പുതിയ ആകാശം, പുതിയ ഭൂമി !!!
‘അതിവേഗം, ബഹുദൂരം’ എന്ന ന്യൂ ജെൻ സിദ്ധാന്തവുമായി നാം കുറേക്കാലമായി ഓടുകയായിരുന്നു….. ഭൂഖണ്ഡാന്തര യാത്രകളും ഭൂമിയെ ഒരു ഗ്രാമമാക്കി അതിശീഘ്ര സംവേദനങ്ങളും ഒക്കെ ഒരുക്കി നമ്മൾ കുതിച്ചു പായുകയായിരുന്നു …. ആർക്കും ഒന്നിനും സമയമില്ല … തിരക്കോടു തിരക്ക്.
“ഈ റൂട്ടിലുള്ള എല്ലാ ലൈനുകളും തിരക്കിലാണ്” …. നാം നിത്യം കേട്ടുകൊണ്ടിരുന്ന പല്ലവി. ലൈനുകൾ മാത്രല്ല അതുപയോഗിക്കുന്ന മനുഷ്യനും തിരക്കോടു തിരക്ക്!!. “നിങ്ങൾ ഒരു ശരീരമാകുന്നു” എന്ന് ഉപദേശവും കേട്ട് വിവാഹം കഴിച്ച ദമ്പതിമാർ . തമ്മിൽ ഒന്ന് കാണാൻ പോലും നേരമില്ലാതെ ഓടുകയായിരുന്നു. ദൈവം ദാനമായി നൽകിയ മക്കളെ ഒന്ന് കൊഞ്ചിക്കാനോ തലോടാനോ ഉമ്മ വയ്ക്കാനോ സമയമില്ലാതെ ഓടുകയായിരുന്നു… പെറ്റു വളർത്തിയ അമ്മയെയും അച്ഛനെയും വൃദ്ധമന്ദിരത്തിൽ ആക്കിയിട്ടു നാം ഓടുകയായിരുന്നു….. കാടായ കാടെല്ലാം വെട്ടിത്തെളിച്ചു ….കുന്നായ കുന്നെല്ലാം വെട്ടി നിരത്തി… ഇങ്ങനെ നിരത്തിയും നികത്തിയും വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും കെട്ടിപ്പടുത്തും നാം ഓടുകതന്നെ ആയിരുന്നു …..
ഓടാത്തവൻ മണ്ടൻ… ഒക്കെൻ…… ഇതിൻ്റെ അന്തം എന്താവുമെന്ന് ചിന്തിച്ചപ്പോൾ യെശയ്യാവ് പറഞ്ഞു തന്നു “എന്നാൽ ഇതാ ഭീതി… തങ്ങൾ മാത്രം ദേശമധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളം വീടോടു വീട് ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം” ( യെശ 5: 8). ഓട്ടത്തിൽ A + കിട്ടുന്നവർ മാത്രം കേമൻ. ഈ നിർവ്വചനങ്ങൾ ഒക്കെ ഇപ്പോൾ പൊളിഞ്ഞില്ലേ മക്കളേ. മണ്ടൻ എന്നും വിവര ദോഷികളെന്നും വിളിച്ച അനേകർ ഉള്ളത് കൊണ്ടാണ് ഇന്ന് വീടിനുള്ളിൽ കോറോണയെപ്പേടിച്ചിരിക്കുന്ന കേമന്മാരും വിവരമുണ്ടെന്നു പറയുന്നവരുമായ നമ്മൾ ഇത്തിരി കഞ്ഞിവെള്ളമെങ്കിലും കഴിക്കുന്നത്.
പ്രാർത്ഥിക്കാൻ പോലും വിടാതെ എൻട്രൻസിന് തയ്യാറാക്കിയ മക്കൾ ഈ വർഷം NEET-ഉം JEE-ഉം ഒന്നുമില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നില്ലേ? കുട്ടി നൂറിൽ നൂറും വാങ്ങിയേ പറ്റൂ എന്ന് ശഠിച്ച മാതാപിതാക്കളുടെ കുട്ടികൾ ഈ വര്ഷം പരീക്ഷ പോലും എഴുതിയില്ലല്ലോ. ദൈവം ദാനമായിത്തന്ന ഈ ജീവിതം ശാന്തമായും സന്തുഷ്ടമായും ജീവിക്കാതെ ഈ മരണപ്പാച്ചിൽ എന്തിനു വേണ്ടിയായിരുന്നു? കുറച്ചു പേർ മാത്രം പങ്കെടുത്താലും ആർഭാടങ്ങളില്ലാതെ കല്യാണങ്ങളും ആവശ്യങ്ങളും നടത്താമെന്ന് നാം പഠിച്ചില്ലേ? മാമോദീസ്സയും, ലക്ഷങ്ങൾ മുടക്കി കൺവെൻഷൻ സെന്ററിൽ കല്യാണവും ആഘോഷങ്ങളും നടത്തിയാലേ സ്റ്റാറ്റസ് ഉണ്ടാവൂ എന്ന അവസ്ഥ മാറി വീട്ടുമുറ്റത്തെ പന്തലാണ് അന്തസ്സ് എന്ന് പഠിച്ചില്ലേ?
ഇ-ബാങ്കിങ്ങും ആമസോൺ/ ഫ്ലിപ്കാർട് ബുക്കിങ്ങും നടത്തിയവർ പലവ്യഞ്ജന പീടികയ്ക്കു മുൻപിൽ ഊഴം കാത്തു നില്ക്കാൻ പഠിച്ചില്ലേ? പുറത്തു പോയിട്ടു വന്നാൽ കൈകാൽ മുഖം കഴുകി വീട്ടിൽ കയറുന്നത് പഴഞ്ചൻ ഏർപ്പാടല്ല എന്ന്നാം പഠിച്ചില്ലേ? ആരെയെങ്കിലും കണ്ടാൽ കൈ പിടിച്ച് കലുക്കാതെ, കെട്ടിപ്പിടിക്കാതെ, കൈകൂപ്പി തൊഴുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് നാം പഠിച്ചില്ലേ? രാത്രികളിൽ ഹോട്ടൽ ഭക്ഷണത്തിന് ക്യൂ നിൽക്കുന്നതിലും ഭേദം വീട്ടിലെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആണ് ആരോഗ്യത്തിന് നല്ലതെന്ന് നാം പഠിച്ചില്ലേ? ബർഗറും പിസ്സായും കുഴിമന്തിയും കോണ്ടിനെന്റലുമൊക്കെ മാത്രം തിന്നു നടന്നവർക്കു ഇഡ്ഡലിയും സാമ്പാറും കഞ്ഞിയും പയറുമൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയല്ലോ.
മാമോദീസ്സയും അടിയന്തിരവും പെരുന്നാളും ചടങ്ങുകളും ഒക്കെ ആൾക്കൂട്ടവും ആരവവും റിസോർട്ടുകളും അർമാദിക്കലും ഒന്നും ഇല്ലാതെ ഇല്ലാതെ നടത്താമെന്നു നാം പഠിച്ചില്ലേ? ആഡംബര പള്ളികൾ ഇല്ലാതെ പ്രാർത്ഥനയും ശുശ്രുഷകളും നടത്താമെന്നു നാം പഠിച്ചില്ലേ? ജീവിതം ഒരു നിമിഷം കൊണ്ടു മാറി മറിയും എന്നു നാം പഠിച്ചില്ലേ.
ഈ ലോക്ക് ഡൌൺ യഥാർത്ഥത്തിൽ ജീവിതം ഒരു “ഡൌൺ ഗിയറിൽ” നയിക്കാനുള്ള ആഹ്വാനമല്ലേ? അനാവശ്യമായ തിരക്കും ആർത്തിയും പരവേശവും എല്ലാം അവസാനിപ്പിക്കാനുള്ള ദൈവത്തിൻ്റെ ആഹ്വാനമല്ലേ ഇത്?
കോറാണയുടെ പിടിയിൽ ലോകം അമർന്നപ്പോൾ ആധുനിക പ്രവാചന്മാർ പുതിയ തന്ത്രവുമായി ഇറങ്ങിയിട്ടുണ്ട്. ലോകം അവസാനിക്കാറായി എന്ന് പറഞ്ഞുകൊണ്ട്. പ്രളയം വന്നപ്പോൾ ഈ മഹാന്മാർ പറഞ്ഞു ഇപ്പോൾ അവസാനമാണെന്ന്. അത് കഴിഞ്ഞു. ഇപ്പോൾ കൊറോണ വന്നപ്പോൾ അതായി വിഷയം. കൊറോണയെപ്പോലുള്ള സാംക്രമിക രോഗങ്ങൾ ഇതിനു മുൻപ് ചരിത്രത്തിൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. കൊറോണ മൂലം മരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങു ആളുകൾ ഈ പകർച്ച വ്യാധികൾ മൂലം മരിച്ചിട്ടുമുണ്ട്! അന്നും ഇത്തരം പ്രവാചകന്മാർ പ്രവചിച്ചുണ്ടാവും ലോകം അവസാനിക്കാറായി എന്ന്. ചില ഉദാഹരണങ്ങൾ എഴുതുകയാണ്.
എ.ഡി. 541- 542 -ൽ പൊട്ടിപ്പുറപ്പെട്ട ‘പ്ലേഗ് ഓഫ് ജസ്റ്റീനിയൻ‘ എന്ന പകർച്ചവ്യാധി മൂലം മരിച്ചത് രണ്ടര കോടിയിൽ അധികം മനുഷ്യരാണ് . മഹാനഗരമായ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ തുർക്കി) 40% ആളുകൾ മരിച്ചു. 1346 മുതൽ 1353 വരെ ലോകത്തെ ഗ്രസിച്ച ‘ബ്ലാക്ക് ഡെത്ത്‘ എന്ന പ്ലേഗ് ആഫ്രിക്ക, യൂറോപ്പ് ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലായി അപഹരിച്ചത് 20 കോടിയോളം മനുഷ്യജീവനാണ്. 1918-ലെ ഫ്ലൂ കാരണം മരിച്ചത് 5 കോടിയിൽ അധികം ആളുകൾ. ഫ്ലൂ ആരംഭിച്ചു ആദ്യ മൂന്നാഴ്ചക്കുള്ളിൽ 200 ലക്ഷം പേർ മൃതിയടഞ്ഞു. 1956 – 58 -ലെ ‘ഏഷ്യൻ ഫ്ലൂ‘ മൂലം മരിച്ചത് 20 ലക്ഷം ആളുകൾ. അമേരിക്കയിൽ മാത്രം 69800 പേർക്കാണ് ജീവൻ നഷ്ടമായത്. HIV/ AIDS മൂലം 1981 മുതൽ ജീവൻ പൊളിഞ്ഞത് 350 ലക്ഷം ജനങ്ങളുടേതാണ്. ഈ രീതിയിൽ ചരിത്രഗതിയിൽ പല ഘട്ടങ്ങളിലും പകർച്ച വ്യാധികൾ ഉണ്ടായിട്ടുണ്ട്. കോടിക്കണക്കിനു ആളുകൾ മരിച്ചിട്ടുമുണ്ട്.
അനിവാര്യമായ ഇത്തരം അനർത്ഥങ്ങൾ ലോകത്തു ഉണ്ടാകുമ്പോൾ എല്ലാം ചില (കള്ള) പ്രവാചകന്മാർ ഇറങ്ങി ലോക അവസാനമായി എന്ന് പറയുന്നത് സാധാരണമാണ്. എഴുന്നേറ്റു റോമൻ പോപ്പിൻ്റെ അരമനക്കു മുകളിൽ മനുഷ്യ മുഖമുള്ള പക്ഷി പറന്നു വന്നിരുന്നു എന്ന് വ്യാജചിത്രം പ്രചരിപ്പിച്ചു കള്ള പ്രവാചകന്മാർ “ലോകം അവസാനിക്കാറായി” എന്ന് വിളിച്ചു കൂവുന്നു. ലോകാവസ്സാനത്തെപ്പറ്റിയോ കർത്താവിൻ്റെ രണ്ടാമത്തെ വരവ് സംബന്ധിച്ചോ എന്തെങ്കിലും ഖണ്ഡിതമായി പറയുവാൻ ഞാൻ ആളല്ല. ഓർത്തഡോക്സ് വിശ്വാസ പാരമ്പര്യത്തിൽ യുഗാന്ത്യം സംബന്ധിച്ച് സമയം ഒരിക്കലും നിശ്ചയിച്ചിട്ടും ഇല്ല. ഒന്ന് മാത്രം ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് വേണ്ടി കുരിശിൽ മരിച്ചു ഉയിർത്തു സ്വർഗാരോഹണം ചെയ്ത കർത്താവു ഒരിക്കൽ മധ്യകാശത്തിൽ വരും. എന്നാൽ അത് എന്നാണെന്നു എനിക്ക് അറിഞ്ഞുകൂടാ അത് ഓരോ പ്രാവശ്യം വിശ്വാസ പ്രമാണം ചൊല്ലുമ്പോഴും “ഞാൻ വിശ്വസിക്കുന്നു” എന്ന് പറഞ്ഞു ഉറപ്പിക്കാറും ഉണ്ട്. “ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാൻ തൻ്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തൻ്റെ രാജ്യത്തിന് അവസ്സാനമില്ലാത്തവനുമായയേശു മ്ശിഹാ ഏക കർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു” “നാളും നാഴികയും സംബന്ധിച്ചോ എൻ്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല” ( മത്തായി. 24: 36)
ഞാൻ ചെയ്യേണ്ടത് എന്ത് എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. “നിങ്ങളുടെ ഹൃദയം അതി ഭക്ഷണത്താലും മദ്യപാനത്താലും ഉപജീവന ചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസ്സം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിക്കാൻ സൂക്ഷിച്ചു കൊൾവിൻ” (ലൂക്കോസ് 21:34) അതായത് അതിവേഗം ബഹുദൂരം എന്ന മന്ത്രം ഉപേക്ഷിക്കണം എന്ന്. കൊറോണക്കാലത്തു ഉണ്ടായ പ്രത്യേകത ഇത് ലോകത്തെ ആകമാനം ബാധിച്ചു എന്നതാണ്. മറ്റു പല പകർച്ചവ്യാധികളും ഉണ്ടായപ്പോൾ ഒരു രാജ്യത്തോ ഒരു ഭൂഖണ്ഡത്തിലോ ചില ഭൂഖണ്ഡങ്ങളിൽ മാത്രം ഒതുങ്ങി നിന്നപ്പോൾ കൊറോണ സർവ രാജ്യങ്ങളിലും സർവ ഭൂഖണ്ഡങ്ങളിലും പടർന്നു എന്നതാണ്. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും സംക്രമികതയുടെ നിരക്ക് കൂടുതലാണ്. ഇന്ന് ലോകം തന്നെ ഒരു ആഗോള ഗ്രാമം ആയതുകൊണ്ട് ലോകത്തിലെ സർവ്വ രാജ്യങ്ങളിലേക്കും ഓരോ ദിവസവും നൂറുകണക്കിന് വിമാനങ്ങളും ആയിരക്കണക്കിനു ജനങ്ങളും പോവുകയും വരികയും ചെയ്യുന്നു. ഇത് മൂലം ദിവസങ്ങൾക്കുള്ളിൽ രോഗം എല്ലാ മുക്കിലും മൂലയിലും എത്തുന്നു. കൊറോണ എല്ലാ രാജ്യങ്ങളിലും എത്താനുള്ള പ്രധാന കാരണം ഇതാണ്. ചരിത്രത്തിൽ ഉണ്ടായിട്ടുള്ള എല്ലാ പകർച്ചവ്യാധികളെയും പോലെ കോവിഡ് ബാധിച്ചും പതിനായിരങ്ങളോ ലക്ഷങ്ങളോ മരിക്കും. ഇതൊരു പ്രകൃതി നിയമം ആണ്. പ്രകൃതിയുടെയും സൃഷ്ടാവായ ദൈവത്തോട് ഈ ബാധയെ വിലക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. അത് അല്ലാതെ ‘ലോകം അവസാനിക്കാറായി‘ എന്ന് പ്രവചിച്ചു മനുഷ്യരെയും ദൈവത്തെയും നാം കബളിപ്പിക്കരുത് . എന്നാൽ കൊറോണ നമ്മെ പഠിപ്പിക്കുന്ന ചില പാഠങ്ങൾ നാം ഇനിയെങ്കിലും പഠിച്ചേ തീരു. അല്ലെങ്കിൽ ഇതിനേക്കാൾ വലിയ മഹാമാരികൾ ഇതിൻ്റെ പിന്നാലെ വരും.
1. മനുഷ്യൻ ദൈവത്തിൻ്റെ സൃഷ്ടിയിൽ ഒരു കണ്ണി (link) മാത്രമാണ്. ഈ പ്രകൃതിയിൽ മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജീവിക്കണം. എല്ലാ ജീവികളും ജീവിച്ചെങ്കിലേ മനുഷ്യനും ഇവിടെ നിലനിൽപ് ഉള്ളൂ. തേനീച്ചകൾക്കു വംശനാശം സംഭവിച്ചാൽ പത്തു വർഷത്തിനുള്ളിൽ മനുഷ്യനിലനില്പും ഇല്ലാതാവും. ശലഭങ്ങൾ ഇല്ലാതായാൽ 5 വർഷത്തിനുള്ളിൽ മനുഷ്യനും ഇല്ലാതാവും. എന്നാൽ മനുഷ്യകുലം ഇല്ലാതായാൽ മറ്റെല്ലാ ജീവജാലങ്ങളും സുഖമായി ഭൂമിയിൽ ജീവിക്കും. ഇത് മറക്കാതിരിക്കുക.
2. ഈ ഭൂമി നമ്മുടെ എല്ലാവരുടേതുമാണ്. ഭൂമിയെ സ്നേഹിക്കണം. രാസ വളപ്രയോഗത്തിലൂടെയും കീടനാശിനികളിലൂടെയും പ്ലാസ്റ്റിക് ഉപയോഗത്തിലൂടെയും ഈ ഭൂമിയെ നശിപ്പിക്കരുത്. അനന്തര തലമുറകൾക്കും അവകാശപ്പെട്ടതാണിത്.
3. എന്തെല്ലാം സാങ്കേതിക വളർച്ച ഉണ്ടായാലും ഭൂമിയിൽ കൃഷി ചെയ്യുവാനുള്ള സന്നദ്ധത ഉണ്ടാവണം. കർഷകനെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന പുതിയ സംസ്കാരം ഉണ്ടാവണം.
4. ഉള്ളത് കൊണ്ട് തൃപ്തരായും സന്തോഷമുള്ളവരായും ജീവിക്കാം. ഭ്രാന്തമായ തിരക്കും തൃപ്‌തി വരാത്ത ആർത്തിയും ഒഴിവാക്കാം. അരുവികളുടെ കളകളാരവവും കുരുവികളുടെ സംഗീതവും കേൾക്കാം. അവനവൻ്റെ ശരീരവും മനസ്സും ശുദ്ധമാക്കാം. വീടുകൾ ദൈവ സ്തുതി ഉയരുന്ന വിശുദ്ധസ്ഥലങ്ങൾ ആവട്ടെ. കൈകൾ കഴുകുന്നത് ശരീരത്തിലെയും മനസ്സിലെയും കറകൾ കഴുകുന്നതിൻ്റെ പ്രതീകം ആവട്ടെ.
“ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞു പോയി…..” ഇനി മരണം ഉണ്ടാകയില്ല ദുഃഖവും കഷ്ടതയും മുറവിളിയും ഇനി ഉണ്ടാകയില്ല . ഒന്നാമത്തേത് കഴിഞ്ഞു പോയി. സിംഹാസനത്തിൽ ഇരിക്കുന്നവൻ : ഇതാ ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു”. ( Rev. 21: 1 – 5) അങ്ങനെ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുവാൻ – ഒരു പുതിയ സംസ്കാരത്തിന് പാത തുറക്കുവാൻ – കൊറോണ നമ്മെ സഹായിക്കട്ടെ.
സ്നേഹപൂർവ്വം,
പി. എ. ഫിലിപ്പ് അച്ചൻ