OVS - ArticlesOVS - Latest News

സഭാ ഭിന്നിപ്പും പെരുമ്പാവൂർ പള്ളിയും

1902-ൽ വി. മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ പെരുമ്പാവൂർ പള്ളി. 1958-ലെ സഭാ യോജിപ്പിനു ശേഷം 1972-ൽ തോമസ് മാർ ദിവന്നാസിയോസ് പട്ടമേറ്റ് വന്നതിനു ശേഷം ഏറ്റവും ആദ്യമായി കക്ഷി വഴക്ക് ഉണ്ടാകുന്ന ഒരു ഇടവകയാണ് പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് സുറിയാനി പള്ളി.

പെരുമ്പാവൂർ പള്ളി വികാരി ആയിരുന്ന ജോർജ്ജ് പരുത്തുവേലിൽ അച്ചനെ സ്ഥലം മാറ്റിക്കൊണ്ടും പൗലോസ് പൊയ്ക്കാട്ടിൽ അച്ചനെ വികാരിയായി നിയമിച്ചുകൊണ്ടും അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭി. ഡോ ഫിലിപ്പോസ് മാർ തെയോഫിലോസ് തിരുമേനി അയച്ച കല്പന അംഗീകരിക്കുവാനായി യാക്കോബായ വിഭാഗം തയ്യാറായില്ല. ഇതോടുകൂടി ഇടവകയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും കക്ഷി വഴക്ക് ആരംഭിക്കുകയും ചെയ്തു.

1972-ന് ശേഷം പല രീതിയിലുള്ള സംഘർഷങ്ങൾ ഈ ഇടവകയിൽ ഉണ്ടായിട്ടുണ്ട്. പലപ്പോഴായി പള്ളി പൂട്ടിയിടപ്പെടുകയും, 144 പ്രഖ്യാപിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ആ സമയങ്ങളിൽ ഓർത്തഡോക്സ് സഭാ അംഗങ്ങൾ വളയൻചിറങ്ങര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലാണ് വിശേഷ ദിവസങ്ങളിൽ ആരാധനയിൽ സംബന്ധിച്ചിരുന്നത്. 1977-ൽ OS – 44 ആയിട്ട് പൗലോസ് പൊയ്ക്കാട്ടിൽ അച്ചൻ വാദിയായി ഒരു കേസ് അഡിഷണൽ ജില്ലാ കോടതിയിൽ ഫയൽ ചെയ്യുകയുണ്ടായി (അന്നത്തെ പള്ളിക്കോടതി). ഈ കേസിൻ്റെ വിധി നമുക്ക് ലഭിക്കുന്നത് 1984-ൽ ആയിരുന്നു, പ്രസ്തുത വിധിയിൽ ആറ് മണി മുതൽ എട്ടേ മുക്കാൽ വരെയുള്ള സമയം ഓർത്തഡോക്സ് സഭയ്ക്കും, എട്ടേ മുക്കാലിന് ശേഷം യാക്കോബായ വിഭാഗത്തിനും അവരവരുടെ വൈദീകരെ വച്ച് ശുശ്രൂഷകൾ നടത്താം എന്ന് അനുമതി കൊടുക്കുകയുണ്ടായി. അതോടൊപ്പം മരണാനന്തര ചടങ്ങുകൾക്ക് ഇരുവിഭാഗത്തിനും സമയ പരിമിതി നിശ്ചയിച്ചിരുന്നില്ല. ഈസ്റ്റർ, ദുഃഖവെള്ളി ദിവസങ്ങളിൽ അഞ്ചര മുതൽ ഒൻപത് മണിവരെയുള്ള സമയം ഓർത്തഡോക്സ് സഭക്ക് എന്നതായിരുന്നു സമയ ക്രമീകരണം.

പ്രസ്തുത വിധിയിൽ വിവാഹ കൂദാശയുടെ കാര്യം പ്രത്യേകം പരാമർശിച്ചിരുന്നു, മേല്പറഞ്ഞ കോടതി വിധിയിൽ ഇടവകയുടെ വികാരിയായി ഓർത്തഡോക്സ് സഭയുടെ വികാരി പൗലോസ് പൊയ്ക്കാട്ടിൽ അച്ഛനെയും, ഇടവകയുടെ കൈക്കാരന്മാരായി കേസ് ഫയൽ ചെയ്യുന്ന സമയത്തെ യാക്കോബായ വിഭാഗത്തിലെ രണ്ട് അംഗങ്ങളെയുമായിരുന്നു അംഗീകരിച്ചിരുന്നത്. വിവാഹ കൂദാശകൾ നടത്തണമെങ്കിൽ മൂന്നു ദിവസം മുൻപ് ട്രസ്ടിമാരെ അറിയിച്ച് ഉച്ചക്ക് ഒന്നര മുതൽ രണ്ടര വരെയുള്ള സമയം ഉപയോഗിക്കാവുന്നതാണ് എന്നായിരുന്നു ഉത്തരവ്.

ശേഷം AS 166 ആയിട്ട് 1986-ൽ യാക്കോബായ വിഭാഗം ബഹു ഹൈക്കോടതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്യുകയുണ്ടായി. ഈ കേസിൻ്റെ വിധി 1991 മാർച്ച് 20 -ന് ബഹുമാനപെട്ട ഹൈക്കോടതിയിൽ നിന്നും വരികയുണ്ടായി. ആ വിധിയിൽ പറഞ്ഞിരുന്നത്, OS 4 / 79 (1995 -ൽ വിധി വന്ന കേസ്) സുപ്രീം കോടതിയുടെ പരിഗണയിൽ ആണെന്നും, ആ വിധി പെരുമ്പാവൂർ പള്ളിക്കും ബാധകമാകുമെന്നും ആയിരുന്നു. (Accordingly the decree passed by the trial court (പള്ളിക്കോടതി) is confirmed leaving open all the issues in the suit to be decided in other appropriate proceedings in accordance with the final decision to be rented by the Supreme Court in the appeals now pending before the supreme court and erasing out of OS NO 4 / 1979 on the file of the First Additional District court judge Ernakulam . This appeal is disposed of us indicated above ).

തന്മൂലം 1984-ലെ പള്ളിക്കോടതി വിധിപ്രകാരമായിരുന്നു 1991 മുതൽ 1995 വരെ പെരുമ്പാവൂർ പള്ളി ഭരണം നടന്നിരുന്നത്. സമാധാനപരമായി കോടതി നിർദേശങ്ങൾ അനുസരിച്ച് ആരാധനാ കാര്യങ്ങൾ മുടക്കം കൂടാതെ ഇരു കൂട്ടരും നടത്തിവന്നു. എന്നാൽ 1992-ൽ യാക്കോബായ വിഭാഗത്തിലെ ഒരു വിവാഹ ശുശ്രൂഷയ്ക്ക് കോടതി അനുവദിച്ചതിൽ നിന്നും വിപരീതമായി പുറത്തുനിന്നുള്ള വൈദീകരെ പ്രവേശിപ്പിക്കുവാൻ യാക്കോബായ വിഭാഗം ശ്രമിക്കുകയും, പ്രതിരോധിക്കാൻ ശ്രമിച്ച ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് നേരെ യാക്കോബായ വിഭാഗം ആക്രമണം നടത്തുകയും, ആ ആക്രമണത്തിൽ തോട്ടപ്പാട്ട് ഉതുപ്പ് കുര്യാക്കോസ് ചേട്ടൻ്റെ തലക്ക് ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും, തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയും ചെയ്തു.

തുടർന്ന് 1995 -ലെ സുപ്രീം കോടതി വിധിക്കുശേഷവും തൽസ്ഥിതി തുടരുകയാണുണ്ടായത്. 2002 ൽ നടന്ന കോടതി വ്യവഹാരത്തിൽ തോമസ് മാർ ദിവന്നാസ്യോസിന് പ്രവേശന വിലക്ക് ലഭിച്ച ദേവാലയമാണ് പെരുമ്പാവൂർ പള്ളി. അതിനുശേഷം അനധികൃതമായിട്ടാണ് മാർ ദിവന്നാസിയോസ് ദേവാലയത്തിൽ പ്രവേശിച്ചിരുന്നത്. പ്രസ്തുത വിധി സമ്പാദിക്കുന്നതിനായി പ്രയത്നിച്ച ധീരനായിരുന്നു മലങ്കര വർഗീസ്. അതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് 2002 ഡിസംബർ 5-ന് വർഗീസ് ചേട്ടന്റെ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതും, പരിശുദ്ധ സഭക്ക് ഒരു ധീരനായ സഭാ സ്നേഹിയെ നഷ്ടപ്പെട്ടതും.  പെരുമ്പാവൂർ പള്ളിക്കുവേണ്ടി സഭയുടെ രണ്ടു ധീരന്മാർ രക്തസാക്ഷികളായി. ആരാധനക്കായിട്ട് എത്തിയിരുന്നവർ ഭയത്താൽ വി. ആരാധനയിൽ പങ്കെടുക്കുന്നതിൽ വിമുഖതകാണിച്ച് അയൾ ഇടവകകളിൽ പങ്കെടുത്തുപോന്നു.

2013-ൽ പള്ളിയുടെ എക്സ്റ്റൻഷൻ പണിയുമായി ബന്ധപ്പെട്ട് യാക്കോബായ വിഭാഗത്തിലെ പാത്തിക്കൽ വിഭാഗവും തെക്കേക്കര വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുകയും, പള്ളിയുടെ എക്സ്റ്റൻഷൻ പണികൾ അനധികൃതമാണെന്ന് ഓർത്തഡോക്സ് സഭ പരാതി നൽകുകയും, തുടർന്ന് തുടർപണികൾ നിർത്തി വയ്ക്കുവാൻ ഓർഡർ ലഭിക്കുകയും ചെയ്തു. തുടർന്ന് ഇടവകയിലെ യഥാർത്ഥ അവകാശികൾക്ക് ആത്മധൈര്യം ലഭിക്കുകയും വീണ്ടും ആരാധനയിലും മറ്റും സജീവമായി പങ്കെടുക്കുകയും ചെയ്തുപോന്നു.

തുടർന്ന് നടന്ന വ്യവഹാരങ്ങളുടെ ഭാഗമായി പറവൂർ അഡിഷണൽ ജില്ലാ കോടതിയിൽ സെക്ഷൻ 92 പ്രകാരം OS 2 /2018 കേസ് ഫയൽ ചെയ്യുകയും, കൂടാതെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഓർത്തഡോക്സ് സഭ വികാരിയായ ഫാ. എൽദോ കുര്യാക്കോസ് യാക്കോബായ വിഭാഗത്തിന് നിരോധനം ആവശ്യപ്പെട്ടുകൊണ്ട് കേസ് ഫയൽ ചെയ്യുകയുണ്ടായി. തുടർന്ന് യാക്കോബായ വിഭാഗം മേൽ പറഞ്ഞ കേസ് പള്ളിക്കോടതിയിലാണ് നൽകേണ്ടതെന്നു കാണിച്ച് 1A 335 /2018, IA 632 /2018 നമ്പറുകളിലായി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും എന്നാൽ കോടതി ആ കേസുകൾ തള്ളിക്കൊണ്ട് ഉത്തരവാകുകയും, മുൻസിഫ് കോടതിയിൽ തന്നെ കേസ് പരിഗണിക്കുന്നതാണെന്ന് ഓർഡർ ഇടുകയും ചെയ്തു. തുടർന്ന് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും, ബഹു. ഹൈക്കോടതി പ്രസ്തുത അപ്പീലും തള്ളിക്കൊണ്ട് ഉത്തരവാകുകയും ചെയ്തു. തുടർന്ന് ഓർത്തഡോക്സ് സഭ നൽകിയ IA 95 /2018 കേസ് പ്രകാരമാണ് കഴിഞ്ഞ ദിവസ്സം പെരുമ്പാവൂർ മുൻസിഫ് കോടതി 1934 അംഗീകരിക്കാത്തവർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടു ഉത്തരവ് വന്നിരിക്കുന്നത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഓര്‍ത്തഡോക്‌സ് സഭയുടെ ലക്ഷ്യം ശാശ്വത സമാധാനം.