OVS - Latest NewsSAINTS

ധീര രക്തസാക്ഷികളായ മാർ കുറിയാക്കോസ് സഹദായും മാതാവ് യൂലിത്തിയും

വിശ്വാസ പോരാളിയും ധീര രക്തസാക്ഷിയുമായ മാർ കുറിയാക്കോസ് ഏ.ഡി 302-ൽ തർക്കിയിലെ ഇക്കോനിയ പട്ടണത്തിൽ ഒരു കുലീന കുടുംബത്തിൽ ഭൂജാതനായി. കുറിയാക്കോസിൻ്റെ മാതാവായ യൂലിത്തി രാജവംശജയായിരുന്നു. കുറിയാക്കോസിൻ്റെ പിതാവ് സൈന്യാധിപനായിരുന്നു എന്ന് ചരിത്രം പറയപ്പെടുന്നു. കുറിയാക്കോസ് മുന്ന് വയസ്സാകുന്നതിനു മുൻപുതന്നെ പിതാവ് ലോകത്തേക്ക് വിട പറഞ്ഞു. മാതാവ് യൂലിത്തിയുടെ പരിലാളനയിലും സ്നേഹത്തിലും കരുതലിലും പ്രർത്ഥനാ ജീവിതത്തിലും മാർ കുറിയാക്കോസ് ജീവിച്ചു.

യൂലിത്തി തൻ്റെ തുടർന്നുള്ള ജീവിതം പ്രാർത്ഥനയിലും ഉപവാസത്തിലും ദാരിദ്രരെ സഹായിക്കുന്നതിലും സമയം കണ്ടെത്തിയിരുന്നു. അക്കാലത്ത് റോമൻ ചക്രവർത്തിയായ ഡയോക്ലിഷ്യൻ ക്രിസ്ത്യാനികള ക്രൂരമായി പീഡിപ്പിച്ചു. ചക്രവർത്തിയുടെ നിരന്തരമായ പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാതായി യൂലിത്തി മാർ കുറിയാക്കോസിനെയും അവളുടെ രണ്ടു പരിചാരികമാരെയും കൂട്ടി സെലൂക്യയിലേക്ക് പലായനം ചെയ്തു. അവിടെയും മത പീഡനങ്ങളും സ്ഥിതിഗതികളും മോശമായതിനാൽ വിശുദ്ധ പൗലോസിൻ്റെ ജന്മദേശമായ തർസോസിലേക്ക് വീണ്ടും പാലായനം ചെയ്തു. ആ നഗരത്തിൻ്റെ റോമൻ ഭരണാധികാരിയായ അലക്സാന്ദ്രിയോസ് ക്രിസ്തിയാനികളെ ക്രൂരമായി പീഡിപ്പിക്കുകയും ദേവൻമാരുടെ ബലി ആരാധനയിലേക്ക് നിർബന്ധിക്കുകയും, ചക്രവർത്തിയുടെ കല്പനകൾക്ക് വിരോധമായി നിന്നിരുന്നവരെ തടവിലടയ്ക്കുകയും ചെയ്തിരുന്നു. ചക്രവർത്തിയുടെ പടനായകൻമാർ യൂലിത്തിയെ നാടുവാഴിയുടെ മുമ്പാകെ കൊണ്ടുവരികയും അവളുടെ മേൽ ധാരാളമായി കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. യൂലിത്തി ക്ഷുദ്രത്താൽ നഗരത്തെ ഇളക്കിയിരിക്കുന്നു എന്നും, ദേവന്മാർക്ക് ജീവനില്ലാത്തവരാകകൊണ്ട് അവർക്ക് ബലി അർപ്പിക്കരുതെന്ന് ജനങ്ങളെ പഠിപ്പിക്കുന്നുയെന്നും പടനായകൻമാരും ബിംബ ആരാധകരും ചക്രവർത്തിയോട് പരാതിപ്പെട്ടു.

അലക്സാന്ദ്രിയോസ് ചക്രവർത്തി ഇത് കേട്ടറിഞ്ഞ് യൂലിത്തിയോട് ദേവൻമാരെ ആരാധിക്കണമെന്നും അവക്ക് ബലി കഴിക്കണമെന്നും, ബലി കഴിക്കാത്തപക്ഷം വളരെയധികം ഞെരുക്കങ്ങളും പീഡനങ്ങളും അതിവേദനകളും സഹിക്കേണ്ടി വരുമെന്നും അവളെ ഭീക്ഷണിപ്പെടുത്തി. ചക്രവർത്തിയുടെ ഭീക്ഷണികൾക്ക് മറുപടിയായി യൂലിത്തി ഇപ്രകാരം പറഞ്ഞു: ചക്രവർത്തി, അങ്ങയ്ക്ക് സമ്മതമെങ്കിൽ തെരുവിൽ ആളയച്ച് മൂന്നു വയസ്സ് മാത്രം പ്രായമുള്ള എൻ്റെ പൈതലിനെ അന്വേഷിക്കുക. ആ പൈതൽ പറയുന്ന പക്ഷം നാം ദേവന്മാരെ സേവിക്കാം എന്ന് ഉത്തരം നൽകി.

ചക്രവർത്തിയുടെ പടനായകൻമാർ മുന്നു വയസ്സുള്ള പൈതലിനെ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ നാമത്തിൽ സ്ഥാപിതമായ ദേവലയത്തിൻ്റെ അടുത്തു നിന്നും കണ്ടെത്തുകയും. ന്യായാധിപൻ്റെ മുമ്പാകെ ഹാജരാക്കുകയും ചെയ്തു. അലക്സാന്ദ്രിയോസ് ചക്രവർത്തി കുറിയാക്കോസിനോട് ഇപ്രകാരം പറഞ്ഞു: നീ എന്നെ അനുഗമിച്ച്, ദേവന്മാർക്ക് ബലി കഴിക്കുക. പ്രായമാകുമ്പോൾ ഞാൻ നിന്നെ ദേവന്മാരുടെ പുരോഹിതനാക്കാം. പൊന്നും വെള്ളിയും നിനക്ക് വേണ്ടുന്നവയെല്ലാം തന്ന് നിന്നെ ധാരാളമായി പോഷിപ്പിക്കുകയും ബഹുമാനിക്കുകയും, രാജ്യത്തിൽ നീ രണ്ടാമനായി വാഴുകയും എന്നുള്ള നിരവധി വാഗ്ദാനങ്ങൾ അവന് നൽകി. എന്നാൽ, കുറിയാക്കോസ് ചക്രവർത്തിയോട് മറുപടിയായി “നിൻ്റെ പൊന്നും വെള്ളിയും നിന്നോടുകൂടെ നശിച്ചു പോകട്ടെ. ദൈവത്തിൻ്റെ പരിശുദ്ധാന്മമാണ് നിന്നോട് സംസാരിക്കുവാൻ എന്നെ പഠിപ്പിച്ചത്. അശുദ്ധനും രക്തത്തോട് ദാഹിക്കുന്നവനുമായ ദുഷ്ടാ! ഞാൻ പറയുന്നത് കേൾക്കുവാൻ പോലും നിനക്ക് അർഹതയില്ല” എന്ന് മറുപടി നൽകി.

ന്യായാധിപൻ കോപിഷ്ഠനായി മാർ കുറിയാക്കോസിനെ ചങ്ങലകളാൽ വരിഞ്ഞു കെട്ടി കഠിനമായി അടിച്ചു. ക്രൂരതകൾക്ക് മുമ്പിലും കുറിയാക്കോസ് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടിരുന്നു. പടനായകൻമാർ കുറിയാക്കോസിൻ്റെ ദേഹത്തട്ടിച്ച പാടുകൾ ഉടൻ തന്നെ മാഞ്ഞ് പോയതിനാൽ അലക്സാന്ദ്രയോസ് അതിശയിച്ചു. തുടർന്ന് അമ്മയായ യൂലിത്തിയെ കൊണ്ട് മകൻ ദേവന്മാരുടെ യാഗങ്ങളിൽ വിശ്വാസിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിച്ചു. അവരുടെ വാക്കുകൾ യൂലിത്തി വിശ്വസിച്ചിരുന്നില്ല. മാർ കുറിയാക്കോസിനെ വരുത്തിയ ശേഷം കാര്യങ്ങൾ മനസ്സിലാക്കിയ യൂലിത്തി ദൈവത്തോട് ഇപ്രകാരം പ്രർത്ഥിച്ചു: “എനിക്കും എൻ്റെ ഉദരത്തിൽ നിന്നും പുറപ്പെട്ട പുത്രനും വാടാത്ത കീരിടം നൽകണമേ”. ക്രുരനായ ന്യായാധിപൻ ഗന്ധകവും ഉപ്പും പൊടിച്ച് കാടിയിൽ കളർത്തി മൂക്കിൽ ഒഴിക്കുവാൻ പടനായകരോട് കല്പിച്ചു. വീണ്ടും പലതരത്തിലുള്ള ക്രൂരമായ പീഡനങ്ങൾക്ക് വിധയരാക്കുകയും കാരാഗൃഹത്തിൽ തടവിലാക്കുകയും ചെയ്തു. കാരാഗൃഹത്തിലും അത്മീയ കീർത്തനങ്ങൾ പാടി അവർ ദൈവത്തെ മഹത്വപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്ക് ശേഷം അലക്സാന്ദ്രിയോസ് ചക്രവർത്തി കാരാഗൃഹത്തിൽ നിന്നും മാർ കുറിയാക്കോസിനെയും മാതാവായ യൂലിത്തിയെയും തൻ്റെ അടുക്കലേക്ക് കൂട്ടികൊണ്ടുവരുവാൻ പടനായകൻമാരോട് കൽപിച്ചു. ചക്രവർത്തിയുടെ കൽപനപ്രകാരം ഭടൻമാർ ഇരുവരെയും കൂട്ടികൊണ്ട് വന്നു ചക്രവർത്തിക്ക് മുമ്പിൽ ഹാജരാക്കി. അലക്സാന്ദ്രിയോസ് ചക്രവർത്തി ഇരുവരോടും ഇപ്രകാരം പറഞ്ഞു: “സ്രാപ്പിയുന് ധൂപം വയ്ക്കുന്നത് മാത്രം സമ്മതിക്കുക; ഞാൻ നിങ്ങളെ മോചിപ്പിക്കാം” എന്നറിയിച്ചു. തടവിലായിരുന്ന നാനൂറ്റി മുപ്പത് തടവുകാരെ കുറിയാക്കോസ് ഉപദേശിച്ച് മനസാന്തരപ്പെടുത്തുകയും ക്രിസ്തു മത വിശ്വാസത്തിലേക്ക് ബലപ്പെടുത്തുകയും ചെയ്തു. വീണ്ടും വിവിധങ്ങളായ പീഡനങ്ങൾക്ക് ശേഷം തലയിൽ വർഷിച്ച തീക്കനലുകൾ മാർ കുറിയാക്കോസ് ശോഭയുള്ള കീരിടങ്ങളാക്കുകയും അദ്ദേഹത്തിൻ്റെ ശരീരത്തിൽ തറച്ച ആണികൾ തിരിച്ചുവന്ന് ചക്രവർത്തിയുടെ കഴുത്തിൽ തറപ്പിക്കുകയും ചെയ്തു.

ചക്രവർത്തിയുടെ നിരന്തര പീഡനങ്ങൾക്ക് ഒടുവിൽ താഴെക്കു എറിയപ്പെട്ട കുറിയാക്കോസിൻ്റെ തല പൊട്ടി തൽക്ഷണം രക്തസാക്ഷിയാകുകയും ചെയ്തു. മറ്റൊരു ചരിത്ര വിവരണത്തിൽ അടിസ്ഥാനത്തിൽ മാതാവായ യൂലിത്തിയെ പീഡിപ്പിക്കുന്ന കണ്ട കുറിയാക്കോസ് തന്നെ പിടിച്ചു നിർത്തിയവരുമായി വഴക്കിടുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ നഖം അലക്സാന്ദ്രിയോസ് ചക്രവർത്തിയുടെ മുഖത്തു കൊള്ളുകയും, മുറിവ് സൃഷ്ടിക്കുകയും ചെയ്തു. അതിൽ കോപാകുലനായ ചക്രവർത്തി കുറിയാക്കോസിനെ കാലിൽ തൂക്കി താഴെക്ക് എറിയുകയും തൽക്ഷണം തല പൊട്ടി മരിക്കുകയും ചെയ്തു. മകൻ്റെ ദാരുണ്യ മരണം കണ്ടു നിന്ന മാതാവ് യൂലിത്തി ദൈവത്തോട് ഇപ്രകാരം പ്രർത്ഥിച്ചു:“ശോഭയുള്ള കീരിടം പ്രാപിക്കുന്നതിന് നിൻ്റെ മകനെ യോഗ്യനാക്കിയതിനാൽ നാഥാ ഞാൻ നിനക്ക് നന്ദി പറയുന്നു”. ഇത് കേട്ട അലക്സാന്ദ്രിയോസ് യൂലിത്തിയെ ശിരഛേദനം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. ശിരഛേദന ചെയ്യുന്ന സമയങ്ങളിലും യൂലിത്തി ഇപ്രകാരം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു “ഞാൻ ക്രിസ്തിയാനിയാണ്. എൻ്റെ വിശ്വാസത്തെ ആർക്കും തോൽപ്പിക്കുവാൻ ആക്കുന്നതല്ല”. രാത്രിയിൽ യൂലിത്തിയുടെ വിശ്വസ്തരായ രണ്ട് പരിചാരികളായ സ്ത്രീകൾ രണ്ടു രക്ത സാക്ഷികളുടെയും മൃതശരീരം തർസോസിനടുതുള്ള ഒരു ഗുഹയിൽ ഒളിപ്പിച്ചു വച്ചു. ഇത് ഏ.ഡി 305 ജൂലൈ പതിനഞ്ചിനാന്നെന് കരുതപ്പെടുന്നു.

കുസ്തന്തീനോസ് ചക്രവർത്തി അധികാരത്തിൽ വന്നപ്പോൾ മാർ കുറിയാക്കോസും മാതാവ് യൂലിത്തിയും രക്തസാക്ഷികളായ സ്ഥലത്ത് ഒരു ദേവാലയം പണികഴിപ്പിച്ചു. നെട്രാൺ അടിവാരങ്ങളിൽ വിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിലുള്ള ദേവാലയത്തിൽ ഇവരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. പരിശുദ്ധ സഭ ജൂലൈ പതിനഞ്ചാം തിയതി ഈ ധീര രക്തസാക്ഷികളുടെ ഓർമ്മ കൊണ്ടാടുന്നു.

വർഗ്ഗീസ് പോൾ, കൈത്തോട്ടത്തിൽ