OVS - Latest NewsOVS-Pravasi News

മെൽബണിലും അഡലൈഡിലും പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ഭക്തിആദരപൂർവം ആചരിച്ചു.

ഓസ്ട്രേലിയ: മെൽബൺ സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചാപ്പലിലും, അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലും പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ഭക്തിആദരപൂർവം ആചരിച്ചു. മെൽബൺ സെന്‍റ്. ഗ്രീഗോറിയോസ് ചാപ്പലിലെ ശുശ്രൂഷകള്‍ക്കു വികാരി ഫാ. പ്രദീപ് പൊന്നച്ചനും, സഹ വികാരി ഫാ. സാജു ഉണ്ണുണ്ണിയും നേതൃത്വം നൽകി. നവംബർ 3 ശനിയാഴ്ച വൈകിട്ട് സന്ധ്യ പ്രാർത്ഥനയും, വചനപ്രസംഗവും, പ്രദക്ഷിണവും നടത്തി. നാലാം തിയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയും ഭക്തിനിര്‍ഭരമായ റാസയും, നേര്‍ച്ച സദ്യയും, തുടർന്ന് ഹാർവെസ്റ് ഫെസ്റ്റിവലും ഉണ്ടായിരുന്നു.

മലങ്കരയുടെ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ അഡലൈഡില്‍ പുതിയതായി മലങ്കര സഭയ്ക്ക് വേണ്ടി സ്വന്തമായി സ്ഥാപിച്ച സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആദ്യമായി നടത്തപ്പെട്ട പെരുനാള്‍ ശുശ്രൂഷകള്‍ ഇടവക മക്കള്‍ക്ക് ദൈവസന്നിധിയില്‍ സ്തുതിയും സ്തോത്രവും സമര്‍പ്പിക്കുവാനുള്ള സുവര്‍ണ നിമിഷം കൂടിയായി മാറി. പെരുന്നാൾ ശുശ്രൂഷകള്‍ക്കു ഇടവക വികാരി അനീഷ് കെ സാം നേതൃത്വം നൽകി. വിശുദ്ധ കുര്‍ബ്ബാനയും, ഗാനശുശ്രൂഷയും, ധ്യാനപ്രസംഗവും, ഭക്തിനിര്‍ഭരമായ റാസയും, നേര്‍ച്ച വിളമ്പും പെരുന്നാളിന്‍റെ ഭാഗമായി അനുഷ്ഠിച്ചു. ചെണ്ടമേളത്തിന്‍റെ താളഭംഗിയുടെ അകമ്പടിയോടെ നടത്തപ്പെട്ട പ്രദക്ഷിണം പെരുന്നാളിന്‍റെ അന്തരീക്ഷം പ്രതിഫലിപ്പിച്ചു. പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയുമായി വിശ്വാസ സമൂഹം പെരുനാള്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. പെരുനാളിനോട് ചേര്‍ന്ന് ഇടവകയുടെ ആദ്യഫലപ്പെരുനാളും നടത്തപ്പെട്ടു.