OVS - Latest NewsOVS-Kerala News

മാവേലിക്കര ഭദ്രാസന പ്രതിഷേധമഹാ സമ്മേളനം നാളെ

മാവേലിക്കര :കട്ടച്ചിറ പള്ളി തർക്കം പരിഹരിക്കാൻ കോടതി വിധി ഉണ്ടായിട്ടും അത് നടപ്പാക്കി തരാത്ത  സർക്കാരിന്റെ  നിലപാടിൽ പ്രതിഷേധിച്ച് ഓർത്തഡോക‌്സ‌് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ  നേത‌ൃത്വത്തിൽ ഞായറാഴ്ച്ച  പ്രതിഷേധമഹാ സമ്മേളനം  നടത്തുമെന്ന് സഭാ പ്രതിനിധികൾ അറിയിച്ചു. മലങ്കര സഭയിലെ കക്ഷി തർക്കങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകണം. പലതവണ സമാധാന ചർച്ചകൾക്ക് ഞങ്ങൾ മുൻ കൈയെടുത്തു. എന്നാൽ മറുവിഭാഗം സമാധാന ചർച്ചയിൽ നിന്നും പിന്തിരിഞ്ഞ് കോടതിയാണ് ശാശ്വത പരിഹാരം എന്ന നിലപാടാണ് സ്വീകരിച്ചത്. കോടതിയുടെ അന്തിമവിധി ഉണ്ടായപ്പോൾ അത് അംഗീകരിക്കാതെ പ്രതിഷേധിക്കുന്ന ഇരട്ടത്താപ്പാണ് അവർ സ്വീകരിക്കുന്നത്.

 കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുമായി ബന്ധപ്പെട്ട് ആഗസ‌്റ്റ്  28 ലെ സുപ്രീംകോടതി വിധിയിൽ കട്ടച്ചിറ പള്ളിയുടെ സ്ഥാപനോദ്ദേശം, സ്ഥാവര ജംഗമ വസ‌്തുക്കളുടെ ഉടമസ്ഥാവകാശം എന്നിവയെല്ലാം മലങ്കര ഓർത്തഡോക്‌സ് സഭയ‌്ക്ക‌് മാത്രമായുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോടതി തീരുമാനം അംഗീകരിക്കാതെയുള്ള മറു വിഭാഗത്തിന്റെ നിലപാട് അംഗീകരിക്കാനാവുന്നതല്ല.ഞായറാഴ് ച്ച  പകൽ 2.30 ന് കറ്റാനം സെന്റ് സ‌്റ്റീഫൻസ് ഓർത്തഡോക്സ്‌   വലിയ പള്ളിയിലാണ് പതിനയ്യായിരം വിശ്വാസികളെ അണിനിരത്തി  പ്രതിഷേധയോഗം സംഘടിപ്പിച്ചിരിക്കുന്നതെന്നും  സഭാ പ്രതിനിധികൾ അറിയിച്ചു. മാവേലിക്കര സഹായ മെത്രാപ്പോലീത്ത അലക്സിയോസ്‌ മാർ യൗസേബിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മെത്രാപ്പോലീത്തമാരും വൈദീകരും അൽമായ നേതാക്കളും വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കും.

കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ വിശ്വാസികളെ സംഘടിപ്പിച്ചു എന്ത് വില കൊടുത്തും കട്ടച്ചിറ  പള്ളിയിൽ പ്രവേശിക്കുമെന്നും മുന്നറിയിപ്പ്.വാർത്താ സമ്മേളനത്തിൽ ഫാ. വി തോമസ്, കെ പി വർഗീസ്, ജോസ്  ഡാനിയൽ, ഫാ. ഡി ഗീവർഗീസ്,സഭ മാനേജിംഗ് കമ്മിറ്റി അംഗം  റോണി വർഗീസ്, ഫാ. ജോൺസ് ഈപ്പൻ എന്നിവർ പങ്കെടുത്തു.