ തന്നെ തീരുമാനിക്കൂ… ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ വ്യക്തമാകുന്ന കാര്യം ഒരിക്കൽ കൂടി പറയുന്നു. “എല്ലാ കോടതികളും ബന്ധപ്പെട്ട അധികാരികളും 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി അനുസൃതമായി മാത്രമേ മലങ്കര സഭയിലെ പള്ളികളിൽ പ്രവർത്തിക്കുവാൻ പാടുള്ളൂ“. എന്നാൽ ഭരണഘടനാനുസൃതമായി, സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ അതായത് ഇന്ത്യാമഹാരാജ്യത്തെ നിയമം, നടപ്പിലാക്കുവാനായി ബാധ്യതയുള്ള ഉദ്യോഗസ്ഥ ഭരണ വർഗ്ഗം ഇത് കണ്ടില്ലെന്ന് നടിക്കുകയും വിധികൾ നടപ്പാക്കുന്നതിന് കാലതാമസം വരുത്തുകയും ചെയ്യുന്നു. നീതി വൈകിപ്പിക്കുന്നത് പോലും നീതി നിഷേധം എന്ന് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതി പോലും നമ്മെ ഓർമിപ്പിക്കുമ്പോൾ മലങ്കര സഭ നീതിക്ക് വേണ്ടി ഇനിയും എത്രനാൾ നോക്കി ഇരിക്കേണ്ടിവരും എന്നുള്ളത് മാത്രം ചോദ്യചിഹ്നമായി നിൽക്കുന്നു….?? “ഈ പൂച്ചകൾക്ക് ആര് മണികെട്ടും”??

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി