OVS - Latest NewsOVS-Kerala News

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; രാഷ്ട്രീയ കക്ഷിയുടെ കാവലാളാകാൻ സഭക്കാകില്ല : മനസ്സുതുറന്ന് മലങ്കരയുടെ മോറാൻ

മലങ്കര  സഭയെ നയിക്കുന്നതിന് കുന്നംകുളം മലങ്കര സഭയ്ക്ക് നൽകിയ മൂന്നാമത്തെ പ്രധാന മേല്പട്ടക്കാരനാണ് മലങ്കര മെത്രാപ്പോലീത്തയും കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ

തിരുവല്ലയിൽ 1982 ഡിസംബർ 28ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയുടെ സഹവികാരി(1976-1983) ഫാ.എ കെ പോളിനെ എപ്പിസ്‌കോപ്പൽ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുമ്പോൾ പ്രായം 36 വയസ്സ്  മാത്രം. 1985 ൽ ആരംഭിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ ചുമതല 39-ാം വയസ്സിൽ സ്വീകരിച്ചു.നിയുക്ത കാതോലിക്കാ സ്ഥാനം 60-ാംവയസ്സിൽ ലഭ്യമായി. നാല് വർഷം നിയുക്ത കാതോലിക്കായായി(2006-2010) ശുശ്രൂഷിച്ചു. 2010 നവംബർ 1 ന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രധാന മേലധ്യക്ഷനായി സ്ഥാനമേൽക്കുവാനുള്ള വിളിയും നിയോഗവും ലഭിച്ചു.

മലങ്കര സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് സഭാ പിആർഒ പ്രൊഫ.പി.സി ഏലിയാസ് നടത്തിയ  അഭിമുഖത്തിൽ പരിശുദ്ധ ബാവ തിരുമേനി പറഞ്ഞു. 1934-ലെ ഭരണഘടനയും ബഹു.സുപ്രീം കോടതി വിധിയും അംഗീകരിച്ചു ശാശ്വതമായ സമാധാനം സ്ഥാപിക്കണം.

ഒരു ജന്മ ദിനം കൂടി ആചരിക്കാൻ അവസരം ലഭിക്കുകയാണല്ലോ, മങ്ങാട് ഗ്രാമം മുതൽ ദേവലോകം വരെയുള്ള ജീവിതം തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു?

നാളിതുവരെ ലഭിച്ച ദൈവത്തിന്റെ അളവറ്റ കൃപയ്ക്കായി നന്ദി സമർപ്പിക്കുന്നു. കുന്നംകുളത്തെ മങ്ങാട് എന്ന ഗ്രാമത്തിൽ തികച്ചും ഗ്രാമീണരായ മാതാപിതാക്കളുടെ മകനായി ജനിച്ച എനിക്ക് പാരമ്പര്യമായി ലഭിച്ചത് അവരുടെ സത്യസന്ധതയാണ്. അവിടത്തെ മാർ ഗ്രീഗോറിയോസ് പള്ളിയിൽ അൾത്താര ശുശ്രൂഷകാനായിട്ടാണ് എന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്.പിന്നീട് ജീവിതത്തിൽ സംഭവിച്ചതൊക്കെ യാദൃശ്ചികമായിട്ടാണ്.

ജന്മദിനാഘോഷങ്ങൾക്ക് വഴങ്ങാതെ അനാഥാലയങ്ങളിലോ അഗതി മന്ദിരങ്ങളിലോ അന്തേവാസികളോടൊപ്പമോ ചെലവഴിക്കാൻ ആഹ്രഹിക്കുന്നത് എന്തുകൊണ്ടാണ്?

പൊതുവെ വ്യക്തിജീവിതത്തിൽ ആഘോഷങ്ങളോട് എനിക്ക് ആഭിമുഖ്യമില്ല . സമൂഹത്തിൽ അങ്ങിനെയുള്ളവോരോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സംതൃപ്തി തോന്നാറുണ്ട് .

നിർധനരായ കാൻസർ രോഗികൾക്ക് സഹായം നൽകുന്നതിനായി ആരംഭിച്ച സ്നേഹസ്പർശം എന്ന പദ്ധതി കുറേക്കൂടി വിപുലമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സാ സഹായമെത്തിക്കുന്നതിനായി ആരംഭിച്ച സ്നേഹസ്പർശം വലിയ ജനപിന്തുണ ലഭിച്ച പദ്ധതിയാണ്. ഈ വര്ഷം കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സ സഹായം എത്തിക്കുന്നതിൽ ഊന്നൽ നൽകി സ്നേഹസ്പർശം വിപുലീകരിക്കണമെന്ന് അതിന്റെ പ്രവർത്തകർ നിർദ്ദേശിച്ചിട്ടുണ്ട്. അതിനായുള്ള പദ്ധതികളുടെ ആസൂത്രണം നടന്നുകൊണ്ടിരിക്കുന്നു.

സഭയിലെ ചില വൈദീകർക്കെതിരായ ആരോപണങ്ങൾ മാധ്യമങ്ങളിൽ വലിയ വാർത്തയായിക്കൊ ണ്ടിരിക്കുകയാല്ലോ. ഇക്കാര്യത്തിൽ സഭയുടെ നിലപാടെന്തായിരിക്കും?

കുമ്പസാരം ദുരുപയോഗപ്പെടുത്തി എന്ന കുറ്റാരോപണമാണ് ഉയർന്നിരിക്കുന്നത്. വളരെ ഗൗരവത്തോടെയാണ് സഭ ഈ വിഷയം പരിഗണിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ കിട്ടണമെന്നുതന്നെയാണ് സഭ ആദ്യം മുതലേ എടുത്ത നിലപാട്, അതിൽ മാറ്റമില്ല. നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. ഇതിന്റെ പേരിൽ പുരോഹിതസ്ഥാനികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതിൽ അർത്ഥമില്ല.

ദേശീയ വനിതാകമ്മീഷൻ കുമ്പസാരം നിരോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടാല്ലോ?

അധികാരവും അവകാശവുമില്ലാത്ത കാര്യത്തിൽ അനാവശ്യ ഇടപെടലായെ ആ നിർദ്ദേശത്തെ കാണാൻ കഴിയൂ. വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനാ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണത്. സ്ത്രീ-പുരുഷ ഭേദമന്യേ വിശ്വാസികളുടെ പശ്ചാത്താപത്തിനും പാപമോചനത്തിനും ആത്മീയ വളർച്ചയ്ക്കും ഉപകരിക്കുന്നതെന്ന നിലയിൽ ക്രൈസ്തവ സഭകൾ പാലിച്ചു വരുന്ന കർമ്മമാണത്. ആധുനിക കാലത്ത് കൗൺസിലിങ്ങ് വ്യാപകമായി നടക്കുന്നുണ്ട്. ഏതെങ്കിലും കൗൺസിലർ അത് ദുരുപയോഗപ്പെടുത്തിയാൽ കൗൺസിലിഗ് നിരോധിക്കാനാകുമോ? കുമ്പസാര പിതാക്കന്മാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം വിശ്വാസികൾക്കുണ്ട് എന്ന വസ്തുത മറക്കരുത്.

2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധി അനുഗ്രഹകരവും അനുകൂലവും ആയിരുന്നിട്ടും സഭയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയില്ല എന്ന് പരാതി പറയുന്നവരോട് എന്താണ് നിർദ്ദേശിക്കുവാനുള്ളത്?

സുപ്രീംകോടതി വിധി അനുഗ്രഹകരവും അനുകൂലവുമായിരുന്നു. സഭയിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. 1934 ലെ സഭാ ഭരണഘടനയും ബഹു. സുപ്രീംകോടതിയുടെ വിധിയും അംഗീകരിച്ച് ശാശ്വതമായ സമാധാനം സ്ഥാപിക്കണം. ഭാരതത്തിലെ ഒരു പൗരാണിക ദേശിയ സഭ എന്ന തനിമ നിലനിർത്തിക്കൊണ്ടുവേണം സഭാ സമാധാനം കൈവരിക്കാൻ. അതിനായി എല്ലാവരും സഹകരിക്കണമെന്നതാണ് എന്റെ അഭ്യർത്ഥന.

വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന കാലമാണല്ലോ. വിദ്യാർത്ഥികൾക്ക് നൽകാനുള്ള സന്ദേശമെന്താണ്?

വിദ്യാർത്ഥികൾ – വിദ്യ അർത്ഥിക്കുന്നവരാകണം. പഠിക്കുന്നതിലാകണം മുഖ്യശ്രദ്ധ. ക്രിയാത്മകമായ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വ്യക്തിത്വ വികസനം നേടണം. വിദ്യാർത്ഥികളുടെ സ്കിൽസ് വികസിപ്പിക്കുന്നതിനുള്ള പരിപാടികളും ആവിഷ്ക്കരിക്കണം. മാതാ – പിതാ – ഗുരു ദൈവം എന്ന ഭാരതിയ വീക്ഷണം ഉൾക്കൊള്ളണം. മാതാവ് പിതാവിനെയും, പിതാവ് ഗുരുവിനെയും, ഗുരു ദൈവത്തേയും കാണിച്ചുകൊടുക്കണം എന്ന പാരമ്പര്യചിന്ത പുലർത്തണം. ദൈവാശ്രയത്തോടെ വളരാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം.

സഭയ്ക്ക് രാഷ്ട്രീയമുണ്ടോ?

സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല. എന്നാൽ രാഷ്ട്രിയ നിലപാടുകളുണ്ട്. യേശു ക്രിസ്തു തുടങ്ങിവച്ചതും സഭ തുടരുന്നതുമായ ദൗത്യ നിർവ്വഹണത്തിന്റെ ഭാഗമായി പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് അനുകൂലമായ നിലപാട് എടുക്കണം. ദരിദ്രരുടെയും ദുർബലരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അനുകൂലമായ രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളണം. സഭയ്ക്കും സമൂഹത്തിനും പ്രയോജനകരമായ സമീപനം കൈക്കൊള്ളുമ്പോൾ സർക്കാരിന് കക്ഷി പരിഗണന കൂടാതെ പിന്തുണ നൽകും. ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയുടെ കാവലാളാകാൻ സഭയ്ക്ക് ആകില്ല.

(കടപ്പാട് : മലങ്കര സഭ)

സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം – പരിശുദ്ധ കാതോലിക്കാ ബാവാ