OVS - Latest NewsOVS-Kerala News

കല്ലൂപ്പാറ പള്ളി  പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല : ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ പതിനഞ്ചുനോബാചരണവും വിശുദ്ധ വാങ്ങിപ്പ് പെരുന്നാളും ഓഗസ്റ്റ്‌ 1 മുതല്‍. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്,ഡോ.യുഹാനോന്‍ മാര്‍ ദിയസ് കോറോസ്,ഡോ .മാത്യൂസ്‌ മാര്‍ തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ നേതൃത്വം നല്‍കും. പെരുന്നാളിനോടനുബന്ധിച്ച് 3ന് നിരണം ഭദ്രാസന സുവിശേഷ സംഘം സമ്മേളനം,5ന് എംജിഒസിഎസ് ഭദ്രാസന സമ്മേളനം,10ന് മര്‍ത്തമറിയം സമാജം ഭദ്രാസന സമ്മേളനത്തില്‍ ഫാ.ജോസഫ്‌ പുത്തന്‍പുരയ്ക്കല്‍ ധ്യാനം നയിക്കും. ഓഗസ്റ്റ്‌ 15 വരെയുള്ള ദിവസങ്ങളില്‍ വചന ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഓഗസ്റ്റ്‌ 12 ന് 8.30 മണിക്ക് ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് വി.കുര്‍ബ്ബാന അര്‍പ്പിക്കും,11 മണിക്ക് നിരണം ഭദ്രാസന യുവജന പ്രസ്ഥാനം സമ്മേളനത്തില്‍ പുരസ്കര ജേതാവ് ശ്രീമതി ഗീതാ ജേക്കബ്‌ മുഖ്യസന്ദേശം നല്‍കും.2 മണിക്ക് ഗാനാര്‍ച്ചന,2.45 മണിക്ക് പൈതൃക സമ്മേളനം മാര്‍ത്തോമ്മാ സഭ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ തിമഥിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എസ് രാധാകൃഷ്ണന്‍ മുഖ്യസന്ദേശം നല്‍കും.തുടര്‍ന്ന്‍ മരിയന്‍ പുരസ്കാര സമര്‍പ്പണം.15ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ് കോറോസസിന്‍റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന.

മരിയന്‍ പുരസ്കാരം സുഡാറിന്‍റെ അമരക്കാരിക്ക് – ലഹരിക്കെതിരെ ഒരു പെണ്‍പോരാട്ടം 

കല്ലൂപ്പാറ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മരിയന്‍ പുരസ്കാരം സൊസൈറ്റി യൂണൈറ്റഡ്‌ ഫോര്‍ ഡി-അഡിക്ഷന്‍ ആന്‍ഡ്‌ റിഹാബിലിറ്റേഷന്‍ (സുഡാര്‍) എന്ന ലഹരി വിരുദ്ധ  സസന്നദ്ധ സംഘടനയുടെ അമരക്കാരി ഗീതാ ജേക്കബിന് ലഭിച്ചു.ലഹരിയുടെ ആഴങ്ങളിലേക്കു വഴുതിവീണ കൂട്ടുകാരി മുങ്ങിത്താഴുന്നതു നിസ്സഹായയായി നോക്കിനിന്നതിന്റെ ആഘാതം 30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഗീതാ ജേക്കബിന്റെ മനസിലുണ്ട്‌. സ്വന്തം കൂട്ടുകാരിക്കുണ്ടായ ദുരന്തത്തിന്റെ വ്യാപ്‌തി തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകി. ലഹരിമരുന്ന്‌ ഉപയോഗത്തിനെതിരേ അന്നു തുടങ്ങിയ ഒറ്റയാള്‍ പോരാട്ടം 29 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഒരുപാടു ചെറുപ്പക്കാര്‍ ഗീത പകര്‍ന്നുനല്‍കിയ ധൈര്യത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണ്ട്‌.ലഹരിമരുന്ന്‌ ഉപയോഗത്തിനെതിരേ പോരാടാന്‍ കോയമ്പത്തൂര്‍ ആസ്‌ഥാനമായി 1989-ല്‍ സൊസൈറ്റി യൂണൈറ്റഡ്‌ ഫോര്‍ ഡി-അഡിക്ഷന്‍ ആന്‍ഡ്‌ റിഹാബിലിറ്റേഷന്‍ (സുഡാര്‍) എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. തമിഴ്‌നാട്ടിലെ ദീര്‍ഘനാളത്തെ സേവനത്തിനുശേഷം ഇന്നിപ്പോള്‍ കേരളത്തിലും  പ്രവര്‍ത്തനങ്ങളുമായി ഗീത ജേക്കബ്‌ സജീവമാണ്‌.രണ്ടുവര്‍ഷത്തോളമായി സുഡാര്‍ കൊച്ചിയില്‍ കടവന്ത്ര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌.