OVS - ArticlesOVS - Latest News

ചാക്കോ മൂപ്പാ സുഖമല്ലേ?

ഞങ്ങള്‍ സഹപാഠികളില്‍ പൊക്കക്കാരന്‍ പി. വി. ജോസഫ് ആയിരുന്നു. സഹപാഠികള്‍ എന്നു പറഞ്ഞാല്‍, 1945 ജൂണ്‍ മാസത്തിലെ പിറവം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍. ജോസഫിന് പൊക്കുമുണ്ടെന്നേയുള്ള. അതിനനുസരിച്ച ശരീരപുഷ്ടിയൊന്നുമില്ല. ശാഖകള്‍ ഏറെയില്ലാതെ മുകളിലേക്കു വളര്‍ന്നുനില്‍ക്കുന്ന ഒരു തുമ്പച്ചെടിപോലെ! തുമ്പച്ചെടി എന്നു പറഞ്ഞത് സോദ്ദേശ്യമാണ്. ആന്തരികമായും സുഗന്ധമുള്ളതാണല്ലോ തുമ്പച്ചെടി. അതുപോലെ ആന്തരികമായ സദ്ഗുണങ്ങളുള്ള ഒരു കുട്ടിയായിരുന്നു പി. വി. ജേസഫ്. അഹംഭാവമില്ല; പൊങ്ങച്ചമില്ല; സൗമ്യന്‍.

എല്ലാ ആണ്‍കുട്ടികളെയും പോലെ ഒറ്റമുണ്ടും ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ജോസഫ്, 1945 ജൂണില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ ക്ലാസ്സില്‍ വന്നത് കാല്‍കുപ്പായവും, മേല്‍ക്കുപ്പായവും തലയില്‍ തൊപ്പിയും ധരിച്ച ‘ചെമ്മാച്ച‘നായിട്ടായിരുന്നു. പ്രശസ്തമായ പൂവത്തുങ്കല്‍ കുടുംബത്തില്‍ നിന്നു മുളക്കുളം കര്‍മ്മേല്‍കുന്നേല്‍ പള്ളിക്കുവേണ്ടി പൗരോഹിത്യ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കുട്ടി. ചെമ്മാച്ചന്റെ തൊപ്പി ഞങ്ങളെല്ലാം എടുത്തു തലയില്‍ വയ്ക്കുമ്പോള്‍ കക്ഷി പറയും: ‘എന്റെ തലയിലേക്കാള്‍ ചേര്‍ച്ചയുണ്ട്.’ അതായിരുന്നു ജോസഫ്.

ഞങ്ങളുടെ മലയാളം പണ്ഡിറ്റ് ഹരിപ്പാട്ടു സ്വദേശിയായി ഒരു രാമകൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം ക്ലാസ്സില്‍ ഒരു ടെസ്റ്റ് പേപ്പര്‍ ഇട്ടു. പി. വി. ജോസഫ്, ചെമ്മാച്ചന്‍ ആയതിനു ശേഷം നടക്കുന്ന ആദ്യത്തെ പരീക്ഷ. ഉത്തരക്കടലാസ്സുകള്‍ പരിശോധിച്ച് അടുത്ത ദിവസം സാറ് ക്ലാസ്സില്‍ കൊണ്ടുവന്നു. ഓരോ കുട്ടിയുടെയും ഉത്തരക്കടലാസ്സിലെ പിഴവുകള്‍ പറഞ്ഞു മനസ്സിലാക്കി കുട്ടികളെ ഏല്പിക്കും. പി. വി. ജോസഫിന്റെ ഊഴം വന്നപ്പോള്‍ ആള്‍ പരീക്ഷയില്‍ തോറ്റിരിക്കുന്നു. ചെമ്മാച്ചനെ എഴുന്നേല്‍പ്പിച്ചു നിറുത്തിക്കൊണ്ട് രാമകൃഷ്ണന്‍ നായര്‍ സാര്‍ പറഞ്ഞു: ‘എല്ലാവരും തോറ്റു തൊപ്പിയിടും. താന്‍ തൊപ്പിയിട്ടു തോറ്റല്ലോ!’ ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി. ചെമ്മാച്ചന്‍ നിന്നു പുഴുങ്ങി.

അത് പി.വി. ജോസഫിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു എന്നു ഞാന്‍ വിചാരിക്കുന്നു. അതില്‍പ്പിന്നെ ജോസഫ് തോറ്റിട്ടില്ല. വിജയത്തിന്റെ തൊപ്പി മേല്‍ക്കുമേല്‍ അണിഞ്ഞിട്ടേയുള്ളൂ. പഠനത്തില്‍ അതീവശ്രദ്ധാലുവായി എന്നര്‍ത്ഥം.

ഇടവകപ്പള്ളിയില്‍ ഭയങ്കര കക്ഷിവഴക്ക്. ബാവായും മെത്രാനും തമ്മില്‍ അടിപിടി കോലാഹലം! ജോസഫ് ചെമ്മാച്ചന്‍ തന്റെ ഇടവകപ്പള്ളിയില്‍ കയറിയാല്‍ തടി കേടാകും; കുപ്പായം ഇട്ടും പോയി! തേരാപ്പാരാ നാട്ടില്‍ നടന്ന് അവഹേളനപാത്രമാകുന്നതില്‍ നിന്നു രക്ഷപ്പെടാനായി ചെമ്മാച്ചന്‍ അന്യഇടവകകളില്‍ പോയി. ഒടുക്കം എറണാകുളം സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ താമസമാക്കി ഉപരിപഠനം നിര്‍വ്വഹിച്ചു. അല്ലെങ്കില്‍ നാട്ടുപള്ളിയില്‍ കുര്‍ബ്ബാനയും ചൊല്ലി, ഇടവകഭവനങ്ങളില്‍ ചാത്തവും നേര്‍ച്ചയും ഉണ്ട് നടക്കുന്ന ഒരു സാധാരണ വൈദികനില്‍പ്പരം ഒന്നുമാകുമായിരുന്നില്ല പി. വി. ജോസഫ്!

എറണാകുളത്ത് സെന്റ് മേരീസ് പള്ളിയില്‍ താമസമാക്കി പഠനം നിര്‍വ്വഹിക്കുന്ന കാലത്ത് ആള്‍ ആകെ മാറി. പൊക്കത്തിനൊത്ത ശരീരപുഷ്ടി വന്നു. മനോഹരമായി വിരിഞ്ഞ താടി ഒരു അലങ്കരമായി. മുഖത്ത് ഉള്ളിലെ ആദ്ധ്യാത്മിക തേജസ്സ് വിരിഞ്ഞു നില്‍ക്കുന്നതുപോലെ! നല്ല സ്വരം. കുര്‍ബ്ബാന അത്യാകര്‍ഷകം. അങ്ങനെ ജോസഫച്ചന്‍ പുരോഹിതന്മാരുടെ ഇടയില്‍ ഒരു പുണ്യതാരമായി.

സഭയ്ക്കുവേണ്ടി ഒരുപാടു യാതനകള്‍ സഹിച്ച പുരാതനകുടുംബാംഗം; ആഭിജാത്യം പ്രസരിക്കുന്ന മുഖശ്രീ; കൂറിണക്കമുള്ള ശരീരം; ഹൃദയം ഹരിക്കുന്ന സ്വരവാസന. മേല്പട്ടസ്ഥാനത്തേക്ക് ആളിനെ തിരഞ്ഞെടുക്കുമ്പോള്‍ ജോസഫ് അച്ചനെ ഒഴിവാക്കിയാല്‍ അനീതിയാകുമെന്നു വന്നു. നീതി നടപ്പിലായി. അന്ന് അത്ര പ്രചുരപ്രചാരം നേടിയിട്ടില്ലാത്ത ‘പക്കോമിയോസ്’ എന്ന പേരില്‍ എന്റെ സഹപാഠി മെത്രാന്‍പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ എനിക്ക് അഭിമാനം തോന്നി.

തിരുവന്തപുരത്ത് വിമന്‍സ് കോളജിന് പിന്നിലുള്ള ബേക്കറി ജംഗ്ഷനില്‍ റോഡരികിലുള്ള ഒരു വാടകവീട്ടില്‍ താമസിക്കുന്ന കാലം. വീടിനു മുന്നില്‍ ഒരു കാറ് വന്നുനിന്നു. കാറില്‍ നിന്നിറങ്ങുന്ന പൗരോഹിത്യ വേഷധാരിയുടെ ദിവ്യതേജസ്സ് എന്റെ പൂര്‍വ്വകാല സഹപാഠിയായ പി. വി. ജോസഫിന്റേതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. നല്ല ഒരു വായനക്കാരനായിരുന്നു പക്കോമിയോസ് തിരുമേനി. കവിതകള്‍ വായിക്കുന്ന, വായിക്കാന്‍ ഇഷ്ടപ്പെടുന്ന, വായിച്ചാല്‍ മനസ്സിലാകുന്ന അപൂര്‍വ്വം സഭാമേലദ്ധ്യക്ഷന്മാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. സംഭാഷണങ്ങള്‍ക്കിടയില്‍ എന്റെ കവിതകള്‍ അദ്ദേഹം ഉദ്ധരിക്കുന്നതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. ആയിടയ്ക്കു പ്രസിദ്ധീകരിച്ച ഒരു പുസ്തകം തേടിയാണ് തിരുമേനി വന്നത്. എന്റെ മുന്നില്‍ പി. വി. ജോസഫ് ആയിട്ടേ അദ്ദേഹം ഭാവിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അല്പം കൂടി ഗമ കാണിക്കുമായിരുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു.

ലളിതമായ ഒരു ജീവിതമാണ് ‘പക്കോമിയോസ്’ നയിച്ചത്. വേഷത്തിലും, ഭക്ഷണത്തിലും, ഭാഷണത്തിലും, വാസത്തിലുമെല്ലാം. അകാലത്തിലേ ആ ജീവിതം അസ്തമിച്ചു. സഭയ്ക്കുണ്ടായ വലിയ നഷ്ടം. പി. വി. ജോസഫിന്റെ ഇടവകയായ മുളക്കുളം കര്‍മ്മേല്‍കുന്നേല്‍ പള്ളിയിലാണ് ‘പക്കോമിയോസി’ന്റെ കബറിടം. അടുത്തയിടെ കുന്നേല്‍പള്ളിയില്‍ ഞാന്‍ പോയപ്പോള്‍ പക്കോമിയോസ് തിരുമേനിയുടെ കബറിടവും സന്ദര്‍ശിച്ചു. അദ്ദേഹത്തെിന്റെ പൗരോഹിത്യ വേഷചിത്രത്തില്‍ നിന്ന് എന്റെ സഹപാഠിയായ പി. വി. ജോസഫ് ഇറങ്ങിവന്ന് ‘ചാക്കോ മൂപ്പാ, സുഖമല്ലേ?’ എന്നു ചോദിക്കുന്നതുപോലെ എനിക്കു തോന്നി. പ്രായത്തില്‍ ഞാനാണു മുമ്പന്‍. അതു സ്ഥാപിക്കാന്‍ ‘ചാക്കോ മൂപ്പന്‍‘ എന്നാണ് സഹപാഠികള്‍ക്കിടയില്‍ ഞാന്‍ എന്നെ വിശേഷിപ്പിച്ചിരുന്നത്.

ചെമ്മനം ചാക്കോ

(സഖറിയ ജേക്കബ്, ജോസഫ് മാര്‍ പക്കോമിയോസ്: നോത്തൂറാ ദ് ഓര്‍ത്തോദുക്‌സോ, എം.ഒ.സി. പബ്ലിക്കേഷന്‍സ്, 2017)

ചെമ്മനം ചാക്കോയുടെ നിര്യാണത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു.